‘വീടുപണി തീർക്കാനായി മാസം 1200 രൂപ തിരിച്ചടവിൽ 75000 ലോണെടുത്തു; പ്രോഗ്രാമുകൾക്കു പോകുന്നതായിരുന്നു ധൈര്യം’ സിനിമയിൽ ചുവടുറപ്പിക്കുന്ന സൗമ്യ ഭാഗ്യൻ പിള്ളയുടെ ജീവിതത്തിലെ സങ്കടങ്ങളും സന്തോഷങ്ങളും
Mail This Article
മിനിസ്ക്രീനിലെ ചിരിതാരമായി പ്രേക്ഷക മനസ്സിൽ ചേക്കേറിയ സൗമ്യ ഭാഗ്യൻപിള്ള മലയാളിക്കിപ്പോൾ ‘ഒളിച്ചോടിപ്പോയ രജനി’യും ‘തുളസി’യുമാണ്. കോമഡി സ്കിറ്റുകളിൽ നിന്ന് സത്യൻ അന്തിക്കാട് – മോഹൻലാൽ സിനിമ വരെയെത്തിയ ജീവിതം പറയുന്നു സൗമ്യ.
ഡാൻസ്, സ്കിറ്റ്, അളിയൻസ്
പുന്നപ്ര പ്രശാന്തിന്റെ (അയ്യപ്പ ബൈജു) ട്രൂപ്പിൽ ഞാൻ ഡാൻസ് പ്രോഗ്രാം ചെയ്യുന്നുണ്ടായിരുന്നു. കൊച്ചിൻ ഗിന്നസ്സിലേക്ക് ഒരു പെൺകുട്ടിയെ വേണമെന്നറിഞ്ഞപ്പോൾ ചേച്ചിയുടെ ഭർത്താവായ ആലപ്പി ഗോപകുമാറാണ് ‘നമ്മുടെ സൗമ്യയേ നോക്കിക്കൂടെ’ എന്നു പ്രശാന്തേട്ടനോടു ചോദിക്കുന്നത്. അങ്ങനെ 20 വർഷം മുൻപ് കൊച്ചിൻ ഗിന്നസ്സിൽ എത്തി.
അഞ്ചു വർഷം ഞാനവിടെയുണ്ടായിരുന്നു. നൃത്തം ചെയ്യാനാണ് ചെന്നതെങ്കിലും അഭിനയത്തിലെ അരങ്ങേറ്റം അവിടെ വച്ചു നടന്നു. സ്കിറ്റിൽ ഫിഗർ ഷോ ഉണ്ടല്ലോ... നസീറും സത്യനുമൊക്കെ വേദിയിലെത്തുമ്പോൾ ഷീലയും ശാരദയുമായി നമ്മളും എത്തും. പിന്നെ, ചെറിയ കഥാപാത്രങ്ങൾ ചെയ്തു തുടങ്ങി. സിനിമാല, ക്രേസി ടിവി, കോമഡി മിക്സും പിന്നെ ഞാനും, മറിമായം എന്നീ പരിപാടികളിലൂടെ ഞാനും കോമഡി ആർട്ടിസ്റ്റായി.
അന്നൊന്നും സിനിമ മനസ്സിലില്ല. പ്രോഗ്രാമിനു പോയാലേ വീട്ടിലെ കാര്യങ്ങൾ നടക്കൂ. അത്രേയുള്ളൂ ചിന്ത... ആയിടയ്ക്ക് ആലപ്പുഴ സിട്രസ് റിസോർട്ടിലെ അതിഥികൾക്കു വേണ്ടി നൃത്തം അവതരിപ്പിക്കാൻ അവസരം കിട്ടി. സ്ഥിരവരുമാനമുള്ള ജോലി പോലെ ഏഴു വർഷം റിസോർട്ടിൽ നൃത്തം അവതരിപ്പിച്ചു. റിസോർട് മാനേജർ സന്തോഷ് സാറാണ് എനിക്ക് ആ പിടിവള്ളി തന്നത്. 2018ൽ ‘അളിയൻസി’ലേക്കു ക്ഷണം വന്നു. അങ്ങനെ ഞാൻ ടിവി പ്രേക്ഷരുടെ ലില്ലിയായി.
ഒളിച്ചോടിയ രജനി വഴി തുളസിയിലേക്ക്
ഹൃദയപൂർവം സിനിമയുടെ സെറ്റിൽ വച്ചു സത്യൻ സാർ എന്നെ കണ്ടതും ലില്ലി എന്നാണ് വിളിച്ചത്. സാർ ‘അളിയൻസി’ന്റെ ഫാനായിരുന്നെന്നേ...
ലാലേട്ടനുമായി വിഡിയോ കോളിലെത്തുന്ന എന്റെ മൂന്നു സീനുകളും ഫോണിലാണ് ഷൂട്ട് ചെയ്തത്. അതുകൊണ്ട് സത്യൻ സാറും അനൂപ് സത്യനും തൊട്ടരികിൽ ഉണ്ടായിരുന്നു. ‘എന്തു നല്ല മോഡുലേഷനാണല്ലേ’ എന്ന അവരുടെ കമന്റ് ഹൃദയപൂർവം മനസ്സിലുണ്ട്. അര ദിവസമേ ഷൂട്ടിങ് ഉണ്ടായിരുന്നുള്ളൂ. അന്നൊന്നും ലാലേട്ടനെ കണ്ടിട്ടില്ല. പിന്നീട് ദൃശ്യം 3യുടെ സെറ്റിൽ വച്ചു കണ്ടപ്പോൾ ലാലേട്ടൻ ചോദിച്ചു, ‘ഒളിച്ചോടിപ്പോയ രജനിയല്ലേ...’
ഹൃദയപൂർവം റിലീസാകും മുൻപാണ് സർവം മായയിൽ അഭിനയിച്ചത്. അഖിലും അനൂപും ഇരട്ടകളാണെന്ന് അന്നെനിക്കറില്ല. സെറ്റിലെത്തിയ ദിവസം അഖിലിനെ കണ്ട് അനൂപാണെന്നു കരുതി കുശലം പറഞ്ഞു ഞാൻ ചമ്മി. ആ ചമ്മൽ മാറിയത് എന്റെ സീൻ ഷൂട്ട് ചെയ്തുകഴിഞ്ഞ് അഖിൽ പറഞ്ഞ വാക്കുകൾ കേട്ടപ്പോഴാണ്, ‘അച്ഛന്റെ സെലക്‌ഷൻ മോശമായില്ല’. സര്‍വം മായയിലേക്ക് എന്നെ നിർദേശിച്ചത് സത്യന്‍ സാറായിരുന്നു.
ഹൃദയപൂർവം കണ്ടശേഷവും എന്നെ വിളിച്ച് അഖിൽ അഭിനന്ദിച്ചു, ‘നന്നായിട്ടുണ്ട്. ലാൽ സാറിനെ കല്യാണം കഴിക്കാനുള്ള ഗ്ലാമറൊക്കെ ഉണ്ട് കേട്ടോ’ എന്നും പറഞ്ഞു. കോമഡി ട്രാക്കിൽ നിന്നു മാറി ലഭിച്ച കഥാപാത്രങ്ങളിലൊന്നാണു സർവം മായയിലെ തുളസി. മാസ്ക്, പാപ്പച്ചൻ ഒളിവിലാണ്, നുണക്കുഴി എന്നിവയിലൊക്കെ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
കല തന്ന ധൈര്യം
നാലാം വയസ്സിലായിരുന്നു നൃത്തത്തിലെ അരങ്ങേറ്റം. ആലപ്പുഴയിലെ സ്കൂൾകാലം മുതലേ സൗമ്യ ഭാഗ്യൻപിള്ള & പാർട്ടി എന്ന പേരിൽ വേദികളിൽ നൃത്തം അവതരിപ്പിച്ചു തുടങ്ങി. മൂത്ത ചേച്ചി രശ്മിയും അനിയത്തി സരിതയുമാണേ ആ ‘പാർട്ടി’. രണ്ടാമത്തെ ചേച്ചി രമ്യ ഗ്രൗണ്ട് സപ്പോർട്. അച്ഛൻ ഭാഗ്യൻപിള്ള കയർ ഫാക്ടറി തൊഴിലാളിയായിരുന്നെങ്കിലും ആറംഗ കുടുംബത്തിന് അല്ലലില്ലാതെ കഴിഞ്ഞുപോകാൻ ആ വരുമാനം പോരായിരുന്നു. പ്രോഗ്രാമിനു പുറമേ, ഡാൻസ് മത്സരങ്ങൾക്കും പോകും. മത്സരവിജയിക്കുള്ള സമ്മാനം 501 രൂപയോ 201 രൂപയോ ആയിരിക്കും. വിജയിച്ചു വരുമെന്ന പ്രതീക്ഷയിലാകും അമ്മച്ചി അമ്മിണി എവിടുന്നേലും കടം വാങ്ങിയിട്ടുണ്ടാകുക. അതുകൊണ്ടു ജയിക്കാതെ തരമില്ലല്ലോ...
ആർഎൽവിയിൽ ഭരതനാട്യം ബിരുദത്തിനു പഠിക്കുന്ന സമയം. ഒരു ദിവസം കോളജ് വിട്ടുവരുമ്പോൾ അടുത്ത വീട്ടിൽ ഗൃഹപ്രവേശത്തിന്റെ പാട്ടും ബഹളവും. ഞങ്ങളുടെ വീടിനു തറ കെട്ടിയിരുന്നെങ്കിലും ഏഴു വർഷമായിട്ടും പണി പൂർത്തിയാക്കാനായില്ലല്ലോ എന്ന സങ്കടം എന്നെ ഉലച്ചു. വീടുപണി തീർക്കാനായി മാസം 1200 രൂപ തിരിച്ചടവിൽ 75000 ലോണെടുത്തു. പ്രോഗ്രാമുകൾക്കു പോകുന്നതായിരുന്നു ധൈര്യം. പിജി പൂർത്തിയായതിനൊപ്പം ലോണടച്ചു തീർത്തു. നാലു വർഷം മുൻപ് തുമ്പോളിയിൽ മറ്റൊരു വീടും വച്ചു. മകൻ ആറാം ക്ലാസുകാരൻ പാർഥിവിനും അച്ഛനുമൊപ്പം അവിടെയാണ് താമസം. എല്ലാത്തിനും ശക്തിയായി നിന്ന അമ്മച്ചി മരിച്ചിട്ട് ഒരു വർഷമായി.
