ADVERTISEMENT

ഒറ്റവരിയിൽ ഒതുങ്ങില്ല ചിലർ. മുരളി ഗോപി  അത്തരത്തിലൊരാളാണ്. കഥാകൃത്ത്, മാധ്യമപ്രവർത്തകൻ, തിരക്കഥാകൃത്ത്, നടൻ, ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ. അങ്ങനെ വിശേഷണങ്ങളേറെ.

കൊടുമുടിയെ നിത്യവും കണ്ടുവളർന്ന മനുഷ്യന് ഉയരം സാധാരണകാര്യമാണ്. അതുകൊണ്ടാകാം ഭരത് ഗോപിയുടെ മകനു പല വിഷയങ്ങളിൽ നൂറിൽ നൂറു കിട്ടുമ്പോഴും അധികപുളകം തോന്നാത്തത്. 15 മിനിറ്റ് ആയുസ്സുള്ള വൈറൽ സൂപ്പർസ്റ്റാർ  ആകേണ്ട എന്നു ബോധപൂർവം തീരുമാനിക്കുന്നത്. സെൻസേഷനൽ ശബ്ദകോലാഹലങ്ങളില്ലാതെ മുരളി ഗോപി സംസാരിക്കുന്നു.

ADVERTISEMENT

കച്ചവട സിനിമകളിൽ, കഥ, താരം, എന്റർടെയിൻമെന്റ്... ഇവയിൽ ഏതാണു പ്രധാനം?

മൂന്നിനും അതിന്റേതായ പ്രാധാന്യം ഉണ്ട്. എഴുത്തുകാര ൻ എന്ന നിലയിൽ ഞാൻ ഉള്ളടക്കത്തിനാണു പരമപ്രാധാന്യം കൊടുക്കാറ്. എന്നു കരുതി മറ്റു രണ്ടിനും പ്രാധാന്യം കൊടുക്കാറില്ല എന്നല്ല. ശ്രേണിയിൽ ഏറ്റവും മുകളിൽ ഉള്ളടക്കമാണ് എന്നു മാത്രം.

ADVERTISEMENT

കഥാപാത്രങ്ങൾ എഴുതി വച്ചതു പോലെ പെരുമാറണം എന്ന കാര്യത്തിൽ കണിശക്കാരനാണോ?

ഓരോ എഴുത്തുകാരും എഴുതി വച്ച, വരച്ചിട്ട, കഥാപാത്രങ്ങളെ പറ്റി വ്യക്തമായ ഒരു ധാരണയുണ്ടാകും. അഭിനേതാക്കൾ ഷോട്ടിൽ ഇംപ്രവൈസ് ചെയ്യുന്നതു ശരിയാണോ എന്നു ചോദിച്ചാൽ, അത് ആപേക്ഷികമാണ് എന്നാണ് എ ന്റെ ഉത്തരം.

ADVERTISEMENT

ചില മഹാനടന്മാർക്കു നമ്മൾ ഉദ്ദേശിച്ചതിനേക്കാൾ മുകളിൽ കഥാപാത്രത്തെ കൊണ്ടു ചെന്നെത്തിക്കാൻ സാധിക്കും. അതുപോലെ തന്നെ, കഥാപാത്രത്തിന്റെ വ്യാകരണത്തിന് ഉതകാത്ത ഇംപ്രവൈസേഷൻസ് അതിനെ പാടെ തകർത്തു കളയാനും കാരണമാകും. കലാകാരന്മാരുടെ ഇംപ്രവൈസേഷനുകൾ ഒരു കഥാപാത്രത്തിന്റെ മാറ്റു കൂട്ടുന്നോ കുറയ്ക്കുന്നോ എന്നു തീരുമാനിക്കേണ്ടതു സംവിധായകനും എഴുത്തുകാരനും ആണ്.

പത്തൊൻപതാം വയസ്സിൽ ചെറുകഥ എഴുതി തുടങ്ങി. പിന്നെ എഴുത്തിന്റെ പല ഭാവങ്ങൾ. എവിടെയാണ് കംഫർട്ടബിൾ?

ഓരോന്നും  ഓരോ പ്രക്രിയയാണ്. ചെറുകഥയെഴുത്തിനോ ടു പ്രത്യേക ഒരിഷ്ടം ഉണ്ട്. കാരണം അവിടെ മധ്യസ്ഥരില്ല. ‘തർജമയിൽ നഷ്ടപ്പെടുക’  എന്ന പ്രതിഭാസം അവിടെ സംഭവിക്കുന്നില്ല. പേനയും മഷിയും കടലാസും എഴുത്തുകാരനും മാത്രമുള്ള ഏകാന്തസുന്ദരമായ ലോകമാണത്. തിരക്കഥാ രചനയുടേത് ഉദ്വേഗജനകമായ മറ്റൊരു ലോക മാണ്. പത്രമെഴുത്തു തികച്ചും സാങ്കേതികമായ ഒന്നും.

അച്ഛനെ കഥകൾ വായിച്ചു കേൾപ്പിക്കുന്ന മുരളിയെക്കുറിച്ചു കേട്ടിട്ടുണ്ടല്ലോ?

ആദ്യ കഥ എഴുതുന്നതു തന്നെ അസുഖബാധിതനായ  അച്ഛന്റെ മുഖത്ത് ഒരു പുഞ്ചിരി കാണാൻ വേണ്ടിയായിരുന്നു. ആ കഥ വായിച്ചു കേട്ട്, നിറഞ്ഞ പുഞ്ചിരിയോടെ അച്ഛൻ ‘നന്നായിട്ടുണ്ടല്ലോടാ, ഇതു പ്രസിദ്ധീകരണയോഗ്യമാണ്...’ എന്നു പറഞ്ഞതാണു എന്റെ ജീവിതത്തിൽ എനിക്കു കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ പുരസ്കാരം.

ഉള്ളിലെ മാധ്യമപ്രവർത്തകൻ തിരക്കഥാകൃത്തിനെ പിന്തുണയ്ക്കുന്നുണ്ടോ?

നമ്മുടെയൊക്കെ ഉള്ളിൽ തന്നെ, നമ്മളെ അറിയിച്ചും അറിയിക്കാതെയും ഉറങ്ങിക്കിടക്കുന്ന ഒട്ടനവധി കഥാപാത്രങ്ങൾ ഉണ്ട് എന്നാണു ഞാൻ കരുതുന്നത്. എഴുതുമ്പോൾ പലപ്പോഴും ഇത് കണ്ടെത്താനായിട്ടുമുണ്ട്. അതുപോലെതന്നെ, നമ്മുടെ ജീവിതത്തിൽ നമ്മൾ കണ്ടവരും കേട്ടറിവുള്ളവരും ഒക്കെ നമ്മുടെ കഥാപാത്രങ്ങളായി മാറാം. ജീവിതത്തിലേക്കു വൈവിധ്യമാർന്ന പല വീക്ഷണ കോണുകളും സമ്മാനിക്കുന്ന പ്രവർത്തന മേഖലയാണ് ജേണലിസം. അതുകൊണ്ടുതന്നെ, തീർച്ചയായും അത് എന്റെ എഴുത്തുവഴികളിൽ വെളിച്ചം തെളിയിച്ചിട്ടുണ്ടാവണം.

സ്വകാര്യ സന്തോഷങ്ങളും വേദനകളും തിരക്കഥകളിലേക്ക് പകർത്തിയിട്ടുണ്ടോ?

ബോധപൂർവം അങ്ങനെ ചെയ്യുക സാധ്യമല്ല. എന്നാലും, അബോധ തലത്തിലെ ചെറിയ ചലനങ്ങൾ പോലും നമ്മളറിയാതെ ചിലപ്പോൾ എഴുത്തിൽ കടന്നുവരാം; തിരക്കഥയേക്കാൾ കഥാസാഹിത്യത്തിലാണ് ഇതു സംഭവിക്കാനുള്ള സാധ്യത ഏറെയുള്ളത്.

കലാകാരൻ എന്ന നിലയിൽ ഭയക്കുന്ന മൂന്നു കാര്യങ്ങൾ?

ഭയമില്ല. വിഷമിപ്പിക്കുന്ന, അല്ലെങ്കിൽ, ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ഒട്ടും അഭികാമ്യമല്ലാത്ത മൂന്നു കാര്യങ്ങൾ ഏതെന്നു ചോദിച്ചാൽ :

1. സെൻസർഷിപ്പ്.

2. സെൻസർഷിപ്പ്.

3. സെൻസർഷിപ്പ്.

എഐ ഏതുവിധത്തിലാകും സിനിമയെ ബാധിക്കുക?

എഐ ഇപ്പോഴും സിനിമയ്ക്ക് ഒരു ഭീഷണി ആയിട്ടില്ല. മാത്രവുമല്ല മനുഷ്യന്റെയുള്ളിലെ സർഗാത്മകതയുടെ ഒരു ദുർബലനായ ആജ്ഞാനുവർത്തിയോ സഹായിയോ ആ യി നിലകൊള്ളാനേ അടുത്ത രണ്ടു മൂന്നു വർഷത്തേക്കെങ്കിലും, സിനിമാ മേഖലയിൽ അതിനു സാധിക്കൂ.

ഗെയിമിങ് ഇൻഡസ്ട്രിയിൽ നിന്നാണ് സിനിമ സമീപ ഭാവിയിൽ നേരിടാൻ സാധ്യതയുള്ള ഏറ്റവും വലിയ ഭീഷണി എന്നു തോന്നുന്നു. ഇന്ററാക്ടീവ് ഗെയ്മിങ് സിനിമയ്ക്ക് നേരെ പ്രകടമായ വെല്ലുവിളി ഉയർത്തുന്നുണ്ട്.

സമാധാനപരമായ സഹവാസം  ഈ രണ്ട് ഇൻഡസ്ട്രികൾക്കുമിടയിൽ ഉണ്ടാകുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. ഈ ദശാബ്ദത്തിന്റെ അന്ത്യം മറ്റു പല മേഖലകൾക്കും എന്ന പോലെ സിനിമയ്ക്കും നിർണായകമാണെന്നു തോന്നുന്നു.

ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ എഴുതുകയാണെങ്കിൽ അവ രുടെ പോരാട്ടം എന്തിനു വേണ്ടിയാകും?

പോരാട്ട കാരണം തീർച്ചയായും ആ കഥാപാത്രമാണു തീരുമാനിക്കുക. ആരാകും ആ വേഷത്തിനു ജീവൻ നൽകുക എന്നു തീരുമാനിക്കുന്നതും അവളാകും. 

അമ്മ ഏതൊക്കെ വിധത്തിലാണു സ്വാധീനിച്ചിട്ടുള്ളത്?

അമ്മയാണ് കുടുംബത്തിലെ യഥാർഥ കഥ പറച്ചിലുകാരി. അമ്മ മനോഹരമായി പാടിയിരുന്നു. അമ്മയുടെ പാട്ടുകളും അമ്മ വളരെ നാടകീയമായി അവതരിപ്പിക്കുന്ന, അമ്മ പണ്ടു കണ്ട സിനിമകളുടെ കഥകളും കേട്ടു കേട്ടാണ് ഒരുപാടു രാത്രികളിൽ ഉറങ്ങിയിരുന്നത്. ഡ്രമാറ്റിക് നറേഷൻ എന്നതു ഞാൻ ആദ്യം പഠിച്ചത് അമ്മയുടെ കഥപറച്ചിലിലൂടെയാണ്.

ഫുൾ ഓൺ കോമഡി ചിത്രം പ്രതീക്ഷിക്കാമോ?

കാണാൻ ഇഷ്ടമുള്ള ജോണറാണ് കോമഡി. അതിൽ സിനിമ പ്രതീക്ഷിക്കുകയും ചെയ്യാം.  

2025 ല്‍ വനിത മാസികയില്‍ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖം

The Creative Depths of Murali Gopy: Beyond the Screen:

Murali Gopy is a multifaceted personality excelling as a writer, journalist, scriptwriter, actor, singer, lyricist, and music director. He approaches cinema prioritizing content but acknowledges the importance of stars and entertainment, believing a director and writer should ultimately decide the impact of an actor's improvisation on a character.

ADVERTISEMENT