സിനിമയിലെത്തി 10 വർഷങ്ങൾ... മഡോണ സെബാസ്റ്റ്യൻ ചില മാറ്റങ്ങൾക്കുള്ള ഒരുക്കത്തിലാണ്
Mail This Article
‘പ്രേമം എന്നാല്‍ എന്താണ് പെണ്ണെ...’ എന്നു മഡോണയോടു ചോദിച്ചാല്‍ ഉടന്‍ വരും ഉത്തരം, ‘10 വര്‍ഷത്തിനിപ്പുറം ഇന്നും അതു കരളിലെ തീയാണ്’ എന്ന്. മേരിയും മലരും ജോര്‍ജിനു സഫലമാകാത്ത പ്രേമത്തിന്റെ കയ്പ്പു നീരാണ് സമ്മാനിച്ചതെങ്കിൽ മധുരമൂറുന്ന റെഡ് വെല്‍വെറ്റ് കേക്ക് ആയി ആ പ്രണയകഥയിലേക്കു കടന്നു വന്ന ട്വിസ്റ്റ് ആണ് സെലിൻ. നായിക, ഗായിക എന്നിങ്ങനെ വ്യത്യസ്ത വേഷങ്ങളിലൂടെ നിറഞ്ഞു നില്‍ക്കുകയാണു മഡോണ. വനിതയോടു സംസാരിക്കാന്‍ ഇരിക്കുമ്പോൾ തെന്നിന്ത്യയിലാകെ സൂപ്പര്‍ വിജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിന്റെ ചിരിയായിരുന്നു മഡോണയുടെ വാക്കുകളിൽ. ഒപ്പം മഡോണ പറയുന്നു സിനിമയിൽ വന്നശേഷമുള്ള മാറ്റങ്ങളും പുതുവർഷത്തിൽ കാത്തിരിക്കുന്ന സ്വപ്നങ്ങളും.
‘‘മഡോണ എന്ന വ്യക്തി മാറിയിട്ടില്ല. എന്റെ മൂല്യങ്ങളും അതേപടി ഉണ്ട്. പക്ഷേ, സിനിമാലോകത്തെ കുറിച്ചു കൂടുതൽ മനസ്സിലാക്കിയതിന്റെ മാറ്റങ്ങൾ 10 വർഷങ്ങൾ കൊണ്ട് എന്നിലുണ്ടായിട്ടുണ്ട്.
അധികം സംസാരിക്കാത്ത ആളായിരുന്നു ഞാന്‍. ഫോണ്‍ വിളിച്ചോ മെസേജ് അയച്ചോ സംസാരിക്കാന്‍ അതിലും പാടാണ്. ഈ രീതികള്‍ ഞാന്‍ മാറ്റിയെടുത്തു വരികയാണ്. എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ആക്ടീവാണെങ്കിലും ഞാന്‍ സോഷ്യല്‍ മീഡിയയില്‍ അധികം സമയം ചെലവഴിക്കാറില്ല. ‘ഞാനിവിടെയുണ്ട്’ എന്നു പറയേണ്ടതു സിനിമാമേഖലയില്‍ ജോലി ചെയ്യുമ്പോള്‍ പ്രധാനമാണ്. അതിനു വേണ്ടി മാത്രമാണ് എനിക്ക് ആ അക്കൗണ്ട്.
പിന്നെ, പലരും ചിന്തിക്കുംപോലെ ബോൾഡ് ആയ ആളല്ല ഞാൻ. വളരെ സോഫ്റ്റ് ആണ്. സത്യത്തില്‍ ഉള്ളില്‍ പേടിയുള്ളതു കൊണ്ട് പുറമേ ഇടുന്ന ഡിഫന്‍സ് ആണത്.
ഈ ബോള്‍ഡ് ഇമേജ് ധാരണ കൊണ്ടാണോ എന്നറിയില്ല, എന്നെ തേടി വരുന്ന കഥാപാത്രങ്ങള്‍ പലതും റഫ് ആൻഡ് ടഫ് ആണ്. ഇൻവസ്റ്റിഗേറ്റീവ് ഓഫിസർ, സീക്രട് ഏജന്റ്, സ്മഗ്‌ളർ... എന്നിങ്ങനെ ആകെ സീരിയസ് മോഡ്. അത്തരം കഥാപാത്രങ്ങള്‍ ഇഷ്ടമല്ല എന്നല്ല. മികച്ചവയാണെങ്കില്‍ ഉറപ്പായും കൈ കൊടുക്കും.’’ മഡോണ മനസ്സു തുറന്നു.
നായികയായി തെന്നിന്ത്യയിൽ തിളങ്ങിയ മഡോണ പാട്ടിലൂടെ ഹൃദയം കവരാൻ എത്തുകയാണ് 2026ൽ. ‘‘കുട്ടിക്കാലം മുതല്‍ സംഗീതം ഒപ്പമുണ്ട്. കര്‍ണാടിക് മ്യൂസിക്കും വെസ്റ്റേണ്‍ മ്യൂസിക്കും പഠിച്ചിട്ടുമുണ്ട്. അഭിനയത്തിലേക്ക് എത്തിയതോടെ പാട്ടില്‍ അധികം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും പാട്ടും ലൈവ് കോണ്‍സേര്‍ട് എന്ന മോഹവും ഒപ്പമുണ്ടായിരുന്നു. ബിടിഓഎസ് പ്രൊഡക്‌ഷന്‍ ആണ് കമ്പനി. ബെന്നി ദയാലിന്റെ ബാന്‍ഡ് ആണ്. ഒപ്പം ഞാനും. കുറച്ചു മാസങ്ങളായി അതിന്റെ തയാറെടുപ്പുകളിലായിരുന്നു. 2026 തുടക്കം ലൈവായി എത്തും.’’
മഡോണയുടെ സിനിമായാത്ര, വിവാഹസങ്കൽപം... കൂടുതൽ വായിക്കാം ഈ ലക്കം (ഡിസംബർ 20, 2025 – ജനുവരി 2, 2026) വനിതയിൽ
