കാമാത്തിപുരയിൽ നിന്നു രക്ഷപ്പെട്ട 128 പെൺകുട്ടികളുടെ രക്ഷകൻ! 20 വർഷം ലോകം അറിയാതെ പോയ നൻമ Sunil Shetty: A Bollywood Star's Unsung Heroism
Mail This Article
സിനിമയിലെ നായകൻ ജീവിതത്തിലും നായകനായ കഥയാണ് ഇപ്പോൾ ഇന്ത്യൻ ചലച്ചിത്ര പ്രേമികളുടെ മനസ്സ് നിറയ്ക്കുന്നത്. ബോളിവുഡ് താരം സുനിൽ ഷെട്ടിയാണ് ഈ ‘റിയൽ ലൈഫ് സ്‍റ്റോറി’യിലെ നായകൻ.
1996 ഫെബ്രുവരി 5 - ന് മുംബൈ കാമാത്തിപുരയിൽ പൊലീസ് നടത്തിയ റെയ്ഡിൽ 456 പെൺകുട്ടികളെയാണ് ലൈംഗികാതിക്രമങ്ങളിൽ നിന്നും ചതിക്കുഴികളിൽ നിന്നും രക്ഷപ്പെടുത്തിയത്. അവരിൽ 128 പെൺകുട്ടികൾ നേപ്പാള്‍ സ്വദേശികാളായിരുന്നു. എന്നാൽ പൗരത്വ രേഖകളില്ലാത്തതിനാൽ നേപ്പാൾ സർക്കാർ ഇവരെ സ്വീകരിക്കാൻ വിസമ്മതിച്ചു. അതോടെ ആ പെൺകുട്ടികൾ മുംബൈയിൽ കുടുങ്ങി.
സർക്കാരും അധികാരികളും പകച്ചുനിന്ന പ്രതിസന്ധി ഘട്ടത്തില്‍, തന്റെ ഭാര്യാമാതാവ് വിപുല കാദ്രി സ്ഥാപിച്ച ‘സേവ് ദ ചിൽഡ്രൻ’ എന്ന സംഘടനയുമായി ചേർന്ന് സുനിൽ ഷെട്ടി ആ പെൺകുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. പെൺകുട്ടികൾക്ക് ആവശ്യമായ വിമാന ടിക്കറ്റുകളും നിയമപരമായ സഹായങ്ങളും അദ്ദേഹം നേരിട്ട് ഇടപെട്ട് ഉറപ്പാക്കി. രക്ഷപ്പെട്ട 128 പേരും സുരക്ഷിതമായി സ്വന്തം വീടുകളിൽ എത്തുന്നതുവരെ അദ്ദേഹം എല്ലാകാര്യങ്ങളും ശ്രദ്ധിച്ചു.
രക്ഷപ്പെട്ട പെൺകുട്ടികളുടെ ഭാവി ജീവിതത്തെയോ സ്വകാര്യതയെയോ ഇതു ബാധിക്കരുതെന്നതിനാൽ 20 വർഷത്തോളം സുനിൽ ഷെട്ടി ഈ വിവരം രഹസ്യമായി വച്ചു. വർഷങ്ങൾക്കു ശേഷം രമൺ മഗ്സസെ അവാർഡ് ജേതാവായ നേപ്പാളി സാമൂഹിക പ്രവർത്തക ചരിമായ തമാംഗിലൂടെയാണ് ഈ നൻമ ലോകമറിഞ്ഞത്. അന്നു രക്ഷപ്പെട്ട 128 പെൺകുട്ടികളിൽ ഒരാളായിരുന്നു അവർ. ഇപ്പോൾ ലൈംഗികക്കടത്തിന് ഇരയായവരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ‘ശക്തി സമൂഹ’ എന്ന ലോകപ്രശസ്ത സംഘടനയുടെ സ്ഥാപകയാണ് ചരിമായ. ഇന്ന് ആ 128 സ്ത്രീകളും നേപ്പാളിലെ വിവിധ ഇടങ്ങളിൽ അഭിമാനത്തോടെ ജീവിക്കുന്നു.
ചെറിയ കാര്യങ്ങൾ പോലും സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുന്ന കാലത്താണ് നൂറുകണക്കിന് ജീവനുകൾ രക്ഷിച്ച സുനിൽ ഷെട്ടിയുടെ നൻമ ഇത്രകാലം പുറം ലോകം അറിയാതെ പോയത്.