വിൽപത്രം റജിസ്റ്റർ ചെയ്യുന്നതിന് ഇന്ത്യയിൽ കർശനമായ നിബന്ധനകളില്ല. എന്നാൽ ഒരാളുടെ മരണശേഷം വിൽപത്രം കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും അതിൽ ഒപ്പ് വച്ചത് ഉടമ തന്നെയാണോ, സ്വബോധത്തോടെയാണോ എന്നൊക്കെ തർക്കങ്ങൾ വരികയും ചെയ്താൽ, റജിസ്റ്റർ ചെയ്ത പ്രമാണത്തിന് തെളിവു മൂല്യം കുറവായിരിക്കും. മാത്രമല്ല, ബാങ്ക് പോലുള്ള ധനകാര്യ സ്ഥാപനങ്ങൾ റജിസ്റ്റർ ചെയ്യാത്ത വിൽപത്രം സ്വീകരിക്കുകയും ഇല്ല.
വിൽപത്രം എന്നത് ഒരു സ്വകാര്യ രേഖയാണ്. റജിസ്റ്റർ ചെയ്താലും അതിന്റെ പകർപ്പ് നമ്മൾ ജീവിച്ചിരിക്കുമ്പോൾ, മറ്റാർക്കും ലഭിക്കാൻ (ബന്ധുക്കൾക്ക് ഉൾപ്പെടെ) അവകാശമില്ല. കൂടുതൽ സ്വകാര്യത വേണമെങ്കിൽ വിൽപത്രം തയാറാക്കി സീൽ ചെയ്ത് ജില്ലാ റജിസ്‌ട്രാറുടെ അടുത്ത് ഡിപ്പോസിറ്റ് ചെയ്യുകയും ചെയ്യാം. മരണശേഷം മാത്രമേ അതു തുറക്കുകയുള്ളൂ.
വിൽപത്രത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങളിൽ ആരെങ്കിലും തർക്കം ഉന്നയിച്ചാൽ കേസ് കോടതിയിലെത്തുകയും, വിൽപത്രം എഴുതിയത് ഉടമ തന്നെയാണെന്നും പൂർണ മാനസിക ആരോഗ്യത്തോടെയാണ് എഴുതിയത് എന്നും തെളിയിക്കേണ്ടത് ആവശ്യമായി വരും. ഇവിടെയാണ് സാക്ഷിയുടെ പ്രാധാന്യം.
വിദേശത്തും എഴുതാം
ഒരാൾക്ക് എത്ര വിൽപത്രങ്ങൾ വേണമെങ്കിലും എഴുതാം. എന്നാൽ ഒരേ ആസ്തികൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള കാര്യം വ്യത്യസ്തമായിട്ടാണ് എഴുതുന്നതെങ്കിൽ ഏറ്റവും പുതിയ വിൽപത്രം മാത്രമേ നിലനിൽക്കൂ.
വിദേശത്തു വച്ച് എഴുതിയ വിൽപത്രങ്ങൾക്ക് ഇന്ത്യയിൽ സാധുതയുണ്ട് എന്നു പറയാം.
മാനസിക ആരോഗ്യം ഇല്ലാത്തവർക്കും, ഓർമ നഷ്ടപ്പെട്ടവർക്കും വിൽപത്രം എഴുതാൻ പരിമിതികളുണ്ട്. അവർ വിൽപത്രം എഴുതിയാലും കോടതി അംഗീകരിക്കണമെന്നില്ല.
അവകാശികൾ ആരുമാകാം
വിൽപത്രംവഴി വസ്തുവകകൾ അവകാശികൾ അല്ലാത്തവരുടെ പേരിലും എഴുതിവയ്ക്കാം. എഴുതിയ ആളുടെ മരണശേഷം മാത്രമേ വിൽപത്രം പ്രാബല്യത്തിൽ വരികയുള്ളൂ. ഇത്തരം കൈമാറ്റങ്ങൾക്ക് മുമ്പേ മാതാപിതാക്കൾ താഴെപ്പറയുന്ന തയ്യാറെടുപ്പുകൾ നടത്തി കഴിഞ്ഞാൽ വസ്തുകൈമാറ്റങ്ങൾ ഒരു പരിധിവരെ പരാതിരഹിതമാകും.
1. വസ്തുവിന്റെ കൃത്യമായ വിസ്തീർണത്തെക്കുറിച്ച് ബോധ്യം ഉണ്ടായിരിക്കണം.
2. അയൽവാസികൾ അതിക്രമിച്ച് വസ്തു കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ വിൽപത്രം എഴുതുന്നതിനു മുൻപ് തർക്കങ്ങൾ പരിഹരിക്കണം. വസ്തുവിന് കൃത്യമായി അതിർത്തി ഉണ്ടാകണം.
3. ലൈസൻസ് ഉള്ള ഒരു പ്രൈവറ്റ് സർവെയർ സ്ഥലം അളന്ന് തയ്യാറാക്കിയ സ്കെച്ച് വിൽപത്രത്തിന്റെ കൂടെ വയ്ക്കണം. സ്കെച്ചിലെ വിവരങ്ങൾ കരമടച്ച രസീതിലെയും ആധാരത്തിലെയും വിവരങ്ങളുമായി ഒത്തുപോകുന്നു എന്ന് ഉറപ്പു വരുത്തണം.
4. ഭൂവുടമയുടെ കൈവശം ഉടമസ്ഥാവകാശ രേഖയുടെ ഒറിജിനൽ ഉണ്ടായിരിക്കണം. ഭൂമിയുടെ കരമടയ്ക്കുന്നത് വസ്തു ഉടമയുടെ പേരിൽ അല്ലെങ്കിൽ പോക്കുവരവ് നടപടിക്രമങ്ങൾ നടത്തി വസ്തു സ്വന്തം പേരിൽ തണ്ടപ്പേർ പിടിച്ച് കരമടയ്ക്കണം.
വ്യവസ്ഥ ന്യായമാകണം
വിൽപത്രത്തിൽ വീടിനെയും താമസാവകാശത്തെക്കുറിച്ചുള്ള വ്യവസ്ഥകൾ എഴുതാം. എന്നാൽ, അത്തരം വ്യവസ്ഥകൾ നിയമപരമായി പ്രാബല്യത്തിൽ വരണമെങ്കിൽ അവ വ്യക്തവും ന്യായയുക്തവുമായിരിക്കണം. ഉദാഹരണത്തിന് ടെസ്റ്റേറ്റർക്ക് ഇപ്രകാരം വ്യവസ്ഥ ചെയ്യാം–
"എന്റെ മരണശേഷം ഭാര്യയ്ക്ക് ഈ വീട്ടിൽ ജീവിതകാലം മുഴുവൻ താമസിക്കാനുള്ള അവകാശം ഉണ്ടായിരിക്കുന്നതാണ്. എന്നാൽ, വീടിന്റെ ഉടമസ്ഥാവകാശം എന്റെ മകന് ലഭിക്കുന്നതാണ്."
അല്ലെങ്കിൽ, "എന്റെ മകൾക്കും കുടുംബത്തിനും കൂടി ഈ വീട്ടിൽ താമസിക്കാനുള്ള അവകാശം ഉണ്ടായിരിക്കും."
ചില കാര്യങ്ങൾ ശ്രദ്ധിക്കണം
1. ഉടമസ്ഥാവകാശം ലഭിക്കുന്ന വ്യക്തിയുടെ അവകാശം: വിൽപത്രപ്രകാരം ഒരു വ്യക്തിക്ക് വീടിന്റെ പൂർണ്ണ ഉടമസ്ഥാവകാശം (absolute ownership) നൽകിയിട്ടുണ്ടെങ്കിൽ, പിന്നീട് ‘ആര് താമസിക്കണം, ആര് താമസിക്കരുത്’ എന്ന നിയന്ത്രണങ്ങൾ കോടതികൾ അസാധുവാക്കാൻ സാധ്യതയുണ്ട്. കാരണം പൂർണ്ണ ഉടമസ്ഥാവകാശത്തോടൊപ്പം സ്വത്ത് ഉപയോഗിക്കാനുള്ള അവകാശവും സ്വാഭാവികമായി ലഭിക്കും.
2. താമസാവകാശം മാത്രം സൃഷ്ടിക്കൽ: ഒരു വ്യക്തിക്ക് വീടിന്റെ ഉടമസ്ഥാവകാശം നൽകാതെ താമസാവകാശം (right of residence) മാത്രം നൽകാം.
3. പൂർണ്ണ വിലക്ക് ഏർപ്പെടുത്തൽ: ‘എന്റെ മകന് വീട് ലഭിക്കും. എന്നാൽ അയാളുടെ ഭാര്യയോ മക്കളോ വീട്ടിൽ താമസിക്കരുത്.’
ഇതുപോലുള്ള വ്യവസ്ഥകൾ പ്രായോഗികമായും നിയമപരമായും നിലനിൽക്കാൻ സാധ്യത കുറവാണ്. പ്രത്യേകിച്ച് മകന് പൂർണ ഉടമസ്ഥാവകാശം നൽകിയിട്ടുണ്ടെങ്കിൽ.
4. അവലംബിക്കാവുന്ന മാർഗം: ഉദ്ദേശ്യം വീട്ടിൽ താമസിക്കേണ്ടവരെ നിയന്ത്രിക്കലാണെങ്കിൽ, പൂർണ്ണ ഉടമസ്ഥാവകാശം നൽകുന്നതിനുപകരം:
ഒരാൾക്ക് താമസാവകാശം (life interest/right of residence) മാത്രം നൽകി മറ്റൊരാൾക്ക് പിന്നീട് ഉടമസ്ഥാവകാശം ലഭിക്കുമെന്ന് രേഖപ്പെടുത്തുക;
‘ഈ വീട്ടിൽ ആർക്കെല്ലാം താമസിക്കാം’ എന്ന് വിൽപത്രത്തിൽ എഴുതാം. പക്ഷേ, ആർക്കാണ് ഉടമസ്ഥാവകാശം നൽകുന്നത്, ആർക്കാണ് താമസാവകാശം നൽകുന്നത് എന്നതിനെ ആശ്രയിച്ചാണ് ആ വ്യവസ്ഥയുടെ നിയമസാധുത തീരുമാനിക്കപ്പെടുക.
വിൽപത്രം കുടുംബത്തെ വിഭജിക്കുന്നതിനുള്ള രേഖയല്ല; മറിച്ച് കുടുംബബന്ധങ്ങളെ സംരക്ഷിക്കുന്നതിനും ഭാവിതലമുറകൾക്കിടയിൽ ഐക്യം നിലനിർത്തുന്നതിനുമുള്ള ഒരു ഉപാധിയാണ്. നല്ല വിൽപത്രം സ്വത്ത് പങ്കിടുന്നതിനേക്കാൾ കുടുംബബന്ധങ്ങൾ സംരക്ഷിക്കുന്നതിനാണ് കൂടുതൽ സഹായിക്കുക.