‘ഓഡിഷന് പാട്ടു പാടാനും അഭിനയിക്കാനും ടാസ്ക് കിട്ടി; ഷൂട്ടിങ്ങിനു തൊട്ടുമുമ്പാണ് നായികാ വേഷമാണെന്ന് അറിയുന്നത്!’: ജൂഹി ജയകുമാർ The Beginning of Cinema life: Pavi Caretaker and Beyond
Mail This Article
പവി കെയർടേക്കറിലെ അഞ്ചുനായികമാരിലൊരാളായ ‘മാലിനി’യായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും മലയാളത്തിന്റെ സുമതി വളവെത്തി, യൂ ടേണിൽ തിളങ്ങി നിൽക്കുന്ന ജൂഹി ജയകുമാർ.
വീട്ടിലും കൂട്ടിലും എക്സ്ട്രോവെർട്ട്
അധികമൊന്നുമില്ലെങ്കിലും ഉള്ള കൂട്ടുകാരൊക്കെ ജൂഹിയുടെ ഹൃദയത്തിൽ വീടു വച്ചു താമസമാണ്. വീടും കൂട്ടുകാരുമൊക്കെയായി അടുത്ത ബന്ധം സൂക്ഷിക്കുന്ന, അവരോടെല്ലാം തുറന്നു സംസാരിക്കുന്ന ചിരിക്കുടുക്കയാണ് ജൂഹി വീട്ടിൽ. അച്ഛൻ ജയകുമാർ കോഴിക്കോട് റിയൽ എസ്റ്റേറ്റ് ബിസിനസിലാണ്. അമ്മ ബിന്ദു വീട് ഭംഗിയായി മാനേജ് ചെയ്യുന്നു.
സിനിമയെന്ന വലിയ സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോഴും കോഴിക്കോടിന്റെ സ്നേഹം നിറഞ്ഞ സംസാര രീതിയിൽ ജൂഹി മനസു തുറന്നു. തമിഴ്നാട്ടിൽ അടുത്ത പടത്തിന്റെ ഷൂട്ടിങ്ങാണ്. ഷൂട്ടിങ്ങിന് പോകുമ്പോഴൊക്കെ വീട്ടിൽ നിന്ന് അമ്മ കൂടെക്കൂടും.
നാട്ടിലെ ആംബിവെർട്ട്
പുറത്തിറങ്ങിയാൽ അങ്ങനെ പെട്ടെന്നൊന്നും ജൂഹി മിണ്ടൂല. പക്ഷേ പരിചയപ്പെട്ട് അടുത്തു കഴിഞ്ഞാൽ മിണ്ടാതെ വിടുകയുമില്ല. കോഴിക്കോട് എ ഡബ്ല്യു എച് കോളജിലെ സിവിൽ എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കി വീട്ടിലിരിക്കുമ്പോഴാണ് സിനിമ മനസിൽ മൊട്ടിട്ടത്. കോവിഡ് കാലം പലരുടെയും ജീവിതം മാറ്റിയതുപോലെ ജൂഹിയെയും വഴി മാറ്റി അഭിനയത്തിലെത്തിച്ചു.
സ്വപ്നത്തിലേക്കു യാത്ര പോകാൻ ധൈര്യം കൊടുത്തതു വീട്ടുകാരും കൂട്ടുകാരും ചേർന്നാണ്. കാസ്റ്റിങ് കാൾ കണ്ട് വെറുതെ മെയിൽ അയച്ചു. ഓഡിഷനെത്തിയപ്പോൾ പാട്ടു പാടാനും അഭിനയിക്കാനും ടാസ്ക് കിട്ടി. സെലക്‌ഷൻ കിട്ടി ഷൂട്ടിങ്ങിനു തൊട്ടുമുമ്പാണ് പവി കെയർടേക്കറിലെ നായികാവേഷമാണെന്ന് അറിയുന്നത്!
സിനിമയിലെ മൾട്ടിവെർട്ട്
പവി കെയർ ടേക്കറിന്റെ ഡയറക്ടർ വിനീതും റൈറ്റർ രാജേഷുമാണ് ഓഡിഷൻ ചെയ്തത്. പാട്ടൊക്കെ പാടിപ്പിച്ചു നോക്കി. സംഗീതാധ്യാപികയായ നാടൻ പെൺകുട്ടി വേഷമായിരുന്നു അത്. തമിഴിൽ ദേസിംഗരാജ 2 ൽ സെക്കന്റ് ഹീറോയിനായ പൊന്നിയായിരുന്നു എന്റെ കാരക്ടർ. വിദ്യാസാഗറിന്റെ സംഗീതം എനിക്കു ഫേവറിറ്റാണ്. അതിൽ അഭിനയിക്കാൻ കഴിഞ്ഞു. സ്വപ്നം സത്യമായ നിമിഷങ്ങളായിരുന്നു ഇതെല്ലാം.
തലൈവൻ തലൈവിയിൽ ‘അളകി’ എന്ന മധുരൈ പൊണ്ണായിട്ടാണ് പ്രേക്ഷകർക്കു മുന്നിലെത്തിയത്. വലിയൊരു ടീമിന്റെ ഭാഗമായി തമിഴ് അത്ര വശമില്ലാതിരുന്നിട്ടു പോലും അഭിനയിക്കാനായി. വിജയ് സേതുപതി സറും നിത്യാ മാമും വലിയ പിന്തുണയാണ് തന്നത്.
ഭാവിയിലെ ട്രാവൽ അലർട്ട്
‘‘യാത്രകൾ പോകണം കുറേയേറെ. എല്ലാ ജോണറിലുമുള്ള സിനിമകൾ ചെയ്യണം.’’ പുഞ്ചിരിയൊച്ച മധുരം പകർന്ന വാക്കുകളിൽ ഭാവിയെക്കുറിച്ചുള്ള മോഹങ്ങൾ അൽപം മടിച്ചു മടിച്ചു ജൂഹി പറഞ്ഞൊപ്പിച്ചു. പ്രേക്ഷകരുടെ ഇഷ്ടം നേടിയ പുതിയ നടിയുടെ ഭൂതം, ഭാവി, വർത്തമാനങ്ങളറിയാൻ നടത്തിയ ചെറിയ ഇന്റർവ്യൂ കഴിഞ്ഞു. ഫോട്ടോകൾ മെയിലിന്റെ ഇൻബോക്സിൽ ‘ബീപ്’ എന്നു കാളിങ് ബെല്ലടിച്ചെത്തി.
ബൈ ജൂഹി. നൈസ് ടോക്കിങ് ടു യൂ. അഭിമുഖം അവസാനിപ്പിച്ചപ്പോഴേക്കും എന്റെ മുഖത്തും പുഞ്ചിരി പടർന്നിരുന്നു. ‘‘ഞാൻ അങ്ങനെ പേഴ്സണൽ അഭിമുഖങ്ങളൊന്നും കൊടുത്തിട്ടില്ലാ.. ആദ്യായിട്ടാണ്. പറഞ്ഞതൊക്കെ ഓക്കേ ആയിരുന്നോ?’’-നിഷ്കളങ്കമായ പുഞ്ചിരിയോടെ വീണ്ടും ജൂഹിയുടെ ചോദ്യമെത്തി.
