Thursday 27 December 2018 06:38 PM IST : By സ്വന്തം ലേഖകൻ

കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ആളുകളുടെ ശത്രുത വാങ്ങണോ; അതോ, എല്ലാവരുടെയും സ്വീറ്റ്ഗേള്‍ ആകണോ?

anila-sweet-girl

കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ആളുകളുടെ ശത്രുത വാങ്ങിക്കൂട്ടാതെ എങ്ങനെ എല്ലാവരുടെയും ഓമനയായി ജീവിക്കാം എന്ന് ലളിതമായി പറഞ്ഞു തരുന്ന യുവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പൊതുവെ, എല്ലാവർക്കും ഇഷ്ടം സ്വീറ്റ് ഗേള്‍സിനെയാണ്. സു‍ഹൃത്തായോ കാമുകിയായോ സഹപ്രവർത്തകയായോ പരിചയക്കാരിയായോ സ്വീറ്റ് ഗേള്‍സ് വേണമെന്നാണ് ബുദ്ധിജീവി ആണുങ്ങളുടെ വരെ ഗൂഢാഭിലാഷം. സ്വീറ്റ് ഗേൾ ആകാനുള്ള പൊടിക്കൈകൾ പങ്കുവയ്ക്കുകയാണ് അനില ബാലകൃഷ്ണൻ.

കരടി നെയ്യും ബിയേർഡ് ഓയിലും; ഫ്രീക്കൻമാരുടെ താടിസ്വപ്നവും ചില തെറ്റിദ്ധാരണകളും

‘മഹാനടനെ തൊട്ടുതലോടി അദ്ദേഹം പൊയ്ക്കൊട്ടേ’; മാധവൻ വൈദ്യരുടെ ലക്ഷ്യം പണവും പ്രശസ്തിയും; കുറിപ്പ്

സ്ലീപ്പര്‍ കോച്ചുകളില്‍ സീറ്റ് നല്‍കാതെ ഇറക്കിവിട്ടു; ഹൃദ്രോഗിയായ ഒരു വയസ്സുകാരി അമ്മയുടെ മടിയില്‍ മരിച്ചു!

‘പാൽമണം മാറും മുമ്പേ അമ്മ പോയി, ഒന്നുമറിയാതെ അച്ഛന്റെ ഷർട്ടിൽ മുറുകെപ്പിടിച്ചിരിക്കയാണവൻ’; കണ്ണീർ കുറിപ്പ്

അനില ബാലകൃഷ്ണൻ എഴുതിയ കുറിപ്പ് വായിക്കാം; 

സ്വീറ്റ് ഗേള്‍സിനെയാണ് പൊതുവേ എല്ലാവർക്കും ഇഷ്ടം. സുഹൃത്തായോ, കാമുകിയായോ, സഹപ്രവര്‍ത്തകയായോ, പരിചയക്കാരിയായോ ഒക്കെ സ്വീറ്റ് ഗേള്‍സിനെ കിട്ടണമെന്നുള്ളതാണ് ബുദ്ധിജീവി ആണുങ്ങളുടെ വരെ ഗൂഢാഭിലാഷം. സ്വീറ്റ് ഗേളിന്‍റെ മറു വശത്ത് ഇവർ കൊണ്ടു നിര്‍ത്താറുള്ള സ്ത്രീ, വെറുമൊരു സ്ത്രീ അല്ല, ടഫ് വുമണ്‍, ബോസ്സി വുമണ്‍, ഫെമിനിച്ചി എന്നിങ്ങനെ പല പേരില്‍ അറ്റാക്ക് മോഡില്‍ നില്‍ക്കുന്ന സ്ത്രീകളാകും. ആള്‍ക്കാരുടെ വിരോധം വാങ്ങിക്കൂട്ടാതെ എങ്ങനെ ഒരു സ്വീറ്റ് ഗേള്‍ ആയി മാറാം എന്നുള്ളതിനെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടതുണ്ട്. എനിക്കറിയാവുന്ന പൊടിക്കൈകള്‍ ഞാൻ പറഞ്ഞു തരാം.

1. പൊതുവേ ഒന്നിനെക്കുറിച്ചും അറിയില്ല എന്നു ഭാവിക്കലാണ് സ്വീറ്റ് ഗേള്‍ ആകാനുള്ള പ്രധാന സ്റ്റെപ്. ഉദാഹരണമായി രണ്ടു പേര്‍ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ഘോരഘോരമായി ചര്‍ച്ച നടത്തുകയാണെന്നിരിക്കട്ടെ. കണ്ണൊക്കെ വിടര്‍ത്തി, നിഷ്കളങ്കമായ ചിരിയോടെ ഈ ചോദ്യം ചോദിക്കുക: "ആരാണീ നെഹ്റു?". ചോദ്യം കേള്‍ക്കുന്ന ബുദ്ധിജീവി ആണുങ്ങള്‍ നിങ്ങളെ പരസ്യമായി പുച്ഛിക്കും, പക്ഷേ രഹസ്യമായി അവര്‍ അവരോട് തന്നെ പറയും, "ഒടുവിൽ ഞാന്‍ കണ്ടെത്തിയിരിക്കുന്നു, ഇതാണെന്‍റെ സ്വീറ്റ് ഗേള്‍, ദ നിഷ്കളങ്കി, ചതിക്കുഴികള്‍ നിറഞ്ഞ ഈ കപടലോകത്തില്‍ നിന്നും ഞാനിവളെ രക്ഷിക്കും".

2. ദ്വയാര്‍ത്ഥ പ്രയോഗങ്ങൾ, sexist തമാശകള്‍ ഇതൊക്കെ പറഞ്ഞ് ആര്‍ത്തു ചിരിക്കുന്ന ആണ്‍കൂട്ടത്തില്‍ പെട്ടാല്‍ ഒന്നുമേ മനസ്സിലാകുന്നില്ല എന്ന മട്ടില്‍ അന്തം വിട്ടിരിക്കുകയാണ് സ്വീറ്റ് ഗേള്‍സ് ചെയ്യേണ്ടത്. ഇടയ്ക്കിടെ "അതെന്താ, അതെന്താ" എന്ന് അടുത്തിരിക്കുന്ന ആളോട് അടക്കത്തില്‍ ചോദിക്കാം. മുഖം ചുളിയ്ക്കുകയോ, ഇറങ്ങിപ്പോകുകയോ, 'നിര്‍ത്തെടാ നാറീ'ന്നു പറയുകയോ ചെയ്യാനുള്ള തോന്നല്‍ ഉണ്ടായാലും കഷ്ടപ്പെട്ട് നിയന്ത്രിക്കുക, പുഞ്ചിരിക്കുക.

3. ഗഹനമായ കഥയോ, കവിതയോ, അനവധിയായ അര്‍ത്ഥതലങ്ങളുള്ള ചിത്രരചനയോ സ്വീറ്റ് ഗേള്‍സിന് ആവശ്യമില്ല. പരമാവധി മിക്കി മൗസ്, കുടില്‍-തെങ്ങ്-സൂര്യന്‍, സിന്‍ഡ്രല്ല പടങ്ങള്‍ വരയ്ക്കുക. പറ്റുമെങ്കില്‍ ഗോള്‍ഡ്, സില്‍വര്‍ തിളക്കങ്ങള്‍ വാങ്ങി കറുത്ത പേപ്പറില്‍ ഒട്ടിച്ച് ആനയേയോ, ദിനോസറിനെയോ ഉണ്ടാക്കുക. സ്ത്രീകളോട് otherwise വന്‍ കണിശക്കാരായ നിരൂപകസിംഹങ്ങളെക്കൊണ്ടു പോലും wow പറയിക്കാന്‍ ഈ മിക്കി മൗസിനു സാധിക്കും.

4. നമ്മുടെ ആണ്‍സുഹൃത്തുക്കളെക്കുറിച്ചും, അവരുടെ ഹീറോസ് ആയ മറ്റ് ആണ്‍ പുലികളെക്കുറിച്ചും pretentious എന്നോ misogynist എന്നോ What a moron എന്നോ ഉള്ള അഭിപ്രായങ്ങള്‍ സ്വീറ്റ് ഗേള്‍സ് പറയരുത്. 'എന്തൊരു ബുദ്ധി, എന്തൊരു വിവരം' എന്നിങ്ങനെ അത്ഭുത ഭാവത്തോടെയാണ് ഇവരുടെ പാണ്ഡിത്യത്തെ നോക്കിക്കാണേണ്ടത്.

sweet-girl23

5. സ്വീറ്റ് ഗേള്‍സ് അഭിപ്രായങ്ങൾ വിളിച്ചു കൂവി ആരുടെയും ഈഗോ ഹര്‍ട്ട് ചെയ്യാറില്ല. അഭിപ്രായങ്ങൾ പറഞ്ഞേ തീരൂ എന്നാണെങ്കില്‍ പല്ലു വേദന ആണെന്നു പറഞ്ഞ് ഒഴിയും. കഴിയുന്നതും മാഗി ന്യൂഡില്‍സ്, ഡോറയുടെ പ്രയാണം, ലോ കലോറി ഡയറ്റ് തുടങ്ങി ആരെയും വേദനിപ്പിക്കാത്ത കുറച്ച് വിഷയങ്ങള്‍ കണ്ടെത്തി അഭിപ്രായം പറയാ‍ന്‍ ശ്രമിക്കുക.

6. സ്വീറ്റ് ഗേള്‍സിന് അറിവില്ലായ്മ പോലെ പ്രധാനമാണ് ധൈര്യമില്ലായ്മ. തനിച്ച് മാര്‍ക്കറ്റില്‍ പോകുക, ഡ്രൈവ് ചെയ്യുക, ഓണ്‍ലൈന്‍ ബാങ്കിങ്ങ് നടത്തുക അങ്ങനെ എല്ലാത്തിനും പേടിയാണെന്ന് കണ്ണുമടച്ച് തട്ടിയേക്കുക. ആള്‍ക്കാരുടെ കെയറിങ്ങും, പാരന്‍റിങ്ങും കാരണം നമുക്ക് തന്നെ പ്രാന്താവും.

7. ഒരു സ്വീറ്റ് ഗേളില്‍ നിന്നും സ്വീറ്റ് വൈഫിലേക്ക് ചില്ലറ മീറ്ററുകളുടെ ദൂരമേയുള്ളൂ. ഇത്തിരി കുക്കിങ്ങ്, ഇത്തിരി ക്ലീനിങ്ങ്, ഇത്തിരി ശുശ്രൂഷാദി കര്‍മ്മങ്ങള്‍, ശറശറോന്ന് സ്വീറ്റ്നസ്സ് പോരും.

ഇനി തീരുമാനിക്കേണ്ടത് ടഫ് വുമണുമാര്‍ ആണ്. കണ്ടിട്ടും, കേട്ടിട്ടും ഇല്ലാത്ത ആള്‍ക്കാരുടെ വരെ ശത്രുത വാങ്ങണോ, അതോ എല്ലാരുടെയും ഓമനയായി ജീവിക്കണോ?

അറ്റമില്ലാത്ത മരുഭൂമിയിലൂടെ ദിക്കറിയാതെ ഓടി; ഒട്ടക ജീവിതത്തിൽനിന്നു രക്ഷപ്പെട്ട് അബുദാബിയിലെത്തിയ ഇസ്ഹാഖിന്റെ കഥ!

ഡയറ്റ് ചെയ്യുമ്പോൾപ്പോലും വോഡ്ക ഉപയോഗിച്ചു; ക്യാൻസറിലേക്ക് നയിച്ച കാരണങ്ങൾ വെളിപ്പെടുത്തി മനീഷ കൊയ്‌രാള