നാട്ടിൽ നിറയേ വീടുകളാണ്, താമസിക്കാൻ ആളില്ലാത്ത, ആളുകളുടെ എണ്ണത്തേക്കാൾ വളരെ വലുപ്പമുള്ള വീടുകൾ... അത്തരമൊരു സാഹചര്യത്തിൽ എങ്ങനെയാവണം മാതൃകാ വീട്? ഇതാ ഒരു ഉദാഹരണം.
സ്വന്തമായി വീടു വച്ചാലോ എന്ന ചിന്ത സോഷ്യൽ വർക്കറായ രമ്യയിലേക്ക് അവിചാരിതമായാണ് കടന്നുവന്നത്. അനുജത്തി സൗമ്യയുടെ വീടിന്റെ വിശാലതയും തെളിമയും തെല്ലൊന്ന് കൊതിപ്പിച്ചു എന്ന് രമ്യ. അതുകൊണ്ടുതന്നെ സൗമ്യയുടെ ഭർത്താവും ഇന്റീരിയർ ഡിസൈനറുമായ ബാലു തന്നെ രമ്യയുടെ ‘ഉർവി’ എന്ന വീടിന്റെ നിർമാണവും ഏറ്റെടുത്തു.
ചെറിയ സ്വപ്നങ്ങൾ, വലിയ ചിന്തകൾ
∙ ഒറ്റയ്ക്ക് താമസിക്കുന്ന ഒരാൾ എന്ന നിലയ്ക്ക് ചെറിയ ഒറ്റനില വീട് മതി എന്നതായിരുന്നു രമ്യയുടെ പ്രധാന ആവശ്യം. ഒറ്റ കിടപ്പുമുറി മതി. തൊട്ടുപിന്നിൽ അച്ഛനും അമ്മയും താമസിക്കുന്ന വീട് ഉള്ളതിനാൽ കൂടുതൽപേർ വന്നാൽ അവിടെ കിടക്കാം.
∙ ലിവിങ്, ഡൈനിങ്, കിച്ചൺ എന്നിവ ഓപ്പൺ ആയ ഒരു ഹാളിന്റെ ഭാഗമായാൽ മതി. ട്രെഡീഷണൽ സ്പർശമുള്ള, മോഡേൺ സൗകര്യമുള്ള വീടുമതി, വീടിനു മുൻവശത്ത് ഒരു വരാന്ത വേണം... ഇത്രയൊക്കെയേ രമ്യയ്ക്ക് ആവശ്യങ്ങൾ ഉണ്ടായിരുന്നുള്ളൂ. ഇതെല്ലാം കൂടി 810 ചതുരശ്രയടിയിൽ ഒതുങ്ങുന്നതായിരുന്നു.
ഉർവിയുടെ ഉദയം
ബാലുവിന്റെയും സൗമ്യയുടെയും വീടിന്റെ നിർമാണം കഴിഞ്ഞതോടെ ‘ഉർവി’ എന്ന ഈ വീടിന്റെ നിർമാണം ആരംഭിച്ചു. ‘ഭുവി’യുടെ നിർമാണത്തിൽ പങ്കാളികൾ ആയ പ്രാദേശിക തൊഴിലാളികൾ തന്നെ ഉർവിയുടെ നിർമാണത്തിലും സഹകരിച്ചു. ഏകദേശം ഏഴ് മാസം കൊണ്ട് പണി പൂർത്തിയായി.
∙ നാഗർകോവിലിൽ നിന്നുള്ള ഇഷ്ടികകൊണ്ടാണ് ഭിത്തികളുടെ നിർമാണം. തേക്ക്, പ്ലാവ് പോലെ പലതരം തടികൾ തടിപ്പണിക്ക് ഉപയോഗിച്ചിട്ടുണ്ട്. എച്ച്ഡിഎഫ് കൊണ്ടുള്ള കുറച്ച് ഇന്റീരിയർ വർക്കുകൾ, അലുമിനിയം കൊണ്ടുള്ള കിച്ചൺ കാബിനറ്റ്, ഡിസൈൻ കൊടുത്തു നിർമിച്ച ഫർണിച്ചർ ഇതെല്ലാം ബാലു ക്രമീകരിച്ചു. ബാക്കി ഇഷ്ടമുള്ള രീതിയിൽ രമ്യ തന്നെ സജ്ജീകരിക്കുകയായിരുന്നു. ഭംഗിയായി ലാൻഡ്സ്കേപ്പും ചെയ്തപ്പോൾ എല്ലാം കൂടി 25 ലക്ഷം രൂപയായി.
ഉപയോഗമനുസരിച്ച് ഫർണിച്ചർ
∙ ഫർണിച്ചർ കൂടുതൽ ഇട്ട് സ്പേസിന്റെ വിശാലത കളയരുതെന്ന് രമ്യയ്ക്കും ബാലുവിനും ഒരുപോലെ നിർബന്ധമായിരുന്നു.
∙ രമ്യ ജോലി ചെയ്യുന്നത് തിരുവനന്തപുരത്താണ്. അവിടെ വാടകവീട്ടിൽ നിലത്ത് ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ആ ശീലം പിൻതുടർന്ന് നിലത്ത് കുഷൻ ക്രമീകരിച്ചാണ് ഭക്ഷണമേശ ഒരുക്കിയത്. ഏകദേശം രണ്ട് അടി നീളവും വീതിയുമുള്ള, നാലുപേർക്ക് ഇരിക്കാവുന്ന മേശയാണ്. നിലത്ത് ഇരുന്ന് മേശമേൽ വച്ച് എഴുതാനുമൊക്കെ ഇവിടം ഉപകരിക്കും.
∙ നന്നായി വായിക്കുന്നയാളാണ് രമ്യ, ധാരാളം പുസ്തകങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ ചെറിയൊരു ലൈബ്രറി അത്യാവശ്യമായിരുന്നു. ഡൈനിങ് ഏരിയയിലുള്ള ബേവിൻഡോയുടെ ചുറ്റും മെറ്റൽ ഫ്രെയിമും പ്ലൈവുഡും ഉപയോഗിച്ച് കബോർഡുകൾ സ്ഥാപിച്ച് ലൈബ്രറി അവിടെ ക്രമീകരിച്ചു.
∙ ഒരാൾക്ക് സുഖമായി കിടക്കാവുന്ന വലുപ്പത്തിലാണ് ബേവിൻഡോ ക്രമീകരിച്ചത്. സുഹൃത്തുക്കൾ ആരെങ്കിലും വരുമ്പോൾ കിടക്കാൻ ഇവിടം പ്രയോജനപ്പെടുത്താം.
∙ ചെറിയ രീതിയിലുള്ള പാചകമേ ഇവിടെ ചെയ്യാറുള്ളൂ എന്നതിനാൽ ചെറിയ, ഓപ്പൺ അടുക്കളയാണ്. ഇരിപ്പിടങ്ങൾക്കടിയിലും കട്ടിലിനടിയിലും കബോർഡുകളായും ധാരാളം സ്റ്റോറേജ് സ്പേസ് നൽകിയിട്ടുള്ളതിനാൽ ചെറിയ സ്ഥലമാണ് എന്നതൊരു പരിമിതി അനുഭവപ്പെടില്ല.
∙ മുന്നിൽ ‘L’ ആകൃതിയിലുള്ള വരാന്ത രമ്യ ആഗ്രഹിച്ചതാണ്. സാറ്റിൻ ഫിനിഷിലുള്ള, വെള്ളം വീണാലും തെന്നാത്ത തടി പ്ലാങ്കിന്റേതുപോലെയുള്ള ടൈൽ ഇവിടെ ഉപയോഗിച്ചു. വരാന്തയുടെ ഒരു വശത്ത് സ്റ്റെപ് ഒഴിവാക്കി റാംപ് നിർമിച്ചു. അമ്മയ്ക്ക് നടക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് ഇങ്ങനെ ചെയ്തത്. ഭാവിയിൽ ആർക്കെങ്കിലും വീൽച്ചെയർ ഉപയോഗിക്കേണ്ടിവന്നാലും ഈ റാംപ് പ്രയോജനപ്പെടും.
∙ ഫർണിച്ചർ എല്ലാം ഡിസൈൻ കൊടുത്തു നിർമിച്ചതാണ്. ബാക്കിയായ തടി കൊണ്ട് വ്യത്യസ്തമായ പല ഫർണിച്ചറും നിർമിച്ചു.
∙ വീടുവയ്ക്കാൻ സ്ഥലം നിരപ്പാക്കിയപ്പോൾ കുറച്ചു മരങ്ങൾ വെട്ടേണ്ടിവന്നു. അതിനു പരിഹാരം ചെയ്യാൻ വീടിനു ചുറ്റും വൃക്ഷത്തൈകൾ വയ്ക്കുന്നതിന്റെ തിരക്കിലാണ് രമ്യയിപ്പോൾ. ഒപ്പം, ചെറുതാണെങ്കിലും ഇത്രയും സുന്ദരമായ വീടു കിട്ടിയതിന്റെ സന്തോഷത്തിലും.
Area: 810 sqft Owner: രമ്യ Location: ആറ്റിങ്ങൽ, കൊല്ലം
Design: Balu Krishna, ആറ്റിങ്ങൽ Email: notonthefloorinteriors@gmail.com
ചിത്രങ്ങൾ: ഹരികൃഷ്ണൻ
