ADVERTISEMENT

പുതിയ വിശേഷങ്ങളും ജീവിതസ്വപ്നങ്ങളും ‘വനിത’യുമായി പങ്കുവയ്ക്കുന്നു  പ്രിയതാരം  എസ്തർ.

ദൃശ്യത്തിനു ശേഷം ജീവിതത്തിൽ  എന്തെല്ലാം മാറ്റങ്ങൾ വന്നു?
2013 ലാണു ദൃശ്യം ഒന്നാം ഭാഗം തിയറ്ററിലെത്തുന്നത്. അന്ന് ഞാൻ  ഏഴാക്ലാസിലാണ്. ഡിഗ്രി സെക്കൻഡ് ഇയറിലാണ് രണ്ടാംഭാഗം. ഇപ്പോൾ ഇരുപത്തിനാലാം വയസ്സിൽ മൂന്നാം ഭാഗത്തിൽ അഭിനയിക്കുന്നു.

ADVERTISEMENT

എല്ലാവരും പരിചയമുള്ളവർ. സെറ്റിലെത്തിയപ്പോൾ ഒരു കാര്യം മനസ്സിലായി. വർഷങ്ങൾക്കൊപ്പം എനിക്ക് ഒരുപാട് മാറ്റങ്ങൾ വന്നു. അല്ലാതെ മറ്റാർക്കും വലിയ വ്യത്യാസങ്ങൾ തോന്നിയില്ല.
ആക്ടീവായി സിനിമ ചെയ്യണം എന്ന തോന്നൽ ഇല്ലെന്നു പറയാം. സിനിമ ഇറങ്ങിക്കഴിയുമ്പോൾ വരുന്ന പ്രേക്ഷക പ്രതികരണം ശ്രദ്ധിച്ചാലറിയാം സിനിമയിൽ എവിടെയാണു നമ്മുടെ സ്ഥാനമെന്ന്. അതനുസരിച്ചു മുന്നോട്ടു പോകാം എന്ന ചിന്തയേ ഇപ്പോളുള്ളൂ.
വല്ലപ്പോഴും കൊച്ചിയിലോ തിരുവനന്തപുരത്തോ അഭിനയിക്കാനെത്തുന്ന സീസണൽ ബാലതാരം എന്ന സ്റ്റാറ്റസിൽ നിന്ന് ‘ദൃശ്യത്തിലെ കുട്ടി’ എന്നൊരു ലേബൽ കിട്ടിയതോടെയാണു ജീവിതം മാറുന്നത്. എല്ലാം തുടങ്ങിയതു ദൃശ്യത്തിൽ നിന്നാണ്. പഠനം, കരിയർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിങ് എല്ലാം ആ പിൻബലത്തിലാണ്. ദൃശ്യം സംഭിച്ചില്ലായിരുന്നെങ്കിൽ എന്റെ ലൈഫിന്റെ ഗ്രാഫ് മറ്റൊരു രീതിയിലാകുമായിരുന്നു.

കുട്ടിക്കാലം മുതലേ അഭിനയവും  പഠനവും ഒരുമിച്ചു കൊണ്ടുപോകുന്നു. കൂടുതൽ പഠിക്കുന്തോറുമാണു നമ്മുടെ അറിവിന്റെ ലോകം എത്ര ചെറുതാണെന്നു മ നസ്സിലാകുന്നത്. ഞാനൊരു തോൽവിയാണെന്നു പോലും തോന്നിയിട്ടുണ്ട്. നെഗറ്റീവായി പറയുന്നതല്ല. ഇനിയും ഒരുപാടു പഠിക്കാനുണ്ടെന്ന തിരിച്ചറിവാണത്. അങ്ങനെ കിട്ടിയ തിരിച്ചറിവിന്റെ പേരാണ് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്.
മുംബൈ  സെന്റ്‌സേവ്യേഴ്സ് കോളജി ലെ പഠനം കഴിഞ്ഞപ്പോൾ കുറച്ചു നാൾ എൻജിഒയിൽ ജോലി ചെയ്തു. അതിനുശേഷമാണ് എംഎസ്‌സി ‍ഡവലപ്മെന്റ് സ്റ്റഡീസ് പഠിക്കാനായി  ലണ്ടനിലെത്തുന്നത്.  തുടക്കത്തിൽ പാർട് ടൈം ജോലി ചെയ്തിരുന്നു.  സമയക്കുറവു കാരണം അതു നിർത്തി. കോഴ്സ് കഴിഞ്ഞു നാട്ടിലെത്തിയ സമയത്താണു ദൃശ്യം 3.
ജോലിയും സിനിമയും എന്ന രണ്ടു തോണികളാണ് ഇപ്പോൾ മുന്നിൽ. ഇതിൽ രണ്ടിലും കാലുവച്ചാണ് എന്റെ പോക്ക്.

ADVERTISEMENT

സ്റ്റൈലിഷാണ് എസ്തറിന്റെ ഇൻസ്റ്റാ ഫോട്ടോകൾ. ഉടുപ്പുകൾ ആരാണു തിരഞ്ഞെടുക്കുന്നത്?


മീഷോയിൽ നിന്നു വാങ്ങിയ കുറേ സാധാരണ ഉടുപ്പുകൾ മാത്രമേ എന്റെ വാഡ്രോബിലുള്ളൂ. വിയർത്താലും ചെളി പിടിച്ചാലും കുഴപ്പമില്ലാത്ത ഉടുപ്പുകളാണ് ഇപ്പോഴത്തെ ഇ ഷ്ടം. പുറത്തേക്കിറങ്ങുമ്പോൾ അമ്മ പറയാറുണ്ട്, കുറച്ചു മെനയുള്ളതെന്തെങ്കിലും ഇടാൻ. ഇപ്പോ ഇതാണു മൂഡ്.
ലണ്ടനിൽ ക്ലാസിൽ ഒപ്പമുള്ള കൂട്ടുകാരൊക്കെ ഓരോ ദിവസവും നന്നായി ഡ്രസ് അപ് ചെയ്ത് വരുന്നവരായിരുന്നു.

esther-anil-photos
ADVERTISEMENT

മേക്കപ്പും ബൂട്സും ഒക്കെയിട്ട് മോഡൽസാണെന്നു തോന്നിപ്പോകും. അവരെ കാണുമ്പോൾ ഒരുങ്ങി അടിപൊളിയായി നടക്കാൻ മോട്ടിവേഷന്‍ ‍കിട്ടും. അങ്ങനെ കുറച്ചു സാധനങ്ങൾ വാങ്ങി.

പഠനം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയതോടെ അതൊക്കെ അലമാരയിൽ തന്നെ ഇരിക്കുകയാണ്. സത്യത്തിൽ   വിലപിടിപ്പുള്ള ബ്രാൻഡഡ് വസ്ത്രങ്ങളോടൊന്നും പ്രത്യേക താൽപര്യമേയില്ലാത്തയാളാണു ഞാൻ.

അപ്പയും അമ്മയും പ്രണയവിവാഹിതരാണല്ലോ. എസ്തറിന്റെ വിവാഹസങ്കൽപം ?   

esther

മുപ്പതു വയസ്സിനു മുൻപ് രണ്ടു മൂന്നു പെൺകുട്ടികളെ പെറ്റു വളർത്തണമെന്ന് ആഗ്രഹമുണ്ട്. ഈ വിഷയത്തിൽ സത്യം പറഞ്ഞാൽ മനസ്സു വളരെ മിക്സ്ഡാണ്.

എന്റെ പ്രായത്തിലുള്ള കൂട്ടുകാരിൽ പലരും കല്യാണം കഴിച്ചു. ചിലപ്പോഴൊക്കെ ആലോചിക്കാറുണ്ട് കല്യാണം കഴിക്കുന്നതെന്തിനാണെന്ന്? മറ്റൊരു കുടുംബത്തിന്റെ വാല്യൂസ്, രീതികൾ എല്ലാത്തിനോടും ചേർന്നു പോകണമല്ലോ? തമാശയായി പറഞ്ഞാൽ ചേട്ടാ എന്നു വിളിക്കാൻ പറ്റുന്ന, സ്നേഹമുള്ള, സപ്പോർട്ടീവായ, വിശ്വസ്തനായ ഒരാളെ കെട്ടണം.  ആക്‌ച്വലി... ഐ ഡോണ്ട് നോ.. എന്റെ ബെസ്റ്റ് ഫ്രണ്ടാകാൻ പറ്റിയ ഒരാളെയാണ് എനിക്കു വേണ്ടത്. അച്ഛൻ അനിലിനും അമ്മ മഞ്ജുവിനും ഞാൻ കല്യാണം കഴിക്കണമെന്ന് ആഗ്രഹം പോലുമില്ല. ഇത്ര സ്വാതന്ത്യത്തോടെ വളർത്തിയിട്ടു കല്യാണം കഴിഞ്ഞു പെട്ടുപോയാലോ എന്നു തോന്നിയിട്ടാകും. എനിക്കു വേണമെന്നു തോന്നിയാൽ മാത്രം അവർ പിന്തുണയ്ക്കും. നാട്ടിൻപുറത്തുള്ള മോഡേണായ ആൾക്കാരാണ് അപ്പയും അമ്മയും.

മറക്കാനാവാത്തത്ര മാജിക്കലായ ദിവസം ഏതാണ്? ആ ദി വസത്തിന്റെ ഓർമ പങ്കുവയ്ക്കാമോ?
ലണ്ടനിൽ അഡ്മിഷൻ കിട്ടിയ ദിവസമാകും  ജീവിതത്തിലെ മാജിക്കൽ ഡേ എന്നാണ് ഞാൻ കരുതിയത്. പക്ഷേ, അഡ്മിഷൻ ലെറ്റർ വന്നിട്ടും ഞാനപ്പോഴെ വീട്ടിൽ പറഞ്ഞില്ല.  മാജിക്കലാകേണ്ട ആ ദിവസങ്ങൾ വേറെ ടെൻഷനിലൊക്കെയാണ് കടന്നു പോയത്. ഓരോ മാസവും ഏകദേശം ഒന്നര ലക്ഷം രൂപ ചെലവു വരും. എന്നെക്കൊണ്ട് ആ ഘട്ടത്തിൽ അതു താങ്ങില്ലായിരുന്നു.

ആശിച്ചതു കയ്യിൽ കിട്ടിയെങ്കിലും ആ സ്വപ്നം നടക്കില്ലെന്നാണ് ആദ്യം കരുതിയത്. അനിയൻ എറിക് മെൽബണിൽ പോകാനൊരുങ്ങുകയായിരുന്നു ആ സമയം.  ഒരുപാടു കാശുള്ള വീടൊന്നുമല്ല ഞങ്ങളുടേത്. എന്റെ കാര്യം പതിയെ മറന്നേക്കാമെന്നു വച്ചു.
പക്ഷേ, അപ്പയുമമ്മയും അറിഞ്ഞപാടേ അതു ഞങ്ങൾ നോക്കിക്കോളാം, കിട്ടിയ അവസരം കളയണ്ട എന്നു പറഞ്ഞു. അങ്ങനെ എറിക് മെൽബണിലേക്കും ഞാൻ ലണ്ടനിലേക്കും പോയി. അവനിപ്പോഴും അവിടെയാണ്.

Fashion, Family, and Future: A Closer Look at Esther Anil:

Actress Esther Anil shares her life updates and dreams with 'Vanitha', reflecting on the significant changes after the 'Drishyam' film series. Balancing her acting career with her educational pursuits, including studies at the London School of Economics, she discusses her evolving aspirations and personal journey.

ADVERTISEMENT