Tuesday 11 August 2020 02:24 PM IST

‘വിമർശിക്കുന്നതു കേട്ടാൽ ഞാനാണ് ജൈവകൃഷി കണ്ടുപിടിച്ചതെന്ന് തോന്നും’; മനസ്സ് തുറന്ന് ശ്രീനിവാസൻ

V R Jyothish

Chief Sub Editor

_C2R1845 ഫോട്ടോ: ശ്യാം ബാബു

‘‘കോവിഡിനെതിരായ യുദ്ധം നമ്മൾ തുടരണം. (അത് മനസ്സിലായി) അതോടൊപ്പം തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങളോടുള്ള യുദ്ധവും തുടരണം.(അത് എനിക്കു മനസിലായില്ല)...’’-കൊറോണാ കാലത്തെ ജീവിതത്തെക്കുറിച്ച് ശ്രീനിവാസൻ...

ഈ കൊറോണ വൈറസ് കൊണ്ട് മലയാളിക്ക് ചില ഗുണങ്ങൾ ഉണ്ടായി എന്നാണ് എനിക്കു തോന്നുന്നത്. ആൾക്കാരുടെ പേടി കുറച്ചൊക്കെ മാറി. നമുക്ക് എല്ലാത്തിനോടും പേടിയാണല്ലോ? രാഷ്ട്രീയത്തെ പേടി, മതങ്ങളെ പേടി, മതപുരോഹിതന്മാരെ പേടി, ആൾദൈവങ്ങളെ പേടി, ആശുപത്രികളെ പേടി, അവനവന്റെ ആരോഗ്യത്തെ പേടി.. എന്തിന്, അവനവനെ തന്നെ പേടി! ഇതിലൊന്നും വലിയ കാര്യമില്ലെന്നു കുറച്ചുപേർക്കെങ്കിലും ബോധ്യപ്പെട്ടു. കട്ടു മുടിച്ചിട്ടും വെട്ടിപ്പിടിച്ചിട്ടും കൊള്ളയടിച്ചിട്ടുമൊന്നും ഒരു കാര്യവുമില്ല. എല്ലാം ഒരു വൈറസിനു മുന്നിൽ തീരുന്നതേയുള്ളൂ. േകാവിഡ് കാലത്ത് ഞാന്‍ വീട്ടില്‍ തന്നെയിരുന്നു. കൂട്ടിന് ഇളയ മകന്‍ ധ്യാനും കുടുംബവും. കുറച്ചു കൃഷികാര്യങ്ങള്‍, പിന്നെ അടുക്കളയില്‍ ഭാര്യയെ സഹായിക്കാന്‍ അല്‍പം പാചകം.

നാട്ടിലായിരുന്നപ്പോൾ കൃഷിയിലും പാചകത്തിലുമൊന്നും വലിയ താൽപര്യമുണ്ടായിരുന്നില്ല. അന്നു കൃഷിസ്ഥലത്ത് വീട്ടിലുള്ള എല്ലാവരും പണിയെടുക്കും. വലിയ താൽപര്യമില്ലെങ്കിലും ഞാനും പാടത്തിറങ്ങും. കാരണം ൈവകുന്നേരം അച്ഛൻ കൂലി തരും. ആ പൈസ കൊണ്ട് സിനിമ കാണാം. പിന്നെ മദിരാശിയില്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേര്‍ന്നു. ഞാൻ പാചകം പഠിച്ചത് ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ആ ദശാസന്ധിയിലാണ്.

നാലുേപര്‍ േചര്‍ന്നാണ് ഒരു മുറിയില്‍ താമസം. മുഖ്യ പാചകക്കാരൻ ഞാൻ തന്നെ. പാചകം പഠിച്ചിട്ടൊന്നുമല്ലല്ലോ നാടു വിട്ടത്. പിന്നെ ഒരു ൈധര്യത്തിന് അ ങ്ങു ചെയ്തു. ഉപ്പു കൂടിയാലും കുറഞ്ഞാലും ചോദിക്കാനൊന്നും ആരും വരില്ലല്ലോ?

വിശപ്പ് എന്ന ചേരുവ

പാചകത്തിൽ അമ്മയാണ് ഗുരു. ഞങ്ങളുടെ നാട്ടിൽ തന്നെ അന്നു ഫോൺ വന്നിട്ടില്ല. പിന്നെ വീട്ടിലേക്ക് കത്തെഴുതും. അല്ലെങ്കിൽ അവധിക്കു ചെല്ലുമ്പോൾ അമ്മയോടു ചോദിച്ചു പാചകത്തിന്റെ രഹസ്യങ്ങൾ മനസിലാക്കും.

സാമ്പാർ, അവിയൽ, തോരൻ, മീൻകറി ഒക്കെയാണു പ്രധാനവിഭവങ്ങൾ.  ഇതിൽ ഒരു കറിയേ ഉണ്ടാവൂ ഒരു ദിവസം. അതും ചോറും. ഒരുകാര്യം േബാധ്യമായിരുന്നു. ഏതു ഭക്ഷണത്തെയും ഏറ്റവും രുചിയുള്ളതാക്കുന്നത്, അതിെല ചേരുവകളല്ല, വിശപ്പാണ്.

സിനിമയിൽ തിരക്കായതോടെ പാചകം ഉപേക്ഷിച്ചു.  കല്യാണം കഴിച്ചതോടെ തീരെ ഉപേക്ഷിച്ചു എന്നും പറയാം. കാരണം എന്റെ ഭാര്യ വിമലയ്ക്ക് ഞാൻ അടുക്കളയിൽ കയറുന്നത് ഇഷ്ടമല്ല. മാത്രമല്ല, അടുക്കളയിൽ കയറി ഞാൻ എന്തെങ്കിലും ഉണ്ടാക്കിയാൽ അതു കഴിക്കേണ്ടി വരുമോ എന്ന പേടിയുമുണ്ട്. എന്നാലും വല്ലപ്പോഴും ഞാന്‍ അടുക്കളയിൽ കയറും, ചെറുതായി എന്തെങ്കിലുമൊക്കെ ഉണ്ടാക്കും.

കോവിഡ് കാലത്തും ഞാൻ അടുക്കളയിൽ കയറി. അതിനു കാരണം ലോകത്തുള്ള എല്ലാ പുരുഷന്മാരും പാചകപരീക്ഷണത്തിലാണെന്ന് അറിഞ്ഞതാണ്.

പലരും പലവട്ടം ചോദിച്ചിട്ടുണ്ട് എനിക്ക് ഇഷ്ടപ്പെട്ട വിഭവം എന്താണെന്ന്? സാമ്പാർ എന്നു സത്യസന്ധമായി പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അതുകൊണ്ട് അല്‍പം െവയ്റ്റ് ഒക്കെയിട്ടു ഞാൻ പറയും, ‘മീൻ അവിയൽ.’ അതാകുമ്പോൾ പിന്നെ, പ്രശ്നമില്ലല്ലോ.

നാടോടിക്കാറ്റിന്റെ മൂന്നാംഭാഗമായി എഴുതിയ ‘അക്കരെ അക്കരെ അക്കരെ’യിൽ ഒരു പാചകസീനുണ്ട്. ദാസനോടൊപ്പം അമേരിക്കയിൽ പോകാൻ വിജയൻ കാണിക്കുന്ന തത്രപ്പാടുകളാണ് സീനിൽ. ദാസൻ വിജയനെ മർദ്ദിക്കുകയും അപമാനിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. എങ്ങനെയെങ്കിലും അമേരിക്കയിൽ പോകുകയെന്ന ആഗ്രഹവുമായി നിൽക്കുന്ന വിജയൻ അതൊക്കെ സഹിക്കുന്നുവെന്നു മാത്രമല്ല, പ്രീതിപ്പെടുത്താൻ ദാസന് ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു. ആ സമയത്താണ് ലോകത്ത് ആരും കേട്ടിട്ടില്ലാത്ത ‘മീൻ അവിയൽ’ എന്ന വിഭവം വിജയൻ ഉണ്ടാക്കുന്നുത്. സത്യത്തിൽ ആ ഡയലോഗ് എഴുതുന്നതു വരെ  ഞാൻ ‘മീൻ അവിയൽ’ എന്ന വിഭവത്തെക്കുറിച്ചു കേട്ടിട്ടില്ല. എഴുതി വന്നതിന്‍റെ ഒഴുക്കില്‍ അങ്ങ് എഴുതിയതാണ്. സിനിമ കണ്ടിട്ടു പലരും എന്നോടു ചോദിച്ചു, ‘ഈ മീൻ അവിയൽ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന്.’ ‘അതൊന്നും അങ്ങനെ വെറുതെ പറഞ്ഞു തരാൻ പറ്റില്ല...’ എന്നു പറഞ്ഞ് ഞാന്‍ തടിതപ്പി.

അടുത്തകാലത്ത് ആരൊക്കെയോ മീൻ അവിയൽ ഉണ്ടാക്കിയതായി അറിഞ്ഞു. യുട്യൂബിലും മറ്റും മീൻ അവിയലിന്റെ റെസിപ്പി ഉണ്ടെന്നു കേൾക്കുന്നു. എന്താകുമോ എന്തോ?

കോവിഡ് കാലത്തെ കൃഷിക്കാർ

കോവിഡ് കാലത്ത് ഒരുപാടു പേര്‍ കൃഷിയിലേക്കു തിരിഞ്ഞിട്ടുണ്ട്. അവർക്ക് വേറെങ്ങും തിരിയാൻ ഇല്ലാത്തതു കൊണ്ടാകും ഇങ്ങോട്ടു തിരിഞ്ഞത്. ഇവർ തുടർന്നും കൃഷി ചെയ്യും എന്നു കരുതാൻ വയ്യ. കൃഷി വളരെ സത്യസന്ധമായി ചെയ്യേണ്ട കർമമാണ്. അത് അത്ര എളുപ്പമല്ല. സർക്കാർ ജോലിയിൽ കള്ളം കാണിക്കാൻ പറ്റും. കൃഷിപ്പണിയിൽ പറ്റില്ല.

ചിലര്‍ എന്നെ വിമര്‍ശിക്കുന്നതു കണ്ടാല്‍ േതാന്നും, ജൈവകൃഷി കണ്ടു പിടിച്ചതു ഞാനാണെന്ന്. അന്യസംസ്ഥാനങ്ങളിൽ നിന്നു വിഷം കലർത്തിയ പച്ചക്കറികൾ നമ്മുടെ അടുക്കളകളിൽ എത്തുന്നതിനു ദൃക്സാക്ഷിയായിരുന്നു ഞാൻ. കാൻസർ ഉൾപ്പെടെയുള്ള മാരകമായ രോഗങ്ങൾക്ക്  ഇതു കാരണമാകുന്നു എന്ന് അറിവുള്ള ഡോക്ടർമാർ പറഞ്ഞു തന്നു. അതുകൊണ്ടാണ് ജൈവ കൃഷിയിലേക്ക് നമ്മൾ തിരിയണെമന്നും എല്ലാവരും അവരവർക്ക് ആവശ്യമുള്ള പച്ചക്കറി സ്വന്തമായി കൃഷി ചെയ്തുണ്ടാക്കണം എന്നും ഞാൻ പറഞ്ഞത്.

ഞാനൊരു ശാസ്ത്രജ്ഞനല്ല, സിനിമാക്കാരനാണ്. എങ്കിലും കൃഷിയെ സംബന്ധിച്ച ചില കാര്യങ്ങൾ ആർക്കും പറയാം. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ നേതാവായിരുന്ന എസ് എ . ഡാങ്കേയുടെ സഹോദരൻ എസ്. എ. ഡബോൽക്കർ കൃഷിയെ സംബന്ധിച്ച് ഒരു സംശയം ഉന്നയിച്ചു. ‘കാട്ടിൽ പലതരം വൃക്ഷങ്ങൾ ഇടതൂർന്ന് വളരുന്നു.  ആരും അവിടെ രാസവളം കൊണ്ടിടുന്നില്ല. കീടനാശിനി ഉപയോഗിക്കുന്നില്ല. എന്നിട്ടും എന്തുകൊണ്ട് ചെറുതും വലുതുമായ വൃക്ഷലതാദികൾ ഇടതൂര്‍ന്ന് അവിെട വളരുന്നു?’  

കാട്ടിലെ മണ്ണിന്റെ ഗുണങ്ങളാണ് ഇതിനു കാരണമെന്ന് അദ്ദേഹം കണ്ടെത്തി. ‘കാട്ടിലെ മണ്ണിന്റെ ഗുണങ്ങൾ എന്തുകൊണ്ടു നാട്ടിലെ മണ്ണിൽ ഉണ്ടാക്കികൂടാ’ എന്ന ചിന്തയിൽനിന്നാണു പുതിയ കൃഷിരീതി ഉടലെടുത്തത്. ഇതാണ് ജൈവകൃഷിയുടെ അടിസ്ഥാനം. പ്രത്യേക പരിചരണത്തിലൂടെ നാട്ടിലെ മണ്ണിനെ കാട്ടിലെ മണ്ണു പോലെയാക്കാം. വിളവ് കൂടും.

കൃഷിമന്ത്രി സുനിൽകുമാർ എന്‍റെ സുഹൃത്താണ്. നല്ല മന്ത്രിയുമാണ്. സംസ്ഥാനം കൃഷിയിൽ സ്വയംപര്യാപ്തമാകണം എന്ന് അദ്ദേഹം ആത്മാർഥമായി ആഗ്രഹിക്കുന്നു. പക്ഷേ, നമ്മുടെ സംവിധാനത്തിൽ അതിന് ഒരുപാടു തടസ്സങ്ങളുണ്ട്. മണ്ണിലിറങ്ങി കൃഷി ചെയ്യുന്നവര്‍ കൂടെയുണ്ടെങ്കിലേ സുനിൽകുമാറിനെപ്പോലെയുള്ളവർക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയു.

കുമാരപിള്ള സാർ അനശ്വരനാണ്

കോവിഡിനെ സൃഷ്ടിച്ചത് തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങളാണ് എന്നൊരു പ്രസ്താവന ഇതിനിടയില്‍ കേട്ടു. കോവിഡ് കാലത്തു കേട്ട ഏറ്റവും നല്ല തമാശയായിരുന്നു അത്. പാട്യം എന്ന ചുവന്ന കോട്ടയിലാണ് ഞാൻ ജനിച്ചത്. പാർട്ടിയെ ജീവവായു പോലെ ശ്വസിക്കുന്ന സാധാരണക്കാരാണ് അവിെട. അവർക്ക് പാർട്ടി എന്തു പറയുന്നുവോ അതാണു വേദം. നല്ലവരാണ്. സ്നേഹവും ആത്മാർഥതയും സഹകരണമനോഭാവവും ഉള്ളവര്‍.

ചില വൈകുന്നേരങ്ങളിൽ ഞാന്‍ കവലയിൽ പോകും.  അവരോടു സംസാരിക്കും. ചിലര്‍ ഒരു വലിയ കാര്യം പോെല എന്നോടു പറയും, ‘ശ്രീനിവാസാ... അറിഞ്ഞില്ലേ അമേരിക്കൻ പ്രസിഡന്റ്  ഉടനെ രാജി വയ്ക്കും.’  

‘അതെയോ... എന്താ കാര്യം?’

‘ഞങ്ങൾ ലോക്കൽ കമ്മിറ്റി കൂടി ഒരു പ്രമേയം പാസാക്കിയിട്ടുണ്ട്. സാമ്രാജ്യത്വത്തിനെതിരെ അതിശക്തമായ ഭാഷയിലാണ് കമ്മിറ്റി പ്രതികരിച്ചിട്ടുള്ളത്. രാജി ഉടന്‍ ഉണ്ടാകും.’

നമ്മൾ കരുതും സഖാവ് തമാശ പറയുന്നതാണെന്ന്.  അല്ല,  അദ്ദേഹം വളരെ സീരിയസായി പറയുന്നതാണ്. ഇങ്ങനെയുള്ള ഒരുപാടു പേരിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് സന്ദേശത്തില്‍ ശങ്കരാടി അവതരിപ്പിച്ച താത്വികാചാര്യന്‍ കുമാരപിള്ള സാറിനെ സൃഷ്ടിക്കുന്നത്.

കോവിഡിന് എതിരായ യുദ്ധം, തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങൾക്കെതിരായ യുദ്ധമാണെന്നു പറഞ്ഞു കേട്ടപ്പോള്‍ സത്യൻ അന്തിക്കാടിനെ വിളിച്ചു ചോദിച്ചു, ‘ഇനിയും  ഒരു യുദ്ധം ഉണ്ടാകാൻ പോവുകയാണല്ലോ സത്യാ?’

എത്ര പറഞ്ഞിട്ടും ആർക്കെതിരായ, എന്തിെനതിരായ യുദ്ധമെന്ന് സത്യനും മനസിലായിട്ടില്ല.

എല്ലാ പാർട്ടിയിലും നല്ല ആൾക്കാരുണ്ട്. എന്നാൽ അവരുടെ എണ്ണം വളരെ കുറവാണ്. അതുകൊണ്ടവർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്നില്ല. ‘സന്ദേശം’ സിനിമയില്‍ മണ്ഡലം പ്രസിഡന്റ്  പൊതുവാൾ ചോദിക്കുന്നുണ്ട്, ‘വിദ്യാഭ്യാസമുള്ള ഒരുത്തനും നമ്മുടെ പാർട്ടിയിൽ ഇല്ലേ...?’ എന്ന്.  ഇന്നായിരുന്നെങ്കിൽ പൊതുവാൾ ഒന്നു   മാറ്റി പിടിച്ചു േചാദിച്ചേനെ. ‘അഴിമതി ചെയ്യാത്ത ഒരുത്തനും നമ്മുെട പാർട്ടിയിൽ ഇല്ലേ...’

ഇത്രയും വലിയ മഹാമാരി പത്തു രൂപയുടെ മാസ്ക് ധരിച്ചാൽ മാറിപ്പോകുമോ എന്നു ചോദിക്കുന്ന പണ്ഡിതൻമാർ ധാരാളമുള്ള നാടാണ് കേരളം. അതെന്തായാലും കോവിഡിനെതിരായ യുദ്ധം നമ്മൾ തുടരണമെന്ന് എനിക്കു മനസ്സിലായി. കാരണം. ഇതൊരു മഹാമാരിയാണ്. യുദ്ധമുഖത്ത് എന്നതു പോലെ പ്രവർത്തിച്ചാലേ നമുക്കു രക്ഷയുള്ളു.

അതോടൊപ്പം തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങളോടും യുദ്ധം ചെയ്യണമെന്നു ചിലര്‍ പറയുന്നു. അത് എന്താണെന്ന് എനിക്കു മനസിലായില്ല. അതുകൊണ്ട് ആ യുദ്ധത്തിന് ഞാനില്ല.

മദ്രാസിലെ സിദ്ധന്‍

ഈ കൊറോണക്കാലത്ത് ഏറ്റവും സന്തോഷം നൽകിയതെന്താണ്? പല സുഹൃത്തുക്കളും ചോദിച്ചു. കേരളത്തിൽ ഇപ്പോൾ ജാതിയില്ല, മതമില്ല, മതപുരോഹിതന്മാരില്ല, ആൾദൈവങ്ങളില്ല... എന്നിട്ടും വലിയ കുഴപ്പമൊന്നുമില്ലാതെ നമ്മൾ ജീവിച്ചു പോകുന്നു. അതിനർഥം ഈ പറഞ്ഞ കാര്യങ്ങൾ ഒന്നുമില്ലെങ്കിലും മലയാളിക്ക് ജീവിച്ചു പോകാം എന്ന് തെളിഞ്ഞിരിക്കുന്നു. അതാണെനിക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യം.

പണ്ട് ചെന്നൈയിൽ വച്ച് ഒരാളെ പരിചയപ്പെട്ടു.  അദ്ദേഹം അറിയപ്പെടുന്ന ഒരു സിദ്ധന്റെ ശിഷ്യനാണ്.  അദ്ദേഹത്തിന് വയറ്റിൽ കാൻസറായിരുന്നത്രെ.ചികിത്സയൊന്നും ഫലിച്ചില്ല. സിദ്ധൻ അയാളുടെ വയറിലൊന്നു തടവിയതേയുള്ളൂ കാൻസർ പമ്പകടന്നു.

അപ്പോൾ ഞാനൊരു സംശയം ചോദിച്ചു. ‘ഈ മഹാസിദ്ധന്റെ പേരിൽ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഉണ്ടല്ലോ, അതെന്തിനാ? സിദ്ധൻ വഴിയരികിലിരുന്നു തടവിയാൽ പോരേ. സ്പർശ ചികിത്സ എന്നൊരു വിഭാഗം തന്നെ നമുക്ക് വളർത്തി കൊണ്ടു വരാം.’ പിന്നീട് അയാൾ എന്നോടു മിണ്ടിയിട്ടില്ല.

ഞാൻ അലോപ്പതി ചികിത്സയ്ക്ക് എതിരെ പ്രസംഗിക്കുന്നു, എന്നിട്ട് രോഗം വരുമ്പോൾ അലോപ്പതി ചികിത്സ തേടുന്നു എന്നൊരു പരാതി ഉയർന്നു കേൾക്കുന്നുണ്ട് നവമാധ്യമങ്ങളിൽ. വാസ്തവത്തിൽ ഞാൻ അലോപ്പതിക്കോ ചികിത്സയ്ക്കോ എതിരല്ല. ഈ രംഗത്തു നടക്കുന്ന തട്ടിപ്പുകളെ മാത്രമാണ് എതിര്‍ക്കുന്നത്. അതു നവമാധ്യമക്കാർക്കു മനസ്സിലാകാത്തത് എന്റെ കുറ്റമല്ല പിന്നെ നവമാധ്യമം എന്നു പറയുന്നത് ഒരു ചന്ത പോലെയാണ്. ആർക്കും എന്തും വിളിച്ചുപറയാവുന്ന സ്ഥലം. അതിൽ കൂടുതൽ പ്രാധാന്യമൊന്നും അതിനില്ല.

താഴ്ന്ന ജാതിക്കാരന്‍റെ ചികിത്സ

കൊറോണക്കാലം പോലെ ഒരു രോഗകാലം ഒാർമയിലില്ല. വസൂരി പടർന്ന കാലത്തെക്കുറിച്ച് ഇന്നസെന്റ് എഴുതിയതു വായിച്ചു. വസൂരിയുടെ ഭീകരത ഞാൻ അറിഞ്ഞത് അഡ്വ. സെലുരാജ് എഴുതിയ ‘കോഴിക്കോടൻ പെരുമ’ എന്ന പുസ്തകത്തിലൂടെയാണ്. രോഗം ബാധിച്ചു മരിക്കാറായവരെ ഏതെങ്കിലും വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു  പോകുന്നതൊക്കെ ആ പുസ്തകത്തിൽ പറയുന്നുണ്ട്. രോഗത്തിന്റെ ഭീകരത മാത്രമല്ല,  ജാതിവ്യവസ്ഥയുടെ ഭീകരതയും അതിൽ വിവരിക്കുന്നു.

അന്ന് നടന്ന ഒരു സംഭവം പറയാം കോഴിക്കോട് സ ര്‍ക്കാര്‍ സർവീസിനുള്ള ഡോക്ടറായിരുന്നു കൃഷ്ണൻ. അദ്ദേഹമൊരു താഴ്ന്ന ജാതിക്കാരനാണ്. കോഴിക്കോട് നിന്ന് അദ്ദേഹത്തെ പാലക്കാട്ടേക്കു സ്ഥലംമാറ്റി. അവിടുള്ള മേൽജാതിക്കാർ കോടതിയിൽ പോയി േകസ് െകാടുത്തു, ‘താഴ്ന്നജാതിക്കാരൻ ഞങ്ങളെ പരിശോധിക്കേണ്ട...’ എന്നു പറഞ്ഞ്. അവസാനം ജഡ്ജി ചോദിച്ചു. ‘നിങ്ങൾ ആഹാരം കഴിക്കുന്ന പാത്രം ആര് ഉണ്ടാക്കിയതാണ്? നിങ്ങൾ താമസിക്കുന്ന വീട്, കിടക്കുന്ന കട്ടിൽ, ധരിക്കുന്ന വസ്ത്രം ഇതിലൊക്കെ ജാതി നോക്കാറുണ്ടോ?’ േകസ് െകാടുത്തവര്‍ക്ക് ഒന്നും പറയാനുണ്ടായില്ല.

ജഡ്ജി ആയിരുന്ന സായിപ്പാണ് ഈ മറുചോദ്യങ്ങള്‍ ഉന്നയിച്ചത്. സാമൂഹിക പ്രശ്നങ്ങളിൽ സായ്പന്മാരുടെ ഇടപെടൽ ഒരുപാട് ഗുണങ്ങൾ ചെയ്തിട്ടുണ്ട്, മലബാറിൽ പ്രത്യേകിച്ചും.

Tags:
  • Celebrity Interview
  • Movies