വീട്ടുകാർ ചോദിച്ചു ‘പഴയ വീടിന്റെ നൊസ്റ്റാൾജിയ പോകാതെ പുതുക്കിപ്പണിയാനാകുമോ?’; പഴയ ഭിത്തികൾ മാസ്ക് ചെയ്ത് പുതിയൊരു മുഖം കൊടുത്തത് അങ്ങനെയാണ് Preserving Nostalgia: Renovating a 40-Year-Old House
Mail This Article
പച്ചപ്പ് തിങ്ങി നിൽക്കുന്ന പറമ്പിനു നടുവിൽ നാൽപത് വർഷം പഴക്കമുള്ള വീട്. ഗൃഹാതുരത നഷ്ടപ്പെടുത്താതെ വീട് പുതുക്കിപ്പണിയാൻ ആകുമോ എന്നാണ് വീട്ടുകാരായ ഗീനർ കെ. ജോണും ബിന്ദുവും ലൈക്ക് ആർക്കിടെക്ട്സിലെ ജിനുവിനോടും ഗീവർഗീസിനോടും ചോദിച്ചത്. വീട്ടുകാർക്ക് പരിചിതമായ ഭിത്തികളും ജനലും വാതിലുമൊന്നും പൊളിച്ചുകളയാതെ ‘മാസ്കിങ്’ എന്ന മാർഗം പിൻതുടർന്നാണ് വീട് പുതുക്കിയെടുത്തത്. ഭിത്തികൾ പൊളിക്കാതെ അതിനു പുറമേക്കൂടി മറ്റൊരു ഭിത്തി പണിത് പഴയ ഭിത്തികൾ ഒളിപ്പിക്കുന്നതിനെയാണ് മാസ്കിങ് എന്നു പറയുന്നത്.
പച്ചപ്പ് കളയാതെ പുതുക്കൽ
കോട്ടയം ജില്ലയിലെ ചിങ്ങവനത്താണ് ഈ വീട്. ഏകദേശം 40 വർഷത്തിലേറെ പഴക്കമുള്ള, 1500 ചതുരശ്രയടിയുണ്ടായിരുന്ന വീട് ഇടയ്ക്ക് രണ്ട് കൂട്ടിച്ചേർക്കലുകൾക്ക് വിധേയമായിട്ടുണ്ടായിരുന്നു. വീട്ടുകാർ വിദേശത്തായിനാൽ അവർ നാട്ടിൽ വരുമ്പോൾ താമസിക്കാനുള്ള ഇടം എന്ന നിലയ്ക്കാണ് വീട് പുതുക്കിയെടുക്കാൻ തീരുമാനിച്ചത്. വീടിന്റെ ചുറ്റും ധാരാളം മരങ്ങളുണ്ട്. അതൊന്നും കളയാതെയാണ് വീടും ലാൻഡ്സ്കേപും ഭംഗിയാക്കിയത്.
ചതുർഭുജം ചതുരത്തിലേക്ക്
സിറ്റ്ഔട്ടും കാർപോർച്ചും വിശാലമാക്കിയതാണ് എക്സ്റ്റീരിയറിനുണ്ടായ പ്രധാന മാറ്റം. ചതുർഭുജാകൃതിയിലുണ്ടായിരുന്ന ലിവിങ് റൂമിന്റെ പുറംഭിത്തികളാണ് മാസ്ക് ചെയ്തു മറച്ചത്. പുതിയ പുറംഭിത്തികൾക്കു പിന്നിൽ പഴയ ഭിത്തികൾ മറഞ്ഞു കിടപ്പുണ്ട്. ഇത് എലിവേഷന് മോഡേൺ ഡിസൈൻ നൽകാൻ സഹായിച്ചു. താഴത്തെ സ്വീകരണമുറിയുടെ, ചരിഞ്ഞ ഓടിട്ട മേൽക്കൂരയും പാരപ്പെറ്റ് ഉയർത്തിക്കെട്ടി കാഴ്ചയിൽ നിന്ന് മറച്ചു. വീടിന്റെ മോഡേൺ കന്റെംപ്രറി പുറംകാഴ്ചയ്ക്ക് ചേരുംവിധം മുകളിലെ നിലയുടെ മേൽക്കൂര ഒരു വശത്തേക്ക് ചരിച്ച് കൊടുത്തതാണ് മറ്റൊരു പ്രധാനമാറ്റം.
വെളിച്ചത്തിന് സ്വാഗതം
പഴയ വീടിന്റെ പ്രധാന പ്രശ്നം അകത്ത് ആവശ്യത്തിനു കാറ്റും വെളിച്ചവും കിട്ടുന്നില്ല എന്നതായിരുന്നു. മുറികൾ അടുക്കി ക്രമീകരിച്ചിരുന്നതിനാൽ വിശാലതയും കുറവായിരുന്നു. ഗോവണിയോടു ചേർന്ന് ഒരു സൺലിറ്റ് കോർട്‌യാർഡ് കൊടുത്താണ് അകത്ത് പ്രകാശമെത്തിച്ചത്. ഗോവണിയോടു ചേർന്ന ഭിത്തി എടുത്തുമാറ്റിയപ്പോൾ വിശാലതയും വർധിച്ചു. സ്റ്റീൽ ഫാബ്രിക്കേഷൻ ചെയ്തു നിർമിച്ച ഗോവണി ഇന്റീരിയറിന്റെ ‘സ്റ്റൈൽ സ്റ്റേറ്റ്മെന്റ്’ ആണ് ഇപ്പോൾ.
അഴകായി അടുക്കള
അടുക്കളയായിരുന്നു അടുത്ത പ്രശ്നം. ചെറിയ മുറികൾ ചേർന്ന അടുക്കള വിശാലവും മോഡേൺ സൗകര്യങ്ങളുള്ളതുമാക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ചെറിയ മുറികളെല്ലാം ചേർത്ത് പുതുക്കിയെടുത്ത അടുക്കള വീടിന്റെ തന്നെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിമാറി. പേസ്റ്റൽ നിറങ്ങളിൽ ലാമിനേറ്റഡ് പ്ലൈവുഡ് കൊണ്ട് കബോർഡുകളും ടൈൽ കൊണ്ട് കൗണ്ടർടോപ്പും നിർമിച്ചു.
വാഷ്ഏരിയയില്ല എന്നതും പഴയ വീടിന്റെ പ്രശ്നമായിരുന്നു. പഴയ അടുക്കളയോടു ചേർന്ന, വിറക് സൂക്ഷിച്ചിരുന്ന ഭാഗമാണ് വാഷ്ഏരിയയ്ക്ക് വേണ്ടി മാറ്റിവച്ചത്.
നേരത്തേ ഉണ്ടായിരുന്ന രണ്ട് ബാത്റൂം അറ്റാച്ഡ് കിടപ്പുമുറികൾക്കു പുറമേ ഡ്രസ്സിങ് ഏരിയ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള രണ്ട് കിടപ്പുമുറികൾ പുതിയതായി കൂട്ടിച്ചേർത്തതതും പ്രധാന മാറ്റമാണ്.
ലിവിങ് ഡൈനിങ് ഏരിയകൾ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ വ്യത്യസ്ത മുറികളായിത്തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. മുറികളെ വേർതിരിച്ചിരുന്ന ഷോകേസ് മാറ്റി അവിടം ബുക്ക് ഷെൽഫ് ആക്കിമാറ്റി.
ഫ്ലോറിങ് പുതുമ
മനോഹരമായ മൊസെയ്ക് ഫ്ലോറിങ് ആയിരുന്നു പഴയ വീട്ടിലേത്. നിർഭാഗ്യവശാൽ വീണ്ടെടുക്കാനാവാത്ത വിധത്തിൽ അത് പൊളിഞ്ഞു പോയിരുന്നു. വിട്രിഫൈഡ് ടൈൽ ആണ് പുതുതായി ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. പഴക്കം വന്നതിനാൽ ഇലക്ട്രിക്കൽ ഫിറ്റിങ്ങുകളും പ്ലമിങ് സാനിറ്ററി ഫിറ്റിങ്ങുകളുമെല്ലാം പുതുക്കി സുരക്ഷിതമാക്കി. തടികൊണ്ടുള്ള ജനലുകളും വാതിലുകളുമെല്ലാം പുനരുപയോഗിച്ചു.
ലാൻഡ്സ്കേപ്പിങ് ചെയ്തതിന് വീടിന്റെ മാറ്റത്തിൽ വലിയ റോൾ ഉണ്ട്. മുറ്റത്തെ മാവ് ഉൾപ്പെടെ മരങ്ങളൊന്നും മുറിച്ചുമാറ്റാതെത്തന്നെ ലാൻഡ്സ്കേപ് ഭംഗിയാക്കി. മുറ്റത്തെ പഴയ ടൈൽ മാറ്റി, സ്റ്റോണും പുല്ലും വിരിച്ച് വൃത്തിയാക്കി.
വെറും പുതുക്കലല്ല പഴയ വീടിന് അഴകും ആരോഗ്യവും തിരികേക്കൊടുക്കുന്ന കായകല്പ ചികിത്സയാണ് ഇവിടെ ചെയ്തതെന്നു പറയാം.
Area: 3200 sqft
Owner: ഗീനർ കെ. ജോൺ & ബിന്ദു സൂസൻ വർഗീസ്
Location: ചിങ്ങവനം, കോട്ടയം
Design:: ഗീവർഗീസ് എസ്. കിളുത്താട്ടിൽ, ജിനു പുന്നൂരാൻ
Lykke Architecture Studio, Kakkanad, Kochi
Email: lykkearchitects@gmail.com
