ADVERTISEMENT

ഡിസൈനർ ഷിന്റോ വർഗീസിന്റെ പ്രോജക്ടുകൾ കണ്ട് ഇഷ്ടപ്പെട്ടാണ് സുഭാഷും സ്മിതയും കോൺസെപ്റ്റ് ഡിസൈൻ സ്റ്റുഡിയോയിൽ എത്തുന്നത്. 2019 ൽ ആദ്യം കാണുമ്പോൾ ഒട്ടേറെ പ്രോജക്ടുകളുടെ തിരക്കിലായിരുന്നു ഷിന്റോ. അതിനിടയിൽ കോവിഡ് കാലവും വന്നു. ഷിന്റോയുടെ തിരക്കു തീരുംവരെ കാത്തിരിക്കാൻ സുഭാഷും സ്മിതയും തയാറായതിനാൽ 2022 ആയി ‘സമാരാ’ എന്ന ഈ വീടിന്റെ പണികൾ തുടങ്ങാൻ.

Housesfeb

ആകൃതി എന്ന ഗുണം
കൊച്ചി നഗരമധ്യത്തിലുള്ള മരടിൽ, നിരപ്പായ 20 സെന്റ് ആണ് വീടുവയ്ക്കാൻ സുഭാഷും സ്മിതയും വാങ്ങിയത്. പിന്നിലേക്ക് നീണ്ടുകിടക്കുന്ന പ്ലോട്ടാണ് എന്നൊരു പ്രത്യേകതയുണ്ട്. ഇതിൽ ഗുണവും ദോഷവുമുണ്ടെന്ന് ഷിന്റോ പറയുന്നു,‘‘ മുൻവശത്ത് നല്ലൊരു ലാൻഡ്സ്കേപ് വേണം എന്നുണ്ടായിരുന്നു. ആ സ്ഥലം വിട്ടാണ് വീടിനു സ്ഥാനം കണ്ടത്. പ്ലോട്ടിന്റെ വീതി കുറയുമ്പോൾ എലിവേഷനിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും. എലിവേഷൻ മോടി പിടിപ്പിക്കാനുള്ള സാധ്യതകൾ കുറയും എന്നത് പലരും ചിന്തിക്കാറുണ്ടെങ്കിലും പ്രധാനമുറികൾ എല്ലാം പിന്നിലേക്കു നീക്കുമ്പോൾ കിട്ടുന്ന സ്വകാര്യതയും സൗകര്യവും അവഗണിക്കാനാവില്ല.’’

Housesfeb2
ADVERTISEMENT

പച്ചപ്പിനുള്ളിലെ മുത്ത്
മോഡേൺ കേരള സ്റ്റൈൽ എന്ന വാക്കാണ് ഈ വീടിനെ വിശേഷിപ്പിക്കാൻ ഷിന്റോ ഉപയോഗിക്കുന്നത്. വാർത്ത് മുകളിൽ ട്രസ്സ് ചെയ്ത് ഓടിട്ട ഈ വീട്, പ്രവാസികളായ വീട്ടുകാർ പിൻതുടരുന്ന മോഡേൺ ജീവിതസാഹചര്യങ്ങൾക്ക് അനുസൃതമായാണ് ഒരുക്കിയിട്ടുള്ളത്.
ഈ വീടിനെ ശ്രദ്ധേയമാക്കുന്നതിൽ മനോഹരമായ ലാൻഡ്സ്കേപ്പിന് വളരെ വലിയ പങ്കുണ്ട്. നഗരമധ്യത്തിലാണെങ്കിലും ആ തോന്നൽ ഇല്ലാതിരിക്കാനും മനസ്സ് തുറന്ന് സന്തോഷിക്കാനും മനോഹരമായി ക്രമീകരിച്ച ലാൻഡ്സ്കേപ് സഹായിക്കും. പൂന്തോട്ടത്തിൽ ഒരു സിറ്റിങ് ഏരിയ നൽകി, ലിവിങ്–ഡൈനിങ് ഏരിയയിൽ നിന്ന് അവിടേക്കെത്താൻ വാതിലും ക്രമീകരിച്ചു.
വീട്ടുകാർ നാട്ടിൽ വരുമ്പോൾ മാത്രമാണ് പുറത്തെ മുറ്റവും പൂന്തോട്ടവുമൊക്കെ ഉപയോഗിക്കുന്നത്. അതുകൊണ്ട് ഇൻബിൽറ്റ് ഫർണിച്ചറാണ് ലാൻഡ്സ്കേപ്പിൽ ക്രമീകരിച്ചത്. മെയിന്റനൻസ് കുറവാണ് എന്നതാണ് ഈ ഇൻബിൽറ്റ് ഫർണിച്ചറിന്റെ പ്രധാന ഗുണം. മാത്രവുമല്ല, വീട്ടുകാർ എത്തുമ്പോൾ ഫർണിച്ചർ പുറത്തെടുക്കുകയും തിരിച്ചുപോകുമ്പോൾ അകത്തുകയറ്റുകയും പോലെയുള്ള ജോലികൾ ഒഴിവാക്കാം. ഗ്രാനൈറ്റ് ഇട്ട ഇരിപ്പിടങ്ങൾ ലാൻഡ്സ്കേപ്പിന്റെ പ്രധാന ഭാഗമാക്കിയാണ് നിർമിച്ചിരിക്കുന്നത്.
വീടിന്റെ പിൻവശത്ത് അടുക്കളത്തോട്ടത്തിനും ഇടം കണ്ടെത്തിയിട്ടുണ്ട്.

Housesfeb3

ഓപ്പൺ ശൈലിയുടെ സൗന്ദര്യം
ഓപ്പൺ ശൈലി പിൻതുടർന്നാണ് അകത്തളമൊരുക്കിയത്. അതായത്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, ഓപ്പൺ കിച്ചൺ എന്നിവ ഒരു ഹാളിന്റെ ഭാഗമായി ക്രമീകരിച്ചു. വർക്ഏരിയയുമുണ്ട്.  
ഡൈനിങ് ഏരിയയുടെ ഭാഗമായി ഒരു ഇന്റേണൽ കോർട്‌യാർഡ് ക്രമീകരിച്ചു. മുകളിലെ നിലയിൽ നിന്നുകൂടി ആസ്വദിക്കാവുന്ന വിധത്തിലാണ് കോർട്‌‌യാർഡിന്റെ ക്രമീകരണം. വെള്ള നിറത്തിൽ പെയിന്റ് ചെയ്ത് ഗ്രിൽ ഇട്ട് കോർട്‌യാർഡ് സുരക്ഷിതമാക്കി. അകത്തേക്ക് വെയിലും ചൂടും കൂടുതൽ അടിക്കാതിരിക്കാനും കുളിർമയുള്ള അന്തരീക്ഷം നൽകാനും കോർട്‌യാർഡ് സഹായിക്കുന്നു.  ബാത്റൂം അറ്റാച്ഡ് ആയ അഞ്ച് കിടപ്പുമുറികളും ജോലിക്കാർക്കുള്ള റൂമും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Housesfeb6
ADVERTISEMENT

അഴകോടെ അകത്തളം  
ഇഷ്ടിക കൊണ്ടാണ് ഈ വീടിന്റെ നിർമാണം. തേക്കും അലുമിനിയവും, വാതിലിനും ജനലിനും ഉപയോഗിച്ചു. തടിയുടെ ക്ലാസിക് ഫിനിഷാണ് ഇന്റീരിയറിന്. സോഫ്റ്റ് ഫർണിഷിങ്ങിലൂടെ അകത്തളത്തിൽ നിറങ്ങൾ നിറച്ചു. ഒറ്റനിറത്തിലോ പേസ്റ്റൽ നിറത്തിലോ ഒതുക്കാതെ, പ്രിന്റുകളും എർത്തേൺ നിറങ്ങളുമൊക്കെ ഉപയോഗിച്ചാണ് അകത്തളം പൂർണ്ണമാക്കിയത്.

Plot: 20 cents
Area: 4685 sqft  
Owner:  സുഭാഷ് വിൻസെന്റ് & സ്മിത  
Location: മരട്, കൊച്ചി
Design:  ഷിന്റോ വർഗീസ്, Concepts Design Studio, കൊച്ചി
Email: info@conceptsdesignstudio.in

Integrating Nature with Contemporary Living Spaces:

This modern Kerala style home, designed by Shinto Varghese of Concepts Design Studio, features a thoughtful layout on a 20-cent plot in Maradu, Kochi, offering a blend of privacy and modern living. The house, named 'Samara', boasts a beautiful landscape, an open-plan interior, and an internal courtyard, creating a serene living experience.

ADVERTISEMENT