കടുവ, റാണി പത്മിനി, വാഴ ടൂ.. അഭിനയ വഴിയിൽ ആരാധ്യ സായി.
അഭിനയത്തെ ഇഷ്ടപ്പെട്ടും കഷ്ടപ്പെട്ടും സ്വന്തം വഴിയാക്കി മാറ്റുകയാണ് ആരാധ്യ സായി എന്ന തൃശൂരുകാരി.
‘വാഴ 2’, ‘കടുവ’ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്കു പരിചിതമാണ് ഈ മുഖം, ഓഡിഷനുകളിലെ റിജക്ഷനുകളെ പുഞ്ചിരിയോടെ നേരിടാനും അമ്മ നൽകിയ വലിയ പിന്തുണയിൽ സ്വപ്നങ്ങൾ കാണാനും പഠിച്ച ആരാധ്യ സായി സിനിമാ-ജീവിത വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
ഇഷ്ടപ്പെട്ടും കഷ്ടപ്പെട്ടും
മുൻപൊക്കെ അഭിനയിക്കാൻ കഴിവുണ്ടെന്ന് എനിക്കു തോന്നിയിരുന്നില്ല. കൊള്ളാമെന്ന് കോംപ്ലിമെന്റ് കിട്ടുന്ന സമയത്തു പോലും എന്റെ അഭിനയം കണ്ട് എനിക്ക് തന്നെ ‘അയ്യേ’ എന്നു തോന്നിയിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരു തമിഴ് സിനിമയിൽ റോൾ കിട്ടി. റിലീസാകാൻ പോകുന്നതേയുള്ളൂ. പേരു പോലും പുറത്തുപറയാനായിട്ടില്ല. ആ സിനിമയാണ് ഇഷ്ടത്തോടെ അഭിനയിക്കാൻ എന്നെ പഠിപ്പിച്ചത്. ചില സീനുകൾ അഭിനയിച്ചപ്പോൾ സംവിധായകൻ മുതൽ സെറ്റിലുള്ള സീനിയർ ആർട്ടിസ്റ്റുകൾ വരെ കയ്യടിച്ച് അഭിനന്ദിച്ചു. നേരെ സ്ക്രീനിൽ പോയി നോക്കിയപ്പോൾ എനിക്കും അന്നാദ്യമായി തോന്നി, കൊള്ളാല്ലോ.
സ്വയം തൃപ്തി തോന്നിയ ആ നിമിഷം മുതലാണു ഞാൻ ഇഷ്ടപ്പെട്ട് അഭിനയിച്ചു തുടങ്ങിയത്.
അതോടെ സിനിമകൾ കൂടുതൽ കാണാനും ആളുകളെ നിരീക്ഷിക്കാനും തുടങ്ങി. ഓരോരുത്തരും പ്രതികരിക്കുന്നതു പോലും വ്യത്യസ്ത ഭാവത്തോടെയും ആക്ഷൻസിലൂടെയുമാണ്. ചിലരുടെയൊക്കെ സ്റ്റൈൽ വീട്ടിൽ അമ്മ പാര്വതിയെ അഭിനയിച്ചു കാണിക്കും.
കഷ്ടപ്പെട്ട് അഭിനയിക്കുന്നതു നിർത്തിയപ്പോൾ ഇഷ്ടം തോന്നുന്ന കഥാപാത്രങ്ങളും കിട്ടിത്തുടങ്ങി. നാലു വർഷം മുൻപ് അനുരാധ എന്നൊരു സിനിമയിൽ അഭിനയിച്ചിരുന്നു. അതിൽ അനുസിത്താരയുടെ ചെറുപ്പകാലം ഞാനാണവതരിപ്പിച്ചത്. പക്ഷേ, അതു റിലീസായില്ല.
ആ സിനിമയിലുള്ള അസിസ്റ്റന്റ് ഡയറക്ടേഴ്സ് വാഴയിലും ഉണ്ടായിരുന്നു. അങ്ങനെയാണ് വാഴയിലേക്കെത്തിയത്. വാഴയിൽ അലനും ഞാനുമായിരുന്നല്ലോ ജോഡിയായി അഭിനയിച്ചത്. സെറ്റിൽ ഞങ്ങളെ കളിയാക്കാത്തവർ കുറവായിരിക്കും. എല്ലാവരോടും ചിരിച്ചു കളിച്ചു പറന്നു നടക്കുന്ന പ്രകൃതമാണ് അലന്റേത്. ഭക്ഷണം കഴിക്കാൻ ഒന്നിച്ചെത്തുമ്പോഴാണ് ഏറ്റവും തമാശ. കുട്ടിക്കിത്തിരി ചമ്മന്തി കൂടുതൽ കൊടുക്കെന്നൊക്കെ അവൻ പറഞ്ഞുകൊണ്ടേയിരിക്കും. ഫൺ തന്നെയായിരുന്നു വാഴയുടെ ഷൂട്ടിങ്.
ഡൽഹി സർവകലാശാലയിൽ ഡിസ്റ്റന്റായി ബിബിഎ പഠിക്കുന്നുണ്ടായിരുന്നു. വാഴ ടൂ റിലീസിന്റെ സമയത്തായിരുന്നു പരീക്ഷകളൊക്കെ. എല്ലാം മിസ്സായി. ഒന്നുകിൽ ഒരു വർഷം ഗ്യാപ് അല്ലെങ്കിൽ കോഴ്സ് വീണ്ടും തുടങ്ങണമെന്ന അവസ്ഥയാണ്.
വളരെ കുഞ്ഞാണ് എന്റെ ലോകം
എല്ലാവരോടും ഫ്രണ്ട്ലിയായി ഇടപെടുമെങ്കിലും ഒരുപാട് അടുക്കാറില്ല. വായിക്കാനും കുറേയേറെ ഇഷ്ടം. വളരെ കുറച്ചു സുഹൃത്തുക്കളെ എനിക്കുള്ളൂ. അമ്മ തന്നെയാണ് ഏറ്റവുമടുത്ത സുഹൃത്ത്. പിന്നെ അനിയൻ ആദിത്യൻ സായിയുമുണ്ട്. അച്ഛൻ പിരിഞ്ഞു പോയി. പക്ഷേ, അമ്മ മാത്രം മതി, അത്രയ്ക്ക് പവർഫുള്ളാണ് അമ്മ.
ജീവിതത്തിൽ ഏറ്റവും എൻജോയ് ചെയ്തത് ഒൻപതും പത്തും ക്ലാസുകളാണ്. സിബിഎസ്സി ഇംഗ്ലിഷ് മീഡിയം സ്കൂളിൽ നിന്നു മാറി, മലയാളത്തിലേക്കു കൂടുകൂട്ടിയ സമയമായിരുന്നു അത്. തൃശൂരിലെ വിവേകോദയം സ്കൂൾകാലം നല്ലൊരോർമയാണ്. ജാഡയില്ലാതെ എല്ലാവരും ഇടിച്ചു കേറി വരുന്നതും നിറയെ കൂട്ടുകാരെ കിട്ടുന്നതുമെല്ലാം പുതിയ അനുഭവങ്ങളായി മാറി.
ക്ലാസിൽ അനഘ എന്നൊരു കൂട്ടുകാരിയുണ്ടായിരുന്നു. അവൾ ഉപ്പിലിട്ടതും മറ്റും കൊണ്ടുവരും. ഞങ്ങളിതൊക്കെ കപ്പലണ്ടിയുടെ കോൺ പോലെയൊക്കെയാക്കി കഴിക്കലാണു പരിപാടി. ക്ലാസിലെ പഠിപ്പിയെ ശ്രദ്ധിച്ച് ഉത്തരങ്ങളൊക്കെ ഉറക്കെ വിളിച്ചു പറയും. ടീച്ചർ വിചാരിക്കും എനിക്കു വലിയ അറിവാണെന്ന്. അങ്ങനെ എത്രയെത്ര ഉഡായിപ്പുകൾ! ക്ലാസ് ലീഡറുമായിരുന്നു. പാട്ടും ഡാൻസും അത്യാവശ്യം എപ്പോഴും കൂടെയുണ്ടായിരുന്നു.
മത്സരങ്ങളിലെല്ലാം ആക്ടീവായിരുന്നു ഞാൻ. മ ത്സരം എന്താണെന്നു പോലും മനസ്സിലായില്ലെങ്കിലും പേരുകൊടുക്കാൻ ഒരു ടെൻഷനുമില്ലായിരുന്നു.
പേരന്റിങ്ങിൽ പുലിയാണ് അമ്മ
ഒൻപതാം ക്ലാസിലെത്തിയപ്പോഴാണു പയ്യന്മാർ എന്നെയൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലാക്കുന്നത്. ആരെങ്കിലും ഇഷ്ടമാണെന്നെങ്ങാനും പറഞ്ഞാൽ ഞാനാദ്യം അമ്മയോടു പറയും.‘‘അവനോ... ഇഷ്ടമാണെന്നു പറഞ്ഞോ!! സൂപ്പർ... കലക്കി കുക്കൂ.’’ എന്നൊക്കെ കൂട്ടുകാർ പിന്തുണ തരുന്നതു പോലെയാകും അമ്മയുടെ റെസ്പോൺസ്. എന്നിട്ടു പതിയെ പറയും. ‘‘പത്ത്, പ്ലസ് വൺ, പ്ലസ് ടൂ, ഡിഗ്രി... ഇനിയും മുന്നോട്ടു കിടക്കുവല്ലേ. ഇതിലും നല്ലതൊക്കെ ഇനി വരാനിരിക്കുന്നേയുള്ളൂ.’’
പത്താം ക്ലാസായപ്പോൾ പ്ലസ് വൺ പ്ലസ് ടൂവിലെ ചേട്ടന്മാരുടെ നോട്ടം വന്നു തുടങ്ങി. അതോടെ അമ്മ പറഞ്ഞതു ശരിയാണെന്ന് ഉറപ്പായി. പേരന്റിങ്ങിൽ പുലിയായിരുന്നു അമ്മ. അന്നത്തെ കുട്ടി ബുദ്ധിയിൽ ഹാ ൻഡ്സം ചേട്ടന്മാരും പ്രേമവുമാണു വലിയ കാര്യങ്ങളെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. എല്ലാത്തിനും ഒപ്പം നിന്ന്, ഈ കണ്ടതല്ല ലോകം, ഇനിയും വലുതാണെന്ന് അമ്മ മനസിലാക്കി തരും. ഞാൻ നടിയാകണമെന്ന് അമ്മയ്ക്കായിരുന്നു വലിയ ആഗ്രഹം. ആദ്യമൊക്കെ എന്റെ ഇൻസ്റ്റഗ്രാം നോക്കിയിരുന്നതും അമ്മയാണ്.
എല്ലാവരുടെയും വശത്തു നിന്നു ചിന്തിക്കാനും നല്ല തീരുമാനങ്ങളെടുക്കാനും ഇന്നു കഴിയുന്നുണ്ട്. പലരുമായി സംസാരിക്കുമ്പോൾ ജീവിതത്തെക്കുറിച്ച് ആലോചിച്ച് തലമണ്ട പുകഞ്ഞവരാണ് പലരുമെന്ന് തോന്നിയിട്ടുണ്ട്. എനിക്ക് അങ്ങനെ വേണ്ടി വരാതിരുന്നത് അമ്മയുടെ പേരന്റിങ് അത്ര നല്ലതായതുകൊണ്ടാണ്.
അച്ഛന്റെ പിന്തുണ ഇല്ലാതിരുന്നിട്ടും അമ്മ എന്നെയും അനിയനെയും നന്നായി വളർത്തി. ഒറ്റയ്ക്ക് യാത്രകൾ ചെയ്യാനും സന്തോഷമായിരിക്കാനും എനിക്കു പറ്റുന്നുണ്ട്.
പനി പിടിച്ച കടുവ
കടുവയിലേതു ചെറിയ റോളായിരുന്നു. കടുത്ത പനിയും ചുമയും കൊണ്ടാണ് ഷൂട്ടിനു പോയത്. പള്ളിയിലെ ഒരു സീനിൽ പൃഥ്വി സാറും വിവേക് സാറും ഒക്കെയുണ്ടായിരുന്നു. ആക്ഷൻ പറഞ്ഞ് ഷൂട്ട് തുടങ്ങും, ഞാൻ ചുമയ്ക്കും. ചുമ തുടർക്കഥയായതോടെ സംവിധായകൻ ഷാജി കൈലാസ് സർ ബ്രേക്ക് തന്നു. മെഡിസിൻ ഏർപ്പാടാക്കുകയും ചെയ്തു. പനി പിടിച്ചിരുന്നതു കടുവയുടെ സെറ്റിൽ ആരോടും അധികം സംസാരിക്കാനൊന്നും കഴിഞ്ഞില്ല. അതുകൊണ്ട് കടുവയുടെ ഓർമകൾക്കും പനിയാണ്.
സിനിമയ്ക്കു പിന്നാലെ വല്ലാതെ ശ്രദ്ധയും സമയവും പോകുന്നതു കൊണ്ടു ജീവിതത്തിൽ പലതും ന ടക്കുന്നില്ലെന്നും തോന്നിയിട്ടുണ്ട്. ഇടയ്ക്ക് സിനിമ പോ ലും വേണ്ടെന്നു തോന്നി. രണ്ടു ദിവസം കഴിഞ്ഞതും, വീണ്ടുമൊരു നല്ല റോൾ. അതോടെ വീണ്ടും അഭിനയത്തിലേക്ക്. ഇപ്പോൾ പുറത്തു പോകുമ്പോൾ ചെറുതായിട്ട് ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. വാഴ ഹിറ്റായി എന്ന് ഇപ്പോഴും എന്റെ ഉള്ളിൽ തോന്നൽ വന്നിട്ടില്ല. ഞാനിപ്പോഴും പഴയ ഞാൻ തന്നെ.
ദൈവവുമായി ഡീൽസ് വരെ വയ്ക്കാറുണ്ട്. നല്ല റോളുകൾ കിട്ടാൻ കൈക്കൂലിയൊക്കെ പറഞ്ഞു വയ്ക്കും.
ഡെൽന സത്യരത്ന
ഫോട്ടോ: ഹരികൃഷ്ണൻ