Wednesday 06 March 2019 04:49 PM IST

മിനിസ്ക്രീനിലെ പ്രിയനായിക ഇപ്പോൾ വ്ലോഗിങ്ങിലെ സൂപ്പർസ്റ്റാർ; ദുബായ് ജീവിതം രശ്മിക്ക് നൽകിയത് ഈ മേൽവിലാസം

Binsha Muhammed

reshmi

ആദ്യം ഗോസിപ്പ്, അതു കഴിഞ്ഞാൽ കല്യാണ വാർത്ത. അതും ഒരു വഴിക്കാകുമ്പോൾ സോഫ്റ്റ് വെയർ എഞ്ചിനീയറെ വിവാഹം കഴിച്ച് അമേരിക്കയിൽ സെറ്റിലാകുന്ന നായിക....പിന്നെ ഈ വഴി തിരിഞ്ഞു നോക്കിയാലായി ഇല്ലെങ്കിലായി....

സിനിമാ–സീരിയൽ ജാതകവശാൽ ഇതൊക്കെയാണ് ഒട്ടുമിക്ക നായികമാരുടേയും പതിവു രീതികൾ. ലൈം ലൈറ്റിനോട് ഗുഡ്ബൈ പറഞ്ഞ്. അഭിനയത്തോട് സലാം ചൊല്ലി മിഡിൽ ഈസ്റ്റിലോ അമേരിക്കയിലോ ഇരുന്ന് ഗതകാല സ്മരണകൾ അയവിറക്കുന്നുണ്ടാകും പല നായികമാരും.

r3

പ്രേക്ഷകരുടെ കണ്ണും മനസും ഓർമകളുമൊന്നും എത്താത്തിടത്തേക്ക് ഓടി മറയുന്ന നായികമാർക്കിടയിൽ ഇതാ ഇവിടെയൊരാൾ വ്യത്യസ്തയാകുകയാണ്. വിവാഹ ജീവിതത്തോടെ അഭിനയത്തിന് താത്കാലിക ജീവിതത്തിന് അവധി നൽകിയെങ്കിലും കക്ഷി ഹാപ്പിയാണ്. ഇഷ്ടപ്പെട്ട ജോലി ചെയ്ത്, മനസറിയുന്ന നല്ലപാതിക്കൊപ്പം ദുബായിയിൽ സുഖജീവിതം. സോഷ്യൽ മീഡിയയും സീരിയൽ പ്രേക്ഷകരും അന്വേഷിച്ചു നടന്ന രശ്മി സോമനാണ് റീ ടേക്കുകളില്ലാത്ത ഈ ജീവിത കഥയിലെ നായിക. ദുബായ് ജീവിതം രശ്മിക്ക് നൽകിയിരിക്കുന്ന മേൽവിലാസം വ്ലോഗറുടേതാണ്. സംഭവം കളറായെന്ന് സോഷ്യൽ മീഡിയക്കും ബോധ്യപ്പെട്ടതോടെ രശ്മിയും ഡബിൾ ഹാപ്പി. ആ സന്തോഷത്തിനു നടുവിൽ നിന്നു കൊണ്ട് രശ്മി മറുപടി പറയുകയാണ്, ‘വനിത ഓൺലൈൻ’ വായനക്കാർക്കു വേണ്ടി.

അന്നുരാത്രി എനിക്ക് അമ്മയോട് കഠിനമായ വെറുപ്പു തോന്നി; കരഞ്ഞുപോയ അനുഭവം പറഞ്ഞ് അരിസ്‌റ്റോ സുരേഷ്

ബലികുടീരത്തിന് അടുത്തെത്തുമ്പോൾ ഒരു കാറ്റ് വീശും, എനിക്കറിയാം അതച്ഛനാണ്; അച്ഛന്റെ ഓർമയിൽ ശ്രീലക്ഷ്മി

r5

താരനിറവിൽ നിയാസ് ബക്കറുടെ മകളുടെ വിവാഹ ചടങ്ങുകൾ! വിഡിയോ

r8

‘‘എല്ലാവരും പറയുന്നത് ഇവളെ കാണാൻ അപർണ ബാലമുരളിയുടെ കട്ടുണ്ടെന്നാ...’’! വൈറലായി ഒരു അപര: വിഡിയോ

ഞാനിവിടെയൊക്കെ ഉണ്ട്

r4

വിവാഹ ശേഷം ക്യാമറയ്ക്കു മുന്നിലെത്തുന്നത് എന്തോ അപരാധം ചെയ്യുന്നത് മാതിരിയാണ് പലരും പെരുമാറുന്നത്. പോയ വഴിയിലേക്ക് തിരിഞ്ഞു പോലും നോക്കാതെ ഒരൊറ്റ പോക്കാണ്. കുടുംബ ജീവിതം നൽകുന്ന ഭാരിച്ച ഉത്തരവാദിത്തം, സാഹചര്യം ഇപ്പറഞ്ഞ സംഗതികളൊക്കെ കൊണ്ട് വിട്ടു നിൽക്കേണ്ടി വരുന്നവർ ഇല്ലായെന്നല്ല. പക്ഷേ എന്തിനീ ഒളിച്ചോട്ടം എന്ന് പലപ്പോഴും മനസിലായിട്ടില്ല.

ഇനി എന്റെ കാര്യത്തിലേക്ക് വരാം. എന്തായാലും വിവാഹ ജീവിതത്തോടെ അഭിനയ ജീവിതത്തിൽ നിന്നും വോളന്റിയറി റിട്ടയർമെന്റെടുക്കേണ്ട അവസ്ഥയൊന്നും എനിക്കില്ല. സ്വാതന്ത്ര്യവും കരുതലും ഒക്കെയുള്ള ഒരാളെയാണ് എനിക്ക് ഭർത്താവായി കിട്ടിയിരിക്കുന്നത്. ഗോപിനാഥ് ഹരിദാസ് എന്നാണ് കക്ഷിയുടെ പേര്.ദുബായിയിലെ ഒരു കമ്പനിയിൽ എൻവയോൻമെൻറൽ പ്രൊട്ടക്ഷൻ ജനറൽ മാനേജർ. കലയേയും കലാകാരൻമാരേയും അംഗീകരിക്കുന്ന മനോഭാവം തന്നെയാണ് കക്ഷിക്കുള്ളത്. ഞാൻ അഭിനയം തുടരണം എന്ന നിലപാട് തന്നെയാണ് അദ്ദേഹത്തിന്. എന്നിട്ടും അഭിനയത്തോട് താത്കാലികമായി ഗുഡ്ബൈ പറഞ്ഞതും വ്ലോഗിംഗിലേക്ക് തിരിഞ്ഞതും എന്തിനെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. വ്ലോഗിങ്ങ് ഈസ് മൈ പാഷൻ. അഭിനയിക്കുമ്പോഴും ഞാൻ മനസിലിട്ട് താലോലിച്ച് നടന്ന സ്വപ്നമാണത്. പിന്നെ അഭിനയവും ഒപ്പം കൊണ്ടു പൊയ്ക്കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. ദുബായിയിൽ നിന്നും നാട്ടിലെത്തി സീരിയലിൽ അഭിനയിക്കുന്നത് എനിക്കും സീരിയലിൻറെ അണിയറ പ്രവർത്തകർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. സാങ്കേതികമായും സാമ്പത്തികമായും.

r1
r6

തലയിൽ ബൾബ് മിന്നിച്ചത് ടിക് ടോക്

രശ്മി സോമനെന്ന സീരിയൽ താരത്തിന് വ്ലോഗറുടെ കുപ്പായം നൽകിയതിനു പിന്നിൽ ടിക് ടോക്കിന് വലിയ പങ്കുണ്ട്. സിനിമാ താരങ്ങൾ പോലും നേരം കൊല്ലാൻ ഉപയോഗിക്കുന്ന ടിക് ടോക് ആപ്ലിക്കേഷനിൽ ഞാനും നേരമ്പോക്കിനു വേണ്ടിയാണ് കയറിയത്. സിനിമാ–സീരിയൽ താരം കൂടിയായ വീണ നായരായിരുന്നു എന്റെ ടിക് ടോക് പാർട്ണർ. പുള്ളിക്കാരിയും ഞാനും ടിക് ടോക്കിൽ ഒരു വിഡിയോ ചെയ്ത് അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അതു കണ്ടപാടെ ഒരുപാടു പേരുടെ അന്വേഷണമായി. രശ്മി എവിടെയാണ്, സീരിയൽ വിട്ടോ, അഭിനയം നിർത്തിയോ എന്നൊക്കെ ചോദ്യങ്ങളായി. ദോഷം പറയരുതല്ലോ ആ വിഡിയോക്ക് അത്യാവശ്യം റീച്ചും കിട്ടി. അതു കണ്ടിട്ടാണ് സോഷ്യൽ മീഡിയയുടെ ഒരു സ്പേസ് ഞാൻ തിരിച്ചറിയുന്നത്. പിന്നൊന്നും നോക്കിയില്ല. രണ്ടും കൽപ്പിച്ച് ഇറങ്ങിത്തിരിച്ചു, വ്ലോഗറുടെ കുപ്പായവും എടുത്തണിഞ്ഞ്.

r7

യാത്രകളോട് അടങ്ങാത്ത പ്രണയം

ദുബായ് നഗരം എനിക്ക് നൽകിയ ഏറ്റവും വലിയ സമ്മാനമാണ് യാത്രകൾ. മറ്റൊരു തരത്തിൽ ഒരുപാട് സംസ്കാരങ്ങളുടേയും വ്യക്തികളുടേയും സംഗമ ഭൂമിയാണ് ഈ നാട്. ലോകത്തിന്റെ സകല കോണിലുള്ളവരും ഈ നാട്ടിലുണ്ടാകും. എക്സ്പ്ലോർ ചെയ്യാനും അത്രയ്ക്കുണ്ട്. ക്യാമറയും എടുത്ത് ഇറങ്ങിത്തിരിക്കുന്നത് ഇതെല്ലാം കണ്ടിട്ടാണ്. ഇക്കാലയളവിൽ ചെയ്ത യാത്രകളും അനുഭവ സമ്പത്തും അതിന് വളമായി. ഇടയ്ക്ക് ഫെയ്സ്ബുക്കിലെ ഒരു യാത്രാ വിഡിയോ കണ്ടിട്ട് പലരും ആകാംക്ഷയോടെ വന്ന് അതിന്റെ വിശേഷങ്ങൾ തിരക്കുന്നുണ്ടായിരുന്നു. ആ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം ഒരു ട്രാവലോഗ് രൂപത്തിൽ നൽകിയാൽ എങ്ങനെയെരിക്കുമെന്ന് ചിന്തിച്ചു. ‘റേയ്സ് വേൾഡ് ഓഫ് കളേഴ്സ്’ രൂപം കൊള്ളുന്നത് അങ്ങനെയാണ്. പേര് കേട്ട് അന്തം വിടേണ്ട ആ പേരിലെ ‘റേ’ (Ray) ആള് ഞാൻ തന്നെയാണേ. വർണങ്ങളുടെ ലോകം എനിക്കു മുന്നിൽ തുറന്ന ആ കഥയിലെ ഫ്ലാഷ്ബാക്ക് അങ്ങനെയാണ്.

പട്ടം പോലെ പാറിപ്പറന്ന്

ഏകദേശം ഒരു മാസത്തിലേറെയായി ‘റേയ്സ് വേൾഡ് ഓഫ് കളേഴ്സ്’ സ്റ്റാർട്ട് ചെയ്തിട്ട്. ഇതിനോടകം തന്നെ 11,167 സബ്ക്രൈബേഴ്സ് എന്റെ യൂ ട്യൂബ് പേജിനെ തേടിയെത്തി. ഒരു തുടക്കക്കാരിയെ സംബന്ധിത്തടത്തോളം അത് വലിയ കാര്യമല്ലേ? ദുബായിയിലെ ഒരു അമ്പലത്തിനെക്കുറിച്ച് ചെയ്ത വിഡിയോക്കാണ് ഏറ്റവും റീച്ച് കിട്ടിയത്. മൂന്ന് ലക്ഷത്തി എഴുപത്തിനാലായിരത്തോളം പേരാണ് ആ വിഡിയോ ഇതുവരെ കണ്ടത്. ദുബായ് ഫ്രെയിം, മാർക്കറ്റ്, വാട്ടർ ഫ്രണ്ട്, എന്നീ വ്ലോഗുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു ദുബായ് ഷവർമ ആൻഡ് കഫെറ്റീരിയ എന്ന ഫുഡ് റിലേറ്റഡ് വ്ലോഗിനും ഭക്ഷണ പ്രേമികൾക്കിടയിൽ വലിയ സ്വീകാര്യതയായിരുന്നു. ഗായിക ആശാ മേനോനോടൊപ്പം ചെയ്ത മ്യൂസിക്കൽ വ്ലോഗും വേറിട്ട പരീക്ഷണമായിരുന്നു. പിന്നെ ഈ പ്രസ്ഥാനത്തിന്റെ അവതാരകയും എഡിറ്ററും ഡയറക്ടറും ഒക്കെ ഞാൻ തന്നെയാണേ.പിന്നെ എല്ലാത്തിനും കട്ട സപ്പോർട്ടുമായി ചേട്ടനും കൂടെയുണ്ട്.

ഇനിയെന്ന് സീരിയലിലേക്ക് എന്ന ചോദ്യത്തിന് ഒരു നിറഞ്ഞ പുഞ്ചിരി മാത്രമായിരുന്നു രശ്മിയുടെ മറുപടി. അസ്ഥിക്കു പിടിച്ച വ്ലോഗിങ്ങും അടങ്ങാത്ത യാത്രാ പ്രണയവുമായി അവർ പുതിയൊരു ലക്ഷ്യസ്ഥാനം തേടിയിറങ്ങുകയാണ്.