ഗ്ലാസ് ചൂടു കൂട്ടുമെന്ന് പേടിക്കേണ്ട, ജനാലയ്ക്ക് ഗ്ലാസ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്... Choosing Right Glass for Windows
Mail This Article
കാറ്റും വെളിച്ചവും ആവോളം എന്നതാണ് പുതിയ കാലഘട്ടത്തിലെ വീടുകളുടെ നയം. അതോടെ ജനാലകളുടെ പ്രസക്തിയേറി. കന്റെംപ്രറി വീടുകളുടെ വരവോടെ വലിയ ഗ്ലാസ് ജനാലകൾ വീടിന്റെ ഭാഗമായി മാറി. വലിയ ഗ്ലാസ് ഓപ്പണിങ്ങുകൾ വീടിനുള്ളിലെ ചൂട് കൂട്ടും എന്നൊരു വാദമുണ്ട്. എന്നാൽ അതിനുള്ള പരിഹാരവും വിപണിയിലുണ്ട്. ജനാലകൾക്കായി ഗ്ലാസ് തിരഞ്ഞെടുക്കുമ്പോൾ സ്വകാര്യത, സുരക്ഷിതത്വം എന്നിവയെല്ലാം കണക്കിലെടുക്കണം. ചുരുക്കിപ്പറഞ്ഞാൽ ഗ്ലാസ് തിരഞ്ഞെടുക്കുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.
ടഫൻഡ് ഗ്ലാസ്സും ലാമിനേറ്റ് ഗ്ലാസ്സുമാണ് ഗ്ലാസ്സിലെ പ്രധാനികൾ. ലാമിനേറ്റിന് വിലയും സുരക്ഷിതത്വവും കൂടുതലാണ്. പിവിബി, സെൻട്രിലാമിനേഷൻ എന്നിങ്ങനെ അതീവ സുരക്ഷയേറിയ ലാമിനേറ്റും ലഭ്യമാണ്.
അഴികളില്ലാത്ത വലിയ ജനാലയ്ക്കു മാത്രമല്ല, അഴികളുള്ള ചെറിയ ജനാലകൾക്കു പോലും സാദാ ഗ്ലാസ്സിനേക്കാൾ ടഫൻഡ് ഗ്ലാസ് ആണ് നല്ലത്; പൊട്ടാനുള്ള സാധ്യത കുറവാണ്. യുപിവിസിയിൽ അഞ്ച് എംഎം, അലുമിനിയത്തിൽ ആറ് എംഎം, തടിയിൽ അഞ്ച്-ആറ് എംഎം ടഫൻഡ് ഗ്ലാസ് നൽകാം. 10x4 അടിയുള്ള വലിയ ഓപ്പണിങ്ങുകൾക്ക് 10 എംഎം ടഫൻഡ് ഗ്ലാസ് നൽകാം. 6x2 മീറ്റർ പോലെ വലുപ്പമേറിയ ഇടങ്ങളിൽ ലാമിനേറ്റ് ഉപയോഗിക്കണം.
വലിയ ഗ്ലാസ് ഓപ്പണിങ് നൽകുമ്പോൾ ചൂട് കൂടും. ചൂട് കുറയ്ക്കുന്ന തരം പെർഫോമൻസ് ഗ്ലാസ് ലഭ്യമാണ്. സൺ ബ്ലോക്കിങ് ഫിലിം ഒട്ടിച്ച് 50-60% വരെ ചൂട് കുറയ്ക്കുകയുമാകാം.
കടപ്പാട്: മാത്യു ജോസഫ്, Fenestration and Facade Consultant, Kochi