Friday 23 October 2020 04:58 PM IST

അജിത് വഡേക്കർ തൊട്ട് രോഹിത് ശർമ വരെ ; ഇന്ത്യൻ ക്രിക്കറ്റ്‌ ക്യാപ്റ്റന്മാരെ വരച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ കയറിയത് ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ!!!

Shyama

Sub Editor

guiness1

അജിത് വഡേക്കർ തൊട്ട് രോഹിത് ശർമ വരെയുള്ള 24 ക്യാപ്റ്റന്മാർ. ഏകദിനത്തിൽ ഇന്ത്യൻ ടീമിനെ നയിച്ച നായകന്മാരുടെ ചിത്രങ്ങലാണ് 5എംഎം വീതിയിൽ ഒരുക്കിയിട്ടുള്ളത്. ആദ്യ കാഴ്ച്ചയിൽ കാണുന്ന പൊട്ട് ചിത്രങ്ങൾ സൂം ചെയ്തു നോക്കിയാൽ ആരും അത്ഭുതപ്പെടും. ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സും വിഷ്ണു ഒരുക്കിയ ഈ അത്ഭുതത്തിൽ വീണു. റെക്കോർഡ് കൊടുത്ത് ഈ മിടുമിടുക്കനെ അവർ ആദരിച്ചു.

guinesssdd

പണ്ട് ഇഷ്ടത്തോടെ ചെയ്തിരുന്ന വരയുടെ ലോകത്തേക്ക് വിഷ്ണുവിനെ തിരികെ എത്തിച്ചത് ലോക്ക്ഡൗൺ ആണ്. സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് ജോലി ചെയ്തിരുന്നയാൾ ലോക്‌ഡൗൺ ആയതോടെ ജോലിക്ക് പ്രശ്നം വന്ന വീട്ടിൽ തന്നെയായി. ആ സമയം എങ്ങനെ ഫലവത്തായി ചിലവഴിക്കാം എന്ന ചിന്തയാണ് പണ്ടുണ്ടായിരുന്ന പാഷനിലേക്ക്... വരയിലേക്ക്... തിരികെ നടത്തിയത്. വര തുടങ്ങിയ സമയത്ത് തന്നെയാണ് ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോഡ്സിന്റെ പരസ്യം കാണുന്നതും... 'ഏതായാലും ഒരു കൈ നോക്കിക്കളയാം' എന്ന് തീരുമാനിക്കുന്നതും. ക്രിക്കറ്റ്‌ കമ്പം പണ്ടെയുള്ളതുകൊണ്ട് വൺ ഡേ ക്രിക്കറ്റ്‌ ടീമിനെ നയിച്ച ഇന്ത്യൻ ക്രിക്കറ്റ് നായകന്മാരെ തന്നെ വരക്കയാനും നിശ്ചയിച്ചു.

guiness 3


"എന്റെ അച്ഛനെക്കാൾ പ്രായമുള്ള ക്രിക്കറ്റ്‌ ക്യാപ്റ്റനസിനെ ഒക്കെ റെക്കോർഡിനായി വരച്ചിട്ടുണ്ട്. പടം ഒക്കെ തിരഞ്ഞുപിടിച്ചെടുത്തു നോക്കി വരക്കയ്ക്കുകയായിരുന്നു." കഷ്ടപ്പെട്ടിരുന്ന് കണ്ണ് വേദനിച്ചും മറ്റും വരച്ച വരകൾക്ക് റെക്കോർഡ് തിളക്കം വന്നതിന്റെ സന്തോഷത്തിലാണ് പിറവം ഓണക്കൂർ സ്വദേശി വിഷ്ണു ഉണ്ണികൃഷ്ണൻ. ”ഇൻസ്റ്റാഗ്രാം വഴിയാണ് ഇങ്ങനൊരു റെക്കോർഡിനെ കുറിച്ചറിയുന്നത്. ജോലി ഇല്ലാതെ വീട്ടിലിരിക്കുന്ന സമയത്ത് വളരെ കോസ്റ്റ് എഫക്റ്റീവ് ആയിട്ട് ചെയ്യാൻ കഴിയുന്നൊരു കാര്യമായി തോന്നിയതു കൊണ്ടാണ് ചെറുവരകളിലേക്ക് ഫോക്കസ് ചെയ്തത്. 5എംഎം വീതിയിൽ ആണ് ഓരോ ചിത്രവും വരച്ചിരിക്കുന്നത്. ഒരു ചിത്രം വരയ്ക്കാൻ 10-15 മിനിറ്റ് നേരം ഒക്കെ എടുത്തു. ഫ്രീ ഹാൻഡ് ആയി തന്നെയാണ് വരക്കേണ്ടത്.നമ്മൾ വരയ്ക്കുന്ന വീഡിയോസ് ഉൾപ്പെടെ അവർക്ക് അയച്ചുകൊടുത്തിരുന്നു.

guiness2


ആദ്യം അപ്ലൈ ചെയ്തു. അതിൽ ഇന്നതാണ് വരയ്ക്കാൻ ഉദ്ദേശിക്കുന്നത് എന്ന് പറയും. അവർ അത്‌ നോക്കി അപ്പ്രൂവ് ചെയ്താൽ പിന്നെ എങ്ങനെ വരയ്ക്കണം എന്തൊക്ക മാനദണ്ഡങ്ങൾ ഉണ്ട്, എന്തൊക്ക തെളിവുകൾ അയച്ച് കൊടുക്കണം എന്നൊക്കെ പറയും. അതിനനുസരിച്ചാണ് വര. 15സെന്റിമീറ്റർ സ്കെയിലിന്റെ വലുപ്പത്തിൽ 24 കളിക്കാരുടെ ചിത്രമാണ് ഞാൻ വരച്ചത്. ഒറ്റയടിക്കല്ല വരച്ചത്. വരക്കുന്നതോരൊന്നും വീഡിയോ എടുത്ത് ഒരുമിപ്പിച്ച് അവർക്ക് അയച്ചുകൊടുത്തിരുന്നു. ഗ്രാഫൈറ്റ് പെൻസിൽ കൊണ്ടായിരുന്നു വരകളൊക്കെയും.

guiness4


ഒക്ടോബർ 15നാണ് റെക്കോർഡ് കിട്ടിയെന്ന് മെയിൽ വന്നത്.ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് എന്റെ കൂട്ടുകാർ തന്നെയാണ്. വരച്ചതൊക്കെ ഗ്രൂപ്പിൽ ഇട്ടപ്പോ ഞാൻ റെക്കോർഡിന് അയച്ചിട്ടുണ്ടെന്ന് അറിയാത്തവർ പോലും 'ഡാ, ഇതിനൊരു റെക്കോഡ് സാധ്യതയുണ്ടല്ലോ' എന്നൊക്കെ പറഞ്ഞിരുന്നു.ഇനിയും വര തുടരണം എന്നാണ് ആഗ്രഹം.പെൻസിൽ ഡ്രോയിങ്ങ് കൂടാതെ ചാർകോൾ, വാട്ടർ കളർ, പെൻ ഡ്രോയിങ്ങ് തുടങ്ങി പലതും ചെയ്യാറുണ്ട്." സച്ചിനെ ആണ് ഏറ്റവും ഇഷ്ടമെങ്കിലും ക്യാപ്റ്റൻസിയിൽ പ്രിയം ധോണിയെ. സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് ഡീറ്റെയിലിങ്ങ് എഞ്ചിനീയർ ആയി ജോലി ചെയ്യുകയായിരുന്നു വിഷ്ണു. ഇപ്പോൾ കമ്മീഷൻ വരകളുടെ വർക്കുകൾ ഒക്കെ ചെയ്തു കൊടുക്കാറുണ്ട്.

Tags:
  • Movies