‘‘വർക് ഏരിയയിലിരുന്നാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ പഠിച്ചിട്ടുള്ളത്. ചുറ്റുമുള്ള മരങ്ങളും ചെടികളുമൊക്കെ ഫിസിക്സും കെമിസ്ട്രിയും നന്നായി പഠിച്ചുകാണുമെന്ന് അമ്മ പറയുമായിരുന്നു’’, കുട്ടിക്കാലത്തെ വീട്ടോർമകൾ പങ്കുവയ്ക്കുന്നതിനിടയിലാണ് ദിവ്യ എസ്. അയ്യർ ഇക്കാര്യം ഓർത്തെടുത്തത്.
‘‘അഞ്ചാം ക്ലാസ്സിലെ വേനലവധിക്കാണ് സെക്രട്ടറിയേറ്റിനു സമീപത്തെ വാടകവീട്ടിൽ നിന്നും പാൽക്കുളങ്ങരയിലെ വീട്ടിലേക്ക് താമസം മാറ്റുന്നത്. ഒറ്റനില വീടായിരുന്നു അത്. അവിടെയെത്തി കുറച്ചുനാൾ കഴിഞ്ഞതോടെ മുകളിൽ ഒരു നില കൂടി പണിതു. വേണ്ടിവന്നാൽ വാടകയ്ക്കു കൊടുക്കാം എന്ന ഉദ്ദേശത്തോടെ പുറത്തുകൂടി സ്‌റ്റെയർകേസൊക്കെ നൽകി. ഒരു ഹാൾ, ബെഡ് റൂം, അടുക്കള, വർക് ഏരിയ ഇത്രയുമാണ് അവിടെയുണ്ടായിരുന്നത്.
പണി പൂർത്തിയായി കുറച്ചുകാലം കഴിഞ്ഞതോടെ ആ അടുക്കള ഞാനെന്റെ സ്റ്റഡി റൂം ആക്കി. തൊട്ടടുത്തുള്ള മൂന്നു ചുറ്റും ഗ്രിൽ ഇട്ട വർക് ഏരിയ ആയിരുന്നു എന്റെ ഓപ്പൺ സ്റ്റഡി ഏരിയ. ആകാശവും ചുറ്റുമുള്ള കാഴ്ചകളും കണ്ട് നല്ല കാറ്റേറ്റ് പഠിക്കാം. ഇവിടെയിരുന്നാണ് ഞാൻ ജീവിതത്തിൽ ഏറ്റവും അധികം പഠിച്ചിട്ടുളളത്.
ബ്ലാക്ക് ബോർഡും ചോക്കുകളും എപ്പോഴും അവിടെ ഉണ്ടാകും. ബോർഡിൽ എഴുതി ഉച്ചത്തിൽ പഠഞ്ഞുകൊണ്ട് പഠിക്കുന്നതായിരുന്നു എന്റെ ശീലം. ടീച്ചർ ക്ലാസ്സിൽ പഠിപ്പിക്കുന്നതു പോലെ ഞാൻ എന്റെ ഭാവനയിലെ കുട്ടികളെ പഠിപ്പിച്ചു. ചുറ്റുമുള്ള ചെടികളും മരങ്ങളുമെല്ലാം ഫിസിക്സും കെമിസ്ട്രിയും പഠിച്ച് ഒരു പരുവമായി കാണുമെന്ന് അമ്മ പറയുമായിരുന്നു.
അടുക്കളയിലാണെങ്കിൽ വലിയൊരു കസേരയല്ലാതെ മറ്റു പ്രത്യേക സൗകര്യങ്ങളൊന്നുമില്ല! കൗൺർടോപ്പ് ആയിരുന്നു എന്റെ സ്റ്റഡി ടേബിൾ. സാധാരണ കസേരയിൽ ഇരുന്നാൽ അവിടെ വരെ എത്താത്തതുകൊണ്ട് പൊക്കം കൂടിയ ഒരു കസേര അച്ഛൻ പണിയിച്ചു തന്നു. ഇന്നത്തെ ബാർ സ്റ്റൂൾ പോലെ ഒന്ന്.
ഇതും എന്റെ പുസ്തകങ്ങളുമല്ലാതെ മറ്റു പറയത്തക്ക സാധനങ്ങളൊന്നും അവിടെയില്ല. എങ്കിലും എന്നെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും മനോഹരമായ സ്റ്റഡി റൂം അതായിരുന്നു. വിവേകാനന്ദന്റെ വലിയ പടം ചുമരിൽ ഒട്ടിച്ചിരുന്നു. ‘മോട്ടിവേഷനൽ കോട്ട്സ്’ ആയിരുന്നു സ്റ്റഡി റൂമിലെ പ്രധാന അലങ്കാരം. പല നിറങ്ങളിലുള്ള പേപ്പറിലും മഷികളിലും മഹദ്‌വചനങ്ങൾ സ്ഥലമുള്ളിടത്തെല്ലാം ഇടംപിടിച്ചു. എന്റെ മുറി ഒരു ‘ഭയങ്കര സംഭവം’ ആണെന്നാണ് സത്യമായും ഞാനന്നു ധരിച്ചിരുന്നത്. വീട്ടിൽ വരുന്നവരെയൊക്കെ വിളിച്ചുകൊണ്ടുപോയി സ്റ്റഡി റൂം കാണിക്കും.
എല്ലാം ഒത്തുവന്ന് സാഹചര്യങ്ങൾ അനുകൂലമായാലേ എന്തെങ്കിലും ചെയ്യൂ എന്ന മനോഭാവം നമ്മെ പിന്നോട്ടു വലിക്കുകയോ ഉള്ളൂ. എന്തു സാഹചര്യം ആണെങ്കിലും ചെയ്യാനുള്ളത് ചെയ്തു തുടങ്ങണം. സാഹചര്യം ഉറപ്പായും മാറും. എന്റെ ജീവിതാനുഭവത്തിൽ നിന്ന് പഠിച്ച പാഠമാണിത്.’’ (വനിത വീട് മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ നിന്ന്).
വിഴിഞ്ഞം രാജ്യാന്തര തുറമുഖം മാനേജിങ് ഡയറക്ടറാണ് ദിവ്യ എസ്. അയ്യർ.