ജാനകിയുടേയും നവീനിന്റേയും ചടുലമായ നൃത്തത്തിനൊപ്പം സോഷ്യൽ മീഡിയയുടെ ഹൃദയവും സഞ്ചരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളാകുന്നു. തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ ജാനകിയും നവീനും 'റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ...' എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്ത് നൃത്തം ചെയ്തപ്പോൾ ലക്ഷക്കണക്കിന് പേരാണ് ഹൃദയം കൊണ്ടേറ്റെടുത്തത്. ഫെയ്സ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാം റീലുകളിലൂടെയും കേരളത്തിന്റെ അതിരുകൾ താണ്ടി കടലും കടന്ന് പ്രസിദ്ധമായി ഈ കുട്ടികളുടെ പ്രകടനം.
നിറചിരിയോടെ നിഷ്ക്കളങ്കമായി അവർ ചെയ്ത പ്രകടനത്തെ ഒരു വിഭാഗം ഏറ്റെടുത്തപ്പോൾ യുക്തിരഹിതമായ വിമർശനവുമായും ഒരു വിഭാഗമെത്തി. ‘വേദനയോടെ കഴിച്ചുകൂട്ടുന്ന രോഗികളും തിരക്കുപിടിച്ചോടുന്ന ഡോക്ടർമാരുമുള്ള ആശുപത്രിയിലാണോ നൃത്തം ചെയ്യുന്നതെന്നായി’ ആദ്യത്തെ ചോദ്യം. ഡോക്ടർമാർക്ക് എന്താ പാട്ടും നൃത്തവും പറഞ്ഞിട്ടില്ലേ... എന്ന മറുചോദ്യം കൊണ്ടാണ് ഡോക്ടർമാരുടെ കൂട്ടായ്മ അതിനെ പ്രതിരോധിച്ചത്. വലിയ പരുക്കില്ലാതെ പോയ ആ ചർച്ചകൾക്കൊടുവിൽ നവീനിന്റേയും ജാനകിയുടേയും മതം കലർത്തിയതാണ് ലജ്ജിപ്പിക്കുന്ന പുതിയ സംഭവവികാസം.
നവീനിന്റേയും ജാനകിയുടേയും പേരിനോട് ചേർന്നുള്ള റസാഖ്, ഓം കുമാർ എന്നീ പേരുകൾ ചേർത്തു പിടിച്ച് മതത്തിന്റെ നിറം നൽകി ഒരു കൂട്ടം. ‘ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നാണ് നിമിഷയുടെ അമ്മ തെളിയിക്കുന്നത്.’ ഇങ്ങനെ പോകുന്നു വിഷംവമിക്കുന്ന കമന്റുകൾ. വിദ്വേഷ കമന്റുകളിൽ ചർച്ചകളും വാഗ്വാദങ്ങളും കൊഴുക്കുമ്പോൾ കഥയിലെ നായകന്‍ നവീൻ റസാഖ് കൂളാണ്. ഇത്തരം വർഗീയ പരാമർശങ്ങൾ മൈൻഡ് പോലും ചെയ്യുന്നില്ലെന്നാണ് ‘വനിത ഓൺലൈനോട്’ നവീനിന്റെ മറുപടി.
ആദ്യം എത്തിയ വിമർശനം രോഗികളും ഡോക്ടർമാരുമുള്ള ആശുപത്രിയിലാണോ ഡാൻസ് എന്നതായിരുന്നു. ആശുപത്രികളിലെ മുകൾ നിലയിലെ വരാന്തയിലായിരുന്നു ഞങ്ങളുടെ ഡാൻസ്. മറ്റാർക്കും ശല്യമില്ലാതെ ആശുപത്രിയിലെ ചികിത്സയുമായി യാതൊരു ബന്ധവുമില്ലാത്ത ഏരിയ. അതിന്റെ പേരിൽ വന്ന വിമർശനങ്ങളിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ളവർ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇനിയും ഇത്തരം ഡാൻസുകൾ ചെയ്യണണെന്ന പ്രോത്സാഹനമാണ് ഞങ്ങളുടെ ഐഎംഎയും ഫാക്കൽറ്റിയും നൽകുന്നത്.
പിന്നെ പുതിയ വിവാദം. എന്റെയും ജാനകിയുടേയും മതവിശ്വാസവും അച്ഛന്റെ പേരും പറഞ്ഞുള്ള വിദേഷ പോസ്റ്റുകൾ. അതൊന്നും മറുപടി പോലും അർഹിക്കുന്നില്ല. മൈൻഡ് പോലും ചെയ്യേണ്ട കാര്യമില്ല. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദം മാത്രമേയുള്ളു, അത് ഇക്കൂട്ടരെ എന്തിന് ബോധ്യപ്പെടുത്തണം.– നവീൻ വ്യക്തമാക്കുന്നു.
വയനാട് മാനന്തവാടി സ്വദേശിയായ നവീൻ എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥിയാണ്. തിരുവനന്തപുരം സ്വദേശിയായ ജാനകി മൂന്നാം വർഷ വിദ്യാർത്ഥിയും.