ADVERTISEMENT

മുപ്പതു വർഷത്തെ സിനിമാ ജീവിതത്തെക്കുറിച്ച് കേൾക്കാനാണ് ഈ കഴിഞ്ഞ ഫെബ്രുവരിയിൽ സലിം കുമാറിന്റെ വീട്ടിൽ എത്തിയത്. രോഗത്തിന്റെ ക്ഷീണം ഉണ്ടെങ്കിലും ചിരിയുടെ കെട്ടഴിച്ച് ഏറെ ആവേശത്തോടെ സംസാരിക്കുന്ന സലിംകുമാറിനെയാണ് അഭിമുഖത്തിനൊടുവിൽ കണ്ടത്. മലയാളി എന്നുമോർക്കുന്ന നിരവധി ഡയലോഗുകൾ ബാക്കി വച്ച് സലിംകുമാർ ഒാർമയായപ്പോൾ അന്ന് അഭിമുഖത്തിൽ പറഞ്ഞ ആ സ്വപ്നം ബാക്കിയാവുന്നു– ‘‘ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം. അതിനായി കാത്തിരിക്കുന്നു.’’ 2026 ഫെബ്രുവരി രണ്ടാം ലക്കം വനിതയിൽ പ്രസിദ്ധീകരിച്ച സലിം കുമാറിന്റെ അവസാന അഭിമുഖം വായിക്കാം.

‘ലാഫിങ് വില്ല’യുടെ വലിയ ഗേറ്റ് തള്ളിത്തുറന്ന് ഉമ്മറത്തു ചെന്നിരുന്നു. അകത്തു സലിം കുമാർ ഫോണിൽ ആരോടോ സംസാരിക്കുകയാണ്. ‘പേറ്റന്റുള്ള’ ആ പൊട്ടിച്ചിരി പുറത്തേക്ക് ഉരുണ്ടുരുണ്ടു വരുന്നുണ്ട്.

ADVERTISEMENT

മ‌ൂന്നു പതിറ്റാണ്ട്, നൂറുകണക്കിനു കഥാപാത്രങ്ങൾ, ചിരി നരയ്ക്കാത്ത ഡയലോഗുകൾ‌... വെറുതേ ഒാർത്തു, സലിം കുമാർ കഥ പറയുമ്പോൾ കേൾക്കാൻ ആരൊക്കെ ഹാജരായിട്ടുണ്ടാവും? അകത്തേക്കു കയറുന്ന പടിയുടെ അരികിൽ ‘ആദ്യാമതായി’ തന്നെയുണ്ട് ഈപ്പൻ പാപ്പച്ചിയെ നിയമം പറഞ്ഞു വിറപ്പിച്ച അഡ്വക്കേറ്റ് മുകുന്ദനുണ്ണി. ‘കാണാനൊരു ലുക്ക് ഇല്ല എന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ’ എന്നു പറഞ്ഞു ‘കുലുങ്ങിക്കര’യുന്നുണ്ട്. തൊട്ടപ്പുറത്തിരുന്നു മണവാളൻ പറഞ്ഞു- ‘നിങ്ങൾക്ക് ആവശ്യമുള്ളതു പണമാണ്, എനിക്ക് ആവശ്യത്തിലധിമുള്ളതും പണമാണ്.’

തൂണിനു മറവിൽ ആരോ നിൽക്കുന്നു, സൂക്ഷിച്ചു നോക്കി. നോട്ടം കണ്ടു കക്ഷി ഏകമുദ്രയും ദ്വിമുദ്രയും കാണിച്ചു ചാടി വീണു-‘ഇത്ര പോപ്പുലർ ആയ എന്നെ നിനക്കു മനസ്സിലായില്ലല്ലേ ജാഡത്തെണ്ടീ, ഞാൻ ഡാൻസ് മാസ്റ്റർ വിക്രം. മൈ ബയോളജിക്കൽ നെയിം ഈസ് മൈക്കിൾ ഏലിയാസ് ജാക്സൺ ഏലിയാസ് വിക്രം ഏലിയാസ്...’

ADVERTISEMENT

മുറ്റത്തു നിൽക്കുന്ന പ്യാരി കിണ്ടിയുടെ വാല് എങ്ങോട്ടു തിരിച്ചു വയ്ക്കണം എന്ന സംശയത്തിലാണ്. തൊട്ടപ്പുറത്തുള്ള ബോർഡിൽ വെൽക്കം എന്നതിനു പകരം മെൽക്കൗ എന്നൊട്ടിച്ചിരിക്കുന്നു, ഇത്തിരി അലങ്കോലപ്പണി കൂടി ബാക്കിയുണ്ടെന്നും പറഞ്ഞു പ്യാരി പറമ്പിലേക്കിറങ്ങി.

പിന്നെയുമുണ്ട് ഒരുപാടു പേർ. നെഞ്ചുപൊള്ളിപ്പിടയുന്ന അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവൽ, കറുത്ത ജൂതനിലെ ഒൗറോണി ജൂതൻ, ജെൻ സി കാർക്കു വേണ്ടി വാക്കിൽ തീപ്പൊരി ചിതറിച്ച ക്വീനിലെ അഡ്വ. മുകുന്ദൻ....

ADVERTISEMENT

മുപ്പതു വർഷത്തെ കഥ പറയാൻ ഇവരിൽ നിന്ന് ആരെയാവും ആദ്യം സലിംകുമാർ വിളിക്കുക?

ഞങ്ങൾ അവതരിപ്പിക്കുന്നു, സലിം കുമാർ

1996. ഇഷ്ടമാണ് നൂറുവട്ടം റിലീസ് ചെയ്തു. സ്ക്രീനിൽ തെളിഞ്ഞു, ഞങ്ങൾ അവതരിപ്പിക്കുന്നു- സോണിയ കപൂർ ആൻഡ് സലിം കുമാർ. ഉദയനാണ് താരത്തിലെ റഫീക്കിനെ പോലെ ഇതുകണ്ടു തിയറ്ററിൽ അഭിമാനം കൊണ്ട് ഉയർന്നിരുന്നോ ? സലിം കുമാർ പറയുന്നു - ‘‘ഞാനെന്റെ ആദ്യ സിനിമ കണ്ടിട്ടില്ല’’.

കുതിരവട്ടം പപ്പുച്ചേട്ടനു വേണ്ടി എഴുതിയ വേഷമായിരുന്നു. അദ്ദേഹത്തിന് എത്താൻ പറ്റിയില്ല, അപ്പോൾ നാദിർഷയാണ് എന്നെ വിളിച്ചാലോ എന്നു ചോദിച്ചത്. ‘ഞങ്ങൾ‌ അവതരിപ്പിക്കുന്നു’ എന്നെഴുതി കാണിക്കാനുള്ള വലുപ്പമൊന്നും ഇഷ്ടമാണ് നൂറുവട്ടത്തിലെ രാധാകൃഷ്ണന് ഇല്ല. അങ്ങനെ അവതരിപ്പിക്കണം എന്നു സംവിധായകൻ സിദ്ധിഖ് ഷമീറിനു തോന്നിയതു വലിയ ഭാഗ്യമാണ്. ആദ്യ ഷോട്ടിനു മുൻപു ക്യാമറയെ തൊട്ടുതൊഴണമെന്നു നാദിർഷ പറഞ്ഞിരുന്നു. ഞാൻ നോക്കിയപ്പോൾ ക്യാമറ ദേ ആകാശത്തു നിൽക്കുന്നു. അതൊരു ഏരിയൽ ഷോട്ട് ആയിരുന്നു. മകരവിളക്കു കണ്ടു ഭക്തർ തൊഴുന്നതു പോലെ തലയ്ക്കു മുകളിൽ കൈ വച്ചു ഞാൻ തൊഴുതു.

പക്ഷേ, ഡബ് ചെയ്യുന്നതിനിടെ എന്റെ മുഖം സ്ക്രീനിൽ കണ്ടപ്പോൾ തോന്നി ഈ രൂപം വച്ച് എങ്ങനെ സിനിമയിൽ നിൽക്കാനാണ് ? ഇത് ആദ്യത്തെയും അവസാനത്തെയും സിനിമയാണെന്നു പറഞ്ഞു മദ്രാസിൽ നിന്നു തിരിെക ട്രെയിൻ കയറി. സിനിമ റിലീസ് ചെയ്തിട്ടും ഞാൻ തിയറ്ററിൽ പോയില്ല. എങ്ങനെയുണ്ടെന്നറിയാൻ ഒരു ബന്ധുവിനെ വിട്ടു. അവനും പറഞ്ഞു-‘അത്ര വലിയ സുഖമൊന്നുമില്ല’. അതോടെ ഉറപ്പിച്ചു, ഇനി വേണ്ട.

ഞാൻ മിമിക്രിയിൽ തിരക്കിലായി. സിനിമയിലെത്താൻ പെരുത്ത് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, എന്റെ രൂപം ശരിയല്ലെന്ന ചിന്ത പിന്നോട്ടു വലിച്ചു. മാസങ്ങള്‍ കഴിഞ്ഞപ്പോൾ മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ സിനിമയിലേക്കു വിളിച്ചു. ഞാൻ മടിച്ചു. നാദിർഷയും സംവിധായകൻ നിസാറുമല്ലാം എന്നെ ചിവിട്ടിക്കുത്തി ട്രെയിനിൽ കയറ്റി പറഞ്ഞു വിട്ടു. പിന്നെ സിനിമയിൽ നിന്ന് തിരിച്ചു വന്നില്ല.

അഭിനയിക്കുന്ന സിനിമകൾ ഏതെന്നറിയാതെ ലൊക്കേഷനുകളിലൂടെ പാഞ്ഞു. പലപ്പോഴും ഉറങ്ങിയത് കാറിലായിരുന്നു. ഒരു ദിവസം തന്നെ മൂന്നും നാലും പടം ചെയ്തിട്ടുണ്ട്. രാവിലെ മുതൽ ഉച്ചവരെ തൃശൂരിൽ നിഴൽ എന്ന സിനിമ, ഉച്ച മുതൽ വൈകീട്ടു വരെ ചതിക്കാത്ത ചന്തു, വൈകീട്ട് വിസ്മയത്തുമ്പത്ത്. രാത്രി മുതല്‍ വെളുക്കും വരെ വെള്ളിനക്ഷത്രം... ഇതായിരുന്നു ഒരു സമയത്തെ ഷെ‍ഡ്യൂൾ.

ആ ഒാർമകൾക്കു വിയർപ്പിന്റെ ഗന്ധമുണ്ട്. ഒന്നും ഒരു സുപ്രഭാതത്തിലുണ്ടായതല്ല. അത്രയ്ക്ക് അധ്വാനിച്ചിട്ടുണ്ട്. ഇന്നതു പറയുമ്പോൾ വിയർത്തിരുന്നിട്ടു കാറ്റുകൊള്ളുന്ന സുഖമുണ്ട്. പുതിയ കാലത്ത് ഒരു റീൽ മതി ഒരാൾ സെലിബ്രിറ്റി ആവും. നാളെ അടുത്ത റീൽ വരും പുതിയൊരു താരമുണ്ടാവും. പഴയ ആളെ മറക്കും. പണ്ട് ഒരാള്‍ സെലിബ്രിറ്റി ആയാൽ കാലാകാലത്തോളം താരമാണ്.

മുകുന്ദനുണ്ണിയിൽ നിന്നു സാമുവലിലേക്ക്

തെങ്കാശിപ്പട്ടണവും പറക്കും തളികയും സൂത്രധാരനുമൊക്കെ പൊട്ടിച്ചിരിയുടെ പര്യായമായി സലിംകുമാറിനെ മാറ്റി. 2000ൽ അഡ്വക്കേറ്റ് മുകുന്ദനുണ്ണി ആ സ്ഥാനം ഉറപ്പിച്ചു. ഏതു സിനിമയിലും ചിരിക്കു ചേർക്കുന്ന ഒൗഷധഗുണമുള്ള മരുന്നായി സലിംകുമാർ മാറി.

ആറു വർഷം കഴിഞ്ഞു ചിരിയുടെ ലേബൽ സലിംകുമാർ മാറ്റിയൊട്ടിച്ചു-അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവല്‍. അതുവരെ സലിം കുമാറിനെ കണ്ടു ചിരിച്ചു ശ്വാസം മുട്ടി കണ്ണു നിറഞ്ഞ പ്രേക്ഷകർ ഉള്ളു പൊള്ളി കര‍ഞ്ഞു

മുകുന്ദനുണ്ണിയും സാമുവലും രണ്ട് അറ്റങ്ങളിൽ നിൽക്കുന്നവരാണ്. കാണാൻ ലുക്കില്ലെന്നേയുള്ളൂ കോട്ടൊക്കെ ഉണ്ട് എന്നു പറഞ്ഞെങ്കിലും മുകുന്ദനുണ്ണി എന്ന വക്കീലിനു നല്ല ലുക്ക് ആണെന്ന് കാലം തെളിയിച്ചു. ‘അഡ്വക്കേറ്റ് മുകുന്ദനുണ്ണി’യും ‘അഡ്വക്കേറ്റ് മുകുന്ദനു’മൊക്കെയായി ഞാൻ പല സിനിമകളിലും പിന്നീടും വേഷമിട്ടു.

ഗ്രാമഫോണിലെ തബല ഭാസ്കരനിലൂടെയാണു കോമഡിയിൽ നിന്ന് ഒരടി ഞാൻ മാറി നിന്നത്. ഒരു ദിവസം നടി ഉഷ എന്നോടു പറഞ്ഞു, തിരക്കഥാകൃത്ത് ബാബു ജനാർ‌ദനൻ കാണാൻ വരും, ഇതുവരെ ചെയ്തതതു പോലൊരു കഥയല്ലത്. ചാടിക്കയറി വേണ്ടെന്നു പറയരുത്. അദ്ദേഹം വന്നു അച്ഛനുറങ്ങാത്ത വീടിന്റെ കഥ പറഞ്ഞു.

ബാബു ജനാർദനൻ പോയ പിന്നാലെ ലാല്‍ ജോസ് വിളിച്ചു. കഥ കേട്ടില്ലേ എന്നു ചോദിച്ചു,‘‘ലാലു വേറെ ആരെയെങ്കിലും വച്ച് ചെയ്യ്. ഞാൻ ചെയ്താൽ ശരിയാവില്ല.’’

‘‘നീ അഭിനയിക്കുകയാണെങ്കിൽ ഈ സിനിമ ഞാൻ ചെയ്യും’’ അതായിരുന്നു ലാലുവിന്റെ മറുപടി. അവരുടെ നിർബന്ധത്തിനു വഴങ്ങി ആ വേഷം ‌ ചെയ്തു. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കിട്ടി. അഭിനയ ജീവിതത്തിെല ആദ്യ പുരസ്കാരം ലഭിച്ചെന്നു മാത്രമല്ല ഇതു പോലുള്ള ഒരുപാടു കഥാപാത്രങ്ങളും എന്നെ തേടി വന്നു. ആദാമിന്റെ മകൻ അബുവിനു മികച്ച നടനുള്ള നാഷനൽ അവാർഡും സ്റ്റേറ്റ് അവാർഡും കിട്ടി.

പക്ഷേ, ആദാമിന്റെ മകൻ അബുവിനു ശേഷം നല്ലൊരു കോമഡി വേഷം കിട്ടിയിട്ടില്ല. അതു സങ്കടം തന്നെയാണ്. ഇപ്പോൾ സിനിമയിൽ ചിരി കുറഞ്ഞു. പുതിയ കാലത്ത് തമാശയെഴുതുമ്പോൾ ആയിരം വട്ടം ചിന്തിക്കണം. എന്തും പെട്ടെന്നു വിവാദമാവും. ചെറിയ തെറ്റുപോലും ആരും ക്ഷമിക്കാത്ത കാലം. അപ്പോള്‍ പിന്നെ കോമഡി പാളിയിലോ... പുലിവാൽ‌കല്യാണം പോലെ കല്യണരാമൻ പോലെ സിനിമ ഇനിയുണ്ടാവുമെന്നു തോന്നുന്നില്ല.

കഥ സംവിധാനം നിർമാണം നായകൻ...

കറുത്ത ജൂതൻ- കഥയും തിരക്കഥയും സംവിധാനവും നിർമാണവും അഭിനയവും എല്ലാം സലിം കുമാർ. മികച്ച കഥയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും കിട്ടി. 80 ലക്ഷം രൂപയ്ക്കാണ് ഈ സിനിമ തീർന്നത്. കിട്ടിയത് അവാർ‌ഡ് തുകയുൾപ്പടെ ഏതാണ്ടു രണ്ട് ലക്ഷം...

ഒരു ദിവസം ഞാൻ മാള വഴി പോയപ്പോൾ ‘മാള പോസ്റ്റ് ഒാഫീസ്’ എന്ന ബോർഡ‍് കണ്ടു. ഭംഗിയുള്ള വലിയ വീട്. അങ്ങനെയൊരു വീട് പോസ്റ്റ് ഒാഫിസായത് എങ്ങനെയാണ്? അടുത്തുള്ള കടക്കാരനോടു ചോദിച്ചു. അത് ആ നാട്ടിലെ അവസാന ജൂതന്റെ വീടായിരുന്നത്രെ. മട്ടാഞ്ചേരിയിലെ പോലെ മാളയിലും ജൂതന്മാരുണ്ടായിരുന്നു. അവരെ കറുത്ത ജൂതന്മാരെന്നാണു വിളിച്ചിരുന്നത്, അവരുടെ സ്വത്തു വകകൾ, എന്തിന് കല്ലറകൾ പോലും പലരും കൈയേറി. അതൊരു കഥയായി മാറി. അങ്ങനെയാണ് കറുത്ത ജൂതൻ എന്ന സിനിമയുണ്ടായത്.

നിർമാണം എന്ന റിസ്ക് ഏറ്റെടുക്കുകയാണെന്ന് അറിയാമായിരുന്നു. ഈ വീട് പണിയുമ്പോൾ എന്നെ കൊണ്ടു പ്രാപ്തിയുണ്ടോ എന്നാലോചിച്ചിട്ടില്ല. അതുപോലെ തന്നെയായിരുന്ന ആ സിനിമയും. കാശിയിലും കർണാടകയിലും ഷൂട്ട് ചെയ്തു. ഒരു കുറവും വരുത്തിയില്ല.

കറുത്ത ജൂതനു മികച്ച കഥയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർ‌ഡ് കിട്ടി. ഒരിക്കൽ കണ്ണൂരിൽ ഒരു പ്രോഗ്രാമിനു പോയി. ചടങ്ങിൽ സംസാരിക്കാൻ ജൂറിയിൽ ഉണ്ടായിരുന്ന ഒരാളുമുണ്ടായിരുന്നു. അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു–മികച്ച സിനിമയായി കറുത്ത ജൂതൻ ഉണ്ടായിരുന്നു. പക്ഷേ, ചില കാരണങ്ങൾ കൊണ്ടു മറ്റൊരു സിനിമയ്ക്ക് അവാർഡ് കൊടുക്കേണ്ടി വന്നു. അതു കേട്ടു സങ്കടമൊന്നും തോന്നിയില്ല. അവാർഡ് നാലഞ്ചെണ്ണം അകത്തിരിപ്പുണ്ട്. എന്നാലും മികച്ച സിനിമ ആയിരുന്നെങ്കിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ടേനെ.

എന്റെ കഥാപാത്രങ്ങളുടെ തമാശകൾ ഒരുപാടു റീലുകളായിട്ടുണ്ട്. പക്ഷേ, ഗൗരവമുള്ള കാര്യം വൈറൽ റീലായത് ക്വീനിലെ അഡ്വ. മുകുന്ദന്റെതാണ്. പ്രതീക്ഷകളില്ലാതെയാണു ഞാൻ ലൊക്കേഷനിലെത്തിയത്. പക്ഷേ, ആദ്യ ദിവസം തന്നെ സംവിധായകൻ ഡിജോ ജോസ് ആന്റണി ‘കുഴപ്പക്കാരനല്ലെന്ന്’ മനസ്സിലായി. പനി പിടിച്ച സമയമായിരുന്നു. എന്നിട്ടും ഡിജോയുടെ ആത്മാർഥത കണ്ടപ്പോൾ പനി മറന്നു. ചില ഡയലോഗുകൾ പറയുമ്പോൾ എന്റെ ഉള്ളിലെ പഴയ രാഷ്ട്രീയക്കാരൻ ഉണർന്നു എന്നതു സത്യമാണ്. ‘‘അസമയത്ത് ഒരു പെൺകുട്ടി, ഏതാണ് ആ സമയം? ഏത് സമയമാണ് ഒരു പെൺകുട്ടിക്ക് അസമയം? ആണിനു മാത്രമില്ലാത്ത ഒരസമയം പെൺകുട്ടിക്കുണ്ടോ?’’ ഇതെല്ലാം പുതുതലമുറ ഏറ്റെടുത്തു.

തിരിച്ചറിഞ്ഞ കാലം

കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയിൽ ജാഫർ ഇടുക്കിയുടെ കഥാപാത്രം സലിംകുമാർ ചെയ്യേണ്ടതായിരുന്നു. രണ്ടു ദിവസം അഭിനയിച്ചതുമാണ്. പക്ഷേ, ആരോഗ്യപ്രശ്നങ്ങൾ കാരണം മടങ്ങി പോരേണ്ടി വന്നു. പിന്നീടു ചികിത്സയും വിശ്രമവുമായി കുറേ നാൾ. എപ്പോഴെങ്കിലും ഒറ്റയ്ക്കായെന്നു തോന്നിയോ?

ആ കാലം ഇപ്പോഴും മറികടന്നിട്ടില്ല, മറികടക്കാനുള്ള ശ്രമത്തിലാണ്. വിഷമമില്ല. ചിലപ്പോൾ ഇങ്ങനെ ജീവിതം കഴിയും. പഴയകാലത്തിലേക്കു മടങ്ങിവരുമോ എന്നും അറിയില്ല. അതിനായി ശ്രമിക്കും. ആരോഗ്യം പഴയതിനേക്കാൾ ഒരുപാടു മെച്ചപ്പെട്ടിട്ടുണ്ട്. പലരും സിനിമയിലേക്കുവിളിക്കുന്നുണ്ട്. പക്ഷേ, വെറുതെ ചെന്നിട്ടു കാര്യമില്ല. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം. അല്ലെങ്കിൽ തുള്ളാതിരിക്കണം. അതാണെന്റെ നിലപാട്.

ഒറ്റയ്ക്കാവുമ്പോള്‍ ആരെങ്കിലുമൊക്കെ വേണം എന്നു തോന്നിയാലല്ലേ പ്രശ്നമുള്ളൂ. ഞാനങ്ങനെ ചിന്തിക്കുന്നേയില്ല. ഇവിടെ ഭാര്യയുണ്ട് കുട്ടികളുണ്ട്. വൈകീട്ടു ചില കൂട്ടുകാരെത്തും. പലരും കൂലിപ്പണിക്കു പോവുന്നവരാണ്.അവരോടു തമാശകളൊക്കെ പറഞ്ഞിരിക്കും.

സംസാരത്തിനിടയിലേക്കു ഭാര്യ സുനിത വന്നു- ‘‘സിനിമയുടെ മാത്രമല്ല വിവാഹത്തിന്റെയും മുപ്പതാം വർഷമാണ്. വിവാഹത്തിന്റെ പിറ്റേന്നാണ് ആദ്യമായി ചേട്ടൻ സിനിമയിൽ അഭിനയിക്കാൻ പോയത്...

ഇതിനു മറുപടിയായി സലിം കുമാർ സ്വന്തം പുസ്തകത്തിന്റെ പേരാണ് പറഞ്ഞത്- ഈശ്വരാ... വഴക്കില്ലല്ലോ...

Salim Kumar: A Legacy of Laughter and Emotion:

Salim Kumar's remarkable 30-year journey in Malayalam cinema is a testament to his dedication and talent, marked by countless memorable roles and dialogues. Despite facing health challenges, his passion for acting remains undimmed, with a fervent desire to continue entertaining audiences.

ADVERTISEMENT