Friday 30 August 2019 07:20 PM IST

അപരന്റെ വേദനയൊപ്പാൻ സാക്ഷാൽ ആന്റണിയും; രാജീവിന് തിരികെ വേണം, മുറിഞ്ഞു പോയ ആ ചിരിയോർമ്മകളും സൗഹൃദങ്ങളും

Binsha Muhammed

rajeev-1

അതൊരൊന്നൊന്നര എൻട്രിയായിരിക്കും. അളന്നു മുറിച്ച്...മുക്കി മൂളി ‘വളരെ പൈശാചികവും...മൃഗീയവുമായി’ ഡയലോഗ് പാസാക്കുന്ന എകെ ആന്റണി സ്റ്റേജിലേക്കെത്തുകയാണ്. ഡയലോഗ് പറയേണ്ട, ആ മനുഷ്യൻ ഫിഗറു പിടിക്കുന്ന കണ്ടാലേ പൂരപ്പറമ്പിലും മിമിക്രി വേദികളിലും ചിരിയുടെ അമിട്ടു പൊട്ടുകയായി. എകെ ആന്റണിയേയും, വെള്ളാപ്പള്ളിയേയും, ഒ രാജഗോപാലിനേയും മിമിക്രി ഫിഗറാക്കിയ രാജീവ് കളമശേരി എന്ന മിമിക്രിക്കാരനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മിമിക്രി കാലം ചെയ്തു എന്ന് പറഞ്ഞ് പലരും നെടുവീർപ്പടുമ്പോഴും അന്നും ഇന്നും രാജീവിനും രാജീവിന്റെ പരിപാടികൾക്കും നിറഞ്ഞ കയ്യടി. മിനിസ്ക്രീനിലെ കോമഡി ഷോകളിൽ സ്ഥിരം സാന്നിധ്യമായ മനുഷ്യൻ കാഴ്ചക്കാർക്ക് അത്രമേൽ പ്രിയങ്കരനാണ്.

എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി ഈ മനുഷ്യൻ ഇപ്പറഞ്ഞ ചിരി വേദികളിൽ നിന്നെല്ലാം അപ്രത്യക്ഷനാണ്. സൂപ്പർ താരങ്ങളുടെതു പോലെ പവൻ തിളക്കമോ പവറോ ഇല്ലാത്തതു കൊണ്ടാകണം, ആരും അദ്ദേഹത്തെ അന്വേഷിച്ചില്ലെന്ന് മാത്രം. രാജീവ് കളമശേരിയെ തോളിലേറ്റിയ സോഷ്യല്‍ മീഡിയയും ഒരു ചാനലുകാരും അദ്ദേഹത്തിന് എന്ത് സംഭവിച്ചുവെന്ന് ഒരു പക്ഷേ അറിഞ്ഞിട്ടു കൂടിയുണ്ടാകില്ല. ആഴ്ചകളായി മിമിക്രി വേദികളിൽ രാജീവ് തീർത്ത വിടവിന്റെ കാരണം അന്വേഷിച്ച് ഞങ്ങൾ ചെല്ലുമ്പോൾ ആ മനുഷ്യൻ കളമശേരിയിലെ വീട്ടിൽ രോഗക്കിടക്കയിലാണ്. വേദികളിൽ ചിരിയുടെ അമിട്ടുകൾ പൊട്ടിച്ച ഓർമകളും, ചേർത്തു നിർത്തിയ സൗഹൃദങ്ങളും ആ മനുഷ്യന്റെ ഓർമകളുടെ നൂലിൽ നിന്ന് പട്ടം കണക്കെ പൊട്ടിയകന്ന് എങ്ങോ പോയിരിക്കുന്നു. എല്ലാം അദൃശ്യമായി കോറിയിട്ട ചില ചിത്രങ്ങളെ പോലെ ചിതറിക്കിടപ്പാണ്.

ഒരു ഹൃദയ സ്തംഭനം! രാജീവിന് സംഭവിച്ച ദുരിതങ്ങളുടെ കഥ അവിടെ തുടങ്ങുകയാണ്. രാജീവിനെ അന്വേഷിച്ച് ‘വനിത ഓൺലൈൻ’ എത്തുമ്പോഴും അത്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ല. മുഴുമിക്കാനാകാത്ത ഓർമകളും പേറിയിരിപ്പാണ് ആ കലാകാരൻ. രാജീവിന് സംഭവിച്ച ദുരവസ്ഥയെക്കുറിച്ച് ‘വനിത ഓൺലൈൻ’ വായനക്കാരോട് സംസാരിക്കുന്നത് അദ്ദേഹത്തിന്റെ ഒരേയൊരു പെങ്ങൾ സജീതയാണ്.

rajeev-7

വേദനകളുടെ ജൂലൈ

ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളോ ബുദ്ധിമുട്ടുകളോ അലട്ടിയിരുന്ന ആളായിരുന്നില്ല രാജീവ്. മിമിക്രിയും ചാനൽ പരിപാടികളുമൊക്കെയായി അവനും കുടുബവും വലിയ ബുദ്ധിമുട്ടില്ലാതെ പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. എല്ലാം കീഴ്മേൽ മറിഞ്ഞത് ജൂലൈയിലെ ഒരു വൈകുന്നേരത്ത്. ഒരു ചാനലിലെ കോമഡി പരിപാടിക്കു വേണ്ടിയുള്ള സ്ക്രിപ്റ്റിംഗുമായി ബന്ധപ്പെട്ട് മഞ്ഞുമ്മലിൽ റൂമെടുത്ത് താമസിക്കുകയായിരുന്നു. വൈകുന്നേരമായപ്പോൾ എന്തോ അസ്വസ്ഥത തോന്നി. ക്ഷീണമൊക്കെ തോന്നുമ്പോൾ യോഗയൊക്കെ ചെയ്ത് ആക്റ്റീവാകുന്ന ആളാണ്. അന്നും അങ്ങനെ തന്നെ ചെയ്തു, അപ്പോൾ താത്കാലികമായ ആശ്വാസം കിട്ടിയിരിക്കണം. പക്ഷേ വീണ്ടും എന്തോ പന്തികേട് തോന്നിയതു കൊണ്ട് പുള്ളിക്കാരൻ കളമശേരി മെഡിക്കൽ കോളേജിലേക്ക് പോയി. മിമിക്രി ആർട്ടിസ്റ്റും ചങ്ങാതിയുമായ രഘു കളമശേരിയും ഒപ്പമുണ്ടായിരുന്നു. അവിടുന്ന് എക്സ്റേ ഇസിജി ഒക്കെ എടുത്തു നോക്കി. അതിലെല്ലാം നോർമലായിരുന്നു. ടെസ്റ്റ് റിസൾട്ടെല്ലാം ഓകെ ആയതോടെ ടെൻഷനൊന്നുമില്ലാതെയാണ് ആശുപത്രി വിട്ടത്. ഇടയ്ക്ക് രഘുവിനെ ഡ്രോപ്പ് ചെയ്തു. പക്ഷേ ഡ്രൈവ് ചെയ്യുന്നതിനിടെ വീണ്ടും അതേ തളർച്ച...ഇക്കുറി അവൻ കുഴഞ്ഞു പോയിരുന്നു. വഴിയേ പോയ ഒരാളെ കൈകാട്ടി വിളിച്ച്, അയാളെ കൊണ്ട് ഡ്രൈവ് ചെയ്യിച്ച് വീണ്ടും അതേ ആശുപത്രിയിലേക്ക്. അവിടുന്ന് കൊച്ചിയിലെ തന്നെ മികച്ചൊരു ആശുപത്രിയിലേക്ക് റെഫർ ചെയ്യുകയായിരുന്നു. ഇക്കുറി ആൻജിയോ ഗ്രാം ചെയ്യാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. അതു കഴിയുമ്പോഴേക്കും രക്തക്കുഴലുകളിൽ മൂന്ന് ബ്ലോക്കുകളെന്ന് ഡോക്ടർമാരുടെ കണ്ടെത്തൽ. എന്ത് സംഭവിച്ചു എന്ന് പറയുമ്പോഴേക്കും ഞങ്ങളാകെ തകർന്നു പോകുകയായിരുന്നു. രാജീവിനെ വിധി പരീക്ഷിച്ചത് തുടങ്ങുന്നത് അവിടെ നിന്നാണ്.– സജീത മിഴി നീർ തുടച്ചു.

ആശുപത്രി വാസം

rajeev-2

ഒരാഴ്ച അവിടെ അവൻ വേദന തിന്ന് കിടന്നു. ഇങ്ങനെയൊക്കെ വന്നു ചേർന്നതിലുള്ള മനോ വിഷമമായിരുന്നു ഏറെയും. ഇതിനിടെ ആൻജിയോ പ്ലാസ്റ്റിയും ചെയ്തു. ഒരാഴ്ച കഴിഞ്ഞ് ആശ്വാസത്തോടെ ആശുപത്രി വിട്ടു. പക്ഷേ വിധിക്ക് അവനെ വെറുതെ വിടാൻ ഭാവമുണ്ടായിരുന്നില്ല. വീട്ടിൽ വിശ്രമത്തിലായിരിക്കെ ബാത്ത്്റൂമിൽ കുഴഞ്ഞു വീണു. വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോഴാണ് രാജീവിന് ഇടയ്ക്കിടെ ഓര്‍മ നഷ്ടമാകുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിയുന്നത്. ആശുപത്രിയിലെത്തിയപ്പോള്‍ മുതല്‍ രാജീവിന്റെ സംസാരം വളരെ പതുക്കെയായിരുന്നു. പല കാര്യങ്ങളും ഓര്‍മയില്ലാത്തതുപോലെ. പറയുന്ന കാര്യങ്ങൾ മുഴുമിക്കാനാകുന്നില്ല. പരിചയക്കാരേയും സുഹൃത്തുക്കളേയും അത്രവേഗം ഓർത്തെടുക്കാനാകുന്നില്ല. തലകറക്കം അനുഭവപ്പെടുമ്പോൾ തനിക്ക് എന്താണ് സംഭവിച്ചതെന്ന് പറയാൻ പോലുമാകാത്ത വിധം ഓർമകള്‍ കുഴഞ്ഞു മറിഞ്ഞു. എന്തൊക്കെയോ ആ പാവത്തിന് പറയണമെന്നുണ്ട് പക്ഷേ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുകയാണ്.

സ്‌കാന്‍ ചെയ്തപ്പോഴാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഭാര്യ സൈനബയുടെയും മക്കളായ നസ്നിന്‍, നസ്റിന്‍, നെഹ്റിന്‍, നെഫ്സിന്‍ എന്നിവരുടെയൊന്നും പേരു പോലും പറയാന്‍ അപ്പോഴൊന്നും രാജീവിന് ഓര്‍മയുണ്ടായിരുന്നില്ല’.–സജീത പറയുന്നത് രാജീവ് അരികിൽ നിർന്നിമേഷനായി നോക്കി നിന്നു.

rajeev-5

തിരിച്ചു വരവും കാത്ത്

മിമിക്രി കലാകാരനും രാജീവിന്റെ സുഹൃത്തുമായ രാജാ സാഹിബ് രഘു എന്നിവർ അടക്കമുള്ള സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് രാജീവ് ജീവിതത്തിലേക്ക് തിരികെ നടക്കാന്‍ ശ്രമിക്കുന്നത്. ദിവസവും ആറിലധികം ഗുളികകള്‍ കഴിക്കുന്നതിനൊപ്പം പരമാവധി ഓര്‍മകളേയും കൂട്ടുകാരേയും തിരികെയെത്തിക്കലാണ് പ്രധാന മരുന്ന്. തലച്ചോറിൽ കട്ടപിടിച്ചിരിക്കുന്ന രക്തം ശസ്ത്രക്രിയയില്ലാതെ മരുന്നിലൂടെ മാറുമെന്നും ഡോക്ടർമാർ പറയുന്നു. അവസ്ഥയറിഞ്ഞ് രാജീവ് മിമിക്രി വേദികളിൽ പ്രിയങ്കരനാക്കിയ എകെ ആന്റണി സാർ ചികിത്സാ–സാമ്പത്തിക സഹായം ഉറപ്പാക്കാൻ വേണ്ടതു ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. രാജീവിന്റെ സുഹൃത്തുക്കളും അവനെ സ്നേഹിക്കുന്നവരും അവനു വേണ്ടി സഹായം സ്വരുക്കൂട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. അവൻ മിമിക്രി വേദിയിലേക്ക് പഴയ ഉഷാറോടെ...ഓർമകളോടെ തിരികെ വരുന്ന നാളിനായി കാത്തിരിപ്പാണ് ഞങ്ങൾ.

rajeev-3

സജീത പറഞ്ഞു നിർത്തുമ്പോഴേക്കും അകത്തെ ടിവിയിൽ നിന്നും രാജീവിന്റെ മിമിക്രി പ്രകടനങ്ങളുടെ ശബ്ദങ്ങൾ കേൾക്കായി. എ.കെ. ആന്റണിയും വെള്ളാപ്പള്ളി നടേശനും ഒ. രാജഗോപാലും ആ മനുഷ്യന്റെ ഫിഗറിനൊപ്പിച്ചങ്ങനെ ഒഴുകുകയാണ്. ആ ഓർമകളെ തിരികെ കൊണ്ടു വരാനുള്ള വീട്ടുകാരുടെ നിതാന്ത പരിശ്രമം...

Tags:
  • Vanitha Exclusive