ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ രാഹുൽ റിജി നായരുടെ പുതിയ പരീക്ഷണം: കിങ്കരകാവ്യം റിലീസിനൊരുങ്ങി Rahul Riji Nair's Live-Action to 2D Animation: The 'Kingarakavyam' Story
Mail This Article
ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ സംവിധായകൻ രാഹുൽ റിജി നായരുടെ സിനിമായാത്ര എത്തിനിൽക്കുന്നതു മലയാളം അനിമേഷൻ ഫിലിമിലാണ്. ലൈവ് ആക്‌ഷനിൽ നിന്നു പൂർണമായി മാറി 2 ഡി അനിമേഷനിൽ പൂർത്തിയാക്കിയ കിങ്കരകാവ്യം അനിമേഷൻ സിനിമ റിലീസിനൊരുങ്ങിയപ്പോൾ സിനിമയിലെ വ്യത്യസ്ത യാത്രകളെ കുറിച്ചു രാഹുൽ വനിതയോടു സംസാരിച്ചു.
‘‘ലൈവ് ആക്‌ഷനിൽ നിന്നു പൂർണമായി മാറി അനിമേഷൻ സിനിമ ചെയ്യണമെന്ന സ്വപ്നം ആദ്യമായി മനസ്സിലെത്തിയത് കോവിഡ് ലോക്ഡൗൺ സമയത്താണ്. കഥ കണ്ടെത്താനും അനിമേഷനിലേക്ക് മാറ്റാനുമുള്ള പരിശ്രമങ്ങളായിരുന്നു പിന്നീട് മൂന്നു വർഷം.
രണ്ടു വർഷം മുൻപാണു കാർമോണ്ട് ഇൻഫിനിറ്റി അനിമേഷൻ സ്റ്റുഡിയോയുമായി ചേർന്നു നിർമാണം പൂർത്തിയാക്കാനുള്ള അവസരം വന്നത്. ഈ അഞ്ചു വർഷത്തിനിടെയാണ് കേരള ക്രൈം ഫയൽസ് സീസൺ വണ്ണും ജയ് മഹേന്ദ്രയും ഫ്ലാസ്കുമൊക്കെ സംഭവിച്ചത്.
കൈകൊണ്ടു വരച്ചുണ്ടാക്കുന്ന 2 ഡി അനിമേഷനിൽ തന്നെ കിങ്കരകാവ്യം ചെയ്യണമെന്നായിരുന്നു സ്വപ്നം. 14 മിനിറ്റു നീളുന്ന ഷോർട് ഫിലിമായി അതു പൂർത്തിയാക്കിയത് ഒരു ചെറുസിനിമയുടെ ബജറ്റിലാണ്.
17ാം നൂറ്റാണ്ടിലെ കഥയിലെ കഥാപാത്രങ്ങളെ ലൈവ് ആക്‌ഷൻ സിനിമയിലൂടെ കാണിക്കാൻ പ്രയാസമുണ്ട്. അതുതന്നെയാണ് അനിമേഷന്റെ വഴിയിലെത്താൻ കാരണവും. കിങ്കരകാവ്യം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കാനൊരുങ്ങി കഴിഞ്ഞു. മലയാളം അനിമേഷനിൽ മികച്ച ടെക്നീഷൻമാർ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ അനിമേഷനിലും ഇവിടെ വിപ്ലവം വരുമെന്നുറപ്പ്.’’
2012ൽ രാഹുൽ ആദ്യമായി സംവിധാനം ചെയ്തത് ഡോക്യുമെന്ററിയാണ്. പിന്നെ ഷോർട് ഫിലിമുകളും മ്യൂസിക് വിഡിയോയും സിനിമയും. ഒറ്റമുറി വെളിച്ചം, ഡാകിനി, കള്ളനോട്ടം, ഖൊഖൊ, കീടം, ഫ്ലാസ്ക് എന്നീ സിനിമകൾ സംവിധാനം ചെയ്തു. മലയാളത്തിൽ ജിയോ ഹോട്സ്റ്റാറിന്റെയും സോണി ലിവിന്റെയും ആദ്യ വെബ് സീരീസുകൾ നിർമിച്ചു എന്ന ക്രെഡിറ്റും കേരള ക്രൈം ഫയൽസ്, ജയ് മഹേന്ദ്രൻ എന്നിവയിലൂടെ രാഹുൽ സ്വന്തം പേരിനൊപ്പം എഴുതിചേർത്തു. ജയ് മഹേന്ദ്രൻ കഥ എഴുതിയതും നിർമിച്ചതും മാത്രമല്ല, ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു.
ആദ്യ സിനിമയായ ‘ഒറ്റമുറി വെളിച്ച’ത്തിലൂടെ നാലു സംസ്ഥാന പുരസ്കാരങ്ങൾ നേടിയാണു രാഹുലിന്റെ വിജയയാത്രയുടെ തുടക്കം. 67ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ രാഹുലിന്റെ രണ്ടാമത്തെ സിനിമ ‘കള്ളനോട്ടം’ നേടിയതു മികച്ച മലയാള ചിത്രത്തിനുള്ള അവാർഡാണ്.
മികച്ച ശമ്പളവും ഗ്ലാമറുമുള്ള ഐടി ജോലി രാജി വച്ച് സിനിമാ സംവിധാനമെന്ന മോഹത്തിനു പിന്നാലെ ഇറങ്ങിയ രാഹുലിന്റെ സിനിമായാത്രയിലെ കൂടുതൽ വിശേഷങ്ങൾ ഉൾപ്പെടുത്തിയ അഭിമുഖം പുതിയ ലക്കം (ഫെബ്രുവരി 14– 27) വനിതയിൽ വായിക്കാം.
