നമ്മുടെ ജീവിതം പ്രകൃതിയിൽ നിന്ന് ഭിന്നമാക്കി കൊണ്ടുപോകാൻ നമുക്ക് സാധിക്കയില്ല. ഭാരത ശാസ്ത്രങ്ങളുടെ കാഴ്ചപ്പാടിൽ ഇത് അഞ്ച് അടിസ്ഥാന ഘടകങ്ങളുടെ സമ്മേളനമാണ്. ഭൂമി, ജലം, അഗ്‌നി, വായു, ആകാശം. ഇൗ അഞ്ച് ഘടകങ്ങൾ ഇല്ലാതെ വസ്തുക്കൾ രൂപപ്പെടുകയില്ല. ഇൗ അടിസ്ഥാന ഘടകങ്ങൾ തന്നെയാണ് ചേതനയുള്ള ജൈവ വൈവിധ്യത്തെയും അചേതനമായ സ്ഥാവര വസ്തുക്കളെയും സൃഷ്ടിച്ചിരിക്കുന്നത്. ജീവന്റെ തുടിപ്പിന്റെ പ്രധാന ലക്ഷണം അതിന്റെ ചലന ശേഷിയും വളർച്ചയും ആണ്. ഇതിന്റെ അടിസ്ഥാനം പ്രാണനാണ്. അന്നമയ കോശത്തിന്റെ ഉയർന്ന പരിണാമ തലമാണ് ജീവന്റെ ലക്ഷണമായ പ്രാണൻ. ഇതിന്റെ ഉയർന്ന തലമാണ് മനസ്സ്. മനസ്സിന്റെ വികൽപമാണ് നമുക്ക് ദൃശ്യമാകുന്ന ചുറ്റുമുള്ള പ്രപഞ്ചം. മനസ്സിലേക്കും ബുദ്ധിയിലേക്കും ചുറ്റുപാടുകളിൽ നിന്നും ഉള്ള അറിവുകൾ എത്തിക്കുന്നവരാണ് പഞ്ചേന്ദ്രിയങ്ങൾ. ഇതിൽ കാഴ്ചയുടെ അനുഭവം എത്തിക്കുന്ന അവയവമാണ് കണ്ണുകൾ. ഇതിൽ നിന്നും പ്രപഞ്ചത്തിലെ നമ്മുടെ നിലനിൽപ് സുഖകരമാകണമെങ്കിൽ കാഴ്ചയിലൂടെ ലഭിക്കുന്ന അനുഭവവും സുഖകരമാകണം. നമുക്ക് ദൃശ്യമാകാവുന്ന അനവധി നിറങ്ങൾ ഉണ്ടെങ്കിലും പ്രകൃതി നമുക്കായി ഒരുക്കിയ വിസ്മയങ്ങൾ അധികവും വെള്ള, കറുപ്പ്, നീല, പച്ച നിറങ്ങളിലാണുള്ളത്.

നമ്മുടെ സമൂഹം സാംസ്കാരികമായി പുരോഗമിച്ചപ്പോൾ, വെളുപ്പ് ജ്ഞാനത്തെയും കറുപ്പ് അജ്ഞാനത്തെയും നീല അനന്തതയെയും പച്ച സമൃദ്ധിയെയും കാണിക്കുന്ന അടയാളങ്ങളായി മാറി. ഒരു പക്ഷേ മനുഷ്യൻ പ്രകൃതിയിൽ കാണുന്ന ഇൗ നിറങ്ങൾ ആകണം അവന്റെ മനസ്സിന്റെ വിവിധങ്ങളായ ഭാവങ്ങളെയും ഭാവനകളെയും വളർത്തിയെടുത്ത ഒരു ഘടകം. ആയതിനാൽ മനുഷ്യന്റെ സ്വാഭാവികമായ പ്രകൃതത്തിനു വലിയ മാറ്റങ്ങൾ ഉണ്ടാകാതെ ശാന്തമായ പ്രകൃതത്തിന് ഇൗ നിറങ്ങളുടെ വിവിധങ്ങളായ വിന്യാസം ഗൃഹത്തിന് ചുറ്റും ഉണ്ടായിരിക്കുന്നത് ആരോഗ്യകരമായിരിക്കും. നീല നിറം ആകാശത്തിന്റെയും പച്ച സസ്യലതാദികളുടെയും നിറമാണല്ലോ. ആ നിലയ്ക്ക് നമ്മുടെ ഗൃഹങ്ങളിൽ പ്രസ്തുത നിറങ്ങളുടെ (വിവിധങ്ങളായ ഷേഡുകൾ) ഒരു കൂട്ടായ്മ നൽകുന്നത് അഭികാമ്യമായിരിക്കും. ഗൃഹത്തിന്റെ ചുറ്റുമുള്ള വൃക്ഷവിന്യാസവും അതുപോലെത്തന്നെ നാം നടത്തുന്ന ലാൻഡ്സ്കേപിങ്ങുകളും ഇത് മുൻനിർത്തിയാവണം നടത്തേണ്ടത്. കടുത്ത നിറങ്ങൾ ഉണ്ടാക്കുന്ന മനംമടുപ്പ് ഇതുവഴി ഒഴിവാക്കാവുന്നതാണ്. വാസ്തുവിന്റെ കാഴ്ചപ്പാടിൽ വീടിനോട് ചേർന്നോ വീടിനുള്ളിലോ ചെടികൾ വയ്ക്കുവാൻ പാടില്ല. ബോൺസായി പോലുള്ള ചെടികളും കൂവളമൊഴികെയുള്ള മുള്ളുള്ള ചെടികളും ലാൻഡ്സ്കേപിങ്ങിന് അനുയോജ്യമല്ല. കണിക്കൊന്ന, കൂവളം, ചന്ദനം, അശോകം, ചെമ്പകം, മുല്ല, പിച്ചി, മന്ദാരം, കിളിഞ്ഞിൽ തുടങ്ങിയ പച്ച നിറ ത്തിന്റെ വിവിധ ഭാവങ്ങൾ ഉൾക്കൊള്ളുന്ന ചെറുമരങ്ങൾ/ ചെടികൾ വീടിനു ചുറ്റും അൽപം മാറി വിന്യസിക്കാവുന്നതാണ്. തെച്ചിയും മന്ദാരവും മുല്ലയും പിച്ചിയും മുക്കുറ്റിയും കരിനൊച്ചിയും ചെമ്പരത്തിയും നന്ദ്യാർവട്ടവും തുളസിയുമൊക്കെ നമ്മുടെ ലാൻഡ്സ്കേപ്പിൽ സ്ഥാനം പിടിക്കേണ്ടതാണ്. ഇൗ നാടൻ സസ്യങ്ങളിൽ  ഉണ്ടാകുന്ന പുഷ്പങ്ങളും ഇതിൽ തട്ടി ഗൃഹത്തിനുള്ളിലേക്കു വരുന്ന കാറ്റിന്റെ സുഗന്ധവും ഇവയുടെ കൺകുളിർപ്പിക്കുന്ന പച്ചപ്പും ചേരുമ്പോൾ നമ്മുടെ ഗൃഹത്തിലെ ഒാരോ പ്രഭാതവും അവിസ്മരണീയമാകും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ജീവന്റെ പ്രസരിപ്പും സമൃദ്ധിയുടെ തഴപ്പും അനുഭവവേദ്യമാകുന്ന ഇത്തരം തൊടികൾ ഉള്ള ഗൃഹങ്ങൾ ഉണർത്തുന്ന ഗൃഹാതുരതയും ശാന്തിയും പ്രതീക്ഷകളും ആധുനിക ഗൃഹസംവിധാനങ്ങൾക്ക്  പ്രദാനം ചെയ്യുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല.

ADVERTISEMENT
ADVERTISEMENT