‘സന്ദർശിച്ചത് ഇരുപത്തിമൂന്ന് രാജ്യങ്ങൾ! നീന്തൽ, കുതിര സവാരി, ഡ്രൈവിങ്ങ് എല്ലാം പുഷ്പം പോലെ. നിങ്ങളീ പറയുന്ന വയ്യാത്ത കാലും വച്ച് വെള്ളത്തിൽ കൊള്ളിമീൻ പോലെ പറക്കുന്നവൾ. രണ്ട് കാലുള്ള ഞാൻ ചെയ്യുന്നതിനേക്കാളും കൂടുതൽ കാര്യങ്ങൾ അവൾ ചെയ്യും, ഈസിയായി. പിന്നെ അവളെ കൂടെക്കൂട്ടിയാൽ എന്നാ പ്രോബ്ലം. ഒന്നും നോക്കിയില്ല, ‘‘മാംഗല്യം തന്തുനാനേന മമ ജീവന ഹേതുനാ കണ്ഠേ ബദ്ധ്നാമി ശുഭഗേ ത്വം ജീവ ശരദാം ശതം’’. കണ്ണും പൂട്ടി കെട്ടി, അവളെ കൂടെക്കൂട്ടി...
പാവ്‍നിയുടെ നെറുകയിൽ തലോടിക്കൊണ്ട് ക്ലിന്റോ ഇത് പറയുമ്പോൾ ആ കണ്ണുകളിൽ നിന്നും സന്തോഷാശ്രു പൊടിയുന്നുണ്ടായിരുന്നു. കണ്ണീരിനെ പുഞ്ചിരി കൊണ്ട് മറച്ച് പാവ്‍നി വീൽചെയർ ക്ലിന്റോയുടെ അടുത്തേക്ക് നീക്കി. ആ തോളിലേക്ക് ചാഞ്ഞിരുന്നു. കാത്തിരുന്ന് ദൈവം നൽകിയ പ്രാണനാഥന്റെ കോംപ്ലിമെന്റിന് മറു കോംപ്ലിമെന്റ് കയ്യോടെ കൊടുത്തു.
‘ഇവരൈ വിട...ഒരു മാപ്പിള എനക്ക് കിടയ്ക്കര്ത് റൊമ്പ കഷ്ടം...യൂ ആർ മൈ സ്വീറ്റ് ഹബ്ബി’– പ്രണയ സിനിമകളിൽ പോലും ഇജ്ജാതി റൊമാന്റിക് രംഗം ഉണ്ടോയെന്നു സംശയിച്ചാൽ ഇല്ലെന്നു പറയേണ്ടി വരും. കാണുന്നവർ അറിയാതെ പറഞ്ഞു പോകും ‘സോ സ്വീറ്റ് കപ്പിൾ’.
‘അച്ചോ...അച്ചൻ സൂപ്പറാണച്ചോ...’; അജിത്തിന്റെ ‘കണ്ണാന കണ്ണേ’ പാടി പുരോഹിതൻ; ഹൃദയം നൽകി സോഷ്യൽ മീഡിയ
ക്ലിന്റോ ജഗൻ... പാവ്നി ശ്രീകണ്ഠ! ഈ രണ്ടു പേരുകളും കേട്ടാൽ തിരിച്ചറിയാൻ മാത്രമുള്ള പരിചയമൊന്നും മലയാളിക്കായിട്ടില്ല. പക്ഷേ ആ പേരുകാരുടെ മുഖം കണ്ടാൽ നിമാഷാർദ്ധം കൊണ്ട് മനസിലുടക്കും. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത പെൺകുട്ടിയെ തന്റെ നല്ലപാതിയാക്കിയ ചെക്കനേയും പെണ്ണിനേയും സോഷ്യൽ മീഡിയ പരിചയപ്പെടുന്നത് ഇക്കഴിഞ്ഞ ദിവസം. ഗുരൂവായൂരപ്പനെ സാക്ഷി നിർത്തി ക്ലിന്റോ എല്ലാമെല്ലാമായ പാവ്നിയുടെ കഴുത്തിൽ മിന്നു ചാർത്തി. തൃശൂർ ചേവൂർ സെയിന്റ് ഫ്രാൻസിസ് സേവ്യർ സിറോ മലബാർ കത്തോലിക്ക പള്ളയിൽ പിന്നെ ക്രിസ്ത്യൻ മതാചാര പ്രകാരമുള്ള വിവാഹം.
വൈകല്യം മറന്ന് ചിപ്പിക്കുളിലെ മുത്തു പോലെ അവന്‍ അവളെ ചേർത്തു നിർത്തിയപ്പോൾ ആ നിമിഷം സോഷ്യൽ മീഡിയ കണ്ട നിറമുള്ള കാഴ്ചകളിലൊന്നായി. വീൽചെയറിലിരിക്കുന്ന തന്റെ പെണ്ണിനരികിൽ ആട്ടവും പാട്ടുമായി അരങ്ങു തകർത്ത ആ ചെക്കൻ മലയാളക്കര അന്നോളം കണ്ട ഏറ്റവും വലിയ നന്മമനസിനുടമയായി. മലയാളികൾ മനസു കൊണ്ടനുഗ്രഹിച്ച ക്ലെന്റോയും പാവ്നിയും മനസു തുറക്കുകയാണ്. വൈകല്യം തോറ്റുപോയ സുന്ദര പ്രണയകാവ്യം പിറന്ന കഥ... ഒരു സിനിമാക്കഥയെന്ന പോലെ, ‘വനിത ഓൺലൈ’നുമായി...
റബ് നേ ബനാ ദി ജോഡി
‘ഡ്രോയിംഗ്–ആർട്ട് എന്നീ സംഗതികളിൽ അത്യാവശ്യം ‘വട്ട്’ ഉള്ള ആളാണേ ഞാൻ. പാവ്‍നിയുടെ കാര്യം പിന്നെ പ്രത്യേകിച്ച് പറയേണ്ട. അവൾക്കീ പറഞ്ഞ വട്ട് ഇച്ചിരി കൂടുതലാണ്. അങ്ങനെയുള്ള രണ്ട് പേർ ഒരുമിച്ചില്ലെങ്കിൽ പിന്നെ ആര് ഒരുമിക്കാനാ. ഒന്നും നോക്കിയില്ല, ഞങ്ങളുടെ രണ്ട് പേരുടേയും വട്ട് അങ്ങ് കൊളാബ്രേറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഈ തമിഴത്തി പെണ്ണിനെ ഞാനങ്ങ് കെട്ടി. ഞങ്ങളുടെ ജീവിതത്തിന്റെ കർട്ടൻ ഉയരുന്നത് അങ്ങനെയാണ്.’– തമാശയോടെയാണ് ക്ലിന്റോ പറഞ്ഞു തുടങ്ങിയത്.
എനിക്കിവളോട് പ്രണയമാണോ എന്ന് ചോദിച്ചാൽ, ഒഫ്കോഴ്സ് – പ്രണയമായിരുന്നു. സിനിമയെ വെല്ലുന്ന പ്രണയം. എട്ട് വർഷം മുമ്പുള്ള കഥയാണ്. ട്രഡീഷണൽ ആർട്ടും പെയിന്റുമൊക്കെയായി ദുബായിയിൽ കഴിയുന്ന കാലം. അവളപ്പോൾ ലണ്ടനിൽ ആരംഭിക്കാനിരിക്കുന്ന മ്യൂസിക്ക് സ്കൂളിന്റെ ഇന്റീരിയറിൽ പെയിന്റ്–മ്യൂറല്‍–ആർട്ട് വർക്കുകൾ ചെയ്യാനൊരു ആർട്ടിസ്റ്റിനെ തപ്പി നടക്കുവായിരുന്നു. ബംഗളുരുവിലെ പുള്ളിക്കാരിയുടെ ഒരു ഫ്രണ്ട് മുഖാന്തിരം ജോയൽ എന്ന ചെറുപ്പക്കാരനെയാണ് അവൾ കോണ്ടാക്റ്റ് ചെയ്തത്. ആ ഗഡി എന്റേയും ചങ്കായിരുന്നു. അവൻ എന്നെയാണ് പാവ്നിക്ക് സജസ്റ്റ് ചെയ്തത്. വർക്കിനു വേണ്ടി അവൾ എന്നെ കോണ്ടാക്റ്റ് ചെയ്തു. സൗഹൃദത്തിൽ തുടങ്ങി...അത് പ്രണയത്തിന്റെ പൂക്കാലമായി മാറാൻ അധികനേരം വേണ്ടി വന്നില്ല.– ഫ്ലാഷ്ബാക്ക് പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ക്ലിന്റോ റൊമാന്റിക് ആയി.
അഴക് എൻട്രത് കണ്ണുക്ക് താനേ...
എന്നെ നോക്കിയ കണ്ണുകളിൽ ഞാൻ ദയനീയ ഭാവം മാത്രമേ കണ്ടിട്ടുള്ളൂ. പെണ്ണായ ഞാൻ എങ്ങനെ ജീവിക്കും. ആരെങ്കിലും വിവാഹം കഴിക്കുമോ. എന്നൊക്കൊയിരുന്നു പലരുടേയും ചിന്ത. പക്ഷേ അതിനെയെല്ലാം താണ്ടി ജീവിച്ചു കാണിച്ചു കൊടുത്തവളാണ് ഞാൻ. ബേസിക്കലി ഐ ആം തമിലിയൻ. എന്റെ അപ്പ ശ്രീകണ്ഠ, അമ്മ ശ്രീമതി ദേവീ. അമ്മ എന്നെ ക്യാരി ചെയ്തിരുന്ന സമയത്ത് സ്റ്റെപ്പിൽ തെന്നി വീണിരുന്നു. അതൊരുപാട് കോംപ്ലിക്കേഷനില്‍ കൊണ്ടെത്തിച്ചു. എന്റെ വൈകല്യത്തിന്റെ ഫ്ലാഷ്ബാക്കായി അങ്ങനെയൊന്നുണ്ട്. ജന്മനാ കാലുകൾക്ക് ചലനമില്ലാതായി. എല്ലാം വിധി...
മകൾക്ക് സ്വാധീനം ഇല്ലാ എന്നു കരുതി എന്റെ ഒരു സ്വപ്നങ്ങൾക്കും അപ്പയും അമ്മയും എതിരു നിന്നിട്ടില്ല. കോളേജ് ഓഫ് മ്യൂസിക്സിലായിരുന്നു എന്റെ പഠനകാലം. മനസുണ്ടെങ്കിൽ എന്തും സാധിക്കുമെന്ന പാഠം എന്നെ ഇഷ്ടമുള്ളിടത്തേക്ക് എല്ലാം കൊണ്ടു പോയി.കുതിര സവാരി, ഡ്രൈവിങ്ങ്, നീന്തൽ എല്ലാം മനശക്തി കൊണ്ട് എനിക്കു മുന്നിൽ വഴങ്ങി. 23 രാജ്യങ്ങൾ ഞാനീ വീൽചെയറിലിരുന്ന് കണ്ടു എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. സന്തോഷങ്ങൾ ഒന്നൊന്നായി കാലം എനിക്ക് തന്നുകൊണ്ടേയിരുന്നു. ഒരു പക്ഷേ എന്നെ ഇങ്ങനെ ആക്കിയതിനുള്ള വിധിയുടെ പ്രായശ്ചിത്തമാകാം ഈ സന്തോഷങ്ങൾ. ആ സന്തോഷച്ചരടിലെ അവസാനത്തെ മുത്താണ് ക്ലിന്റോ. എന്റെ മനസറിഞ്ഞ പാർട്ണർ– തമിഴും ഇംഗ്ലീഷും കലർന്ന പാവ്നിയുടെ മറുപടി.
മനസടുപ്പിച്ച മനപ്പൊരുത്തം
ഞങ്ങളുടെ ഈ ബന്ധത്തെ ഇതിനെ സാക്രിഫൈസ് എന്നോ, സഹതാപമെന്നോ പറഞ്ഞ് കുറച്ചു കാണാൻ ഞാൻ ഒരുക്കമല്ല ബ്രോ. ഫോൺ വഴി തുടങ്ങുന്ന ബന്ധം കൂടുതൽ ഊഷ്മളമാക്കിയത് ഞങ്ങൾക്കിടയിലെ ഒരേ വേവ് ലെംഗ്താണ്. ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ, താത്പര്യങ്ങൾ, ജീവിത ശൈലി എന്നിവയിലെല്ലാം ആ പൊരുത്തം കാണാമായിരുന്നു. ഫോണ്‍വഴി ഞങ്ങളുടെ പ്രണയം തളിർക്കുമ്പോൾ അവളുടെ കാലിന് വയ്യായ്ക ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ എന്നെ അവളിലേക്ക് എത്തിക്കാൻ അതൊരു തടസമായിരുന്നില്ല. ബട്ട്, പാവ്നിയുടെ കുറവ് എനിക്കറയില്ലാ എന്നായിരുന്നു അവളുടെ ധാരണ. അതുകൊണ്ട് നാളുകൾക്കൊടുവിൽ ദുബായ് നഗരത്തിൽ വച്ച് ഞങ്ങൾ ആദ്യമായി കാണുമ്പോൾ പുള്ളിക്കാരി കുറച്ച് നെർവസ് ആയിരുന്നു. അവളുടെ ഫാമിലിയും അതേ, വിവാഹം കഴിക്കാൻ അവൾ ആഗ്രഹിച്ച ആളെ അന്യനാട്ടിൽ വച്ച് ആദ്യമായി ഒറ്റയ്ക്ക് കാണുന്നു. അതിന്റെ ചെറിയൊരു ടെൻഷൻ അവളുടെ പേരന്റ്സിനുണ്ടായത് സ്വാഭാവികം. പക്ഷേ എല്ലാം അറിഞ്ഞ് അവളെ ഞാൻ സ്വീകരിക്കാനൊരുങ്ങിയപ്പോൾ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. പിന്നെ വീട്ടുകാർക്ക് സമ്മതമായിരുന്നോ എന്ന് പലരും ചോദിച്ചു. അച്ഛൻ ജഗൻ, അമ്മ ശാലി എന്നിവർ പച്ചക്കൊടി കാട്ടിയതോടെ പിന്നെ മറ്റൊന്നും നോക്കിയില്ല. അവളെ ഞാനങ്ങ് കെട്ടി.
അവൻ അവൾക്ക് നൽകിയ പ്രോമിസ്
ഇഷ്ടങ്ങളിലും സ്വപ്നങ്ങ സാക്ഷാത്കാരങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും ഒരാൾ മറ്റൊരാൾക്ക് തുണായായുണ്ടാകണം. ഞങ്ങൾ പരസ്പരം നൽകിയ വാക്ക് അതാണ്. ഒരു ശക്തിക്കും ഞങ്ങളെ വേർപിരിക്കരുതേ എന്നാണ് പ്രാർത്ഥന. അവൾക്ക് ഞാനും എനിക്ക് അവളും മരണം വരെയുണ്ടാകും. സോഷ്യൽ മീഡിയ ഞങ്ങൾക്ക് നൽകിയ സ്നേഹത്തിനും ഇഷ്ടത്തിനും ഒരുപാട് നന്ദിയുണ്ട്. നിങ്ങളുടെ പ്രാർത്ഥന എന്നും ഞങ്ങൾക്കൊപ്പമുണ്ടാകണം.
ഹണിമൂൺ എങ്ങോട്ടേക്ക് എന്ന ചോദ്യത്തിന് കള്ളച്ചിരിയായിരുന്നു രണ്ട് പേരുടേയും മറുപടി. എൻഗേജ്മെന്റ് കഴിഞ്ഞ ഉടനേ ഞങ്ങൾ ഒരു ഓൾ ഇന്ത്യാ ടൂർ പ്ലാൻ ചെയ്തിരുന്നു. അധികം വൈകാതെ അതങ്ങ് നടപ്പിലാക്കുകയും ചെയ്തു. ഒരു ട്രാവലർ ഹയർ ചെയ്ത് ഇന്ത്യ മൊത്തം കറങ്ങി. 22 ദിവസം...7600 കിലോമീറ്റർ...80 നഗരങ്ങൾ. ഗൂഗിൾ മാപ്പ് വഴികാട്ടിയ ഹിമാലയവും കുളുമണാലിയും ഒക്കെ ഞങ്ങളുടെ പ്രണയത്തിന് പശ്ചാത്തലമായി. ആദ്യം പോയി വന്ന യാത്രയുടെ ഹാംഗ് ഓവർ കഴിയട്ടെ. അതു കഴിഞ്ഞ് വയനാട്ടിലേക്ക് ഒരു കറക്കമുണ്ട്. അല്ലേ പാവ്നി...– പാവ്നിയുടെ മുഖത്തേക്ക് നോക്കി കണ്ണിറുക്കി ക്ലിന്റോ പറഞ്ഞു നിർത്തി.
ചിത്രങ്ങൾക്ക് കടപ്പാട്; ലൂമിയർ വെഡ്ഡിങ്ങ് കമ്പനി