ലളിതമായ പ്ലാനും ഡിസൈനും. ലക്ഷ്വറിയിലേക്കു പോകാത്ത നിർമാണസാമഗ്രികൾ. മലപ്പുറം മക്കരപ്പറമ്പിലുള്ള അഷറഫിന്റെയും ഫസീലയുടെയും 1480 സ്ക്വയർഫീറ്റ് വീട്, 25.5 ലക്ഷത്തിനു പൂർത്തിയായതിനു പിന്നിൽ ലാളിത്യമാണെന്ന് ഡിസൈനർ സക്കറിയ കപ്പാട്ട് പറയുന്നു.
ഏറ്റവും ലളിതമായ പ്ലാൻ ആണ് ഈ വീടിനു നൽകിയത്. ഹാളിന്റെ ഭാഗമായി ലിവിങ്, ഡൈനിങ്, കിച്ചൺ എന്നിവ ക്രമീകരിച്ചു. താഴെ ബാത്റൂം അറ്റാച്ഡ് ആയ ഒരു കിടപ്പുമുറിയും മുകളിൽ കോമൺ ബാത്റൂമോടെ രണ്ട് കിടപ്പുമുറികളും. മലപ്പുറത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ കിട്ടുന്ന വെട്ടുകല്ല് കൊണ്ടാണ് നിർമാണം.
ജനലിനോ വാതിലിനോ കബോർഡുകൾക്കോ ഒന്നും തടി ഉപയോഗിച്ചില്ല. അലുമിനിയം അൾജീരിയ എന്ന മെറ്റീരിയലാണ് പകരം ഉപയോഗിച്ചത്. അലുമിനിയം ഫാബ്രിക്കേഷന്റെ വില കുറഞ്ഞ വിഭാഗമാണിത്. ഇന്റീരിയർ പൂർണമായി ചെയ്യാൻ രണ്ടര ലക്ഷമേ ചെലവു വന്നിട്ടുള്ളൂ.
നെരോലാക്കിന്റെ ഏറ്റവും അടിസ്ഥാന വിഭാഗത്തിലുള്ള വെള്ളനിറമുള്ള പെയിന്റാണ് ഉപയോഗിച്ചത്. ചെലവ് നിയന്ത്രിക്കാൻ നിറത്തിലോ ഫിനിഷിലോ കൂടുതൽ ആർഭാടം കാണിച്ചില്ല. ചതുരശ്രയടിക്ക് 35–40 രൂപ വിലവരുന്ന വിട്രിഫൈഡ് ടൈൽ ഫ്ലോറിങ്ങിനും ഉപയോഗിച്ചു.
Email: zakariyakappat@gmail.com