‘ഈ ചുമരുകളിൽ അവളുടെ കഥയുണ്ട്.’ വനിത വീട് ആർക്കിടെക്ചർ അവാർഡ്സിൽ മികച്ച വീടിനുള്ള പ്രത്യേക പരാമർശം നേടിയ കടാങ്കോട് വീട് A Legend Preserved in Architecture
Mail This Article
റസിഡൻസ് വിഭാഗത്തിൽ പ്രത്യേക പരാമർശം നേടിയ വീടിനു പിന്നിലെ കഥകൾ ആർക്കിടെക്ട് അമൃത കിഷോർ പങ്കുവയ്ക്കുന്നു: ‘‘ ഈ വീട്ടിലെ ഓരോ ചുമരും മാക്കത്തിന്റെ കഥ പറയുന്നു. അതിനുള്ള നിയോഗം എന്നിലേക്കെത്തി ചേരുകയായിരുന്നു. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ വീട്ടുടമസ്ഥരായ കണ്ണൂരിലെ കല്യാട്ട് രേണുÐരേഖ സഹോദരിമാർ ആവശ്യപ്പെട്ടതും അതായിരുന്നു. ഒരു അവധിക്കാല വസതി മാത്രമല്ല അവർ ആഗ്രഹിച്ചത്. പൈതൃകവും വിശ്വാസവും ഇഴചേർന്നു കിടക്കുന്ന ഇതിഹാസത്തിന്റെ സംരക്ഷണം കൂടിയായിരുന്നു.
കടാങ്കോട്ട് മാക്കത്തിന്റെ കഥ
തെയ്യങ്ങളുടെ നാട്ടിൽ കടാങ്കോട്ട് മാക്കത്തിന്റെ െഎതിഹ്യമറിയാത്തവരായി ആരുമില്ല. 12 പുത്രന്മാർക്ക് ശേഷം ജനിച്ച പെൺകുട്ടിയായിരുന്നു മാക്കം. മഹത്വമുള്ള സ്ത്രീയായിരുന്നു അവൾ. ഇത് സഹോദരപത്നിമാരിൽ അസൂയ ജനിപ്പിക്കുകയും സഹോദരന്മാരെ തെറ്റിധരിപ്പിച്ച് അവളെ കൊല്ലാൻ പദ്ധതിയിടുകയും ചെയ്തു. കുഞ്ഞുങ്ങളുമായി ഉത്സവത്തിൽ പങ്കെടുക്കാൻ പോയ മാക്കം അപകടം മനസ്സിലാക്കി രക്ഷപ്പെട്ട് അടുത്തുള്ള വീട്ടില്‍ അഭയം പ്രാപിച്ചു. അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മരത്തിനു കീഴെ ഒളിച്ചെങ്കിലും ആക്രമികളാൽ കൊല്ലപ്പെട്ടു. ക്രമേണ മാക്കം നിരപരാധിയാണെന്ന് മനസ്സിലാക്കി. കടാങ്കോട്ട് മാക്കത്തെ തെയ്യമായി ആരാധിക്കാൻ തുടങ്ങി. മാക്കത്തിന്റെ പേരിൽ ക്ഷേത്രങ്ങളുമുണ്ടായി.
ഈ വീട് നിർമിക്കാൻ ഉദ്ദേശിച്ച 77 സെന്റിലാണ് മാക്കവും കുട്ടികളും ഒളിച്ചിരുന്ന മരം. കാലങ്ങൾക്കു മുൻപ് മുച്ചിലോട്ടു ക്ഷേത്രത്തിലേക്കു മാറ്റുന്നതു വരെ തെയ്യത്തിന്റെ വേദിയായിരുന്നു ഈ കാവ്. ഈ മരം നിലനിർത്തണമെന്ന് സഹോദരിമാർ ആവശ്യപ്പെട്ടു. കാവിനെ തൊടാതെയാണ് വീട് പണിതത്.
കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന ഡിസൈൻ
പാരമ്പര്യവും സുസ്ഥിരതയും കൈകോർക്കുന്ന നിർമാണശൈലിയാണ് ഇവിടെ. കേരളീയ കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് രൂപകൽപന. വടക്ക് അഭിമുഖമായി നൽകിയിട്ടുള്ള വിശാലമായ ജാലകങ്ങളും ഓപ്പണിങ്ങുകളും വീടിനുള്ളിലെ ചൂട് കുറയ്ക്കുന്നു. ചുറ്റുമുള്ള പാടത്തെ കാറ്റ് വീടിനുള്ളിലേക്ക് ഒഴുകിയെത്തുന്നു. ക്രോസ് വെന്റിലേഷൻ ഉറപ്പാക്കിയിട്ടുണ്ട്. പ്രധാന ഇടങ്ങളിലെ ജാളികളും ഇരട്ടി ഉയരമുള്ള ഇടങ്ങളും വീടിനുള്ളിൽ തണുപ്പേകാൻ സഹായിക്കുന്നു. അതിനാൽ ഇവിടെ എസിയുടെ ആവശ്യം വന്നില്ല.
പ്രാദേശിക സാമഗ്രികൾ, രീതികൾ
പ്രാദേശികമായ നിർമാണ സാമഗ്രികളും രീതികളുമാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്. തേക്കാത്ത ചെങ്കൽ ഭിത്തികൾ അതിനുള്ള മികച്ച ഉദാഹരണമാണ്. ഇത് വീടിനെ തണുപ്പിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. ചരിഞ്ഞ മേൽക്കൂരയിലെ ഇരട്ട പാളികളുള്ള കളിമൺ ടൈലുകളും ഓവർഹാങ്ങിങ്ങുകളും മഴ, വെയിൽ എന്നിവയിൽ നിന്നു സംരക്ഷണം നൽകുന്നു.
കോട്ട സ്റ്റോണും ആത്തംകുടി ടൈലുമാണ് ഫ്ലോറിങ്ങിന്. തടിക്കൊപ്പം മുളയും ചൂരലും വീട്ടിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഫർണിച്ചർ കൂടുതലും തറവാട്ടു വീട്ടിൽ നിന്നുള്ളവ ഉപയോഗിച്ചു. നിറമുള്ള ഗ്ലാസുകൾ കൊണ്ടുള്ള ബേവിൻഡോകൾ തറവാട് വീടിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ്. ഇത് വെളിച്ച വിന്യാസത്തിന്റെ മാസ്മരികതയ്ക്കൊപ്പം ഗൃഹാതുരമായ ഓർമകളുണർത്തുകയും ചെയ്യുന്നു.
നഗരത്തിലെ തിരക്കിൽനിന്ന് രക്ഷ നേടി ഇടയ്ക്കിടെ കുടുംബാംഗങ്ങൾക്കെല്ലാം ഒത്തുകൂടാനുള്ള വേദിയാണ് ഈ വീട്. കഴിഞ്ഞ വർഷം ഇവിടെ തെയ്യം നടത്തുകയും ആചാരത്തിന്റെ ഭാഗമായി കടാങ്കോട്ട് മാക്കം ഈ വീട് സന്ദർശിക്കുകയും മാക്കത്തിന് പോകാൻ മനസ്സില്ലെന്ന് വെളിപാടേകുകയും ചെയ്തു. ഡിസൈൻ ടീം എന്ന നിലയിൽ വളരെ സന്തോഷം തോന്നിയ അനുഭവമായിരുന്നു അത്.’’
Materials: ഭിത്തി- ചെങ്കല്ല്, ജനല്‍- യുപിവിസി, വാതിൽ-ഡബ്ല്യുപിസി, ഫ്ലോറിങ്- കോട്ട സ്റ്റോൺ, ആത്തംകുടി ടൈൽ, മേൽക്കൂര-കളിമൺ ഓട്
Plot: 77 cent Area: 2400 sqft Owner: രേണു കൃഷ്ണദാസ്& രേഖ ഉത്തം Location: കല്ല്യാട്ട്, കണ്ണൂർ
Design: Ar. Amrutha Kishor, Studio: Elemental, Kottayam, E mail: amrutha@elemental-architects.com
Contractor: DM Associates
Photo: Justin Sebastian
