ഇതെന്റെ ജീവിതമാണെന്ന് പറഞ്ഞ് ആ പെൺകുട്ടി എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു: ‘ഫെമിനിച്ചി ഫാത്തിമ’യിൽ ഫാത്തിമയായി അഭിനയിച്ച ഷംല ഹംസ Feminichi Fathima Fame Actress Shamla Hamsa Talks to Vanitha

Mail This Article
വലിയ ഒച്ചപ്പാടും ബഹളവും ഒന്നുമില്ലാത്തൊരു കൊച്ചു സിനിമ, യാതൊരു വാഗ്ദാനങ്ങളും മുന്നോട്ട് വയ്ക്കാത്തൊരു സിനിമ അതാണ് ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’. എന്നിട്ടും സിനിമ കണ്ട് കഴിഞ്ഞിറങ്ങിയവർക്ക് ‘സിനിമ’യിൽ നിന്നിറങ്ങി വരാൻ അൽപം സമയമെടുക്കും. അതിലെ ഓരോ കഥാപാത്രവും തങ്ങളുടെ കഥകൾ പറഞ്ഞ് സ്ക്രീനിൽ നിന്നിറങ്ങി ഒപ്പം നടക്കും. അഭിനയം കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ സിനിമയിലെ നായിക ഫാത്തിമയായി അഭിനയിച്ച ഷംല ഹംസ വിശേഷങ്ങളുമായി ‘വനിത’യ്ക്ക് ഒപ്പം ചേരുന്നു.
സിനിമയിൽ നിൽക്കാൻ ഏറെ കൊതിച്ചതാണ്
‘ആയിരത്തൊന്ന് നുണകൾ’ ആയിരുന്നു ആദ്യ സിനിമ അതിന്റെ സ്പോട്ട് എഡിറ്ററായിരുന്നു ഈ സിനിമയുടെ സംവിധായകൻ ഫാസിൽ അതിന്റെ സംവിധായകൻ താമർ കെ.വി. ഒപ്പമുണ്ടായിരുന്ന സുധീഷ് സക്കറിയ ഈ മൂന്നുപേരും ചേർന്നാണ് ഫെമിനിച്ചി ഫാത്തിമ ഒരുക്കിയത്.
ഫാസിൽ കഥ പറയുമ്പോ തന്നെ ഈ കഥാപാത്രം ചെയ്യാനുള്ള ഫസ്റ്റ് ചോയിസ് ഞാനാണെന്ന് പറഞ്ഞിരുന്നു. കഥയും കേട്ടപ്പോ ഇത് നഷ്ടപ്പെടുത്തരുതെന്ന് തോന്നി. ആ സമയത്ത് മകൾക്ക് മൂന്നു മാസമേയായിട്ടുള്ളൂ. അവരോട് അൽപ്പമൊന്ന് കാക്കാൻ പറഞ്ഞ് മോൾക്ക് ആറു മാസമെത്തിയപ്പോഴാണ് സിനിമ ചെയ്തത്. ഇത്രയേറെ പെർഫോം ചെയ്യാൻ സാധിക്കുന്ന, നല്ലൊരു സന്ദേശമുള്ളൊരു സിനിമയാകും എന്നോർത്താണ് വിട്ടു കളയാതിരുന്നത്.
ഞാനാദ്യം അഭിനയിക്കുന്നത് ‘മിടുക്കി’ എന്നൊരു പരിപാടിയിലാണ്. എങ്ങനെയെങ്കിലും മീഡിയയിൽ നിൽക്കണം എന്ന് ഏറെ ആഗ്രഹിച്ചിരുന്നു. അഭിനയിക്കണമെന്നല്ല, പാട്ടുകളെഴുതിയിരുന്നു അതൊന്ന് സിനിമയിൽ വരണമെന്നായിരുന്നു ഉള്ളിൽ. കുറേ പാട്ടൊക്കെ എഴുതി ഷംല ഹംസ പ്രൊഡക്‌ഷൻസ് എന്നൊരു ചാനലുണ്ടാക്കി, പലരെക്കൊണ്ടും പാടിച്ച് അതിലിട്ടു. സിതാര ചേച്ചി എന്റെ രണ്ട് പാട്ട് പാടിയിട്ടുണ്ട്. കൂടാതെ ഒരു ഷോട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്തു. അപ്പോഴാണ് ദുബായിൽ വച്ച് ആദ്യ സിനിമയുടെ ഓഡിഷൻ കണ്ട് അതിൽ അഭിനയിക്കുന്നത്. പാട്ടെഴുതാനെന്നു കരുതിയാണ് പോയത് പക്ഷേ, അഭിനയിച്ചു നോക്കിയപ്പോൾ എല്ലാവർക്കും ഇഷ്ടമായി. അത് എനിക്കും ഒരു തിരിച്ചറിവായിരുന്നു. 10–11 വർഷമായിട്ട് ദുബായിലാണ് താമസിക്കുന്നത്. നാട്ടിൽ പാലക്കാട് തൃത്താലയാണ് സ്വദേശം. വീട്ടിൽ ഉപ്പ, ഉമ്മ, ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട്. ഇളയ അനിയൻ ഷാഹിദ് മരയ്ക്കാർ സിനിമാ മേഖലയിൽ എഡിറ്ററാണ്. ആലപ്പുഴ ജിംഖാന, തുടരും എന്നീ സിനിമയിലൊക്കെ അസിസ്റ്റന്റായി പ്രവർത്തിച്ചു. ഇപ്പോ ഒരു തമിഴ് സിനിമയിൽ അസിസ്റ്റന്റ് എഡിറ്ററായി ജോലി ചെയ്യുന്നു. ഭർത്താവ് സാലിഹിന് ദുബായിലാണ് ജോലി. മകൾ ലസിൻ സോയ്, രണ്ട് വയസ്.
നമുക്കൊക്കെ ജീവിതത്തിലൊരു സൂറാത്ത ഒപ്പം വേണം
സിസ്റ്റർഹുഡ് എന്നൊരു കാര്യം വളരെ രസകരമായി കാണിച്ചൊരു സിനിമ കൂടിയാണിത്. ശരിക്കും എല്ലാ സ്ത്രീകൾക്കും ഒരു സൂറാത്തയൊപ്പമുണ്ടെങ്കിൽ നന്നായിരിക്കും എന്നെനിക്ക് തോന്നി. ഫാത്തിമയുടെ ഉയർച്ച താഴ്ച്ചകളിൽ അവൾക്കൊപ്പം അവരുണ്ട്. ഒപ്പം തന്നെ ആണിനായാലും പെണ്ണിനായാലും നമ്മളുടെ എല്ലാവരുടേയും ഉള്ളിൽ ഒരു സൂറാത്ത വേണം എന്നും തോന്നുന്നു. നമ്മളെ നമ്മൾ തന്നെയാണ് ആദ്യം സപ്പോർട്ട് ചെയ്യണ്ടത്.

ഒപ്പമുള്ള എല്ലാവരും വളരെ മികച്ച അഭിനയം തന്നെയാണ് കാഴ്ച്ച വച്ചത്. പ്രത്യേകിച്ച് കുമാർ സുനിൽ. ഇത്ര സീനിയറായ ഒരാൾക്കൊപ്പം അഭിനയിക്കുമ്പോ കുറച്ച് പേടിയുണ്ടായിരുന്നു പക്ഷേ, യാതൊരു ഈഗോയും ഇല്ലാതെ ഒരു ഗിവ് ആന്റ് ടെയ്്ക് അഭിനയത്തിൽ ഉടനീളം ഞങ്ങൾക്കിടയിലുണ്ടായിരുന്നു. ഒരു സിനിമയിൽ മാത്രം അഭിനയിച്ച എനിക്ക് തന്ന ബഹുമാനം തന്നെ ഒരു അഭിനയത്രി എന്ന നിലയിൽ പലതും ചോദിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം തന്നു.
ഈ സിനിമയിൽ അഭിനയ വർക്ക്ഷോപ്പൊന്നും ഇല്ലായിരുന്നു. പക്ഷേ, ആദ്യ സിനിമയിൽ ജിജോയ് സാറിന്റെ നേതൃത്വത്തിലൊരു വർക്ക്ഷോപ്പിന്റെ ഭാഗമായിട്ടുണ്ട്. അതിലൂടെയാണ് കംഫർട്ട് സോണിനപ്പുറം എങ്ങനെ ചമ്മലില്ലാതെ ഒരോ കാര്യങ്ങൾ ചെയ്യാം എന്നൊക്കെ പഠിച്ചത്. ഈ സിനിമയിലേക്ക് വന്നപ്പോൾ മകളുണ്ടായിട്ടുള്ള പോസ്റ്റ് പാർട്ടം സമയമായതു കൊണ്ട് തന്നെ വണ്ണവും ക്ഷീണവും ഒക്കെയുണ്ടായിരുന്നു, അതാ കഥാപാത്രത്തിന് ഗുണം ചെയ്തു.
പൊന്നാനിയിലായിരുന്നു ഷൂട്ട്. കടലെടുത്ത് പോകുന്ന വീടുകളുടെ ഇടയിലായിരുന്നു അത്. ഞങ്ങൾ ഷൂട്ട് ചെയ്ത വീടാണ് ഇനി അവിടെ കടലിന് ഏറ്റവും അടുത്ത്...
കണ്ടവർ കണ്ടവർ അഭിനന്ദിച്ചു
സ്ത്രീകളെ കുറിച്ച് സംസാരിക്കുന്നൊരു സിനിമയാണിത്. അതുകൊണ്ട് തന്നെ ‘ഇങ്ങനൊക്കെ ഇപ്പോഴും നടക്കുന്നുണ്ടോ?’ എന്നൊരു ചോദ്യമാണ് പലരുടേയും മനസിൽ. ഞാൻ നാട്ടിൽ വച്ച് സിനിമ കണ്ട് ഇറങ്ങിയതും ഒരു പെൺകുട്ടി പിന്നിൽ നിന്ന് വന്ന് കെട്ടിപ്പിടിച്ചിട്ട് ഇതെന്റെ കഥയാണ് എന്നാണ് പറഞ്ഞത്. അതിലുണ്ട് എല്ലാം. നമ്മൾ കാണാത്തതൊന്നും ചുറ്റും നടക്കുന്നില്ല എന്നർഥമില്ലല്ലോ...

പല ഫെസ്റ്റിവലുകൾക്കും സിനിമ പോയി. ഇന്നലെ കണ്ണൂർ ഫെസ്റ്റിവെലിന് ആളുകളുടെ തിക്കും തിരക്കും കാരണം നാലു ഷോസ് ആണ് വച്ചത്. പക്ഷേ, തീയറ്ററിൽ ഇതൊരു ‘അവാർഡ് പടം’ എന്ന മട്ടിൽ ചിന്തിച്ചിട്ടോ മറ്റോ ആളുകൾ അധികം വരുന്നില്ലെന്നൊരു സങ്കടമുണ്ട്. കാണുന്നവരിൽ എല്ലാ പ്രായത്തിലുള്ളവർക്കും സിനിമ ഇഷ്ടപ്പെടുന്നു എന്നറിയുന്നതും സന്തോഷം തരുന്നു.
സിനിമാ രംഗത്തുള്ള കുറേയാളുകൾ വിളിച്ചും മെസേജ് അയച്ചും അഭിനന്ദിച്ചിരുന്നു. ജിയോ ബേബി വിളിച്ചത് വലിയൊരു സർപ്രൈസായി. അടുത്തൊരു പടത്തിലേക്കൊരു ഓഫർ വന്നിരുന്നു... ആ സമയത്തൊരു അത്യാവശ്യം വന്ന കാരണം അതെടുക്കാൻ പറ്റിയില്ല. ഇനിയും നല്ല കഥാപാത്രങ്ങൾക്കായി എന്നെ തന്നെ ഉടച്ചു വാർക്കാനുള്ള ആഗ്രഹമാണുള്ളിൽ...