തെക്കിന്റെ ദേവൻ യമൻ ആയതിനാൽ തെക്കോട്ട് ദർശനമായ ഗൃഹം ദോഷമാണോ? തെക്കോട്ടു ദർശനമായി വീടുവയ്ക്കേണ്ടിവന്നാൽ എന്തു ചെയ്യണം? Myths and Realities of South Facing Homes
Mail This Article
ശരിയായ ശാസ്ത്രപഠനത്തിന് അവസരമില്ലാതിരിക്കുമ്പോൾ വായ്മൊഴി കൈമാറ്റം ചെയ്യുന്ന അറിവുകൾക്ക് പ്രാമുഖ്യം ലഭിക്കുക വളരെ സ്വാഭാവികമാണ്. ആ നിയമമനുസരിച്ച് തെക്കോട്ടു ദർശനമുള്ള ഗൃഹം ദൗർഭാഗ്യത്തിന്റെയും തകർച്ചയുടെയും പ്രതീകമായി മനുഷ്യമനസ്സിൽ കുടിയേറിയെന്നതാണ് സത്യം. വാസ്തുശാസ്ത്രദൃഷ്ടിയിൽ തെക്കോട്ട് ദർശനമുള്ള ഗൃഹങ്ങൾക്ക് പ്രത്യേകിച്ച് ന്യൂനതകൾ ഒന്നുമില്ല. എന്നാൽ തെക്ക് ദർശനമുള്ള ഗൃഹങ്ങൾ അനുവർത്തിക്കേണ്ട ശാസ്ത്രനിയമങ്ങൾ പാലിക്കണമെന്നുമാത്രം.
വാസ്തുശാസ്ത്രമനുസരിച്ച് ദിക്കിനനുസൃതമായി മാത്രമേ ഗൃഹം നിർമിക്കാൻ പാടുള്ളൂ. കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നിങ്ങനെ നാലു ദിക്കിലേക്കും ദർശനമായി ഗൃഹം നിർമിക്കാം. ഓരോ ദർശനത്തിനും അതാതിന് പാലിക്കേണ്ട നിയമങ്ങൾ ഉണ്ട്. ആ നിയമങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. വാസ്തു കണക്കുകൾ ദിക്കിനനുസൃതമായാണ് രൂപപ്പെടുന്നത്. കണക്കുകൾ, ആകൃതി, മുറികളുടെ വിന്യാസം എന്നിവ ഓരോ ദിക്കിലും വ്യത്യസ്തമായിരിക്കും. രൂപകൽപനാപരമായി ഏറ്റവുമധികം നിയന്ത്രണങ്ങൾ ഉള്ളതും രൂപകൽപനാ വ്യത്യസ്തത പരിമിതമായതും തെക്കുദിക്കിലാണ്. ഇതിനാൽ തെക്കു ദർശനമായ ഗൃഹം രൂപകല്പന ചെയ്ത് മനോഹരമാക്കുന്നതിനേക്കാൾ എളുപ്പമാണ് മറ്റു മൂന്നു ദിക്കുകളിലേക്കും ദർശനമായ ഗൃഹം രൂപപ്പെടുത്താൻ. ഒരുപക്ഷേ, ഇതാകണം പിൽക്കാലത്ത് തെക്കു ദർശനമായ ഗൃഹങ്ങൾക്ക് മടുപ്പുണ്ടാകുവാൻ കാരണം. ഏറ്റവും സ്വതന്ത്രമായ നിയമങ്ങൾ ഉള്ളത് കിഴക്ക് ദിക്കിലും വടക്ക് ദിക്കിലുമാണ്. എന്നാൽ ഇതൊന്നും തെക്കോട്ട് ദർശനമുള്ള വീടിനെ ഭയപ്പാടോടെ കാണാൻ പര്യാപ്തമല്ല.
ശാസ്ത്രം ശരിയായി പഠിക്കാത്തവർ ശാസ്ത്രം കൈകാര്യം ചെയ്യുമ്പോഴാണ് ഇത്തരം ഭയാശങ്കകൾ പകർന്നുകൊടുക്കുന്നത്. തെക്കുദിക്കിന്റെ ദേവൻ യമൻ ആയതിനാലും യമൻ മരണത്തിന്റെ ദേവനാണ് എന്നുള്ള അബദ്ധചിന്തയുമാകാം ഒരുപക്ഷേ ഇതിനു കാരണം. എന്നാൽ യമൻ ധർമ്മത്തിന്റെയും നീതിയുടെയും ദേവനാണ് എന്ന് എത്രപേർക്കറിയാം. സമൂഹത്തിലെ വൈശ്യവിഭാഗത്തിലുള്ളവർ തെക്ക് ദർശനമായി വേണം ഗൃഹം നിർമിക്കാൻ എന്നാണ് ശാസ്ത്രം അനുശാസിക്കുന്നത്. ധർമ്മിഷ്ഠരും നീതിമാൻമാരുമായ വ്യാപാരികൾ ഉണ്ടായെങ്കിലേ ഒരു സമൂഹം പുരോഗമനത്തിലേക്ക് പോവുകയുള്ളൂ എന്ന ഉൾക്കാഴ്ച നമുക്ക് അതിൽ നിന്നും വായിച്ചെടുക്കാവുന്നതാണ്. ആകൃതിപരമായി തെക്കോട്ട് C ആകൃതിയിലും L ആകൃതിയിലുമുള്ള ഗൃഹങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. തെക്കു ദർശനമായ ഗൃഹത്തിന്റെ വാതിൽ കിഴക്കോട്ടോ പറിഞ്ഞാട്ടോ നൽകുക. ഭൂമിയിലേക്ക് ഇറങ്ങാനുള്ള പടികൾ കിഴക്കോട്ടോ പടിഞ്ഞാട്ടോ നൽകുക തുടങ്ങിയ കാര്യങ്ങൾ ശാസ്ത്രത്തിൽ ഇല്ലെങ്കിലും ആചാരപരമായി കേരളത്തിൽ അനുവർത്തിച്ചുവരുന്ന രീതിയാണ്. തുറസ്സായ സ്ഥലത്ത് വഴികളോ മറ്റ് ഊർജ്ജവാഹിനികളോ ഇല്ലെങ്കിൽ ആദ്യം കിഴക്കോട്ട് ദർശനമായും പിന്നീട് വടക്കോട്ട് ദർശനം, പിന്നീട് പടിഞ്ഞാട്ടും അവസാനമായി തെക്കോട്ടും ദർശനമായി വേണം ശാലകൾ പണിയാൻ എന്നാണ് നിയമം. അങ്ങനെ ചെയ്യുമ്പോഴാണ് പൂർണമായ ചതുർശാലകൾ അഥവാ നാലുകെട്ടുകൾ രൂപപ്പെടുന്നത്.