ഷറഫുദ്ദീൻ നായകനായ മധുവിധുവും വില്ലനായ പ്രതിഛായയും ഓടിടിയിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. തമാശക്കാരനിൽ നിന്നു വില്ലനിലേക്കും നായകനിലേക്കുമുള്ള മാറ്റം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുമ്പോൾ ഷറഫുദ്ദീൻ ഹാപ്പിയാണ്.
വനിതയ്ക്കു മുൻപു നൽകിയ അഭിമുഖത്തിൽ ഷറഫ് പറഞ്ഞത് പ്രേമത്തിനു ശേഷം വന്ന മികച്ച പല വേഷങ്ങളും ധൈര്യക്കുറവു കൊണ്ടു വിട്ടു കളഞ്ഞു എന്നാണ്. ആ ചോദ്യവും ഉത്തരവും ഇങ്ങനെ.
വില്ലൻ വേഷങ്ങളിലേക്കെത്താൻ ധൈര്യം വന്നത് എങ്ങനെ ?
പ്രേമത്തിനു ശേഷം വന്ന കഥാപാത്രങ്ങളിൽ എന്റെ ധൈര്യക്കുറവു കൊണ്ടു വിട്ടുകളഞ്ഞ കുറച്ചധികം നല്ല റോളുകളുണ്ട്. നല്ല ആക്ടറാണെന്നു വിശ്വാസമില്ലാത്തത് ആയിരുന്നു പ്രശ്നം.
വരത്തനിലേക്ക് അമലേട്ടൻ (സംവിധായകൻ അമൽ നീരദ്) വിളിച്ചപ്പോൾ നോ പറയാനായില്ല. ആ റോളിനെ കുറിച്ചു മനോഹരമായി വിവരിച്ചുതന്നു.
സ്കൂളിൽ വച്ചു കുറച്ച് ഇടിയൊക്കെ ഞാനും ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും ചോരയും വയലൻസുമൊക്കെ മനംമടുപ്പിക്കും. പണ്ടു പരുത്തിവീരൻ സിനിമ കാണാൻ തിയറ്ററിൽ പോയി.
ക്ലൈമാക്സിൽ മുത്തഴകിന്റെ തലയിൽ ആണി കയറുന്ന സീൻ കണ്ടു ഛർദിച്ചു. ദിവസങ്ങളോളം അതു വിങ്ങലായി. അതുകൊണ്ടാകും പെൺകുട്ടികളെ ഉപദ്രവിക്കുന്ന സീനിൽ അഭിനയിക്കില്ല എന്നൊരു ചിന്ത ഇപ്പോഴുണ്ട്.
അഞ്ചാം പാതിരയിൽ കത്തിയിൽ പുരട്ടിയിരുന്ന രക്തം കൂടുതലാണ് എന്നു പറഞ്ഞു ക്രൂവിനെ ഞെട്ടിച്ചിട്ടുണ്ട്. അതിലും ഞെട്ടിയത് ആ സിനിമയ്ക്കു പിന്നാലെ തമിഴിലെ ആദ്യ ഓഫർ വന്നപ്പോഴാണ്. ഒരു ദിവസം അജു വർഗീസിന്റെ ഫോൺ, ‘തമിഴിലൊരു വേഷമുണ്ട്, ആർജെ ബാലാജി വിളിക്കും.’
സൊർഗവാസൽ എന്ന സിനിമയിലെ ക്രൂരനായ പൊലീസ് വേഷത്തിലേക്കു കാസ്റ്റ് ചെയ്യുമ്പോഴേ പറഞ്ഞിരുന്നു, ‘റൊമ്പ മോശവാനവൻ, ഡെവിളിഷ്...’ വരത്തൻ, അഞ്ചാം പാതിര, സൊർഗവാസൽ, പടക്കളം എന്നിവയ്ക്കു ശേഷം അഞ്ചാമത്തെ വില്ലൻ വേഷം ചർച്ചയിലാണ്. ഇതിന്റെ മറുവശത്ത് ഒട്ടും ടോക്സിക് അല്ലാത്ത നായകവേഷങ്ങൾ കിട്ടുന്നതിന്റെ സന്തോഷവുമുണ്ട്.
മക്കൾക്കു തമാശക്കാരനാകുന്നതാണോ ഇഷ്ടം ?
ഭാര്യ ബീമയ്ക്കും മക്കൾ ദുവയ്ക്കും ആയത്തിനും തമാശ സിനിമകളാണ് ഇഷ്ടം. ദുവാ അഞ്ചാം ക്ലാസ്സിലും ആയത്ത് യുകെജിയിലുമാണ്. രണ്ടു പേർക്കും പേരിട്ടത് ഞാനാണ്, ദുവാ എന്നാൽ പ്രാർഥന എന്നും ആയത്ത് എന്നാൽ വചനമെന്നുമാണ്. ബീമ കളിയാക്കും, ‘മക്കളുടെ പേരു കേട്ടാൽ നാട്ടുകാർ ഞെട്ടും. നിങ്ങൾക്ക് ഇത്ര വിവരമുണ്ടോ എന്ന്...’
മക്കൾക്കു ഹലോ മമ്മി നന്നായി ഇഷ്ടപ്പെട്ടു. പടക്കളത്തിലെ വില്ലത്തരം അത്ര ഇഷ്ടപ്പെട്ടില്ല എന്നും മുഖത്തു നോക്കി പറഞ്ഞു. ദുവായ്ക്കു ജിംനാസ്റ്റിക്സും സ്കേറ്റിങ്ങുമൊക്കെയാണ് ഇഷ്ടം. ആയത്ത് വലിയ ആർട്ടിസ്റ്റാണ്, വീട്ടിലെ ഒരു ചുവരു പോലും ബാക്കി വച്ചിട്ടില്ല.