ഫ്ലാറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ പ്രധാന പേടിസ്വപ്നം കൈപ്പിടിയിലൊതുങ്ങാത്ത വിലയാണ്. സെക്കന്റ്‌ഹാൻഡ് ഫ്ലാറ്റ് ആകുമ്പോൾ പുതിയതിന്റെയത്ര വിലയാകില്ല എന്ന ആശ്വാസമുണ്ട്. എന്നാൽ, ഒരിക്കൽ ഉപയോഗിച്ച ഫ്ലാറ്റിന് മറ്റു ഗുണങ്ങൾ ഒരുപാടുണ്ട്; ചില ദോഷങ്ങളും.
കാരണമറിയണം
ഫ്ലാറ്റ് വിൽക്കാൻ കാരണമെന്തെന്ന് തീർച്ചയായും ചോദിച്ചു മനസ്സിലാക്കണം. കഴിവതും ഫ്ലാറ്റിലെ മറ്റു താമസക്കാരോടു കൂടി സംസാരിക്കുന്നതു നല്ലതാണ്.
ലിഫ്റ്റ്, ജനറേറ്റർ തുടങ്ങിയ പൊതുവായ സൗകര്യങ്ങൾ ഏതെല്ലാമുണ്ട്,അപാർട്മെന്റ് അസോസിയേഷൻ ഫലപ്രദമായാണോ പ്രവർത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ കൂടി അന്വേഷിക്കണം. ഫയർ സേഫ്റ്റി സിസ്റ്റം, സെക്യൂരിറ്റി, കോമൺ ഏരിയ, പാർക്കിങ് ഏരിയ ഇതെല്ലാം ഉണ്ടെന്ന് ഉറപ്പാക്കണം. പാർക്കിങ് ഏരിയ പോലുള്ള എല്ലാ വിശദാംശങ്ങളും രേഖാമൂലം തന്നെയുണ്ടെന്ന് ഉറപ്പുവരുത്തണം. വാക്കാൽ പറയുന്നത് നിയമപരമായ ഉറപ്പല്ല.
മെയിന്റനൻസ് ഫീസ് എത്രയാണ്, കൊടുക്കുന്ന ഫീസ് അനുസരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണം. മെയിന്റനൻസ് ശരിയല്ലെങ്കിൽ ഭാവിയിൽ അനാവശ്യ ചെലവുകൾ വരാം. ഒരുപാടുപേർ ഉപയോഗിക്കുന്ന ഫ്ലാറ്റ് ആയതിനാൽ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ എളുപ്പമാണ്.
പ്ലാൻ എങ്ങനെയാണ്
ഫ്ലാറ്റിന്റെ പ്ലാൻ തീർച്ചയായും പരിശോധിക്കേണ്ടതുണ്ട്. കാറ്റും വെളിച്ചവും ശരിയായ രീതിയിൽ ലഭിക്കുന്നുണ്ടെന്നും മുറികളിൽ ക്രോസ് വെന്റിലേഷൻ ഉണ്ടെന്നും ഉറപ്പുവരുത്തണം. ശരിയായ വെന്റിലേഷൻ ഇല്ലാത്ത ഫ്ലാറ്റിൽ ഈർപ്പം കെട്ടിനിന്ന് പ്രശ്നങ്ങൾ ഉണ്ടാകാം.
നിർമാണത്തിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ പ്രയാസമാണ്. വീട് ആണെങ്കിൽ വീട്ടുകാരുടെ സൗകര്യവും സമയവും മാത്രം കണക്കിലെടുത്താൽ മതി. എന്നാൽ അപാർട്മെന്റ് സമുച്ചയത്തിലെ താമസം ചുറ്റും മറ്റു താമസക്കാർ ഉള്ളതുകൊണ്ടുതന്നെ ചില നിയന്ത്രണങ്ങൾക്കു വിധേയമാണ്. അതുകൊണ്ടുതന്നെ വീണ്ടും നിർമാണം ആവശ്യമില്ലാത്ത അപാർട്മെന്റ് തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.
ഫ്ലാറ്റിന്റെ ഭിത്തികൾക്ക് വിള്ളലുകളോ പൊളിഞ്ഞിളകലുകളോ ഇല്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണം. ഭിത്തിയിലോ സീലിങ്ങിലോ വെള്ളം കിനിഞ്ഞിറങ്ങുന്നതോ പായലോ ഒക്കെ കണ്ടാൽ തീരുമാനം പുനരാലോചിക്കണം. അകത്തെ എന്തെങ്കിലും ലോഹഭാഗങ്ങളിൽ തുരുമ്പിന്റെ സാന്നിധ്യമുള്ളതും ലീക്കേജിന്റെ സാധ്യത കാണിക്കുന്നു.
ഫ്ലോറിങ് നിരപ്പാണ്, കേടുപാടുകളോ പൊള്ളിയിളകലോ ഇല്ല എന്നതും ഉറപ്പുവരുത്തണം.
വെള്ളം എവിടെനിന്ന്?
ഫ്ലാറ്റിലേക്കുള്ള വെള്ളത്തിന്റെ ഉറവിടം എവിടെനിന്നാണെന്ന് അറിയണം. കുഴൽക്കിണർ ആണോ, മുനിസിപ്പാലിറ്റി വെള്ളമാണോ, വേനലിലും വെള്ളം കിട്ടുമോ എന്നതെല്ലാം ചോദിച്ചു മനസ്സിലാക്കണമെന്ന് ചെന്നൈയിലുള്ള ആർക്കിടെക്ട് റിയ ജോർജ് പറയുന്നു. ചെന്നൈ പോലുള്ള നഗരങ്ങളിൽ വെള്ളപ്പൊക്കവും ഉണ്ടാകാറുണ്ട്. കേരളത്തിലും വയൽ നികത്തി നിർമിച്ച പല ഫ്ലാറ്റുകളിലും മഴക്കാലത്ത് വെള്ളപ്പൊക്ക സാധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങളിൽ താഴത്തെ നിലയിലെ ഫ്ലാറ്റുകൾ വാങ്ങുന്നത് സുരക്ഷിതമല്ല.
ബാത്റൂം, അടുക്കള ഈ രണ്ട് മുറികളും സൂക്ഷ്മമായി പരിശോധിക്കണം. സാനിറ്ററി ഫിറ്റിങ്ങുകളും വാതിലുകളും മുഴുവന്‍ ഫ്ലാറ്റിനും ഒരുമിച്ച് എടുക്കുന്നതിനാൽ ഗുണമേന്മ കുറയാൻ സാധ്യത കൂടുതലാണ്.
അപാർട്മെന്റിലെ ഡ്രെയിനേജിനും തകരാറൊന്നുമില്ല എന്നും ഉറപ്പാക്കണം. അടുക്കളയുടെയും ബാത്റൂമിന്റെയും സ്വീവേജ് ട്രാപ് തുറന്ന് ദുർഗന്ധമുണ്ടോ എന്ന് പരിശോധിക്കണം.
ഇലക്ട്രിക്കൽ–പ്ലമിങ് സിസ്റ്റം കാര്യക്ഷമമാണെന്ന് ഉറപ്പാക്കണം. ഇതിനു രണ്ടിനും തകരാറു വന്നാൽ ഭിത്തി കുത്തിപ്പൊളിച്ച് ശരിയാക്കേണ്ടിവരും. ഇതൊക്കെ അധികച്ചെലവിന് കാരണമാകാം. വെള്ളത്തിന്റെ പ്രഷർ ശരിയായ രീതിയിൽ കിട്ടുന്നുണ്ടോ എന്ന് ഷവർ തുറന്ന് പരിശോധിക്കണം.
കൊണ്ടുപോകാനുള്ള പ്രയാസം കൊണ്ട് ഫർണിച്ചർ ഉൾപ്പെടെ ഫ്ലാറ്റ് വിൽക്കുന്നവരുമുണ്ട്. വാങ്ങുന്നവരെ സംബന്ധിച്ച് അത് ലാഭകരമാണ്.
ഒരു തവണ മാത്രം ഫ്ലാറ്റ് കണ്ട് തീരുമാനമെടുക്കാതെ കഴിയുമെങ്കിൽ മഴക്കാലത്തും രാത്രിയിലുമൊക്കെ ഒന്നുപോയി നോക്കി നല്ലതാണെന്ന് ഉറപ്പുവരുത്തണം.
പേപ്പറുകൾ പരിശോധിക്കണം
രേഖകൾ എല്ലാം ഉണ്ടായിരിക്കും എന്ന രീതിയിൽ അശ്രദ്ധമായി സെക്കൻഡ് ഹാൻഡ് ഫ്ലാറ്റ് വാങ്ങാൻ ഇറങ്ങരുത്. നേരെ മറിച്ച് നേരത്തേ ഒരു ഉടമയുള്ള ഫ്ലാറ്റിന് അല്പം കൂടുതൽ ശ്രദ്ധ കൊടുക്കുന്നതാണ് നല്ലത്.
ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ, എൻക്യുംബറൻസ് സർട്ടിഫിക്കറ്റ്, കരമടച്ചതിന്റെ രേഖകൾ, ബിൽഡിങ് അപ്രൂവൽ പ്ലാൻ, ഒക്യുപൻസി സർട്ടിഫിക്കറ്റ്, കംപ്ലീഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ എല്ലാ രേഖകളും ഒരു വക്കീലിന്റെ സഹായത്തോടെത്തന്നെ പരിശോധിക്കണം.
രേഖകൾ കൃത്യമല്ലെങ്കിൽ ഏതുകാലത്ത് വേണമെങ്കിലും നിയമപ്രശ്നങ്ങൾ ഉണ്ടാകാനും നിയമപരമായി അംഗീകരിക്കപ്പെട്ട സ്ഥലത്തല്ല നിൽക്കുന്നതെങ്കിൽ ഫ്ലാറ്റ് പൊളിക്കൽ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഹൈക്കോടതിയിലെ അഡ്വ. അൻസിൽ സക്കറിയ പറയുന്നു.
വെള്ളം, വൈദ്യുതി, ഭൂകരം ഇവയിലൊന്നും കുടിശിക ഇല്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. ബാങ്ക് ലോൺ ഉണ്ടെങ്കിൽ അടച്ചുതീർത്തിട്ടുണ്ടെന്നും വസ്തുവിന്റെയോ ഫ്ലാറ്റിന്റെയോ പേരിൽ നിയമപരമായ ബാധ്യതകളൊന്നും ഇല്ലെന്നും ഉറപ്പാക്കണം. ഫ്ലാറ്റിന്റെ പേരിൽ കുടുംബതർക്കങ്ങളോ അറ്റാച്മെന്റുകളോ ഇല്ല എന്നും ഉറപ്പുവരുത്തണം.