‘വേദന കൈകളിലേക്ക് ഇറങ്ങുക, ക്ഷീണം, നെഞ്ചിൽ ഭാരം കയറ്റി വച്ചതുപോലെ..’; ഹൃദ്രോഗം തടയാൻ എന്തെല്ലാം ചെയ്യണം? Risk Factors and Causes of Heart Attack
Mail This Article
ബസ് യാത്രയ്ക്കിടയ്ക്കു പെട്ടെന്നാണു ഹൃദയമിടിപ്പിനു ചെറുതായൊരു താളം തെറ്റൽ. ഉടൻ മനസ്സിലൂടെ മിന്നിമറഞ്ഞതു നിങ്ങളൊക്കെ എന്റെ പടവുമായി ഇടാൻ പോകുന്ന ആദരാഞ്ജലി ഫെയ്സ്‌ബുക്ക് പോസ്റ്റിനെക്കുറിച്ചാണ്. മുപ്പത്തഞ്ചുകാരനായ അരവിന്ദിന്റെ ഫെയ്സ്‌ബുക്ക് പോസ്റ്റ് ചിരിപടർത്തി.
ബസിറങ്ങിയ അരവിന്ദ് നേരെ പോയത് ആശുപത്രിയിലേക്കാണ്. ഇസിജിയും രക്തപരിശോധനയുമൊക്കെ നടത്തി. കുഴപ്പമൊന്നുമില്ല. തലേന്നു കഴിച്ച ജലദോഷത്തിന്റെ മരുന്നാകാം ഹൃദയമിടിപ്പ് കൂട്ടിയതെന്ന അനുമാനത്തിനു ശേഷമാണ് അരവിന്ദ് തമാശ പോസ്റ്റിടുന്നത്.
തമാശയായി തോന്നുന്നുവെങ്കിലും അരവിന്ദിനെപ്പോലെയുള്ള ചെറുപ്പക്കാരടക്കം എല്ലാവരുടെയും മനസ്സിലെ ഭയമാണ് ഇന്നു ഹൃദയാഘാതം. ഏതു നേരത്തും മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ കടന്നു വരാം എന്ന ധാരണ ഓരോരുത്തരും പേറുന്നു. വൈദ്യശാസ്ത്രരംഗം ഏറെ പുരോഗമിച്ചതു ഹൃദയാഘാതം കൊണ്ടുള്ള മരണങ്ങൾ കുറച്ചിട്ടുണ്ടെങ്കിലും മരണകാരണങ്ങളിൽ മുൻപന്തിയിൽ ഇന്നും ഹൃദയാഘാതമുണ്ട്. എന്തായിരിക്കാം ഇതിനു കാരണം?
ജീവിതശൈലിയിലെ മാറ്റം തന്നെയാണു ഹൃദയാഘാതത്തിന്റെ പ്രായം കുറച്ചത് എന്നു പറയുന്നു ഹൃദയാരോഗ്യ വിദഗ്ധർ. സെപ്റ്റംബർ 29 ലോക ഹൃദയാരോഗ്യ ദിനമായി ആചരിക്കുന്നതിന്റെ ഉദ്ദേശം ഹൃദയാഘാതത്തെക്കുറിച്ച് അവബോധമുണ്ടാക്കുകയാണ്.
ഹൃദയാഘാതത്തെക്കുറിച്ചുള്ള 25 സംശയങ്ങൾക്കു മ റുപടി പറയുന്നു ഹൃദയ ചികിത്സാ രംഗത്തെ വിദഗ്ധ ഡോക്ടർമാരായ ഡോ. ജി. വിജയരാഘവൻ, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. അലി ഫൈസൽ.
കുഴഞ്ഞു വീണു മരിക്കുന്നതിനു കാരണം ഹൃദയാഘാതമാണോ?
ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക് ഹൃദയസ്തംഭനം അഥവാ കാർഡിയാക് അറസ്റ്റ് എന്നീ അവസ്ഥകളെ രണ്ടായി മനസ്സിലാക്കണം. കാർഡിയാക് അറസ്റ്റ് പൊടുന്നനെ ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചു പോകുന്നതാണ്. കുഴഞ്ഞു വീണുള്ള മരണങ്ങളിൽ കാർഡിയാക് അറസ്റ്റ് ആണ് സംഭവിക്കുന്നത്.
ഹൃദയാഘാതം ജീവിതശൈലിയിലെ അനാരോഗ്യകരമായ പ്രവണതകളാൽ രൂപപ്പെട്ടു വരുന്ന അവസ്ഥയാണ്. ഹൃദയാഘാതത്തിന്റെ ഒടുവിലായി ഹൃദയസ്തംഭനം (കാർഡിയാക് അറസ്റ്റ്) വന്നാകാം മരണം സംഭവിക്കുന്നത്. കാർഡിയാക് അറസ്റ്റ് സംഭവിക്കുമ്പോഴെല്ലാം കാരണം ഹൃദയാഘാതമാകണമെന്നില്ല. പല കാരണങ്ങളാൽ കാർഡിയാക് അറസ്റ്റ് സംഭവിക്കാം.
കാർഡിയാക് അറസ്റ്റ് സംഭവിക്കുന്നതിനു ജനിതകമായ കാരണങ്ങൾ, ഹൃദയപേശികളുടെ അനാരോഗ്യം, ഹൃദയമിടിപ്പിലെ പ്രശ്നങ്ങൾ (ഇലട്രിക്കൽ ഇഷ്യൂസ്), ഹൃദയത്തിന്റെ പമ്പിങ് കുറയുന്ന അവസ്ഥ, രക്തത്തിൽ ഓക്സിജന്റെ അളവ് ഗണ്യമായി കുറയുക, ശരീരത്തിൽ വിഷാംശം എത്തുക തുടങ്ങി പല വിധ കാരണങ്ങളുണ്ട്. ഹൃദയാഘാതവും (ഹാർട്ട് അറ്റാക്ക്) ഒരു കാരണമാണ്.
ഹൃദയാഘാതം ഹൃദയസ്തംഭനം എന്നീ അവസ്ഥകളിൽ സംഭവിക്കുന്നത് എന്താണ് ?
ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും രക്തം എത്തിക്കുന്ന മസ്കുലാർ പമ്പ് ആയാണു ഹൃദയം പ്രവർത്തിക്കുന്നത്. ഇതു സാധിക്കാതെ വരുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം.
ഹൃദയസ്തംഭനത്തിൽ മുഴുവൻ പ്രവർത്തനവും പെട്ടെന്നു നിലയ്ക്കും. രക്തയോട്ടവും ശ്വസനവും നിലയ്ക്കുകയും ബോധക്ഷയം ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്യും.
ഹൃദയ മാംസപേശികളിലേക്കു ശുദ്ധരക്തം എത്തിക്കുന്ന കൊറോണറി ധമനികളിലെ രക്തസഞ്ചാരത്തിനു തടസ്സം നേരിടുന്നതിനാലാണു ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയത്തിന്റെ പമ്പിങ്ങിന് ആവശ്യമായ ഊർജം ലഭിക്കുന്നത് കൊറോണറി രക്തധമനികളിലൂടെ ഒഴുകിയെത്തുന്ന രക്തത്തിലെ ഓക്സിജനിൽ നിന്നാണ്.
മൂന്നു കൊറോണറി രക്തധമനികളാണു നമുക്കുള്ളത്. അവയിൽ ബ്ലോക് ഉണ്ടാകുന്നതു രക്തപ്രവാഹം കുറയ്ക്കും. ഇതു ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതു വഴി ഹൃദയാഘാതം ഉണ്ടാകാം.
ഹൃദയ രക്തധമനികളിലെ രക്തപ്രവാഹം പൊടുന്നനെ നിലച്ചു ഹൃദയ പേശീ നാശമുണ്ടാകുന്നതിനെയാണ് ഹൃദയാഘാതം (ഹാർട്ട് അറ്റാക്ക്) അഥവാ മയോകാർഡിയൽ ഇൻഫാർക്ഷൻ എന്നു പറയുന്നത്. ഹൃദയാഘാതമുണ്ടാകുന്നതു മരണകാരണമായ കാർഡിയാക് അറസ്റ്റിലേക്കു നയിച്ചേക്കാം.
ഹൃദയസ്തംഭനം, ഹൃദയാഘാതം ഇവയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ?
ഹൃദയസ്തംഭനത്തിനു മുൻപ് കാര്യമായ ലക്ഷണങ്ങളുണ്ടാകാറില്ല. ഒരാൾ കുഴഞ്ഞു വീഴുന്നുവെങ്കിൽ ഉടനടി ചെയ്യേണ്ടത് ‘ഷേക്ക് ആൻഡ് ഷൗട്ട്’ ആണ്. കുലുക്കുക, ഉച്ചത്തിൽ വിളിക്കുക. പ്രതികരിക്കുന്നില്ല, ഒപ്പം ശ്വാസോച്ഛ്വാസവും ചെയ്യുന്നില്ല എന്നു കണ്ടാ ൽ ഹൃദയസ്തംഭനം ആണെന്ന് ഉറപ്പിക്കാം.
ഹൃദയാഘാതമാണെങ്കിൽ നെഞ്ചിൽ വേദനയാണോ എന്നു തിരിച്ചറിയാനാകാത്ത അസ്വസ്ഥത വരാം. ചിലപ്പോൾ കഠിനമായ വേദന തോന്നാം. ഹൃദയാഘാതത്തിന് രണ്ടു ദിവസം മുൻപു തന്നെ നേരിയ തോതിൽ അസ്വസ്ഥതകൾ ഉണ്ടാകാം.
വേദന കൈകളിലേക്ക് ഇറങ്ങുക, വേദനയില്ലാതെ അ കാരണമായി വിയർക്കുക, അകാരണമായി ക്ഷീണം തോന്നുക, ഹൃദയതാളത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ നെഞ്ചിൽ ഭാരം കയറ്റി വച്ചതുപോലുള്ള തോന്നൽ, അസിഡിറ്റിയുടേതു പോലുള്ള എരിച്ചിൽ തുടങ്ങിയവയും ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ഡോക്ടറെ സമീപിക്കേണ്ടതാണ്. രാത്രിയാണ് അസ്വസ്ഥത തോന്നുന്നതെങ്കിൽ നേരം വെളുക്കാൻ കാത്തിരിക്കാതെ ഹോസ്പിറ്റലിൽ എത്താൻ ശ്രദ്ധിക്കുക.
ഏത് ആശുപത്രിയിലാണു പോകേണ്ടത് ?
ഹൃദയാഘാതമാണ് എന്നു സംശയമുണ്ടെങ്കിൽ തൊട്ടടുത്ത ക്ലിനിക്കുകളിലേക്കോ പ്രഗദ്ഭ്യനായ ഡോക്ടറുടെ വീട്ടിലേക്കോ പോകരുത്. എത്ര പ്രഗദ്ഭ്യനായ ഡോക്ടറായാലും മതിയായ ചികിത്സാ സൗകര്യങ്ങൾ കൂടിയുണ്ടെങ്കിലേ വേണ്ടവിധം പ്രവർത്തിക്കാനാകൂ.
കാർഡിയാക് കാത്ത് ലാബ് സൗകര്യങ്ങളുള്ള മികച്ച ആശുപത്രികളിൽ ഏറ്റവും സമീപത്തുള്ളിടത്തു ചികിത്സ തേടുക. മതിയായ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിൽ വേണ്ട ചികിത്സ നൽകുന്നതിനായി മികച്ച ഡോക്ടറും ലഭ്യമായിരിക്കും. അടുത്തുള്ള ആശുപത്രികൾ, അവിടെ ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ എന്നിവ നേരത്തേ അറിഞ്ഞുവയ്ക്കുക.
ധമനികൾ അടയുന്നത് എങ്ങനെയാണ് ?
ഹൃദയരക്തധമനികളുടെ ഉള്ളറകൾ മൃദുത്വമേറിയ തടസ്സങ്ങളൊന്നുമില്ലാത്ത പ്രതലമാണ് ആ പ്രതലത്തിൽ പല കാരണങ്ങൾ കൊണ്ടുണ്ടാകുന്ന പോറലുകളിൽ രക്തം കട്ടപിടിക്കുകയും ദീർഘകാലം കൊണ്ട് അതിനുമേൽ കൊളസ്ട്രോളും കാൽസ്യവും വന്നടിയുകയും വ്യത്യസ്ത അനുപാതത്തിലുള്ള ബ്ലോക്കുകൾ രൂപപ്പെടുകയും ചെയ്യുന്നു. ഈ പ്രക്രിയ അതീറോസ് ക്ലീറോസിസ് എന്നറിയപ്പെടുന്നു. ഇതു ര ക്തധമനികളെ പൂർണമായി അടയ്ക്കുന്ന അവസ്ഥയിലെത്തുമ്പോൾ ഹൃദയാഘാതമുണ്ടാകുന്നു.
അതീറോസ് ക്ലീറോസിസ് പ്രക്രിയയിലൂടെ വർഷങ്ങൾ കൊണ്ടാണ് ബ്ലോക് ഉണ്ടാകുന്നത്. ഇതു ക്രമേണ വലുതാകുന്നു. ചെറിയ ബ്ലോക് ആണ് ഉള്ളതെങ്കിൽ പോലും അവിടെ വിള്ളലുകളുണ്ടാകുകയും രക്തക്കട്ടകൾ രൂപപ്പെടുകയും അവ മൂലം രക്തക്കുഴൽ അടഞ്ഞു ഹൃദയാഘാതം ഉ ണ്ടാകുകയും ചെയ്യും.
ഹൃദയസ്തംഭനത്തിനും ഹൃദയാഘാതത്തിനും ഒരേ രക്ഷാപ്രവർത്തനം ആണോ ഉപയോഗിക്കേണ്ടത്?
ഹൃദയസ്തംഭനം എന്ന അവസ്ഥയിലുള്ള വ്യക്തിക്ക് കാർഡിയോ പൾമണറി റിസസ്സിറ്റേഷൻ (സിപിആർ) നൽകുന്നത് ജീവൻ നിലനിർത്താൻ ഗുണകരമായേക്കും. ഹൃദയാഘാതം മൂലം ഹൃദയസ്തംഭനം ഉണ്ടായ വ്യക്തിക്കും സിപിആർ നൽകണം. അതേസമയം എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനും ശ്രമിക്കണം.
ഇത്തരക്കാരെ ആശുപത്രിയിലെത്തിച്ചാൽ ഇലക്ട്രിക് ഷോക്ക് കൊടുക്കുന്ന പ്രക്രിയയായ ഡിഫിബ്രില്ലേഷൻ വഴി നഷ്ടപ്പെട്ട ഹൃദയസ്പന്ദനം പുനരുജ്ജീവിപ്പിക്കാനാണ് ആരോഗ്യപ്രവർത്തകർ ശ്രമിക്കുക.
ഹൃദയാഘാത ലക്ഷണങ്ങൾ മാത്രമുള്ള വ്യക്തിയെ പെട്ടെന്ന് ആശുപത്രിയിലെത്തിച്ചാൽ മതിയാകും.
ബേസിക് ലൈഫ് സപ്പോർട്ട് (BLS) നൽകേണ്ടതെങ്ങനെ എന്ന് സ്കൂളുകൾ, കോളജുകൾ, ബോധവത്ക്കരണ പ്രോഗ്രാമുകൾ എന്നിവയിലൂടെ പരമാവധി വ്യക്തികളെ പഠിപ്പിച്ചെടുക്കേണ്ടതാണ്. അതു ലഭ്യമായില്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ സ്വയം അറിവ് സമ്പാദിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്.
ഹൃദയാഘാതം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ് ?
ഹൃദയാഘാതം പുരുഷന്മാരിലാണു സ്ത്രീകളെ അപേക്ഷിച്ചു കൂടുതൽ. പുകവലി, വ്യായാമമില്ലായ്മ, കുടവയറുള്ള അല്ലെങ്കിൽ ഇടുപ്പിന് വണ്ണക്കൂടുതലുള്ള അമിതവണ്ണം, അമിത രക്തസമ്മർദം എന്നിവ ഹൃദയാഘാത സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. എൽഡിഎൽ കൊളസ്ട്രോൾ, ഹൃദയത്തിനു സംരക്ഷണം നൽകുന്ന എച്ച്ഡിഎൽ കൊളസ്ട്രോളിനെക്കാൾ കൂടുന്ന അവസ്ഥ ഹൃദയാഘാതത്തിലേക്കു നയിക്കാം.
പ്രമേഹമുള്ളവർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അഞ്ചിരട്ടിയാണ് എന്നു പഠനങ്ങൾ പറയുന്നു. പ്രമേഹമുള്ള മിക്കവർക്കും രക്തത്തിലെ പഞ്ചസാരയുടെ അളവു വേണ്ടവിധം നിയന്ത്രിച്ചു നിർത്താൻ കഴിയുന്നില്ല എന്നതാണു ഹൃദയാഘാതത്തിനു കാരണമായി വരുന്നത്.
പുരുഷന്മാരിൽ 45 നു മുകളിലും സ്ത്രീകൾക്കു 55 നു മുകളിലും ഹൃദയാഘാത സാധ്യത വർധിക്കും. മാസമുറ അവസാനിക്കുന്നതാണു സ്ത്രീകളിൽ ഹൃദയാഘാത സാധ്യത കൂട്ടുന്നത്. 55 വയസ്സിനു താഴെയുള്ള പുരുഷന്മാർക്കു സ്ത്രീകളെക്കാൾ ഹൃദയാഘാത സാധ്യത കൂടുതലാണ്. 55 കഴിഞ്ഞാൽ ഇരുകൂട്ടർക്കും ഒരുപോലെയാണ്.
ഹൃദയാഘാതം എങ്ങനെ തടയാനാകും?
ഹൃദയാഘാതത്തിന് മുൻപുള്ള ലക്ഷണങ്ങൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കുകയാണു മാർഗം. പലപ്പോഴും ഗുരുതരമായ ഹൃദയാഘാതത്തിനു മുൻപായി നെഞ്ചുവേദന നെഞ്ചിൽ വല്ലാത്ത അസ്വസ്ഥത എന്നിവ ലക്ഷണമായി കാണാറുണ്ട്. ചെറിയ നെഞ്ചു വേദനകളെ നിസ്സാരമാക്കി തള്ളിക്കളയാതിരിക്കുക. ഗ്യാസ് മൂലമുള്ള നെഞ്ചുവേദനയാണെങ്കിലും അതു ഡോക്ടറെ കണ്ടു നിർണയിച്ച് ഉറപ്പാക്കുന്നതാണു നല്ലത്.
ഹൃദയാഘാതത്തിന്റെ നെഞ്ചുവേദന സാധാരണ നെഞ്ചിന്റെ മധ്യഭാഗത്തായാണ് അനുഭവപ്പെടുക. ഇടതു വശത്തോ അപൂർമായി വലതു വശത്തോ പിൻഭാഗത്തായോ വേദന വരാം. വേദന കയ്യിലേക്കോ കഴുത്തിലേക്കോ കീഴ്ത്താടിയിലേക്കോ പടരുന്നുണ്ടെങ്കിൽ വളരെ സൂക്ഷിക്കണം. നെഞ്ചിൽ ഭാരം, മുറുക്കം, കഴപ്പ്, എരിച്ചിൽ എന്നിവ തോന്നുന്നുവെങ്കിലും ഹൃദയാഘാത സാധ്യതയാകാം എന്നതിനാൽ ചികിത്സ തേടി സുരക്ഷിതരാകുക. നെഞ്ചുവേദനയോടൊപ്പം അല്ലാതെ ശ്വാസംമുട്ടൽ, ബോധക്ഷയം, അകാരണമായി വിയർക്കുക എന്നീ ലക്ഷണങ്ങൾ കണ്ടാലും ഹൃദയാഘാതമല്ല എന്നുറപ്പു വരുത്തണം.
അധ്വാനിക്കുക, കയറ്റം കയറുക, ഭാരം എടുക്കുക എ ന്നിവ ചെയ്യുമ്പോൾ നെഞ്ചുവേദനയോ അസ്വസ്ഥതയോ തോന്നുക, അഞ്ചോ–പത്തോ മിനിറ്റ് വിശ്രമിച്ചാൽ ബുദ്ധിമുട്ടു കുറയുക, ഇതു ഉറപ്പായും ഹൃദയാഘാത സാധ്യതയെ കാണിക്കുന്ന സൂചനയാണ്.
സ്ത്രീകളിൽ ഹൃദയാഘാത സമയത്തുള്ള ലക്ഷണങ്ങൾ പുരുഷന്മാരിൽ നിന്നും വ്യത്യസ്തമായിരിക്കുമോ ?
പുരുഷന്മാരിൽ കാണുന്നതുപോലെ നെഞ്ചിന്റെ നടുവിൽ വേദന, വേദന കൈകളിലേക്കു പടരുക, അകാരണമായി വിയർക്കുക തുടങ്ങിയ ലക്ഷണങ്ങൾ സ്ത്രീകളിൽ ഹൃദയാഘാത സമയത്ത് ഉണ്ടാകണമെന്നില്ല. ക്ഷീണം, തളർച്ച, ശ്വാസം മുട്ടൽ, ബോധം കെടു ക തുടങ്ങിയ ലക്ഷണങ്ങളാണു കൂടുതലായി കാണുക. ഹൃദയാഘാതമാണു സംഭവിച്ചിരിക്കുന്നത് എന്നു മനസ്സിലാക്കാൻ വൈകാനും ചികിത്സ വൈകാനും അത് ഇടയാക്കാറുണ്ട്.
സ്ത്രീകൾക്ക് ഹൃദയാഘാത സാധ്യത കുറവാണ് എ ന്ന ധാരണ മൂലം നെഞ്ചുവേദന വന്നാലും ചികിത്സ തേടാൻ വൈകുന്ന പതിവുമുണ്ട്. ആർത്തവവിരാമം വരെ ശരീരത്തിലെ ഈസ്ട്രജൻ ഹോർമോൺ സ്ത്രീകൾക്ക് ഒരു പ രിധിവരെ സുരക്ഷിതത്വം നൽകുന്നുണ്ട്. ആർത്തവവിരാമ ശേഷം അതു കുറയുന്നതിനാൽ ഹൃദയാഘാത സാധ്യത പുരുഷന്മാരുടേതിനു തുല്യമാകുന്നു.
ഗർഭനിരോധന ഗുളികൾ കഴിക്കുന്നവർ, 65 നു മേൽ പ്രായമുള്ള സ്ത്രീകൾ എന്നിവരിൽ ഹൃദ്രോഗ സാധ്യത പുരുഷന്മാരുടേതിനേക്കാൾ കൂടുതലാണ് എന്നു മറക്കരുത്. ആർത്തവവിരാമം കഴിഞ്ഞാൽ നിശ്ചിത ഇടവേളകളിൽ ഹൃദയാഘാത സാധ്യതാ പരിശോധന അത്യാവശ്യമാണ്.
ഹൃദയാഘാതം വന്ന വ്യക്തിക്ക് എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കേണ്ടതിന്റെ ആവശ്യം എന്താണ് ?
ഹൃദയാഘാതമുണ്ടായാൽ എത്രയും പെട്ടെന്ന് ചികിത്സ ലഭിക്കേണ്ടതു മികച്ച ഫലം നൽകുന്നതിന് അത്യാവശ്യമാണ്. ഹൃദയാഘാതം ഉണ്ടായ ശേഷമുള്ള ആദ്യ നാലു മണിക്കൂറുകളെ ‘ഗോൾഡൻ അവേഴ്സ്’ എന്നാണ് പറയുക. കൊറോണറി രക്തധമികളിലെ ബ്ലോക്ക് മൂലം ഓക്സിജൻ കിട്ടാതെ വരുമ്പോൾ ഹൃദയ പേശികളിലെ കോശങ്ങൾ എന്നേക്കുമായി നിർജീവമായി പോയേക്കാം. ഇതു ഭാവിയിൽ ഹൃദയത്തിന്റെ പമ്പിങ് ക്ഷമത കുറയുവാനും ഹൃദയപരാജയ സാധ്യത വർധിപ്പിക്കാനും ഇടയാക്കും. ഹൃദയാഘാതമുണ്ടായാൽ സുവർണ മണിക്കൂറുകൾക്കുള്ളിൽ തന്നെ ചികിത്സ ലഭിച്ചാൽ കോശങ്ങൾ നശിക്കുന്നതു പരമാവധി തടയാനും പമ്പിങ് ക്ഷമത പരമാവധി കാത്തുരക്ഷിക്കാനും കഴിയും. ആദ്യ മണിക്കൂറിൽ തന്നെ ചികിത്സ ലഭിച്ചാൽ ഹൃദയപേശീനാശം പൂർണമായി തടയാനായെന്നു വരാം.
ഹൃദയാഘാതത്തിനുള്ള ചികിത്സകൾ എന്തൊക്കെയാണ് ?
എസ്ടി എലിവേഷൻ മയോകാർഡിനൽ ഇൻഫ്രാക്ഷൻ (STEMI) നോൺ എസ്ടി എലിവേഷൻ മയോകാർഡിനൽ ഇൻഫ്രാക്‌ഷൻ എന്നിങ്ങനെ തീവ്രതയനുസരിച്ചു ഹൃദയാഘാതത്തെ രണ്ടായി തിരിക്കാം.
ഗുരുതരമായ എസ്ടി എലിവേഷൻ മയോകാർഡിനൽ ഇൻഫ്രാക്‌ഷൻ ആണു സംഭവിച്ചിരിക്കുന്നതെങ്കിൽ അടി യന്തരമായി പ്രൈമറി ആൻജിയോപ്ലാസ്റ്റി ചെയ്തു രക്തപ്രവാഹം പുനസ്ഥാപിക്കും.
നാലു മുതൽ ആറു മണിക്കൂറിനകം ഇതു ചെയ്തിരിക്കണം. ഹൃദയാഘാതമുള്ളവരെ ഏറ്റവും കൂടുതലായി രക്ഷപെടുത്തുന്ന ചികിത്സാമാർഗമാണിത്.
നോൺ എസ്ടി എലിവേഷൻ മയോകാർഡിനൽ ഇൻഫ്രാക്‌ഷൻ ആണെങ്കിൽ രക്തക്കട്ട അലിയിച്ചു കളയാനുള്ള ത്രോംബോലൈറ്റിക് ഇൻജക്‌ഷൻ ചികിത്സയായിരിക്കും ഉടനടി പ്രയോഗിക്കുക.
മരുന്നുകൾ കഴിക്കുന്നതിലൂടെ ബ്ലോക്കുകളെ ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കുമെങ്കിലും രക്തപ്രവാഹത്തെ സാരമായി ബാധിക്കുന്ന ബ്ലോക്കുകൾക്ക് ആൻജിയോപ്ലാസ്റ്റി, ബൈപ്പാസ് സർജറി എന്നിവയാണു ഡോക്ടർമാർ നിർദേശിക്കുന്നത്.
കൈകാലുകളിലെ ഞരമ്പു വഴി കടത്തിവിടുന്ന ട്യൂബിലൂടെ ഹൃദയരക്തക്കുഴലുകളിലുണ്ടാകുന്ന ബ്ലോക്കുകൾ നീക്കം ചെയ്യുന്ന ചികിത്സാ രീതിയാണ് ആൻജിയോപ്ലാസ്റ്റി. കാർഡിയാക് കത്തീറ്ററൈസേഷൻ പ്രക്രിയയിലൂടെയാണ് ഇതു ചെയ്യുന്നത്.
ട്യൂബിലൂടെ കൊഴുപ്പടിഞ്ഞ ധമനികളെ വികസിപ്പിക്കുകയും വീണ്ടും അടഞ്ഞു പോകാതിരിക്കാൻ സ്റ്റെന്റ് ഘടിപ്പിക്കുകയും ചെയ്യുന്നു. ആൻജിയോപ്ലാസ്റ്റിയുടെ നൂതന രൂപമായ ഒസിടി ഗൈഡഡ് ആൻജിയോപ്ലാസ്റ്റി ചികിത്സയും ഇന്നു ലഭ്യമാണ്.
ലക്ഷണമില്ലാതെ ഹൃദയാഘാതം സംഭവിക്കുമോ ?
പത്തു ശതമാനം രോഗികളിൽ ലക്ഷണങ്ങളില്ലാതെ ഹൃദയാഘാതം വരാറുണ്ട്. (സൈലന്റ് ഹാർട്ട് അറ്റാക്ക്). ഹൃദയധമനികളിൽ ബ്ലോക്ക് ഉണ്ടാകുന്ന ‘കൊറോണറി ആർട്ടറി ഡിസീസ്’ എന്ന അവസ്ഥയിൽ ലക്ഷണങ്ങൾ കണ്ടെന്നു വരില്ല. പ്രമേഹമുള്ളവരിലും കാര്യമായ ലക്ഷണങ്ങളില്ലാതെ ഹൃദയാഘാതം വരാം. ഞരമ്പുകൾ ശരിയായി വേദന സംവേദനം ചെയ്യാതിരിക്കുന്ന അവസ്ഥ പ്രമേഹരോഗികൾക്ക് ഉള്ളതി നാലാണു ലക്ഷണം അറിയാതെ പോകുന്നത്. നിശ്ചിത ഇടവേളകളിൽ ഹൃദ്രോഗ പരിശോധന നടത്തുകയാണ് ഇ തു തടയാനുള്ള മാർഗം.
ഉറക്കത്തിൽ ഹൃദയാഘാതം വരുന്നത് എന്തുകൊണ്ടാണ് ?
ഉറക്കത്തിൽ ഹൃദയാഘാതം വരുന്നവരിൽ 25% പേരും നേരത്തേ രോഗികളായവരാണ്. 15% പേർ ഒരു കാരണവുമില്ലാതെ മരണപ്പെടുന്നുണ്ട്. ഹൃദയ പേശികൾക്ക് ബലക്ഷയമോ, കട്ടി കൂടുതലോ, ഇസിജി വ്യതിയാനമോ ഉള്ളവരാണ് ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരണപ്പെടാനുള്ള സാധ്യത കൂടുതൽ. ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലാതെ ഉറക്കത്തി ൽ ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചു മരണപ്പെടുന്നതി നുള്ള പ്രധാനമായ കാരണങ്ങൾ സ്ലീപ് അപ്നിയ പോലുള്ള ഉറക്ക പ്രശ്നങ്ങൾ, മരുന്നുകളുടെ പാർശ്വഫലം, സ്ട്രോക്ക്, തുടങ്ങിയവയാണ്. ഉറക്കത്തിൽ മരണപ്പെടുന്നവരിൽ പകുതിയിലധികം ആളുകൾക്കും ശ്വാസതടസ്സം, നെഞ്ചുവേദന, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ നേരത്തേ വന്നിട്ടുണ്ടാകും. അവയെ അവഗണിക്കുന്നതാണ് ഉറക്കത്തിലുള്ള ഹൃദയാഘാതത്തിനു കാരണം.
ഉറക്കക്കുറവ് ഹൃദയാഘാതം വരുത്തുമോ ?
ഏഴ്–എട്ടു മണിക്കൂർ ദിവസവും ഉറങ്ങുക എന്നത് ആരോഗ്യജീവിതത്തിനു പ്രധാനമാണ്. ഉറക്കക്കുറവും അമിതമായ ഉറക്കവും ഹൃദയാരോഗ്യത്തെ ബാധിക്കും. ആറു മണിക്കൂറിൽ താഴെ ഉ റങ്ങുന്നവർക്ക് ഏഴെട്ടു മണിക്കൂർ ഉറങ്ങുന്നവരെക്കാൾ ഹൃദയാഘാത സാധ്യത 1.7 മടങ്ങ് കൂടുതലാണ്. പത്തു മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരിൽ ഹൃദയാഘാത സാധ്യത 1.8 മടങ്ങ് കുടുതലാണ്. ഉറക്കക്കുറവും അമിത ഉറക്കവും രക്തസമ്മർദം കൂട്ടും. അതു ഹൃദയാഘാതത്തിനു കാരണമാകാം. സ്ലീപ് അപ്നിയ എന്ന ഉറക്കപ്രശ്നമുള്ളവർക്കു ഹൃദയാഘാത സാധ്യത കൂടുതലാണെന്നു പഠനങ്ങൾ പറയുന്നു.
മാനസിക സമ്മർദം ഹൃദയാഘാത സാധ്യത കൂട്ടുമോ ?
മാനസിക സമ്മർദം ഹൃദയാഘാത സാധ്യത കൂട്ടുന്ന ഘടകമാണ്. ഗാർഹിക മാനസിക സമ്മർദം, തൊഴിലിടങ്ങളിലെ സമ്മർദങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, മാനസിക സംഘർഷത്തിലേക്കു നയിക്കുന്ന ഉറ്റവരുടെ മരണം, ബന്ധങ്ങളിലെ പ്രശ്നങ്ങൾ, ഡിപ്രഷൻ പോലുള്ള മറ്റു ജീവിത പ്രശ്നങ്ങൾ ഇവയൊക്കെ ഹൃദയാഘാതത്തിലേക്ക് എത്തിക്കാം. ഹൃദയാഘാത സാധ്യത വർധിച്ച അവസ്ഥയിൽ വികാര വിക്ഷോഭത്തിന് അടിപ്പെടുന്നതു ഹൃദയാഘാതം വരുന്നതിനു കാരണമാകാറുണ്ട്. വികാരങ്ങളെ നിയന്ത്രിച്ചു സമാധാനപരമായ മാനസിക നില പൊതുവിൽ നിലനിർത്തേണ്ടത് ആവശ്യമാണ്. സമ്മർദങ്ങളിൽ അടിപ്പെട്ടു നിൽക്കുന്നവർ മാനസികസമ്മർദം കുറയ്ക്കുന്നതിനായുള്ള മാർഗങ്ങൾ ഉറ പ്പായും ശീലമാക്കേണ്ടതാണ്.
ഹൃദയാഘാത പരിശോധനകൾ എന്തൊക്കെയാണ് ?
ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുള്ള വ്യക്തികളിൽ ഹൃദയാഘാതം അറിയാനുള്ള ടെസ്റ്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഇസിജി ആയിരിക്കും ആദ്യം നടത്തുക. നിശ്ചിത ഇടവേളകളിൽ മൂന്ന് ഇസിജി ടെസ്റ്റ് വരെ എടുക്കേണ്ടി വന്നേക്കാം. ഇത് അനാവശ്യമായി ചെയ്യുന്നതല്ല എന്നു മനസ്സിലാക്കി ഡോക്ടറോടു സഹകരിക്കുക.
ഇസിജി ഉടനടി വിദഗ്ധ നിരീക്ഷണത്തിന് വിധേയമാക്കുക കൂടി വേണം. ഇസിജിയ്ക്കൊപ്പം ട്രോപോണിൻ ടെസ്റ്റ് എടുക്കേണ്ടി വരാം. ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലായാൽ ട്രോപോണിൻ എന്ന പ്രോട്ടീനിന്റെ സാന്നിധ്യം രക്തത്തിൽ ഉണ്ടാകും. തകരാറിന്റെ തീവ്രത കൂടുതലിന് അനുസരിച്ച് ട്രോപോണിൻ അളവും കൂടിയിരിക്കും.
മറ്റൊരു പരിശോധന എക്കോ കാർഡിയോഗ്രാം ആണ്. ഹൃദയത്തിന്റെ പ്രവർത്തനം നേരിട്ടു കാണാൻ കഴിയുന്ന പരിശോധനയാണിത്. ചെറിയ തോതിൽ ഹൃദയാഘാതം വന്നിട്ടുള്ളവരിൽ ഹൃദയപേശികളുടെ പ്രവർത്തനത്തിലു ള്ള മാറ്റം തിരിച്ചറിയാൻ ഈ ടെസ്റ്റ് സഹായിക്കും.
രോഗലക്ഷണങ്ങളൊന്നും ഇല്ലാതെ മറഞ്ഞിരിക്കുന്ന ഹൃദയാഘാത സാധ്യത തിരിച്ചറിയാൻ ട്രെഡ് മിൽ ടെസ്റ്റ് (ടിഎംടി) സഹായിക്കും. വേഗത്തിൽ നടന്നുകൊണ്ടിരിക്കുമ്പോൾ എടുക്കുന്ന ഇസിജി ആണ് ടിഎംടി. നടക്കാൻ ബുദ്ധിമുട്ടുള്ളവരിൽ സ്ട്രെസ് എക്കോകാർഡിയോഗ്രാം എന്ന പരിശോധനയിലൂടെ ഹൃദ്രോഗ സാധ്യത കണ്ടെത്താം. മരുന്നുകൾ നൽകി ഹൃദയത്തിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തി ഹൃദയപേശികളുടെ പ്രവർത്തനത്തിലുള്ള വ്യതിയാനം കണ്ടെത്തുന്ന രീതിയാണിത്.
ബ്ലോക്കുകൾ കണ്ടെത്തുന്നതിനായി ന്യൂക്ലിയർ ഇമേജിങ്, സിടി കാൽസ്യം സ്കോറിങ്, കൊറോണറി ആൻജിയോഗ്രാം സിടി കൊറോണറി ആൻജിയോഗ്രാം എന്നീ പരിശോധനകളാണ് ഉപയോഗിക്കുന്നത്.
ഹൃദയാഘാതം വന്നവരുടെ ജീവിതം തുലാസിലാണ്. ഏതു നിമിഷവും മരണം കടന്നുവരാം എന്ന ചിന്ത ശരിയോ ?
ഒരിക്കലുമല്ല. ലോകത്തിൽ ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് ഹൃദയാഘാതം മൂലമാണെങ്കിലും ഹൃദയാഘാതം വന്നവരെല്ലാം അധികം താമസിയാതെ മരിച്ചു പോകും എന്ന ധാരണ തെറ്റാണ്. ശരിയായ ചികിത്സ, വ്യായാമം, ജീവിതശൈലീ ക്രമീകരണം എന്നിവയിലൂടെ സ്വാഭാവികമായ മരണം സംഭവിക്കുന്നിടത്തോളം കാലം ആരോഗ്യകരമായി ജീവിക്കുന്നവരുണ്ട്.
ഗുരുതരമായ വിധത്തിൽ ഹൃദയാഘാതം വന്നവർക്ക് ഇടത് വെൻട്രിക്കിൾ പ്രവർത്തനം കുറവാണെങ്കിൽ അപകടസാധ്യത കൂടാം. അതു പരിഹരിക്കാനായി ശരീരത്തിൽ ICD (ഇൻപ്ലാന്റബിൾ കാർഡിയോ ഡിഫ്രിബില്ലേറ്റർ) എന്ന ഉപകരണം ഘടിപ്പിക്കേണ്ടി വരും.
ഹൃദയാഘാതം ഉണ്ടായവർ ഭക്ഷണത്തിൽ എ ന്തു മാറ്റം വരുത്തണം ?
ഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉൾപ്പെടുത്തണം. ജങ്ക് ഫൂഡ്, ഫാസ്റ്റ് ഫൂഡ് എന്നിവ ഒഴിവാക്കുക. വേവിച്ച പച്ചക്കറികളെക്കാൾ വേവിക്കാത്തവയാണു ഹൃദയാരോഗ്യത്തിനു നല്ലത്. അതിനാൽ നിത്യവും സാലഡ്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ചീര, ഉലുവയില, മല്ലിയില, പുതിനയില എന്നിവയടക്കം ഇലക്കറികൾ ഭക്ഷണത്തിന്റെ ഭാഗമാക്കുക.
അരി, ഗോതമ്പ്, ബാർലി, ചോളം, ഓട്സ് എന്നിവയെല്ലാം സമീകൃതമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ന ന്നായിരിക്കും. അരിയാഹാരം അമിതമായി കഴിക്കരുത്.
കാർബോഹൈഡ്രൈറ്റ് അധികമായി ശരീരത്തിലെത്തുന്നതു കൊഴുപ്പായി രൂപാന്തരപ്പെട്ടു ഹൃദയധമനികളിൽ അടിയും. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ നിർബന്ധമായും ഒഴിവാക്കുക. അവ കൊളസ്ട്രോൾ കൂട്ടും. മീൻ, ചിക്കൻ തുടങ്ങിയ ഭക്ഷണങ്ങൾ ഫ്രൈ ചെയ്തവ ഒഴിവാക്കി കറി കഴിക്കുക. മുട്ടയുടെ വെള്ളക്കരു കഴിക്കാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മഞ്ഞക്കരുവോടെ കഴിക്കുന്നതിൽ കുഴപ്പമില്ല. പാൽ പാട നീക്കാതെ കഴിക്കുന്നതിലും തെറ്റില്ല.
ഹൃദയാഘാത സാധ്യത കുറയ്ക്കാൻ ഏത് എണ്ണ ഉപയോഗിക്കുന്നതാണ് അഭികാമ്യം ?
ഹൈഡ്രോ കാർബണുകളുടെ സംയുക്തമാണ് എണ്ണകൾ. കാർബൺ സംയുക്തങ്ങളുടെ ഘടന അനുസരിച്ച് അവയെ സാചുറേറ്റഡ് ഫാറ്റി ആസിഡുകൾ കൂടുതലുള്ളവ അൺസാചുറേറ്റഡ് ഫാറ്റി ആസിഡുകൾ കൂടുതലുള്ളവ എന്നു തരംതിരിക്കാം. അൺസാചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയ എണ്ണകളാണു താരതമ്യേന ആരോഗ്യകരം.
വെളിച്ചെണ്ണയിലും പാമോയിലിലും അധികശതമാനവും സാചുറേറ്റഡ് ഫാറ്റി ആസിഡുകളാണ് ഉള്ളത്. ഗുണദോഷങ്ങളെ തുലനം ചെയ്തു നോക്കിയാൽ (റിസ്ക് ബെനിഫിറ്റ് അനാലിസിസ്) വെളിച്ചെണ്ണയിലും പാമോയിലിലും ദോഷങ്ങളാണു കൂടുതൽ എന്നാണു പഠനങ്ങൾ ക ണ്ടെത്തിയിട്ടുള്ളത്. നാളികേരവും അമിതമായി ഉയോഗിക്കുന്നത് ഹൃദയാരോഗ്യത്തിനു നല്ലതല്ല.
സൺഫ്ലവർ ഓയിൽ, റൈസ് ബ്രാൻ ഓയിൽ, കനോല ഓയിൽ, മസ്റ്റാർഡ് ഓയിൽ, ഒലിവ് ഓയിൽ എന്നിവയിൽ അൺസാചുറേറ്റഡ് ഫാറ്റി ആസിഡുകളാണു കൂടുതൽ എന്നതിനാൽ താരതമ്യേന ആരോഗ്യകരമാണ്. പൊതുവിൽ എണ്ണ ഉപയോഗം കുറയ്ക്കേണ്ടതു ഹൃദയാരോഗ്യത്തിനു പ്രധാനമാണ്. ഒരിക്കൽ ചൂടായ എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഒട്ടും നല്ലതല്ല.
ഹൃദയാഘാത സാധ്യത പാരമ്പര്യമായി വരുമോ ?
ജനിതകപരമായി ഹൃദയാഘാത സാധ്യത വരാം. 40 വയസ്സിനു താഴെ ഹൃദയാഘാതം വരുന്ന മിക്കവരിലും ജനിതക സാധ്യത കാണാം. കണിശമായ ജീവിതശൈലി കൊണ്ട് അതിനെ അതിജീവിക്കാൻ ശ്രമിക്കുകയാണു പരിഹാരം.
ഹൃദയാഘാത പാരമ്പര്യമുള്ളവർ പുകവലി ഒഴിവാക്കുക. നിയന്ത്രിതമായ വിധത്തിൽ വ്യായാമം ചെയ്യുക. മെഡിക്കൽ ചെക്കപ്പ് ചെയ്തു ഹൃദയത്തിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷം ഡോക്ടറുടെ നിർദേശപ്രകാരമാണു വ്യായാമങ്ങൾ ചെയ്യേണ്ടത്.
ഹൃദയാഘാത പാരമ്പര്യമുള്ളവർ അമിതമായി വ്യായാമം ചെയ്യരുത്. ഷട്ടിൽ, ബാഡ്മിന്റൻ പോലുള്ള ഗെയിംസ് കളിക്കുകയാണങ്കിൽ വാമിങ് അപ് ചെയ്തു ശരീരത്തെ ഒരുക്കിയ ശേഷം മാത്രം കളിക്കുക. അക്രമണോത്സുകമായ കളി ഇത്തരക്കാർക്ക് അപകടമുണ്ടാക്കിയേക്കും. ഇടയ്ക്കിടെ ഷുഗർ ലെവൽ നോക്കേണ്ടത് അത്യാവശ്യമാണ്.
ഹൃദയാഘാതം വന്നയാൾക്ക് ലൈംഗിക ജീവിതം തുടരാനാകുമോ ?
ആൻജിയോപ്ലാസ്റ്റി ചികിത്സ കഴിഞ്ഞു മൂന്ന് – നാല് ആഴ്ച കഴിഞ്ഞു ഹൃദയത്തിന്റെ പ്രവർത്തനക്ഷമത അതിനനുവദിക്കുന്നുണ്ടെന്ന് ഡോക്ടറോടു ചോദിച്ചുറപ്പിച്ച ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം. നടക്കുമ്പോൾ നെഞ്ചുവേദന, ശ്വാസംമുട്ട് പോലുള്ള അസ്വസ്ഥതകൾ തുടങ്ങിയവ ഇല്ലെന്ന് ഉറപ്പാക്കണം. മരുന്നുകളുടെ പാർശ്വഫലം കൊണ്ടോ മനസ്സിലെ ഭയം കൊണ്ടോ ലൈംഗികബന്ധം ചിലർക്കു പ്രയാസകരമായി മാറാം. മാനസികാരോഗ്യം വീണ്ടെടുക്കുകയാണ് അതിനുള്ള പ്രതിവിധി. ശരിയായ ആരോഗ്യ നിർദേശങ്ങൾ സ്വീകരിച്ച് ലൈംഗിക ജീവിതം തുടരാം.
കോവിഡ് ബാധ ഹൃദയാഘാതം വന്നവരെ ഗുരുതരമായി ബാധിക്കുമോ ?
ഹൃദയപേശികളുടെ പ്രവർത്തനം കുറഞ്ഞിരിക്കുന്നവരാകയാൽ കോവിഡ് മൂലമുണ്ടാകുന്ന നീർവീക്കം രക്തക്കുഴലുകളെ ബാധിച്ചു രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കാം.
കോവിഡ് ബാധ രക്തധമനികളിൽ നീർവീക്കം വരുന്ന കൊറോണറി വാസ്കുലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാക്കാം. ഇതു ഹൃദയാഘാതത്തിലേക്ക് നയിക്കാം.
ഹൃദയത്തിന്റെ പ്രവർത്തന പരാജയം ശ്വാസകോശത്തിൽ നീർക്കെട്ടു വരുത്താറുണ്ട്. കോവിഡ് ബാധിക്കുന്നതും ശ്വാസകോശത്തെയാണ്.
അതിനാൽ ഹൃദയാരോഗ്യ പ്രശ്നമുള്ളവരിൽ കോവിഡ് ബാധ ഗുരുതരമാകാൻ സാധ്യത കൂടുതലാണ്. മറഞ്ഞിരിക്കുന്ന ഹൃദയാരോഗ്യ പ്രശ്നങ്ങളും വില്ലനാകാം.
സങ്കീർണതകൾക്കു സാധ്യതയുള്ളതിനാൽ കോവിഡ് ബാധിച്ചാൽ ഹൃദയാരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ അതു ചികിത്സകരോടു പ്രത്യേകമായി അറിയിക്കുക.
സിപിആർ നൽകേണ്ടത് എങ്ങനെയാണ് ?
എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രഥമ ശുശ്രൂഷയാണ് സിപിആർ. കുഴഞ്ഞു വീണയാൾക്കു ശരിയായി സിപിആർ നൽകാനായാൽ ഒരുപക്ഷേ അ യാളുടെ ജീവൻ രക്ഷിക്കാനാകും. ഹൃദയ സ്പന്ദനം നിലച്ചു പോകുന്ന കാർഡിയാക് അറസ്റ്റ് സംഭവിച്ച വ്യക്തിയുടെ ശരീരത്തിലെ രക്തയോട്ടം നിലനിർത്തി മസ്തിഷ്കത്തിന്റെ പ്രവർത്തനം പരിരക്ഷിക്കുന്നതിനാണ് ഇതു ചെയ്യുന്നത്. ഇല്ലെങ്കിൽ ജീവൻ രക്ഷിക്കാനായാലും ഓർമ, സംസാരം, ചലനശേഷി തുടങ്ങി മറ്റു ശേഷികൾ നഷ്ടപ്പെട്ടുപോകാം.
ബോധം കെട്ടു വീണയാളെ നിലത്ത് അല്ലെങ്കിൽ ഉറപ്പുള്ള പ്രതലത്തിൽ മലർത്തി കിടത്തുകയാണ് ആദ്യം വേണ്ടത്. ഹൃദയം സ്ഥിതി ചെയ്യുന്ന ഭാഗത്തു കൈപ്പത്തിയുടെ അടിഭാഗം അമർത്തി അടുത്ത കൈ അതിനു മുകളിലായി വയ്ക്കുക. ൈകമുട്ട് നിവർത്തിപ്പിടിച്ചു ശക്തിയായി മർദം നൽകുക. ഒരു മിനിറ്റിൽ 100 തവണയെങ്കിലും മർദം നൽകണം.
രോഗിയെ ആശുപത്രിയിലെത്തിക്കാൻ വേണ്ട ഏർപ്പാട് എത്രയും പെട്ടെന്നു ചെയ്യുകയും യാത്രയിൽ സിപിആർ നൽകിക്കൊണ്ടിരിക്കുകയും ചെയ്യണം. ബോധരഹിതരായവർ കണ്ണു തുറന്നു സംസാരിക്കുന്നതു വരെയോ, ഡോക്ടറുടെ സേവനം ലഭ്യമാകുന്നതു വരെയോ ഇതു തുടരണം.
ഹൃദയാഘാതമുണ്ടാകുകയാണ് എന്നു തോന്നിയാൽ എന്താണ് ചെയ്യേണ്ടത് ?
കട്ടിലിലോ കസേരയിലോ ചാരി ഇരിക്കുക. കിടക്കുകയാണെങ്കിൽ തല ഉയർത്തിവച്ചു നിവർന്നു കിടക്കുക. പടികൾ കയറുകയോ ഇറങ്ങുകയോ ചെയ്യരുത്.
ആസ്പിരിൻ ഗുളികയുണ്ടെങ്കിൽ ഒരെണ്ണം കടിച്ചു ചവച്ചു ഒരു ഗ്ലാസ് വെള്ളത്തോടൊപ്പം കഴിക്കുക. സോർബിട്രേറ്റ് എന്ന ഗുളിക ഒരെണ്ണം നാവിനടിയിൽ ഇടാം. ശരീരത്തിന് അധികം ഇളക്കം തട്ടാതെ ഉടനടി ആശുപത്രിയിൽ എത്തിക്കുക.
