ADVERTISEMENT

ആദമിന്റെ ബർത്ഡേ ആണ്. സർപ്രൈസ് സമ്മാനങ്ങൾ നൽകാൻ പ്ലാൻ ചെയ്തിരിക്കുകയാണ് ആസിഫും ഭാര്യ സമയും. ആദം അറിയാതെ സമ്മാനങ്ങൾ വീട്ടിലെത്തിക്കണം എന്നുള്ളതു കൊണ്ട് പുതിയ അനിമേഷൻ സിനിമ കാണാൻ ആദമിനൊപ്പം ആസിഫ് പോയി. ആ സമയത്തു സമ ഷോപ്പിങ് നടത്തി സർപ്രൈസ് സെറ്റ് ചെയ്തു. പെരുന്നാളും നോമ്പും സ്കൂൾ വെക്കേഷനുമൊക്കെയായി കുറച്ചേറെ ദിവസങ്ങളായി ആസിഫ് അലി വീട്ടിൽ തന്നെയുണ്ട്. ‘‘ഷൂട്ടിങ്ങിനു പോയാലും അധിക ദിവസമൊന്നും ഇവരെ പിരിഞ്ഞു നിൽക്കാൻ കഴിയില്ല. ആദ്യത്തെ ആഴ്ച സമ ലൊക്കേഷനിലേക്കു വരും. രണ്ടാമത്തെ ആഴ്ച മക്കളെ കൊണ്ടുവരും. മൂന്നാമത്തെ ആഴ്ച തിരിച്ചെത്തുമ്പോൾ സമയ്ക്കു സ്കൂളിൽ നിന്നു വിളി വരും, മക്കളെ ഇങ്ങനെ അവധി എടുപ്പിക്കരുത് എന്നു പറയാൻ.’’ ആസിഫ് പറയുന്നതു കേട്ടു മുഖത്തോടു മുഖം നോക്കി ചിരിക്കുകയാണു സമയും മക്കളായ ആദമും ഹയയും.

15 വർഷം പൂർത്തിയായി ആസിഫ് സിനിമയിലെത്തിയിട്ട്. കഴിഞ്ഞ വർഷം ചെയ്ത നാലു സിനിമകളും ഒന്നിനൊന്നു മികച്ചതായി പേരെടുത്തപ്പോൾ 2025ലെ ആദ്യചിത്രം, രേഖാചിത്രം ബോക്സോഫിസിനെ പിടിച്ചുകുലുക്കി. കരിയറിലും സിനിമയിലും പുതിയ മാറ്റങ്ങളുടെ കാലമാണെന്ന തിളക്കം ആസിഫിന്റെ ഒാരോ വാക്കിലുമുണ്ട്.

ADVERTISEMENT

2024 കരിയറിലെ സ്വപ്നവർഷമായല്ലോ ?

ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ഒരു നല്ല സിനിമ സംഭവിക്കുന്നു, നല്ല കഥാപാത്രവും പെർഫോമൻസും വരുന്ന ഘട്ടമായിരുന്നു 2023 വരെ. എന്നാൽ തലവനും അഡിയോസ് അമിഗോയും ലെവൽ ക്രോസ്സും കിഷ്കിന്ധാകാണ്ഡവും ചേർന്ന് ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങൾ 2024 ൽ കിട്ടി.

ADVERTISEMENT

കഥാപാത്രങ്ങൾ തിരഞ്ഞടുക്കുന്നതിലും സിനിമ കമ്മിറ്റ് ചെയ്യുന്നതിലും കുറേ അബദ്ധങ്ങൾ മുൻപു പറ്റി എന്നു സമ്മതിക്കാതെ വയ്യ. എന്റെ എക്സൈറ്റ്മെന്റായിരുന്നു പ്രശ്നം. കാത്തിരുന്നു വിലയിരുത്താനുള്ള ക്ഷമ അന്നൊന്നും ഇല്ലായിരുന്നു.

സിനിമയോടുള്ള എക്സൈറ്റ്മെന്റിനെ നല്ല സിനിമകൾക്കു വേണ്ടി എക്സൈറ്റഡായി കാത്തിരിക്കുന്ന സ്വഭാവമായി മാറ്റാനായത് 15 വർഷത്തെ അനുഭവപരിചയം കൊണ്ടാകും.

ADVERTISEMENT

നാലു കഥാപാത്രങ്ങൾ നാലു ജോണറിൽ. തിരഞ്ഞെടുപ്പുകൾ ബോധപൂർവമാണോ ?

ഏതു ജോണറിലായാലും തുടർച്ചയായി കഥാപാത്രങ്ങൾ ചെയ്യില്ല എന്ന തീരുമാനം എടുത്തു. പിന്നെ എനിക്കു പക്വത കൂടുന്നതനുസരിച്ചു ക്യാരക്ടർ സിലക്‌ഷനും മാറിയിട്ടുണ്ട്.

ലാലേട്ടന്റെ സാഗർ കോട്ടപ്പുറവും സ്റ്റേജിലെ അയ്യപ്പ ബൈജുവുമല്ലാതെ പുതുമയുള്ളൊരു കുടിയനാകണം എന്ന ചലഞ്ച് ഏ റ്റെടുത്താണ് അഡിയോസ് അമിഗോയിലെ കഥാപാത്രമായത്. ലെവൽക്രോസ്സിലെ രഘു ആളുകളിൽ നിന്നെല്ലാം ഒറ്റപ്പെട്ടു ജീവിക്കുന്നയാളാണ്. കിഷ്കിന്ധാകാണ്ഡത്തിലെ അ ജയൻ ആകാൻ വലിയ പ്രയാസം വന്നില്ല. കുഞ്ഞിന്റെ കാര്യത്തിലുള്ള അച്ഛന്റെ വേദന വളരെ ജനുവിൻ ആയി പ്രേക്ഷകർക്കു ഫീൽ ചെയ്തതു ഞാനൊരു അച്ഛനായതു കൊണ്ടു കൂടിയാണ്. പല സീനുകളും അഭിനയിക്കുമ്പോൾ ഉള്ളിൽ വിങ്ങൽ തോന്നി.

സമ : ഷൂട്ടിങ് തുടങ്ങിയ ദിവസം രാത്രി ആസിഫ് വിളിച്ചപ്പോൾ ശബ്ദത്തിൽ എന്തോ പ്രയാസം പോലെ തോന്നി. രാത്രി റൂമിലെത്തിയാൽ നെഞ്ചിടിപ്പും ടെൻഷനുമാണ്, ഉറങ്ങാൻ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു.

പിറ്റേന്നു ഞങ്ങൾ ഒറ്റപ്പാലത്തെ ലൊക്കേഷനിൽ ചെന്നു. മൂന്നു ദിവസം കഴിഞ്ഞു മക്കളെ അവിടെ നിർത്തി തിരിച്ചു വന്നു. പിന്നെ രണ്ടു ദിവസവും ജിമ്മിൽ പോലും ആസിഫ് മക്കളെ കൂടെ കൂട്ടി. രേഖാചിത്രത്തിന്റെ സന്തോഷത്തെ കുറിച്ചു പറയൂ...

കാതോട് കാതോരം റിലീസ് ആകുമ്പോൾ ഞാൻ ജനിച്ചിട്ടില്ല. പക്ഷേ, കുട്ടിക്കാല ഓർമകളിലെല്ലാം ആ പാട്ടുണ്ട്. സൺഡേ ഹോളിഡേ എന്ന സിനിമയിൽ ഈ പാട്ടാണ് ബാൻഡ് ടീം പ്രാക്ടീസ് ചെയ്യുന്നത്. പക്ഷേ, ഇപ്പോഴും ഇതു ചാക്കോച്ചന്റെ സിനിമയിലെ പാട്ട് ആയി അറിയുന്നവരുമുണ്ട്. അങ്ങനെയൊരു സിനിമയുടെ 40 വർഷം മുൻപുള്ള കഥ സിനിമയായപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതു ചെറിയ കാര്യമല്ല. മമ്മൂക്കയുടെ സ്നേഹവും ആശംസകളും കിട്ടിയതും ഭാഗ്യമാണ്.

എന്റെ ആദ്യ സിനിമ ഋതുവിന്റെ വിതരണം മമ്മൂക്കയുടെ ഫിലിം കമ്പനിയായ പ്ലേ ഹൗസ് ആണ്. മമ്മൂക്ക ആദ്യമായി നിർമിച്ച സിനിമ ജവാൻ ഓഫ് വെള്ളിമലയിൽ ഞാൻ ഉണ്ടായിരുന്നു. സിനിമയോടുള്ള എക്സൈറ്റ്മെന്റ് എന്നേക്കാൾ ഒരുപാടു കൂടുതലുള്ള ആളാണു മമ്മൂക്ക. ജീവിതത്തിലെ അമൂല്യ നിമിഷങ്ങളായി കരുതുന്ന രണ്ടു മമ്മൂക്ക മൊമന്റ്സ് ഉണ്ട്. റൊഷാക്കിന്റെ വിജയാഘോഷത്തിനിടെ മമ്മൂക്ക എനിക്കൊരു വാച്ച് സമ്മാനിച്ചു. രേഖാചിത്രത്തിന്റെ വിജയാഘോഷത്തിന് ‍ഞാൻ പകരം തരേണ്ടതെന്താണെന്നു ചോദിച്ചപ്പോൾ കവിളിലൊരു മുത്തം മതിയെന്നു മമ്മൂക്ക പറഞ്ഞു. ആ സന്തോഷം പറഞ്ഞറിയിക്കാനാകില്ല.

ഷൂട്ടിങ്ങിനിടെ അപകടമുണ്ടായ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായല്ലോ ?

ടിക്കി ടാക്ക ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. ഫൈറ്റ് സീനിനിടെ ചാടുമ്പോൾ സ്ലിപ് ആയി വീണു. ഇടതുകാൽ മുട്ടിലെ ലിഗമെന്റുകൾ പൊട്ടിപ്പോയി. സർജറിയും വിശ്രമവും ഫിസിയോ തെറപിയുമൊക്കെയായി അഞ്ചുമാസം മാറി നിന്നപ്പോഴാണ് ആ പരുക്കിന്റെ കാഠിന്യം മനസ്സിലാകുന്നത്.

ഫുൾ ടൈം വീട്ടിൽ നിൽക്കാമെന്ന സന്തോഷത്തിലാണ് ആ കാലം തുടങ്ങിയത്. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞപ്പോൾ ടെൻഷനായി തുടങ്ങി. ലൊക്കേഷൻ വല്ലാതെ മിസ് ചെയ്യുന്നു. ആ സമയത്തു വിനീത് ശ്രീനിവാസനും വൈശാഖും വീട്ടിൽ വന്നു. സംസാരിക്കുന്നതിനിടെ ടെൻഷൻ കണ്ടിട്ടു വിനീത് ലൊക്കേഷനിലേക്കു ക്ഷണിച്ചു.

‘ലൊക്കേഷനിൽ വന്നു കുറച്ചു നേരം ഇരിക്കൂ, കഥാപാത്രം എന്നൊന്നും കരുതേണ്ട’ എന്നാണു പറഞ്ഞത്. അങ്ങനെയാണു ‘വർഷങ്ങൾക്കു ശേഷം’ ചെയ്തത്. സർജറി കഴിഞ്ഞു നിൽക്കാൻ പറ്റാത്ത ആ അവസ്ഥയിൽ ‘ഇരിക്കുന്ന’ രംഗമാണ് എന്റേത് എന്നു ശ്രദ്ധിച്ചാൽ മനസ്സിലാകും. വീൽ ചെയറിലാണ് അന്നു ലൊക്കേഷനിലേക്കു പോയത്.

ഒരിക്കൽ സിബി മലയിൽ സാർ കുറേ പഴയ കഥകൾ പറഞ്ഞു. കിരീടത്തിൽ കീരിക്കാടൻ ജോസുമായിട്ടുള്ള ഫൈറ്റ് ഷൂട്ട് ചെയ്യുമ്പോൾ പുതുമുഖമായ വില്ലന്റെ ഇടി പലതും ലാലേട്ടൻ വാങ്ങുന്നുണ്ടായിരുന്നത്രേ. പരിചയക്കുറവു കൊണ്ടു സംഭവിച്ച അബദ്ധമാണെങ്കിലും അത് അദ്ദേഹത്തെ അറിയിച്ചു കൂടുതൽ ടെൻഷനുണ്ടാക്കാതെ, ഷൂട്ടിങ്ങിനെ ബാധിക്കാതെ ഡീൽ ചെയ്ത മോഹൻലാൽ എന്ന നടന്റെ മുന്നിൽ ഈ പരിക്കൊക്കെ നിസ്സാരം.

സമ : സർജറി സമയത്തെ മറ്റൊരു കഥ കൂടിയുണ്ടു കേട്ടോ. മക്കളുടെ സ്കൂളിലെ എല്ലാ പരിപാടികൾക്കും പങ്കെടുക്കണമെന്ന് ആസിഫിനു നിർബന്ധമാണ്. ആ വർഷം ആനുവൽ ഡേയ്ക്കു ആദമിന്റെ പാട്ടും ഹയയുടെ ഡാൻസുമുണ്ട്.

സർജറി മാറ്റി വയ്ക്കണമെന്ന ആസിഫിന്റെ നിർബന്ധം. ആരോഗ്യസ്ഥിതി വളരെ മോശമായതു കൊണ്ട് ഡോക്ടർമാർ സമ്മതിച്ചില്ല. സർജറി കഴിഞ്ഞയന്നു തന്നെ ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തി. പിന്നെ വീൽ ചെയറിൽ സ്കൂളിലേക്ക്. കാലു നീട്ടിവച്ചു മക്കളുടെ പരിപാടി കണ്ടു.

രമേഷ് നാരായണനെ കെട്ടിപ്പിടിച്ചു വിശേഷങ്ങൾ പറയുന്ന സന്തോഷ വിഡിയോ  സോഷ്യൽ മീഡിയയിൽ കണ്ടു...

മനോരഥങ്ങൾ ഓഡിയോ റിലീസ് സമയത്തുണ്ടായ സംഭവങ്ങളിൽ ഞാനോ അദ്ദേഹമോ തെറ്റുകാരല്ല. പക്ഷേ, പരിചയമില്ലാത്ത ആളുകൾ ഒളിഞ്ഞിരുന്നു കല്ലെറിയുന്ന അവസ്ഥ ഭീകരമാണ്. മതത്തിന്റെ പേരിൽ വരെ ചിലർ കാര്യങ്ങൾ വളച്ചൊടിച്ചു. അദ്ദേഹത്തിനു നേരേയുണ്ടായ ഓൺലൈൻ അറ്റാക്ക് ഒരു സാധാരണ മനുഷ്യനു കൈകാര്യം ചെയ്യാവുന്ന ഘട്ടവും കടന്നു പോയപ്പോഴാണു പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ചത്.

ഈയടുത്തു മുഖ്യമന്ത്രി നടത്തിയ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാൻ ചെന്നപ്പോഴാണ് അവിടെ രമേശ് നാരായണൻ സർ വന്നിട്ടുണ്ട് എന്നറിഞ്ഞത്. ഞാൻ അദ്ദേഹത്തെ ചെന്നുകണ്ടു, കെട്ടിപ്പിടിച്ചു. എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണം എന്നു പറഞ്ഞു.

മക്കളുടെ കാര്യത്തിൽ ആരാണു കൂടുതൽ സ്ട്രിക്ട് ?

സമ : രണ്ടു പ്രസവത്തിനും ആസിഫ് ലേബർ റൂമിൽ ഒപ്പമുണ്ടായിരുന്നു. ആസിഫിനു കുട്ടികളും വീടുമാണു ലോകം. ഷൂട്ടിങ് നേരത്തേ കഴിഞ്ഞാൽ സ്കൂളിൽ നിന്ന് അവരെ പിക് ചെയ്താണു വീട്ടിലേക്കു വരുന്നത്. ആദം ഇനി ആറിലേക്കും ഹയ മൂന്നിലേക്കുമാണ്.

മക്കൾക്ക് അനുസരണ വേണമെന്നും മുതിർന്നവരെ ബഹുമാനിക്കണമെന്നും എനിക്കു നിർബന്ധമുണ്ട്. പുതി യ തലമുറയ്ക്ക് ഇതു കുറവാണെന്നു തോന്നാറുണ്ട്. അനുസരണക്കേടു കാണിക്കുമ്പോൾ വഴക്കു പറയുന്നതും അടിക്കുന്നതുമൊക്കെ ഞാനാണ്. ആസിഫ് സപ്പോർട് ചെയ്യും. ഇടയ്ക്കു വരുമ്പോൾ കുട്ടികളോടു കുറേ സ്നേഹം കാണിച്ച് എന്നെ കുറ്റം പറയുന്ന രീതി ഇല്ലേയില്ല.

യാത്രകളാണു ഞങ്ങളുടെ ഹരം. അപ്പോഴാണു നമ്മൾ എത്ര ചെറുതാണെന്നും, ഈ ലോകം എത്ര വലുതാമെന്നും മനസ്സിലാകുന്നത്. ഈ ന്യൂ ഇയറിൽ റോമിലേക്കു പോയി. വത്തിക്കാനിൽ ചെന്നു മാർപ്പാപ്പയെ കാണാൻ അവസരം കിട്ടി.

ആസിഫ് : യാത്ര പോകുമ്പോൾ ഫോൺ ഓഫ് ചെയ്തു വീട്ടിലെ അലമാരയിൽ വയ്ക്കും. എങ്കിലേ ഫ്രീയായി മക്കൾക്കൊപ്പം ഇരിക്കാനാകൂ. ഫോണെടുക്കാത്ത ആ പഴയ ശീലം ഇപ്പോൾ ആളുകൾ അംഗീകരിച്ചു എന്നു തോന്നുന്നു, ഒരാൾക്ക് ഒരു മോശം സ്വഭാവം വേണമല്ലോ.

സമ : ഫോൺ മാത്രമല്ല, ആസിഫ് വാലറ്റും മറക്കും. ഒരിക്കൽ പൊള്ളാച്ചിയിൽ നിന്നു ഷൂട്ടിങ് കഴിഞ്ഞു വരുംവഴി പെട്രോൾ അടിച്ചിട്ടു നോക്കുമ്പോൾ വാലറ്റ് ഇല്ല. രാത്രി എന്നെ വിളിച്ചുണർത്തി. ഫോണുണ്ടല്ലോ ഗൂഗിൾ പേ ചെയ്യാൻ പറഞ്ഞപ്പോൾ അതെന്താണെന്നു പോലും ആസിഫിന് അറിയില്ല. പിന്നെ കോഡ് എനിക്കയച്ച ശേഷമാണു പേയ്മെന്റ് നടത്തിയത്.

മറുഭാഷകളിലേക്കു പോകാത്ത നടനാണല്ലോ ?

എന്റെ ധൈര്യം ഇല്ലായ്മ അതിനൊരു കാരണമാണ്. പിന്നെ ആദ്യ പ്രോജക്ട് എന്ന നിലയിൽ എക്സൈറ്റ്മെന്റ് ഉണ്ടാക്കുന്ന കഥകൾ വന്നിട്ടുമില്ല.മലയാളത്തിൽ ആഭ്യന്തര കുറ്റവാളി ആണ് ഇനി വരുന്നത്. പിന്നെ സർക്കീട്ട്. ജീത്തു ജോസഫിന്റെ മിറാഷ് ആണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമ. ഞാൻ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയുടെ പ്ലാനിങ്ങും നടക്കുന്നു. സംവിധാനമോഹവുമുണ്ട്, പക്ഷേ, ഉടനേയില്ല.

വനിത 2025 ഏപ്രിൽ–മേയ് ലക്കത്തിൽ പ്രസിദ്ധീകരിച്ച വനിതയിൽ നിന്നും.

English Summary:

Asif Ali reflects on his career evolution and deliberate choices in selecting diverse roles, showcasing his excitement for cinema and personal growth.

ADVERTISEMENT