മലയാളവും തമിഴും കീഴടക്കി ലിജോമോൾ; ജയ് ഭീമിലൂടെ നേരിട്ടറിഞ്ഞതു പൊള്ളുന്ന ജീവിതാനുഭവങ്ങൾ Lijomol Jose: A Double Award Winner for Her Powerful 'Jai Bhim' Performance
Mail This Article
മികച്ച സ്വഭാവ നടിക്കുള്ള കേരള സർക്കാർ ചലച്ചിത്ര പുരസ്കാരം വാങ്ങി വീട്ടിലെത്തിയതേയുള്ളൂ ലിജോമോൾ ജോസ്. ഉടനേയെത്തി തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് പ്രഖ്യാപനം. 2021ൽ ജയ് ഭീമിലെ സെങ്കനിയായി തിളങ്ങിയ അതിശയ പ്രകടനത്തിനാണ് ലിജോമോളെ തേടി അവാർഡെത്തിയത്. മലയാളത്തിലും തമിഴിലും സംസ്ഥാന പുരസ്കാര തിളക്കത്തിലാണ് ലിജോമോൾ.
മലയാളത്തിലും തമിഴിലും മികച്ച വേഷങ്ങളിൽ തിളങ്ങുന്ന ലിജോമോളുടെ കരിയറിൽ നാഴികക്കല്ലായ സിനിമയാണ് ജയ് ഭീം. ആ സിനിമ സമ്മാനിച്ച അപൂർവ അനുഭവങ്ങളെ കുറിച്ച് വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ ലിജോമോൾ പറഞ്ഞതിങ്ങനെ.
‘‘ഇരുള ആദിവാസി വിഭാഗത്തിന്റെ കഥ പറഞ്ഞ റിയൽ സ്റ്റോറിയാണത്. സെലക്ട് ആയപ്പോൾ തന്നെ പറഞ്ഞിരുന്നു ഇരുള വിഭാഗത്തിനൊപ്പം 10 ദിവസം ട്രെയ്നിങ് ഉണ്ടാകുമെന്ന്. അതു പിന്നെ, ഒന്നരമാസം നീണ്ടു. എല്ലാവരും ഒന്നിച്ചായിരുന്നു ആദ്യ സെഷൻ. പിന്നെ, പലതായി തിരിച്ചു കുടികളിലേക്കു കൊണ്ടുപോയി.
ഇരുള സ്ത്രീകൾ സാരിയുടുത്തു നടക്കുന്നതു പരിശീലിക്കാനായി പ്രൊഡക്ഷൻ ടീം നാലു സാരി വാങ്ങി തന്നു. അവർ ചെരിപ്പിടാതെയാണു നടക്കുന്നത്. അതു ശീലിക്കാനായി ഒന്നരമാസം ഞങ്ങളും ചെരിപ്പിട്ടില്ല.
ഇരുട്ടു വീണാൽ അവർക്കൊപ്പം ഞങ്ങളും വേട്ടയ്ക്കു പോകും, ചെറിയ പക്ഷികളും പാടത്തു മാളങ്ങളിൽ ഒളിച്ചിരിക്കുന്ന വരപ്പെലിയുമാണ് ഇര. എലിയെ തോലുരിച്ച് കറിവയ്ക്കും. വേട്ടയാടി പിടിക്കുന്ന ഒരുതരം അണ്ണാനെ തോലുരിച്ച് ഉപ്പും മുളകുമൊന്നും പുരട്ടാതെ ചുട്ടെടുക്കും. രണ്ടും ഞങ്ങൾ രുചിച്ചുനോക്കി. ഈ ട്രെയ്നിങ് അഭിനയത്തിൽ ഏറെ ഗുണം ചെയ്തു.
ഷൂട്ടിങ് തുടങ്ങി 10 ദിവസം കഴിഞ്ഞപ്പോൾ കോവിഡ് ലോക്ഡൗൺ വന്നു. വീട്ടിലായിരിക്കുമ്പോൾ ജ്ഞാനവേ ൽ സർ വിളിക്കും, സെങ്കനിയായി ഇരിക്കണം, ലിജോയാകരുത് എന്നു പറയാൻ. ഷൂട്ടിങ് വീണ്ടും തുടങ്ങാനായുള്ള ആ കാത്തിരിപ്പിലാണു സീനുകൾ മനഃപാഠമാക്കിയത്.
ഗർഭിണിയായ സെങ്കനിയാകാൻ കൃത്രിമ വയർ വയ്ക്കണം. സിനിമയുടെ അവസാന ഭാഗമാകുമ്പോഴേക്കും വയറും വലുതാകും. നല്ല ഭാരമുണ്ടു കൃത്രിമ വയറിന്. പല സീനിലും സെങ്കനി അലറിക്കരയുന്നുണ്ട്, അതു കഴിഞ്ഞാൽ ശബ്ദം പോകും. ആ കഷ്ടപ്പാടിനൊക്കെ ഫലം കിട്ടി, കരിയർ ബെസ്റ്റ് സിനിമയായി അതു മാറി.
സൂര്യ നൽകിയ സർപ്രൈസുകളെ കുറിച്ചു പറയൂ ?
ഷൂട്ടിങ് തീരുന്ന ദിവസം പ്രൊഡക്ഷൻ കൺട്രോളർ വന്നു പറഞ്ഞു, ‘സൂര്യ സർ വിളിക്കുന്നു.’ കാരവാനിൽ ചെന്നപ്പോൾ ‘നന്നായി അഭിനയിച്ചു, അഭിനന്ദനങ്ങൾ’ എന്നു പറഞ്ഞ് ഒരു ബോക്സ് സമ്മാനമായി തന്നു. തിരികെ വന്നു തുറന്നു നോക്കിയപ്പോഴാണ് അതൊരു സ്വർണമാല ആണെന്നു മനസ്സിലായത്. ഭർത്താവായി അഭിനയിച്ച മണികണ്ഠനും അദ്ദേഹം സമ്മാനം നൽകി.
അതിലേറെ ഞെട്ടിയത് എന്റെ വിവാഹ ദിവസമാണ്. ജയ്ഭീം റിലീസാകുന്നതിനു കുറച്ചു ദിവസങ്ങൾക്കു മുൻപാണു കല്യാണം. ചടങ്ങുകൾ കഴിഞ്ഞ പിറകേ വലിയ സ്ക്രീനിൽ ഒരു വിഡിയോ പ്ലേ ചെയ്തു, സൂര്യ സാറും ജ്യോതിക മാമും കല്യാണത്തിന് ആശംസകൾ നേരുന്നു. ജയ് ഭീമിന്റെ സംവിധായകൻ ജ്ഞാനവേൽ സർ എന്റെ അനിയത്തിയുടെ ഫോണിലേക്ക് സർപ്രൈസായി അയച്ചുനൽകിയതാണത് അത്. നടൻ പ്രകാശ് രാജ് സാറിന്റെ ആശംസാ വിഡിയോയും അതിനൊപ്പം ഉണ്ടായിരുന്നു.
സിനിമ സ്വപ്നം പോലും കാണാത്തൊരാൾ എങ്ങനെ ഇവിടെയെത്തി ?
അമ്മ ഇത്തമ്മ ആന്റണിക്കു വനംവകുപ്പിലായിരുന്നു ജോലി, അച്ഛൻ രാജീവിന് ഏലക്കൃഷിയാണ്. പീരുമേട് മരിയഗിരി സ്കൂളിലാണ് പ്ലസ്ടു വരെ പഠിച്ചത്. അന്നൊന്നും സ്റ്റേജിൽ കയറിയിട്ടേയില്ല.
കൊച്ചി അമൃതയിൽ വിഷ്വൽ മീഡിയ ഡിഗ്രി പൂർത്തിയാക്കിയ പിറകേ ജയ് ഹിന്ദ് ചാനലിൽ സബ് എഡിറ്ററായി ജോലി കിട്ടി. അങ്ങനെ തിരുവനന്തപുരത്തേക്കു വന്നു. രണ്ടു വർഷം ഡെസ്കിലിരുന്നു ബോറടിച്ചപ്പോഴാണു പിജി ചെയ്യാൻ തീരുമാനിച്ചത്. രാജിക്കത്തു നൽകിയ പിറകേ കുറച്ചുദിവസം കൊച്ചി ബ്യൂറോയിൽ ജോലി ചെയ്തു. ആ വർഷം സിനിമാ സംഘടന ‘അമ്മ’യുടെ ജനറൽ ബോഡി മീറ്റിങ് റിപ്പോർട്ട് ചെയ്തതു ഞാനാണ്. അന്നു സിനിമ സ്വപ്നത്തിലേ ഇല്ല.
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നു ലൈബ്രറി സയൻസിൽ പിജി നല്ല മാർക്കോടെ പാസ്സായി. പിഎച്ച്ഡി ചെയ്തു ടീച്ചറാകാനായിരുന്നു പ്ലാൻ. ആയിടയ്ക്ക് ഒരു സുഹൃത്തു പറഞ്ഞിട്ടാണു മഹേഷിന്റെ പ്രതികാരത്തിലേക്ക് ഓഡിഷനു പോയത്. പിന്നെ എല്ലാം സിനിമയായിരുന്നു.
