സമീപകാലത്ത് വരുന്ന ചില വിഡിയോ കണ്ടാൽ ഡ്രൈവിങ് എന്നത് കുട്ടിക്കളിയാണോ എന്ന് തോന്നിപ്പോകും. കഴിഞ്ഞ ദിവസം പെൺകുട്ടികൾ ചേർന്ന് ഗിയർ മാറ്റി പണി വാങ്ങിച്ച ബസ് ഡ്രൈവറാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായതെങ്കിൽ ഇത്തവണ ഡ്രൈവിങ്ങിനിടെ മൈക്ക് ഉപയോഗിച്ച് പാട്ടു പാടുന്ന ഡ്രൈവറുടെ വിഡിയോയാണ് തരംഗമായത്.
ആദ്യ സംഭവത്തിലെ ഡ്രൈവറുടെ ലൈസൻസ് ആറ് മാസത്തേക്ക് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. സമാനമായ നടപടി തന്നെയാണ് പാട്ട് പാടിയ ഡ്രൈവർക്കും നേരിടേണ്ടി വന്നത്. സംഭവം കേരളാ പൊലീസിന്റെ ഫെയ്സ്ബുക് പേജിൽ വിഡിയോ സഹിതം പങ്കുവച്ചിട്ടുണ്ട്.
വിനോദയാത്രയ്ക്കിടെ അപകടകരമായ രീതിയിൽ വാഹനമോടിച്ച വയനാട് സ്വദേശിയായ ഡ്രൈവർ എം ഷാജിയുടെ ലൈസൻസാണ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ഈ സംഭവത്തിൽ ഡ്രൈവർക്ക് പകരം ഗിയർ മാറ്റിയത് യാത്രക്കാരായ പെൺകുട്ടികളായിരുന്നു. കോളജ് വിദ്യാർഥികളുടെ ഗോവാ ട്രിപ്പിനിടെയായിരുന്നു സംഭവം.