ADVERTISEMENT

ലോകഃ. ഇപ്പോഴും പല തിയേറ്ററുകളിലും നിറഞ്ഞോടുകയാണ്. ഈയൊരു സിനിമ ഉണ്ടാക്കിയ ഓളം അടുത്തകാലത്തൊന്നും അവസാനിക്കില്ല. ഇതുവരെ ഒടിടി പ്ലാറ്റ്ഫോമിൽ എത്തിയിട്ടില്ല ഈ വരുന്ന ഒക്ടോബർ 31–ന് ഒടിടി പ്ലാറ്റ്ഫോമിൽ എത്തും എന്നാണു വാർത്തകൾ. അതോടെ സിനിമ കുടുംബങ്ങളിലും സംസാരവിഷയമാവും.

ലോകഃ സിനിമയോടൊപ്പം വാർത്തകളിൽ ഇടം പിടിച്ച പലരുമുണ്ട്. അതിലൊരാളാണ സിനിമയുടെ സഹതിരക്കഥാകൃത്തായിരുന്ന ശാന്തി ബാലചന്ദ്രൻ. എങ്കിലും ശാന്തി ലോകഃയ്ക്കും മുൻപേ തന്നെ കലാരംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച ആളായിരുന്നു. സൈക്കോളജിസ്റ്റ് ആന്ത്രോപോളജിസ്റ്റ്, സിനിമാതാരം, സഹതിരക്കഥാകൃത്ത്, സഹസംവിധായിക, തിയേറ്റർ ആർട്ടിസ്റ്റ്, ഡബ്ബിങ് ആർട്ടിസ്റ്റ് അങ്ങനെ പല റോളുകളിൽ ശാന്തി തിളങ്ങിയിരുന്നു.

ADVERTISEMENT

ലോകപ്രശസ്തമായ ഒാക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ആറുവർഷത്തെ പഠനത്തിനുശേഷമാണ് ശാന്തി ബാലചന്ദ്രൻ മലയാള സിനിമയിൽ പറന്നിറങ്ങിയത്.

sbnew

ഇപ്പോഴിതാ തന്റെ വിവാഹസങ്കല്പത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ശാന്തി. വനിത മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെക്കുറിച്ചും ഭാവിവരനെക്കുറിച്ചുമൊക്കെ ശാന്തി മനസ്സു തുറക്കുന്നത്.

ADVERTISEMENT

അഭിമുഖം വായിക്കാം.

എല്ലാ അക്കാഡമിസ്റ്റുകളുടെയും സ്വപ്നഭൂമിയാണ് ഓക്സ്ഫോർഡ്. അവിടെ നിന്നാണ് ഒരാൾ സിനിമയിൽ എത്തുന്നത്?

ADVERTISEMENT

സ്വപ്നങ്ങൾക്കു പിറകേ സഞ്ചരിക്കുക മനോഹരമല്ലേ? ഓക്സ്ഫോർഡിൽ ഞാൻ എത്തിപ്പെടുകയായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ആറേഴുവർഷങ്ങൾ. പിന്നീട് സിനിമയിലും എത്തിപ്പെടുകയായിരുന്നു എന്നു പറയാം. അതു മറ്റൊരു സ്വപ്നം. ഇപ്പോൾ കിട്ടുന്ന ഈ സ്നേഹത്തിലേക്കും എത്തിപ്പെടുക തന്നെയായിരുന്നു. പക്ഷേ എല്ലാത്തിനും പിന്നിൽ നല്ല കഠിനാധ്വാനം ഉണ്ടായിരുന്നു എന്നതാണു സത്യം.

ശാന്തി എന്ന പേരിലുമുണ്ട് ഒരു പ്രത്യേകത?

അത് ഞാൻ ജനിക്കുന്നതിനു മുൻപേ അച്ഛൻ കണ്ടുവച്ച പേരാണ്. അച്ഛന് ഈ പേരിനോട് എന്തോ ഒരു ഇഷ്ടം ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ ശാന്തിയായത്. തീരെ ചെറുപ്പത്തിൽ എന്റെ അമ്മൂമ്മ പറയുമായിരുന്നു ‘നിന്റെ പേരിലെങ്കിലും കുറച്ചു ശാന്തത ഉണ്ടാവട്ടെ എന്നു വിചാരിച്ചാ അങ്ങനെ പേരിട്ടത് എന്ന്. എനിക്ക് ഒരു അനുജനുണ്ടായപ്പോൾ അച്ഛൻ സന്ദീപ് എന്നാണു പേരിട്ടത്. അയാൾ ഇപ്പോൾ ബാംഗ്ലൂരിൽ ഡീപ്ടെക് ആന്റ് എ.ഐ. ഫീൽഡിൽ ആണ്.

നിറയെ നിറങ്ങൾ ഉള്ള ഒരു കുട്ടിക്കാലമാണെന്നു പറഞ്ഞിട്ടുണ്ട്?

ഞാൻ കേന്ദ്രീയ വിദ്യാലയത്തിലാണു പഠിച്ചത്. അവിടെ ഉച്ച വരെ മാത്രമേ ക്ലാസുള്ളു ബാക്കി സമയം ഫ്രീയാണ്. അമ്മയ്ക്കും അച്ഛനും വൈകുന്നേരം വരെ ജോലിയുണ്ട്. അന്നു ഞങ്ങൾ കൊച്ചിയിലാണ്. അങ്ങനെയാണ് എന്നെ കലാധരൻ മാഷിന്റെ കേരള കലാപീഠത്തിൽ ചിത്രരചനയ്ക്കു ചേർക്കുന്നത്. അവിടെയാണെങ്കിൽ നിറങ്ങളും രൂപങ്ങളും മാത്രമേയുള്ളു. ഞാൻ മാത്രമല്ല എന്നെപ്പോലെ കുറേ കുട്ടികളും മുതിർന്നവരുമൊക്കെയുണ്ടാവും. അവിടെ വരയും ക്ലേ മോഡലിങ്ങും മറ്റുമായി ഞാൻ വൈകുന്നേരം വരെ ഉണ്ടാവും. യഥാർഥത്തിൽ ആ ദിവസങ്ങളാണ് എന്നെ കലയുമായി അടുപ്പിച്ചതെന്നു പറയാം. കലാധരൻ മാഷിനെ എന്നും സ്നേഹത്തോടെ മാത്രമേ ഓർക്കാൻ കഴിയു. പിന്നെ അച്ഛന്റെയും അമ്മയുടെയും തിരക്കുകൾക്കും നന്ദി.

പിന്നെ കലാപഠനം ഉപേക്ഷിച്ചോ?

ഇല്ല. പിന്നെ ഞങ്ങൾ സകുടുംബം ചെന്നൈയിലേക്കു താമസം മാറി. ആറാംക്ലാസു മുതൽ പ്ലസ്ടു വരെ ചെന്നൈയിലായിരുന്നു. ആ സമയത്ത് അവിടെ ചോളമണ്ഡലം കലാഗ്രാമത്തിൽ ചേർന്നു. അവിടെ പി. ഗോപിനാഥ് മാഷിന്റെ കീഴിൽ സ്കോളർഷിപ്പോടെ കലാപഠനം തുടർന്നു.

തിയേറ്ററിലേക്കു വന്നത് എന്നുമുതൽക്കായിരുന്നു?

നാടകാഭിനയം കുട്ടിക്കാലത്തേ ഉണ്ടായിരുന്നു. കലാധരൻ മാഷ് എല്ലാവർഷവും സമ്മർ ക്യാംപ് സംഘടിപ്പിക്കും. അതിന്റെ അവസാനത്തെ ദിവസം ഞങ്ങൾ കുട്ടികൾ ചേർന്നു നാടകം അവതരിപ്പിക്കും. ഒരിക്കൽ ഞങ്ങൾ കുട്ടികൾ എല്ലാവരും േചർന്നു രാമായണം നാടകം കളിച്ചു. അതിൽ ശൂർപ്പണഖയെ അവതരിപ്പിച്ചത്.

എന്തുകൊണ്ടായിരുന്നു ശൂർപ്പണഖ?

അന്ന് ആ റോൾ കിട്ടി. ഞാൻ സന്തോഷത്തോടെ സ്വീകരിച്ചു.

അതിന്റെ തുടർച്ചയായിരുന്നോ ലോകഃ സിനിമയിലെ കള്ളിയങ്കാട്ടു നീലിയും?

കള്ളിയങ്കാട്ടു നീലിയിലേക്കു എത്തിയതു ലോകഃ സിനിമയുടെ സംവിധായകൻ ഡൊമിനിക് അരുൺ കാരണം ആണ്. ഡൊമിനിക്കിന്റെ ആശയം ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ടു. മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ യക്ഷികൾ സ്വതന്ത്രകളാണല്ലോ? അവർ എവിടെ നിന്നു വരുന്നു എങ്ങോട്ടുപോകുന്നു എന്നൊന്നും ആർക്കും അറിയില്ല. അറിയേണ്ട ആവശ്യവുമില്ല. നീലിയെ ഒരു ദുഷ്ട കഥാപാത്രമായാണു സാധാരണയായി നമ്മൾ കണ്ടിട്ടുള്ളത്. കത്തനാർ നീലിയെ തളയ്ക്കുന്ന സങ്കല്പമാണു ഞങ്ങൾ ലോകഃയിൽ പുനരാവിഷ്ക്കരിച്ചത്. നീലിയെ സൂപ്പർ ഹീറോ ആയി അവതരിപ്പിക്കുമ്പോൾ തളയ്ക്കുന്നു എന്ന സങ്കല്പം കഥയുമായി ചേർന്നു പോവില്ല. ആ മിത്തിനെ പുനരാവിഷ്ക്കരിക്കാൻ ഉള്ള സ്വാതന്ത്ര്യം സംവിധായകൻ തന്നു.

ജീവിതത്തിൽ സൈക്കോളജിസ്റ്റ് ആന്ത്രോപോളജിസ്റ്റ് സിനിമയിൽ നായിക, സഹതിരക്കഥാകൃത്ത്, സഹസംവിധായിക, തിയേറ്റർ ആർട്ടിസ്റ്റ്, ഡബ്ബിങ് ആർട്ടിസ്റ്റ് യഥാർഥത്തിൽ ആരാണ് ശാന്തി?

അതു അറിയാനുള്ള ശ്രമം ആണ് എന്നെ ഈ മേഖലകളിലേക്കു കൊണ്ടെത്തിച്ചത്. പല പല മേഖലകളിൽ എത്തുമ്പോൾ നമ്മൾ നമ്മളെക്കുറിച്ചു തന്നെ കൂടുതൽ മനസ്സിലാക്കും.

ടൊവീനോയുടെ നായികയായിട്ടാണ് സിനിമയിൽ വന്നത്?

ഞാൻ അഭിനയിച്ച ‘ദ് ലവർ’ എന്ന നാടകത്തിന്റെ വീഡിയോ ഭാഗങ്ങൾ സംവിധായകൻ ഡൊമിനിക് അരുൺ കണ്ടതാണു എനിക്കു സിനിമയിലേക്കുള്ള വഴി തുറന്നത്. അങ്ങനെ ഓഡിഷൻ വഴിയാണു ഞാൻ 2017–ൽ തരംഗം എന്ന സിനിമയിൽ നായികയാവുന്നത്.പിന്നെയും നാലഞ്ചു സിനിമകളിൽ അഭിനയിച്ചു. ജെല്ലിക്കെട്ട്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, ‘രണ്ടുപേർ വിത്ത് സ്വീറ്റ്കാരം കോഫി, ഗുൽമോഹർ അങ്ങനെ സിനിമകളും വെബ്സീരിയലുകളിലും അഭിനയിച്ചു. ജോലി ചെയ്ത സിനിമകളിൽ ഏറ്റവും ജനപ്രീതി നേടിയതു ലോകഃ ആണ്. അഭിനയവും പിന്നണി പ്രവർത്തനവും ഞാൻ ഒരു പോലെ ഇഷ്ടപ്പെടുന്നു.

ആന്ത്രോപ്പോളജിയിൽ നടത്തിയ പഠനം ലോകഃയ്ക്ക് എങ്ങനെയെങ്കിലും പ്രയോജനപ്പെട്ടോ?

ഞാൻ ആന്ത്രോപ്പോളജി, സൈക്കോളജി പോലെയുള്ള സോഷ്യൽ സയൻസ് വിഷയങ്ങളാണു പഠിച്ചത്. അതിൽ നിന്നു കിട്ടിയ കാഴ്ചപ്പാടുകളും ഗവേഷണപരിചയവും തീർച്ചയായും കലാജീവിതത്തിൽ പ്രയോജനം െചയ്തിട്ടുണ്ട്.

കുടുംബത്തെക്കുറിച്ച് ?

എന്റെ അച്ഛൻ എം. ബാലചന്ദ്രൻ അമ്മ എം. എസ്. പ്രേമലത രണ്ടുപേരും ബാങ്ക് ഉദ്യോഗസ്ഥരായിരുന്നു. അച്ഛൻ സൈനിക് സ്കൂളിലാണു പഠിച്ചത്. പട്ടാളച്ചിട്ട. പക്ഷേ എന്നോടു അച്ഛനും അമ്മയും അങ്ങനെയാവണം എന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെയല്ല എന്നെ വളർത്തിയതും. അതുകൊണ്ടാണ് ഞാൻ ഇവിടെയത്തിയത് എന്നു തോന്നാറുണ്ട് പലപ്പോഴും. റിട്ടയർ ചെയ്ത ശേഷം അവർ രണ്ടുപേരും യാത്രയിലാണ് കൂടുതൽ സമയവും. വിദേശത്തും സ്വദേശത്തുമൊക്കെ പോകുന്നുണ്ട്. അച്ഛൻ നേരത്തെ തന്നെ എഴുതാൻ താത്പര്യമുള്ള ആളാണ്. ഞങ്ങളുടെ വീട്ടിൽ നിന്ന് ഒരു പുസ്തകം പുറത്തിറങ്ങിയിട്ടുണ്ട്. ‘ടാഗോറിന്റെ ഗീതാഞ്ജലി’ എന്നാണു പേര്. ടാഗൂറിന്റെ പുസ്തകത്തിന്റെ പരിഭാഷ. അച്ഛനാണു പരിഭാഷ ചെയ്തത്. ഞാൻ ഇല്ലസ്ട്രേഷൻ. അമ്മയും നന്നായി വായിക്കും.

ഒരു ചോദ്യം കൂടി വിവാഹം?

എനിക്കു പറ്റിയ ഒരു പങ്കാളിയെ പരിചയപ്പെട്ടാൽ വിവാഹം കഴിക്കും. അതു സംഭവിക്കുമ്പോൾ ആ തീരുമാനം എടുത്താൽ മതിയല്ലോ?

ADVERTISEMENT