സ്വന്തം തീരുമാനങ്ങളാണ് ‘കർമ്മ’ എന്നു വിശ്വസിക്കുന്ന ഒരാൾ. തെറ്റുകൾ തിരുത്തിയും കാലിടറി വീണിടത്തുനിന്ന് പിടിച്ചുകയറിയും മുന്നോട്ടുപോകുന്നതാണ് ജീവിതം എന്ന വലിയ തിരിച്ചറിവാണ് കോഴിക്കോട് മുക്കം സ്വദേശി വിജീഷ് ശശിധരനെ കച്ചവടരംഗത്ത് വിജയത്തിലേക്ക് എത്തിച്ചത്. വടക്കൻ കേരളത്തിന്റെ സ്വന്തം വെട്ടുകല്ലിന് രാജ്യാന്തര വിപണിയിൽ അനന്തസാധ്യതകളുണ്ടെന്ന് വിശ്വസിക്കുകയും തെളിയിക്കുകയും ചെയ്തു വിജീഷ്.
വെട്ടുകല്ല് വീടുണ്ടാക്കാനും ക്ലാഡിങ്ങിനും പേവിങ്ങിനും മാത്രമല്ല, ഫ്ലോറിങ്ങിനും ഫർണിച്ചർ നിർമിക്കാനുമൊക്കെ ഉപയോഗിക്കാം എന്ന തിരിച്ചറിവാണ് വിജീഷിനെ ‘പ്രൈം സ്റ്റോൺ’ (Prime Ston) എന്ന സ്ഥാനം തുടങ്ങാൻ പ്രേരിപ്പിച്ചത്. പ്രൈം സ്റ്റോണിൽ നിന്നുള്ള വെട്ടുകല്ല് പാളികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് മാത്രമല്ല, വിദേശരാജ്യങ്ങളിലേക്കും കയറ്റിയയ്ക്കുന്നുണ്ട്.
വെട്ടുകല്ലിന്റെ സാധ്യതകളെക്കുറിച്ച് ചിന്തിക്കാനിടയായത് എങ്ങനെയാണ്?
ചെറുപ്പത്തിൽത്തന്നെ ഈയൊരു മേഖല സ്വാധീനിച്ചിരുന്നു എന്നുവേണം പറയാൻ. അച്ഛന് കൽപ്പണിയായിരുന്നു. കുട്ടിക്കാലത്ത് കൂടെ പഠിച്ചിരുന്ന കുട്ടികൾ ഡോക്ടറും ടീച്ചറുമൊക്കെ ആവാൻ ആഗ്രഹിച്ചിരുന്നപ്പോൾ കൽപ്പണിക്കാരന്റെ മകന് എന്തു ചെയ്യാൻ പറ്റുമെന്നായിരുന്നു എന്റെ ചിന്ത. വലുതായപ്പോൾ കോയമ്പത്തൂർ കേന്ദ്രീകരിച്ച് ഡിസ്ട്രിബ്യൂഷൻ കമ്പനി ഉണ്ടായിരുന്നു. അതിലൂടെ വന്ന ചില ഓർഡറുകളാണ് വെട്ടുകല്ലിന്റെ സാധ്യതകളെക്കുറിച്ച് ചിന്തിപ്പിച്ചത്. അതാണ് പ്രൈം സ്റ്റോണിലേക്ക് നയിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിനടുത്ത് പ്രൈം സ്റ്റോണിന് ഒരു ഷോറൂം ഉണ്ട്. കോഴിക്കോട് മുക്കത്തും കണ്ണൂർ പയ്യന്നൂരും തളിപ്പറമ്പിലുമായി മൂന്ന് മാനുഫാക്ചറിങ് യൂണിറ്റുകളുണ്ട്. ഇന്ത്യയിലുടനീളം ഉത്‍പന്നങ്ങൾ എത്തിക്കുന്നുണ്ട്. ചെറിയ രീതിയിൽ കയറ്റുമതിയുമുണ്ട്.
നല്ല കല്ല് കിട്ടുക എന്നതാണല്ലോ ഈ രംഗത്തെ വിജയവും വെല്ലുവിളിയും. കല്ല് എവിടെ നിന്ന്, എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത്?
ഇന്ത്യയിലെ പല തീരദേശപ്രദേശത്തും കൊങ്കൺ ഏരിയയിലുമൊക്കെ വെട്ടുകല്ലുണ്ട്. എന്നാലും മധ്യ കണ്ണൂർ ഏരിയയിൽ കാണുന്നതുപോലെയുള്ള ഉറപ്പും ഭംഗിയും തികഞ്ഞ വെട്ടുകല്ല് മറ്റെവിടെയും കിട്ടുന്നില്ല. പ്രത്യേകിച്ച് കൂത്തുപറമ്പ് മുതൽ പയ്യന്നൂർ വരെയുള്ള ഭാഗത്തെ കല്ലാണ് ഏറ്റവും മികവാർന്നത്.
കളർ, ടെക്സ്ചർ, ഡിസൈൻ, ഉറപ്പ് തുടങ്ങിയ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിച്ചാണ് വെട്ടുകല്ല് തിരഞ്ഞെടുക്കുന്നത്. ചുവന്ന നിറമുള്ള വെട്ടുകല്ലിനാണ് ആവശ്യക്കാർ കൂടുതലുള്ളത്. ചുരുക്കം ചിലർ മഞ്ഞ കലർന്ന കല്ലും ആവശ്യപ്പെടാറുണ്ട്. പക്ഷേ, മഞ്ഞക്കല്ല് സുലഭമല്ല.
ചുവന്ന വെട്ടുകല്ലിന് പ്രത്യേകതകൾ ഉണ്ടോ?
മണ്ണ് കണ്ട് ബോറടിച്ചു എന്നാരും പറയില്ലല്ലോ. മണ്ണിന്റെ നിറമായതുകൊണ്ട് പോസിറ്റീവ് എനർജി കിട്ടും എന്നത് ഒരു കാര്യം.
കരിങ്കല്ല് ചൂടും തണുപ്പും ഒരുപോലെ ആഗിരണം ചെയ്യും. എന്നാൽ ചൂടാണെങ്കിലും തണുപ്പാണെങ്കിലും വെട്ടുകല്ല് വലിച്ചെടുക്കുന്നതിന് ഒരു പരിധിയുണ്ട്. അതുകൊണ്ട് മുറിയിലെ താപനില ക്രമീകരിക്കാൻ സഹായിക്കും. ഇക്കാര്യത്തിൽ ചുവന്ന കല്ലിനുള്ള കഴിവ് മഞ്ഞയ്ക്കില്ല. ഇരുമ്പിന്റെ സാന്നിധ്യം കൂടുതലുള്ളതിനാൽ ഉറപ്പ് കൂടുതലും ചുവപ്പിനാണ്.
ഏതെല്ലാം ഉൽപന്നങ്ങളാണ് പ്രൈം സ്റ്റോണിനുള്ളത്?
വെട്ടുകല്ലിന്റെ ഒരുപാട് ഉൽപന്നങ്ങൾ നിർമിക്കുന്നുണ്ട്. ക്ലാഡിങ് സ്റ്റോൺ, പേവിങ് സ്റ്റോൺ, ഇന്റീരിയർ ഫ്ലോറിങ്ങിനുള്ള സ്ലാബുകൾ, വ്യത്യസ്ത ഡിസൈനിലുള്ള തുളസിത്തറകൾ, ഫർണിച്ചർ, ഒറ്റക്കൽ തൂണുകൾ എന്നിവയാണ് മുഖ്യമായി വിപണിയിലെത്തിക്കുന്നത്.
ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഉപയോഗിക്കാവുന്ന സ്റ്റൂൾ, ടീപോയ്, വലിയ മേശകൾ ഒക്കെ വെട്ടുകല്ല് ഉപയോഗിച്ചു നിർമിക്കുന്നുണ്ട്. ഇത് രണ്ടോ മൂന്നോപേർ കൂടി എടുത്തുവയ്ക്കാനും കൂട്ടിച്ചേർക്കാനും സാധിക്കും.
രണ്ട് മുതൽ ആറ് അടിവരെ ഉയരമുള്ള ഒറ്റക്കൽ തൂണുകൾ വരുന്നുണ്ട്. രണ്ട് അടി ഉയരമുള്ള 6 X 6 ഇഞ്ചും ആറ് അടി ഉയരമുള്ളത് 9 X 9 ഇഞ്ചും ആണ് വിപണിയിലെത്തിക്കുന്നത്. ചതുരൻ തൂണുകളാണ്.
തേക്കാത്ത വീടുകൾ നിർമിക്കാനുള്ള ഫിനിഷ്ഡ് ലാറ്ററേറ്റ് സ്റ്റോൺ ആണ് മറ്റൊരുത്‍പന്നം. 13 X 7 X 8 ഇഞ്ച്, 13 X 7 X 7 ഇഞ്ച്, 12 X 7X 7 ഇഞ്ച് എന്നിങ്ങനെ മൂന്ന് വലുപ്പത്തിൽ വരുന്നുണ്ട്.
ക്ലാഡിങ് ടൈലിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്?
6 X 6 ഇഞ്ച്, 7 X 7 ഇഞ്ച് ( കനം 20 എംഎം) എന്നീ രണ്ട് വലുപ്പങ്ങളുടെയും പ്രത്യേകത എന്തെന്നുവച്ചാൽ സാധാരണ ചെയ്യുന്ന പാറ്റേണുകൾ കൂടാതെ ചരിച്ച് കോണോടുകോണായും മറ്റ് മോഡേൺ ഡിസൈനുകളിലും ഒട്ടിക്കാം. കൂടാതെ വളഞ്ഞ പ്രതലത്തിൽ, അതായത്, വൃത്താകൃതിയിലുള്ള തൂണിലോ കിണറിനു ചുറ്റുമൊക്കെ ഒട്ടിക്കാം. 10 X 6, 10 X 7, 12 X 6, 12 X 7 (ഇഞ്ച്) എന്നീ വലുപ്പത്തിലുള്ളതുമുണ്ട്.
ജോയിന്റ് ഫ്രീ ആയും സ്പേസർ ഇട്ടുമൊക്കെ പത്തിലധികം തരത്തിൽ ക്ലാഡിങ് ചെയ്യാം. അരികുകൾ ഗ്രൈൻഡർ ഉപയോഗിച്ച് മോൾഡ് ചെയ്യാം. മാർബിളും ഗ്രാനൈറ്റുമൊക്കെ ചെയ്യുന്നതുപോലെ കട്ടർ ഉപയോഗിച്ച് കട്ടകൾ മുറിച്ചെടുക്കുകയുമാകാം.
ക്ലാഡിങ് പോലെ സാധാരണമല്ല വെട്ടുകല്ല് കൊണ്ടുള്ള ഫ്ലോറിങ്. അത് എങ്ങനെയാണ് ചെയ്യുന്നത്?
വെട്ടുകല്ല് കൊണ്ടുള്ള ഫ്ലോറിങ്ങിന് ക്ലാഡിങ്ങിന്റെയത്ര പ്രചാരം ആയിത്തുടങ്ങിയിട്ടില്ല. എന്നാൽ പ്രകൃതിയോടു ചേർന്നു ജീവിക്കാൻ ഇഷ്ടപ്പെടുന്നവർ തേടിവരുന്നുമുണ്ട്. ഉദാഹരണത്തിന്, കോഴിക്കോട്ടെ ഒരു ഡോക്ടറുടെ വീട്ടിൽ വെട്ടുകല്ല് കൊണ്ട് ഫ്ലോറിങ് ചെയ്തിട്ടുണ്ട്. കല്ലിൽ നേരിട്ടു ചവിട്ടുന്നത് ആരോഗ്യത്തിനു നല്ലതായതുകൊണ്ടാണ് അദ്ദേഹമത് തിരഞ്ഞെടുത്തത്.
4X2 അടി വരെ വലുപ്പത്തിലുള്ള വെട്ടുകല്ല് സ്ലാബുകൾ ഫ്ലോറിങ്ങിനു വരുന്നുണ്ട്. 40 എംഎം ആണ് കനം. ഇപോക്സി ചെയ്ത് മുകളിൽ ഗ്രൈൻഡ് ചെയ്ത് പോളിഷ് ചെയ്യാം. ഫ്ലോറിങ്ങിലേക്ക് ചുവപ്പ് നിറത്തിലുള്ള കല്ല് മാത്രമാണ് വരുന്നത്. വെള്ളം കയറുന്ന സ്ഥലങ്ങളിലേക്ക് വെട്ടുകല്ല് ഫ്ലോറിങ്ങിന് അനുയോജ്യമല്ല.
പേവിങ് ടൈൽ ഏതെല്ലാം വലുപ്പത്തിലാണ് വരുന്നത്?
2 X 2 അടി, 2 X 1 അടി എന്നീ വലുപ്പങ്ങളാണ് പേവിങ് ടൈലിൽ വരുന്നത്. 50 എംഎം ആണ് കനം. 13 X 8 X 4 ഇഞ്ച് എന്ന വലുപ്പത്തിൽ വാഹനങ്ങൾ കയറുന്ന സ്ഥലങ്ങളിലേക്ക് അനുയോജ്യമായ രീതിയിലും പേവിങ് ടൈൽ വരുന്നുണ്ട്. അതിന്റെ 40 എംഎം കനത്തിൽ നടപ്പാതയിലേക്കുള്ള ടൈലും വരുന്നുണ്ട്. ഇതു കൂടാതെ ലാറ്ററേറ്റ് കോബിൾ സ്റ്റോണും വരുന്നുണ്ട്. നാല് ഇഞ്ച് സ്ക്വയർ ആണ് വരുന്നത്.
മഴ കൊള്ളുന്ന ഇടങ്ങളിലേക്കു വെട്ടുകല്ലിന് പ്രത്യേക സംരക്ഷണം വേണോ?
മതിൽ, ഗേറ്റിന്റെ തൂൺ, വീടിന്റെ എക്സ്റ്റീരിയർ ക്ലാഡിങ് ഒക്കെ ചെയ്യാൻ വെട്ടുകല്ല് വളരെ അനുയോജ്യമാണ്. കല്ല് കുറച്ചൊക്കെ നനഞ്ഞതുകൊണ്ട് ദോഷമൊന്നും വരില്ല. കൂടുതൽ നനഞ്ഞാൽ പായൽ പിടിക്കുമെന്നു മാത്രം. കല്ല് പതിച്ചു കഴിഞ്ഞാൽ നന്നായി സോപ്പിട്ടു കഴുകി ക്ലിയർ കോട്ട് അടിച്ചാൽ മതി. പൊടിഞ്ഞു പോവുകയോ പായൽ പിടിക്കുകയോ ഇല്ല. കഴുകാനും സാധിക്കും.
വെട്ടുകല്ല് ഉത്‍പന്നങ്ങൾ പിടിപ്പിക്കാൻ വിദഗ്ധ തൊളിലാളികൾ വേണോ?
ടൈൽ ഇടുന്നതിൽ വിദഗ്ധരായവർക്ക് വെട്ടുകല്ല് ക്ലാഡിങ്ങും ഫ്ലോറിങ്ങും ചെയ്യാമെങ്കിലും ഈ മെറ്റീരിയൽ കൈകാര്യം ചെയ്തു പരിചയമുള്ളവർ ചെയ്യുമ്പോൾ കിട്ടുന്ന പൂർണത കിട്ടണമെന്നില്ല.
രണ്ട് തരത്തിൽ വീടിന്റെ പണികൾ ഏറ്റെടുക്കാറുണ്ട്. ഹോൾസെയിൽ ആയും റീടെയിൽ ആയും ഉത്പന്നങ്ങൾ മാത്രം വിൽക്കാറുണ്ട്. എന്നാൽ പണി മുഴുവനായി കോൺട്രാക്ട് എടുക്കുകയും ചെയ്യാറുണ്ട്.
വെട്ടുകല്ലിൽ ചിതൽ ശല്യമുണ്ടാകുമോ എന്ന സംശയം പലർക്കുമുണ്ട്.
അടിത്തറ ശരിയായ രീതിയിൽ ട്രീറ്റ് ചെയ്തില്ലെങ്കിലാണ് ചിതൽ വരുന്നത്. അല്ലാതെ വെട്ടുകല്ലിൽ ചിതൽ ഉണ്ടാകാറില്ല. എത്രയോ പഴയ നിർമിതികളും വീടുകളുമൊക്കെ വെട്ടുകല്ല് ഉപയോഗിച്ചു ചെയ്തത് നൂറ്റാണ്ടുകളോളം നിലനിൽക്കുന്നു. അതുകൊണ്ട് അത്തരം പേടികൾ വേണ്ട.
വീടുപണിയുടെ ഏതു ഘട്ടത്തിൽ ഉത്‍പന്നങ്ങൾ ഓർഡർ ചെയ്യണം?
സാധാരണ ഗതിയിൽ മിക്ക ഉൽപന്നങ്ങളും സ്റ്റോക് ഉണ്ടായിരിക്കും. എങ്കിലും നേരത്തേ ഓർഡർ ചെയ്താൽ അവസാന മിനിറ്റ് തിരക്ക് ഒഴിവാക്കാം. ചെറിയ അളവിലാണ് ഉൽപന്നം ഓർഡർ ചെയ്യുന്നതെങ്കിൽ മറ്റ് ഓർഡറുകളോടൊപ്പം വണ്ടിയിൽ കയറ്റിവിടുകയാണ് ചെയ്യുക. ഇതിന് ചിലപ്പോൾ സമയമെടുക്കും എന്നുമാത്രം.
ക്ലാഡിങ്ങൊക്കെ വീടിന്റെ മറ്റു പണികൾ തീർന്നതിനു ശേഷം ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ സിമന്റോ പെയിന്റോ പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്. നിർമാണം കഴിഞ്ഞാൽ പൊടിയാവാതിരിക്കാൻ ഒരു പേപ്പർ കൊണ്ട് മൂടിയിടുന്നതും നല്ലതാണ്. നിലമാണെങ്കിൽ എപോക്സി ചെയ്തു കഴിഞ്ഞാൽ പിന്നെ മെയിന്റനൻസ് ഒന്നും വേണ്ടിവരില്ല.
സിമന്റാണോ പശയാണോ വെട്ടുകല്ല് ഒട്ടിക്കാൻ നല്ലത്?
പശയാണ് നല്ലത്. സിമന്റ് കാലക്രമേണ പൊളിഞ്ഞിളകാൻ സാധ്യതയുണ്ട്. ശരിയായ രീതിയിൽ വിരിച്ച് പത്ത് ദിവസം നന്നായി ക്യുവറിങ് ചെയ്യാമെങ്കിൽ മാത്രം സിമന്റ് ഉപയോഗിക്കുക. അഡ്ഹസീവ് ആണെങ്കിൽ ഒട്ടും നനയ്ക്കേണ്ടി വരുന്നില്ല. അതിൽത്തന്നെ ക്ലാഡിങ്ങിന് ഉപയോഗിക്കുമ്പോൾ കൂടുതൽ ഗുണമേന്മയുള്ള പശവേണം ഉപയോഗിക്കാൻ.
കേരളീയ വാസ്തുകലാശൈലിയിലുള്ള വീടുകളുടെ നിർമാണരംഗത്തേക്കും ഇറങ്ങാനുള്ള തയാറെടുപ്പിലാണ് വിജീഷ്.
വിജീഷ് ശശിധരൻ,
Prime Ston, കലണ്ടിത്താഴം,
മുക്കം, കോഴിക്കോട്
primelaterite@gmail.com
Phone Number: 8281101800, 9048533834,7907447401