’ആ കാലത്തു ശരിക്കും പ്രണയിച്ചു; പ്രണയം ഇപ്പോഴും തുടരുന്നു’: വൈറലായ വിഡിയോയ്ക്കു പിന്നിലെ റിയൽ സ്റ്റോറി പറഞ്ഞു വിശാഖ് നായർ The Sweet Romance of Chatha Pacha Stars Vishak and Jayapria
Mail This Article
ചത്താ പച്ച സിനിമാ പ്രമോഷനിടെ വിശാഖും ജയപ്രിയയും തമ്മിലുള്ള പ്രണയനിമിഷങ്ങൾ വൈറലായത് അടുത്തിടെയാണ്. വനിതയുടെ പുതിയ ലക്കത്തിന്റെ കവർ ഷൂട്ടിനിടെ ആ വിഡിയോയെ കുറിച്ചു ചോദിച്ചപ്പോഴാണു ജയപ്രിയയുമായി കണ്ടുമുട്ടിയ ഫ്ലാഷ്ബാക് വിശാഖ് നായർ പറഞ്ഞത്.
‘‘നാട് കണ്ണൂരാണെങ്കിലും ജയപ്രിയ ജനിച്ചതും പഠിച്ചതും ബെംഗളൂരുവിലാണ്. കോവിഡ് കാലത്ത് എനിക്കായി അച്ഛനും അമ്മയും മാട്രിമോണി പ്രൊഫൈലുണ്ടാക്കി. ഒരു ദിവസം ഇൻസ്റ്റഗ്രാമിൽ ജയപ്രിയയുടെ മെസേജ്, ‘ഫേക് മാട്രിമോണി പ്രൊഫൈലുണ്ടാക്കി ആരോ മെസേജ് ഇടുന്നുണ്ട്, ബീ അലർട്...’
‘അതു ഫേക് അല്ല’ എന്നു മറുപടി കൊടുത്തതോടെ ഇൻസ്റ്റഗ്രാമിൽ ചാറ്റിങ് തുടങ്ങി. മൂന്നാലു മാസത്തിനു ശേഷം നേരിൽ കണ്ടു. ബെംഗളൂരുവിലെ സുഹൃത്ത് ഷെറിലിന്റെ വീട്ടിലേക്ക് ഒരു ദിവസത്തേക്കെന്നു പറഞ്ഞു പോയ ഞാൻ ഒരാഴ്ച അവിടെ നിന്ന് ജയപ്രിയയെയും അച്ഛനമ്മമാരെയുമൊക്കെ കയ്യിലെടുത്തു വിവാഹമുറപ്പിച്ച ശേഷമാണു തിരിച്ചു വന്നത്.
ആറു മാസത്തിനു ശേഷം വിവാഹനിശ്ചയം നടന്നു. പിന്നെയും ആറു മാസത്തിനു ശേഷം വിവാഹവും. ആ കാലത്തു ശരിക്കും പ്രണയിച്ചു. പ്രണയം ഇപ്പോഴും തുടരുന്നു. കൈപിടിച്ചു നടക്കുന്നതും ചേർത്തുനിർത്തി സംസാരിക്കുന്നതുമൊന്നും വിഡിയോയ്ക്കു വേണ്ടി ചെയ്തതല്ല. എപ്പോഴും അവൾ കൂടെയുള്ളതാണ് എന്റെ സന്തോഷം, അവളാണ് എന്റെ പ്രണയം.
‘എല്ലാ ആറുമാസം കൂടുമ്പോഴും ഭർത്താവ് മാറും’ എന്നാണു ജയപ്രിയ തമാശയായി പറയുന്നത്. ഓരോ സമയത്തും അഭിനയിക്കുന്ന കഥാപാത്രമായി വീട്ടിലും ജീവിക്കുന്നത് എന്റെ തെറ്റാണോ ?’’
സിനിമയിലെ പത്തു വർഷത്തെ കഥകൾ വിശാഖ് നായർ പറയുന്ന വിശദമായ അഭിമുഖം പുതിയ ലക്കം (മാർച് 14– 27) വനിതയിൽ വായിക്കാം.
