പ്ലോട്ട് വാങ്ങിയപ്പോൾ മുതൽ ആശങ്കയായിരുന്നു ; ആ പോരായ്മ ഒറ്റനില വീടിന്റെ ഗുണങ്ങൾ നൽകി, ദോഷങ്ങൾ ഇല്ലാതെത്തന്നെ Unique House Design on Sloping Plot
Mail This Article
വീടുവയ്ക്കാൻ വാങ്ങിയ പ്ലോട്ട് നിരപ്പല്ല എന്നതായിരുന്നു കാഞ്ഞിരപ്പള്ളി സ്വദേശികളായ സിറിളിന്റെയും അനുവിന്റെയും വിഷമം. അതേ നിരപ്പില്ലായ്മ സിറിൾ അനു ദമ്പതിമാരുടെ വീടിനെ ശ്രദ്ധേയമാക്കി എന്നത് തികച്ചും യാദൃശ്ചികം.
റബർ തോട്ടങ്ങളാൽ ചുറ്റപ്പെട്ട കാഞ്ഞിരപ്പള്ളി ആനക്കൽ നല്ലൊരു റെസിഡൻഷ്യൽ ഏരിയയാണ്. ഐടി ജീവനക്കാരനായ സിറിൾ ജോസഫും ബാങ്ക് മാനേജർ ആയ അനുവും വീടുവയ്ക്കാൻ വാങ്ങിയ സ്ഥലം ഒരു കുന്നിൻ ചെരിവായിരുന്നു. വീട് എന്ന സ്വപ്നവുമായി സിറിൾ അനു ദമ്പതിമാർ സമീപിച്ചത് ആർക്കിടെക്ട് ജെയിംസ് ജോസഫിനെ. വീട്ടുകാരുടെ താൽപര്യങ്ങൾ കേട്ട് ആർക്കിടെക്ട് വരച്ചുകൊടുത്ത ആദ്യ പ്ലാൻ തന്നെ അത്രമാത്രം പൂർണതയോടെയായിരുന്നു എന്ന് സിറിൾ അദ്ഭുതപ്പെടുന്നു.
മെച്ചം മാത്രം
ചെരിഞ്ഞ പ്ലോട്ടിന് ഒരുപാട് മെച്ചങ്ങളുണ്ട് എന്ന് അറിയുന്ന ആർക്കിടെക്ട് ജെയിംസ് ജോസഫ് വളരെ മനോഹരമായ പ്ലാനാണ് സിറിളിനും കുടുംബത്തിനും നൽകിയത്. ഒറ്റനിലയുടെയും ഇരുനിലയുടെയും ഗുണങ്ങൾ ഒരുമിച്ച് അനുഭവിക്കാം. എന്നാൽ ഒറ്റനിലയുടെയും ഇരുനിലയുടെയും പ്രശ്നങ്ങൾ ഇല്ലതാനും. കുറഞ്ഞ എണ്ണം പടികൾ കൊണ്ട് നാല് തട്ടിലായി മുറികൾ ക്രമീകരിച്ചു.
നാലു തട്ടിൽ മുറികൾ
ഏറ്റവും താഴത്തെ നിലയിൽ ഒരു കിടപ്പുമുറിയും സിറിളിന്റെ ഓഫിസുമാണ്. അതിനു മുകളിലെ നിലയിലാണ് വീടിന്റെ ഒട്ടുമിക്ക ഭാഗങ്ങളും വരുന്നത്.
ഡ്രൈവ് വേ കയറിവരുമ്പോൾ കാർപോർച്ച്, വരാന്ത, ഫോയർ, ഡബിൾ ഹൈറ്റ് ഉള്ള സിറ്റിങ് റൂം. സിറ്റിങ് റൂമിനെ വീടിന്റെ കേന്ദ്രസ്ഥാനത്തു നിർത്തിയാണ് മറ്റു മുറികൾ ക്രമീകരിച്ചത്. സിറ്റിങ് റൂമിന്റെ ഇടതുവശത്ത് മാസ്റ്റർ ബെഡ്റൂം ഉൾപ്പെടെ രണ്ട് കിടപ്പുമുറികൾ, ഫാമിലി ലിവിങ് റൂം എന്നിവയാണ്. വലതുവശത്താണ് സർവീസ് ഏരിയയായ ഡൈനിങ്, അടുക്കള, സ്റ്റോർ, സർവെന്റ്സ് റൂം എന്നിവയെല്ലാം ക്രമീകരിച്ചത്.
ഗോവണിപ്പടികൾ കയറി വരുന്ന ലാൻഡിങ്ങിൽ ( ഇന്റർമിറ്റന്റ് നില) ആണ് മറ്റൊരു കിടപ്പുമുറി ക്രമീകരിച്ചത്.
മുകളിലെ നിലയിലെ ലിവിങ് ഏരിയ ലൈബ്രറിയായും ക്രമീകരിച്ചു. ടെറസിലും ഒരു സിറ്റിങ് ഏരിയയുണ്ട്. സുഹൃത്തുക്കളും ബന്ധുക്കളും വരുമ്പോൾ പാർട്ടി ഏരിയയായി ഉപയോഗിക്കാം.
ടെറസിൽ ജിംനേഷ്യവും ക്രമീകരിച്ചു. ഭാവിയിൽ വെജിറ്റബിൾ ഗാർഡൻ ക്രമീകരിക്കാനും ഇവിടെ ഇടം നൽകിയിട്ടുണ്ട്.
അകത്തേക്കും പുറത്തേക്കും തുറന്ന്
കാറ്റും വെളിച്ചവും സ്വകാര്യതയും ആർക്കിടെക്ടിന്റെ പ്രധാന ആശങ്കകളായിരുന്നു. വലിയ ജനാലകൾ, കോർട്‌യാർഡുകൾ, ബാൽക്കണികൾ എല്ലാം വേണ്ടയിടങ്ങളിൽ ഉൾപ്പെടുത്തിയാണ് ഇതിനു പരിഹാരം കണ്ടത്.
സിറ്റിങ് റൂമിനോടു ചേർന്ന് ഒരു ഡെക്ക് സ്പേസ് ഉണ്ട്. ഇതിനപ്പുറത്തെ പുറംമുറ്റവുമായി ബന്ധിപ്പിക്കാവുന്ന വിധത്തിലാണ് ഈ ഡെക്ക്. കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ ഇവിടം തുറന്ന് മുറി കൂടുതൽ വിശാലമാക്കാം.
ഡൈനിങ്ങിന്റെ ഭാഗമായും കോർട്‌യാർഡ് സ്പേസ് നൽകിയിട്ടുണ്ട്. കൂടാതെ പുറത്തെ മുറ്റത്തേക്ക് തുറക്കുന്ന വാതിലുമുണ്ട്. ഫാമിലി ഗെറ്റ്‌ടുഗതറുകൾ ഉൾപ്പെടെ കൂടുതൽ ആളുകൾ ഉള്ളപ്പോൾ ഭക്ഷണം കഴിക്കാൻ ഇവിടം സൗകര്യപ്രദമാണ്. ഓപ്പൺ അടുക്കളയോടു ചേർന്നും സൺലിറ്റും കോർട്‌യാർഡും നൽകി. അകത്ത് ആവശ്യത്തിനു വെളിച്ചം കിട്ടാനും ക്രോസ് വെന്റിലേഷന്‍ മെച്ചപ്പെടുത്താനും ഈ ഓപ്പൺ സ്പേസുകൾ സഹായിക്കുന്നു.
മാസ്റ്റർ ബെഡ്റൂമിൽ നിന്നും ടെറസിൽ നിന്നും ബാൽക്കണി നിർമിച്ച് പുറംകാഴ്ചകൾ പരമാവധി ആസ്വദിക്കാൻ അവസരമൊരുക്കി. ഭാവിയിൽ വീടിനു ചുറ്റും മറ്റു വീടുകൾ വരികയാണെങ്കിൽ സ്വകാര്യത നഷ്ടപ്പെടാതിരിക്കാൻ കോർട്‌യാർഡുകളിലേക്കു തുറക്കുന്ന വിധത്തിലാണ് ജനലുകളുടെ ക്രമീകരണം.
ഓപ്പൺ സ്പേസുകൾ ധാരാളമുണ്ടെങ്കിലും സ്വകാര്യത നഷ്ടപ്പെടുന്നില്ല എന്നതാണ് പ്ലാനിന്റെ ഗുണം. പല തട്ടിൽ മുറികൾ ക്രമീകരിച്ചതുകൊണ്ടും സിറ്റിങ് ഏരിയ ഡബിൾ ഹൈറ്റിലായതുകൊണ്ടും താഴെ നിന്നു വിളിച്ചാൽ ഏതു മുറിയിലും കേൾക്കാം. ഇത് കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നു.
ഇളം നിറങ്ങളിൽ ഇന്റീരിയർ
വളരെ കുറച്ചു നിറങ്ങൾ മാത്രം ഉപയോഗിച്ച് മിനിമലിസ്റ്റിക് ശൈലിയിലാണ് ഇന്റീരിയർ ചെയ്തത്. ഭിത്തികളുടെ വെള്ളയും തേക്കിന്റെ നിറവും ടൈലിന്റെ ചാരനിറവുമാണ് പ്രധാനം. വീട്ടുകാരുടെ തിരക്കേറിയ ജീവിതശൈലിയെ ബാധിക്കാതെ, മെയിന്റനൻസ് കുറഞ്ഞ ഡിസൈനും ഫർണിഷിങ്ങുമാണ് തിരഞ്ഞെടുത്തത്.
Plot: 22 Cent
Area: 3735 sqft
Owner: സിറിൾ ജോസഫ് & അനു എൽസ ജെയിംസ്
Location: ആനക്കല്ല്, കാഞ്ഞിരപ്പള്ളി
Design: ജെയിംസ് ജോസഫ്, ആർക്കിടെക്ട്, INDESIGN Architecture, Interiors & Planning
Email: jkjames@gmail.com
