‘‘അപ്പയുടെ അമ്മ മലയാളിയാണ്, അപ്പയും അമ്മച്ചിയും വീട്ടിൽ മലയാളത്തിൽ സംസാരിക്കാറുണ്ട്’’ തെന്നിന്ത്യൻ താരറാണി ഖുശ്ബുവിന്റെ മകൾ അവന്തിക മലയാളത്തിന്റെ നായികയായി എത്തുമ്പോൾ
Mail This Article
ആരംഭം എന്ന മലയാളസിനിമയിലൂടെ നായികയായി അഭിനയത്തിന് ആരംഭം കുറിക്കുകയാണ് തെന്നിന്ത്യൻ താരറാണി ഖുശ്ബുവിന്റെയും സൂപ്പർഹിറ്റ് സംവിധായകനും നടനും നിർമാതാവുമായ സുന്ദർ സിയുടെയും മകൾ അവന്തിക സുന്ദർ. മലയാളത്തേക്കുറിച്ചും മലയാളസിനിമയേക്കുറിച്ചും അവന്തിക പറയുന്നു.
‘‘മലയാളസിനിമകളുടെ ഹാർഡ്‌കോർ ഫാൻസ് ആണ് വീട്ടിലെല്ലാവരും. കഥയാണ് മലയാളത്തിൽ താരം. കുട്ടിക്കാലത്തെങ്ങോ കണ്ടതാണെങ്കിലും മനസ്സിൽ തങ്ങിനിൽക്കുന്ന സിനിമയാണ് മണിച്ചിത്രത്താഴ്. ഈയിടെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് കാതലാണ്. അഭിനയത്തിലേക്കു കടന്നതോടെ സിനിമ പഠനവിഷയമായി കാണുന്നുണ്ടോ എന്നൊരു സംശയം. ഓരോ സീനിലും എങ്ങനെ അഭിനയിക്കുന്നു, ഡയലോഗ് പറയുന്നു, എനിക്കിതൊക്കെ പറ്റുമോ എന്നെല്ലാമാണ് ഇപ്പോൾ ചിന്ത.
നടി സരിതാന്റിയാണ് ‘ആരംഭ’ത്തെക്കുറിച്ച് അമ്മയോടു പറഞ്ഞത്. ‘കഥ കേട്ട് അവന്തിക തീരുമാനിക്കട്ടെ’ എന്നായിരുന്നു അമ്മയുടെ മറുപടി. അമ്മയും മകളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഈ സിനിമ. ജീവിതത്തിൽ സ്വന്തമായി തീരുമാനങ്ങളെടുക്കുന്ന, ശരിയെന്നു തോന്നുന്ന കാര്യങ്ങൾ മാത്രം ചെയ്യുന്ന എന്നെപ്പോലൊരു പെൺകുട്ടിയാണ് ആരംഭത്തിലെ നായിക ആരതി. ആ കണക്‌ഷൻ കിട്ടയതോടെ ‘യെസ്’ പറഞ്ഞു. സരിതാന്റി തന്നെയാണ് സിനിമയിലെ എന്റെ അമ്മറോളിൽ. സ്നേഹവും കരുതലുമായി സെറ്റിൽ ആന്റി ഉണ്ടായിരുന്നതു കൊണ്ട് ആദ്യ സിനിമയുടെ ടെൻഷൻ ഒട്ടുമില്ലാതെ അഭിനയം പൂർത്തിയാക്കാനായി.
അച്ഛന്റെ അമ്മ ദേവനയ് മലയാളിയാണ്. അതുകൊണ്ട് തന്നെ ചെറുപ്പം മുതൽ കേട്ടുശീലിച്ച ഭാഷയാണു മലയാളം. അപ്പയും അമ്മച്ചിയും മലയാളത്തിൽ സംസാരിക്കാറുണ്ട്. എങ്കിലും സിനിമയിലെ ഡയലോഗുകൾ കുറച്ചു ബുദ്ധിമുട്ടിച്ചു. അർഥമറിയാത്ത വാക്കുകൾ ചോദിച്ചു മനസ്സിലാക്കും. എങ്കിലും ഡയലോഗ് പറയുമ്പോൾ ചിലപ്പോഴൊക്കെ തട്ടിത്തടഞ്ഞിട്ടുണ്ട്.’’
