ADVERTISEMENT

‘‘ചുറ്റും കെട്ടിടങ്ങളുള്ള 5.6 സെന്റ്. ഇവിടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യാതെ എങ്ങനെ കാറ്റും വെളിച്ചവും നിറഞ്ഞ വീട് നിർമിക്കാമെന്ന ആലോചനയിലാണ് ഞങ്ങൾ ‘ഫിൻ സിസ്റ്റം’ വികസിപ്പിച്ചെടുക്കുന്നത്.’’ വനിത വീട് ആർക്കിടെക്ചർ അവാർഡ്സ് 2026 ലെ മികച്ച വീടിനുള്ള ഗോൾഡ് പുരസ്കാരം രണ്ട് പ്രോജക്ടുകൾ പങ്കിട്ടെടുത്തു. അതിലൊന്നാണ് ഫോർട്ട് കൊച്ചിയിലെ ‘ദ് ഫിൻ ഹൗസ്’ എന്ന പ്രോജക്ട്. ഈ വീടിന്റെ ആർക്കിടെക്ടുമാരായ അഭിജിത് അസീസും ഡോണോ ഡിക്കോയും രൂപകൽപനയുടെ സവിശേഷതകള്‍ പങ്കിടുന്നു.

‘‘വീട്ടുകാർ ഖത്തറിലാണ്. നാട്ടിൽ അമ്മയും സഹായിയും മാത്രമേയുള്ളൂ. അമ്മയ്ക്കു മുകളിലേക്കു കയറാൻ പറ്റാത്തതിനാൽ താഴെത്തന്നെ കിടപ്പുമുറിയും മറ്റു സൗകര്യങ്ങളും വേണമെന്നതു മാത്രമായിരുന്നു ആവശ്യം.‘എൽ’ ആകൃതിയിലുള്ള പ്ലോട്ടിന് മുന്നിൽ ആറ് മീറ്റർ വീതിയേ ഉള്ളൂ. അതിൽ പാർക്കിങ്ങും കഴിഞ്ഞ് ലഭിക്കുന്ന സ്ഥലം കുറവാണ്. ഇത്തരം സന്ദർഭങ്ങളിൽ കൂടുതൽ നിലകൾ പണിയുകയാണ് പതിവ്. എന്നാൽ ഫോർട്ട്കൊച്ചിയിലെ മണ്ണിന്റെ ഘടന മികച്ചതല്ലാത്തതിനാൽ പൈലിങ് വേണ്ടി വരും. അത് ചെലവു കൂട്ടുമെന്നതിനാൽ രണ്ടു നില മതി എന്നു തീരുമാനിച്ചു. അനാവശ്യമായി ചെലവു കൂട്ടുന്ന പരിപാടികളൊന്നും ചെയ്തില്ല.

onlineimage2-1-
ADVERTISEMENT

വീട് പണിയുമ്പോള്‍ ആവശ്യമില്ലെങ്കിലും കുറേ കിടപ്പുമുറികൾ പണിയുക എന്നത് ഒരു നാട്ടുനടപ്പാണല്ലോ. വീട്ടുകാർക്ക് നാല് കിടപ്പുമുറികൾ വേണമെന്നായിരുന്നു. ഇവർക്ക് ഒരു കുട്ടിയാണ്. അതിനാൽ അമ്മയുടെ കിടപ്പുമുറിയും ചേർത്ത് മൂന്ന് മുറികളുടെ ആവശ്യമേയുള്ളൂ. പ്രവാസികളായതിനാൽ അതുതന്നെ വല്ലപ്പോഴുമേ ആവശ്യം വരികയുള്ളൂ. അത് അവരെ പറഞ്ഞു മനസ്സിലാക്കി. മാത്രമല്ല, കിടപ്പുമുറികളുടെ എണ്ണം കൂടുമ്പോൾ കോർട്‌യാർഡ് പോലെ ഭംഗിയേകുന്നതും പ്രകൃതിയോടു ബന്ധിപ്പിക്കുന്നതുമായ ഘടകങ്ങൾ നൽകാനുള്ള സാധ്യത കുറയും.

onlineimage6

പുതുമയായി ഫിൻ സിസ്റ്റം

ADVERTISEMENT

വായുസഞ്ചാരമില്ലാത്ത സാധാരണ വീടു വേണ്ട എന്നു ഞങ്ങൾ ആദ്യമേ തീരുമാനിച്ചിരുന്നു. ചുറ്റും കെട്ടിടങ്ങളായതിനാൽ ജനാല തുറന്നിടാൻ സാധിക്കില്ല. തുറന്നാലും സ്വകാര്യതയ്ക്കായി കർട്ടൻ ഇടേണ്ടി വരും. അതോടെ ജനാലയുടെ ഉപയോഗമില്ലാതാവും. പരമ്പരാഗത ജനാലകൾ കുറയ്ക്കാൻ തന്നെ തീരുമാനിച്ചു. കിടപ്പുമുറികളിൽ കൂടാതെ, പൊതു ഇടങ്ങളിൽ നാലേ നാല് ജനാലകളേ നൽകിയിട്ടുള്ളൂ.

onlineimage3-1-

പ്ലോട്ടിനെ മൂന്ന് ബ്ലോക്കുകളായി തിരിച്ച് രണ്ട് കോർട്‌യാർഡുകൾ നൽകി. ഈ ബ്ലോക്കുകളെ ഫസ്റ്റ് ഫ്ലോറിൽ രണ്ട് പാലങ്ങൾ വഴി ബന്ധിപ്പിച്ചു. ബ്ലോക്കുകളെ തമ്മിൽ തിരിക്കുന്ന കോർട്‌യാർഡുകളിൽ ഫിൻ നൽകി.

ADVERTISEMENT

2.4 മീ x 2.7 മീ വലുപ്പമുള്ള ഒൻപത് ഫിന്നുകളാണ് നൽകിയത്. ഫിന്നുകൾക്കിടയ്ക്ക് പ്രാണികളെ തടയാൻ സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടുള്ള മെഷ് നൽകി. സുരക്ഷ ഉറപ്പാക്കാനാണ് സ്റ്റീൽ ഉപയോഗിച്ചത്. ഫിൻ 90 ഡിഗ്രിയിൽ നൽകിയതിനാൽ ഇതുവഴി നടക്കുമ്പോൾ ഒരു ഞൊടിയിട മാത്രമേ കാഴ്ച ലഭിക്കൂ. പക്ഷേ, കോർട്‌യാർഡിൽ ആൽ വർഗത്തിൽ പ്പെട്ട വലിയ മരങ്ങൾ നൽകിയതിനാൽ ഈ കാഴ്ചയെയും മറയ്ക്കുന്നു. അതോടെ വീടിനുള്ളിൽ സ്വകാര്യത ഉറപ്പായി. എന്നാൽ കാറ്റും വെളിച്ചവും അകത്തെത്തുകയും ചെയ്യും. വെയിലിന്റെ തിളക്കവും (glare) അകത്തേക്ക് അടിക്കില്ല. ഇവിടെ എസി വേണ്ട. അത്രയ്ക്കും ചൂട് കുറവാണുള്ളിൽ.

പോളികാർബണേറ്റ് ആയതിനാൽ ഫിന്നിന് കാഴ്ചയിൽ ഭാരക്കുറവ് തോന്നിക്കും. സിൽവർ നിറത്തിലാണ് ഫ്രെയിമുകൾ നൽകിയത്. സ്റ്റീലിന്റെ ഉപയോഗം വീടിന്റെ ഊഷ്മളത നഷ്ടപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.

onlineimage5-1-

പണി പൂർത്തിയായി ഒരു വർഷത്തിനു ശേഷമെടുത്ത ചിത്രങ്ങളാണിവ. ഇനി ആ ചിത്രങ്ങൾ സംസാരിക്കട്ടെ...’’

onlineimage4-1-

Abhijit Azeez, Dono Dico

Studio: Envid Atelier, Kochi

E mail: info@envid.in

Materials: ഭിത്തി– ചുടുകട്ട, ജനൽ– അലുമിനിയം, വാതിൽ– തേക്ക്, ഫ്ലോറിങ്– വിട്രിഫൈഡ് ടൈൽ, കിച്ചൺ കാബിനറ്റ്– ഡബ്ല്യുപിസി, ലാമിനേറ്റ്, ഗോവണി– സ്റ്റീൽ, തടി, ഗ്ലാസ്, ഫർണിച്ചർ– തടി, ററ്റാൻ

Project Details: Plot: 5.6 cent Area: 2677 sqft Location: ഫോർട്ട് കൊച്ചി

Home Credits: Soft Furnishing: Evone Decor, Bedlinen & Rugs: D Decor, Sanitary & CP: Tropical Bath Solutions, kochi, Tiles: Ceekay Bath Gallery, Fans: Orient Electric, Switches: Norysis, Laminates& Veneer: Marino, Furniture: George, Fort Kochi

Photo: Nathan Photos