ADVERTISEMENT

ജസ്റ്റ് കിഡ്ഡിങ് എന്ന ഒറ്റ ഹുക്ക് ഡയലോഗിലൂടെ മലയാളത്തിന്റെ ഹൃദയത്തിലേക്കു ‘കൊളുത്തി’ക്കയറിയ നടനാണു ശ്യാം മോഹൻ. കുറച്ചു തള്ളും ഇത്തിരി കുന്നായ്മയുമുണ്ടെങ്കിലും ‘പ്രേമലു’വിലെ ആദിയെ മലയാളി സിനിമാ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

അഭിനയവും സിനിമയുമെല്ലാം രക്തത്തിൽ അലിഞ്ഞുചേർന്ന ശ്യാമിന്റെ ഫ്ലാഷ്ബാക്കിൽ സിനിമാക്കഥ പോലെ ട്വിസ്റ്റുകളുണ്ട്.
‘‘അഭിനയിക്കുന്നത് എങ്ങനെയെന്ന് അറിയാത്ത പ്രായത്തിൽ ‘കിലുക്കം’ സിനിമയിൽ ബാലതാരമായി ‘തല കാണിച്ചു’. അമ്മയുടെ നാടകങ്ങൾ സ്റ്റേജിന്റെ ഒരു വശത്തുനിന്നു കണ്ടുവളർന്ന കുട്ടിക്കാലമാണു മനസ്സിൽ അഭിനയമോഹം നിറച്ചത്.

ADVERTISEMENT

അന്നു സ്വപ്നം കണ്ടതൊക്കെ ഇപ്പോൾ നേടുമ്പോൾ ആ സന്തോഷത്തിൽ പങ്കുചേരാൻ അച്ഛനും അമ്മയും ഒപ്പമില്ലാത്തതിന്റെ വിഷമമുണ്ട്...’’ അഭിനയം ഒട്ടും കിഡ്ഡിങ് ആയി കാണാത്ത ശ്യാം മോഹന്റെ ജീവിതം സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ നിറഞ്ഞതാണ്. ശ്യാം മോഹൻ വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ നിന്ന്.

അമ്മയാണോ അഭിനയത്തിലെ ആദ്യ ഗുരു ?

ADVERTISEMENT

ഞാൻ ജനിച്ചതു ചിറയിൻകീഴിലെ അച്ഛന്റെ വീട്ടിലാണ്. അമ്മ നിമ്മി അറിയപ്പെടുന്ന ഡ്രാമ ആർട്ടിസ്റ്റായിരുന്നു. അച്ഛൻ മോഹൻ കുമാർ നാടകസമിതി മാനേജരും. രണ്ടുപേരും നാടകത്തിന്റെ തിരക്കിലായതു കൊണ്ട് എന്നെ അച്ഛന്റെ വീട്ടിൽ തന്നെ നിർത്തി. വല്യച്ഛൻ ചന്ദ്രകുമാറിനു വിഎസ്‌എസ്‌സിയിലായിരുന്നു ജോലി. വല്യച്ഛന്റെ മക്കൾക്കൊപ്പം ഒന്നാം ക്ലാസ്സിൽ ചേർത്തെങ്കിലും കരഞ്ഞും ഭക്ഷണം കഴിക്കാതെ സമരം ചെയ്തും ഞാൻ ബഹളമുണ്ടാക്കി. അങ്ങനെ അച്ഛൻ വന്ന് ഒപ്പം കൊണ്ടുപോയി.

അമ്മൂമ്മയുടെ വീട്ടിൽ നിന്നു പഠനം തുടങ്ങിയെങ്കിലും മിക്കവാറും നാടക സെറ്റിലാകും ഞാൻ. സ്റ്റേജിന്റെ സൈഡിലിരുന്ന് നാടകം കാണുന്നതാണു ഹരം. ദൂരദർശനിലെ സീരിയലുകളിലും ആ സമയത്ത് അമ്മ അഭിനയിച്ചിരുന്നു. ആ ഗമയിലാണു ‍ഞാൻ സ്കൂളിലേക്കു പോകുക. നാടകവും സീരിയലും  കണ്ടു ശീലിച്ച കുട്ടിക്കാലം തന്നെയാണ് അഭിനയത്തിന്റെ ആദ്യ പാഠശാല.

ADVERTISEMENT

പക്ഷേ, അത് അധികകാലം നീണ്ടില്ല. ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിച്ചത്, ഹൃദയ സംബന്ധമായ അസുഖമായിരുന്നു. പ്ലസ്ടുവിനു പഠിക്കുമ്പോൾ അമ്മയും പോയി.

കുട്ടിക്കാലത്ത് അഭിനയമോ പാട്ടോ പരീക്ഷിച്ചിരുന്നോ ?

അഞ്ചാം ക്ലാസ്സ് മുതൽ പ്ലസ്ടു വരെ പഠിച്ചത് തിരുമല എബ്രഹാം മെമ്മോറിയൽ ഹയർ െസക്കൻഡറി സ്കൂളിലാണ്. അന്നൊക്കെ കൂട്ടുകാരുടെ മുന്നിൽ മിമിക്രി ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ നാട്ടിലെ  തിട്ടമംഗലം ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നു.

നാടകം തുടങ്ങുന്നതിനു മുൻപുള്ള ഗ്യാപ്പിൽ കമ്മിറ്റിക്കാർ എന്നെ സ്റ്റേജിലേക്കു വിട്ടു, കുറച്ചു സമയം മിമിക്രി കാണിക്കണം എന്നാണ് ആവശ്യം.
സുരാജേട്ടന്റെ വൺമാൻ ഷോ പോലൊരു പരിപാടിയാണു ചെയ്തത്. സുരാജേട്ടനും കോട്ടയം നസീറിക്കയുമായിരുന്നു അന്നത്തെ എന്റെ ഹീറോസ്.

നസീർ സാർ, ജയൻ സാർ, ബിന്ദു പണിക്കർ ചേച്ചി, ഷീലാമ്മ, വി.എസ്. അച്യുതാനന്ദൻ സാർ, കെ. കരുണാകരൻ സാർ എന്നിവരെയൊക്കെ അനുകരിക്കുന്നതു കണ്ടെന്ന് അയൽവക്കത്തെ ചേച്ചി അമ്മയോടു പറഞ്ഞപ്പോൾ വിശ്വസിച്ചില്ലത്രേ.

ആളുകളോടു സംസാരിക്കാൻ പോലും മടിയുള്ള ഞാൻ മിമിക്രി അവതരിപ്പിച്ചതിലുള്ള ഞെട്ടലായിരുന്നു അതിനു പിന്നിൽ.

അച്ഛനമ്മമാരുടെ മരണശേഷം ആരായിരുന്നു കൂട്ട് ?

അമ്മൂമ്മയുടെ വീട്ടിൽ നിന്നാണു കോളജ് പഠനം പൂർത്തിയാക്കിയത്. ആ കാര്യങ്ങളെല്ലാം നോക്കിയതു വല്യച്ഛനാണ്. അതിനു ശേഷം വിസ്മയാസ് മാക്സിൽ അനിമേഷൻ കോഴ്സ് പഠിച്ചു. പക്ഷേ, തുടരാൻ തോന്നിയില്ല. കൺഫ്യൂഷനടിച്ചു നിന്നപ്പോൾ അമ്മയുടെ സഹോദരൻ (വിജയൻ മാമൻ) മുംബൈയിലേക്കു വിളിച്ചു. അവിടെ ചെന്ന ശേഷം കംപ്യൂട്ടർ കോഴ്സിനു ചേർന്നു. ഒപ്പം എംബിഎയുടെ പാരലൽ കോഴ്സിനും ചേർന്നു. മാമൻ വലിയ ചിട്ടയുള്ള ആളാണ്. മുംബൈ ജീവിതമാണ് എന്റെ ജീവിതത്തിന് അടുക്കും ചിട്ടയും കൊണ്ടുവന്നത്.  

ആദ്യം  ബിപിഒയിലാണു ജോലിക്കു കയറിയത്. പിന്നെ ഗോൾഡ് ഫിനാൻസ് കമ്പനിയിൽ, പിന്നെ ടാറ്റയിൽ ഡേറ്റ എൻട്രി ജോലി ചെയ്തു. അതും കഴിഞ്ഞാണു സിറ്റി ബാങ്കിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്ങിൽ ജോലി കിട്ടിയത്. ബാങ്ക് ജോലിയുടെ രണ്ടു വർഷമാണ് എന്നെ സിനിമയിലെത്തിച്ചത് എന്നു േവണമെങ്കിൽ പറയാം. ഓഫിസ് ജോലിയുടെ മടുപ്പും ക്രിയേറ്റിവ് ആയി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയും കൂടിക്കൂടി വന്നു.

ആ തീരുമാനം വീട്ടിൽ ഷോക്കായോ ?

ബാങ്കിലെ ജോലിക്കു നല്ല ശമ്പളമുണ്ടായിരുന്നെങ്കിലും ജോലി വിടണം എന്ന ആഗ്രഹം ആദ്യം പറഞ്ഞതു കസിൻ വർഷയോടാണ്. മാമനോടും അമ്മയോടും (അമ്മായിയെ അമ്മ എന്നാണു ശ്യാം വിളിക്കുന്നത്) ഇക്കാര്യം പറയുമ്പോൾ ‘അടുത്തത് എന്താണു പ്ലാൻ’ എന്ന അവരുടെ ചോദ്യത്തിന് ഉത്തരം ഇല്ലായിരുന്നു. നാട്ടിലേക്കു പോണമെന്ന ആവശ്യത്തോടു മനസ്സില്ലാ മനസ്സോടെ അവർ സമ്മതം മൂളി. വല്യച്ഛനോട് ഇക്കാര്യം വിളിച്ചു പറയുകയും ചെയ്തു.

ടിക് ടോക്കിന്റെയും സ്മ്യൂളിന്റെയുമൊക്കെ കാലമാണത്. വലിയ പാട്ടുകാരനൊന്നും അല്ലെങ്കിലും സ്മ്യൂളിലെ പാട്ടുകൾ കുറച്ചു ഫാൻസിനെ തന്നു. പിന്നെ, ഡബ്സ്മാഷ് ചെയ്തു. അങ്ങനെയാണ് അഖിൽ എന്ന സുഹൃത്തു വഴി മ്യൂസിക് വിഡിയോ യിൽ അഭിനയിക്കാൻ അവസരം വന്നത്. തുടർന്ന് അഖിലിന്റെ തന്നെ ഷോർട് ഫിലിമിലും പരസ്യചിത്രത്തിലും അഭിനയിച്ചു. പിന്നീട് ടിവി ഷോ അവതാരകനായി.

ഇനി അഭിനയമാണ് ഇടമെന്നുറപ്പിച്ചതു പൊൻമുട്ടയാണോ ?

ടിവിയിലെ ഡബ്സ്മാഷുകൾ കണ്ടാണു പൊൻമുട്ടയിലേക്ക് ഓഫർ വന്നത്. ടീം പുതിയ വെബ് സീരീസുകൾ ഇറക്കാൻ പ്ലാൻ ചെയ്യുന്ന സമയമാണത്. അതിലെ കോമഡി കഥാപാത്രങ്ങളാണ് ഭാഗ്യമായത്. പൊൻമുട്ട എന്റെ ഫിലിം സ്കൂൾ തന്നെയാണ്. സ്ക്രിപ്റ്റ് എഴുത്തു മുതൽ എഡിറ്റിങ് വരെ പഠിച്ചു.

പൊൻമുട്ട പോപ്പുലറായതോടെ ആളുകൾ തിരിച്ചറിഞ്ഞുതുടങ്ങി. അഭിനയമാണു മേഖല എന്നു തിരിച്ചറിഞ്ഞതു പൊന്മുട്ടയ്ക്കു ശേഷമാണ്. ആദ്യസിനിമയിലേക്ക് ഓഫർ വന്നതും പൊന്മുട്ടയിലൂെട തന്നെ. പത്രോസിന്റെ പടപ്പുകളിലേക്ക് ഓഡിഷൻ വഴി  സെലക്ട് ആയി.

യുട്യൂബിൽ നിന്നു സിനിമയിലെത്തിയതിന്റെ വ്യത്യാസമുണ്ടെങ്കിലും കോമഡി റോൾ തന്നെയായതിനാൽ അധികം പ്രയാസം തോന്നിയില്ല.
കോമഡി വിട്ടൊരു വേഷം ആദ്യം ചെയ്തതു ‘നെറ്റ് കോൾ’ ആണ്. അതിലെ ‘മുരടൻ’ കഥാപാത്രമാണ് 18പ്ലസ് എന്ന സിനിമയിലെ ചൂടൻ ചേട്ടനാകാൻ അവസരം തന്നത്.

 പ്രേമലുവിലെ ആദിയായത് എങ്ങനെ ?

ചെറിയ വേഷങ്ങൾ ചെയ്തു നിന്ന സമയത്താണു പ്രേമലുവിലേക്കു വിളി വന്നത്. ഓഡിഷനു ചെല്ലാമോ എന്നു ചോദിച്ചു വിളിച്ചതു സംവിധായകൻ ഗിരീഷ് എ.ഡി തന്നെയാണ്. പൊന്മുട്ടയാണ് അതിനും കാരണം. സെലക്‌ഷൻ കിട്ടിയപ്പോഴും ചെയ്യാനിരിക്കുന്നത് ഇത്ര വലിയ വേഷമാണെന്ന് അറിയില്ലായിരുന്നു. സ്ക്രിപ്റ്റ് കണ്ടപ്പോൾ തന്നെ തീരുമാനിച്ചു അഴിഞ്ഞാടുമെന്ന്. പാട്ടും മിമിക്രിയും ഇതുവരെ പയറ്റിയിട്ടില്ലാത്ത ഡാൻസുമെല്ലാം അതിൽ ചെയ്തു.

സൗഹൃദത്തിന്റെ കെമിസ്ട്രി ഗുണം ചെയ്ത സിനിമയാണത്. നസ്‌ലൻ, മാത്യു, മമിത, സംഗീത്, അഖില... എല്ലാവരും ഒരു അപാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ഷൂട്ടിങ്ങിനു പോകുന്നതും വരുന്നതും ഒന്നിച്ച്. തമ്മിലുണ്ടായ ആ കണക്‌ഷൻ അഭിനയത്തിലും ഗുണം ചെയ്തു.

മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ്സിൽ ബെസ്റ്റ് അപ്കമിങ് ആക്ടർ അവാർഡ് കിട്ടിയത് പ്രേമലുവിലെ ആദിക്കാണ്. ലാലേട്ടന്റെയും മമ്മൂക്കയുടെയും മുന്നിൽ വച്ചു ജയറാമേട്ടന്റെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിയ നിമിഷം സ്വപ്നതുല്യമായിരുന്നു. സൈമ അവാർഡ്സിൽ ബെസ്റ്റ് കോമഡി ആക്ടർ– മലയാളം അവാർഡും കിട്ടി. അന്നു കുറേ താരങ്ങൾ ആദിയെ അഭിനന്ദിച്ചു സംസാരിച്ചപ്പോഴാണു റീച്ച് മനസ്സിലായത്.

പ്രേമലു സക്സസ് സെലിബ്രേഷനിൽ പങ്കെടുത്ത രാജമൗലി സാർ പറഞ്ഞത് അദ്ദേഹത്തിന്റെ ഫേവറിറ്റ് ക്യാരക്ടർ ആദിയാണ് എന്നാണ്. അവാർഡിനേക്കാൾ വലിയ സന്തോഷമായിരുന്നു അത്.

English Summary:

Shyam Mohan's journey into acting is a compelling narrative, marked by early influences and personal tragedies, leading him from mimicry and web series to a breakout role in the hit film 'Premalu'. His path has been filled with unexpected twists, mirroring a cinematic story as he transitioned from a banking career to pursue his passion for acting, ultimately finding widespread recognition and acclaim.

ADVERTISEMENT