Friday 03 August 2018 11:57 AM IST

പരാജയം പഠിപ്പിക്കുന്ന പല പാഠങ്ങളും വിജയത്തിനു പഠിപ്പിക്കാനാകില്ല; ‘കൂടെ’യുടെ വിശേഷങ്ങളുമായി അഞ്ജലി മേനോൻ

V.G. Nakul

Sub- Editor

anjali-1 ഫോട്ടൊ–ശ്രീകാന്ത് കളരിക്കൽ

ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ അടുത്തെന്ന പോലെയാണ് അഞ്ജലി മേനോന്റെ സാന്നിധ്യം. ‘മഞ്ചാടിക്കുരു’വിലും ‘ഉസ്താദ് ഹോട്ടലി’ലും ‘ബാംഗ്ലൂർ ഡേയ്സി’ലുമൊക്കെ നമ്മൾ കണ്ട സ്നേഹത്തിന്റെ അതേ ഇഴയടുപ്പം. ആ വാക്കുകൾക്ക് അതിന്റെ ഭംഗിയും ഉറപ്പുമുണ്ട്, പ്രതിസന്ധികളിൽ തുടങ്ങി വിജയങ്ങളുടെ ‘കൂടെ’യെത്തിയ ആത്മവിശ്വാസവും...

‘‘ഞാനെന്റെ വിജയങ്ങളോടും പരാജയങ്ങളോടും നന്ദി പറയുന്നു. പരാജയം പഠിപ്പിക്കുന്ന പല പാഠങ്ങളും വിജയത്തിനു പഠിപ്പിക്കാനാകില്ല. എല്ലാവരും തിയറ്ററിലെത്തിയ സിനിമകളെക്കുറിച്ചാണല്ലോ സംസാരിക്കുക. എന്നാൽ റിലീസാകാത്ത, കടലാസ്സിലൊതുങ്ങിപ്പോയ സിനിമകളുമുണ്ടാകും ഒരു ഫിലിം മേക്കറിന്റെ ജീവിതത്തിൽ. അത്തരം കഥകളൊന്നും ആരും അറിയണമെന്നില്ല. പറഞ്ഞു നടക്കുന്നില്ലെങ്കിലും അതിൽ നിന്നൊക്കെ ഞാൻ പലതും പഠിച്ചിട്ടുണ്ട്. വലിയ വിജയങ്ങളുമായി സിനിമയിലേക്കു വരുന്ന പുതിയ ചെറുപ്പക്കാരെ കാണുമ്പോൾ പരാജയം നേരിടാതെ തന്നെ അവർ ചില കാര്യങ്ങൾ പഠിക്കണമെന്നൊക്കെ തോന്നും. പരാജയങ്ങളെ അഭിമുഖീകരിക്കുക വലിയ ബുദ്ധിമുട്ടാണ്. ‘ബാംഗ്ലൂർ ഡെയ്സി’ന്റെ വിജയം പ്രഫഷനലി മാറ്റങ്ങൾ തന്നുവെങ്കിലും അതെന്റെ വ്യക്തി ജീവിതത്തെ സ്വാധീനിച്ചിട്ടില്ല. പരാജയങ്ങൾ സമ്മാനിച്ച പാഠങ്ങൾ തന്നെയാണ് കാരണം.’’

anjali3

പതിഞ്ഞ താളത്തിൽ മഴ വീഴുന്ന കൊച്ചിയുെട നനഞ്ഞ പുലരിത്തിരക്കിലേക്കു നോക്കി അഞ്ജലി മേനോൻ പറഞ്ഞു തുടങ്ങി. മഴ എപ്പോഴും അഞ്ജലിയുടെ ‘കൂടെ’യുണ്ടാകും. കുട്ടിക്കാലത്ത് ദുബായിൽ നിന്നു കേരളത്തിലേക്കുള്ള അവധിക്കാല യാത്രകൾ മഴയോർമകളുടെതാണ്. ആ ഇഷ്ടം വളർന്ന് ഒരു മഴക്കാടായി ഉള്ളിൽ തോരാതെ പെയ്തുകൊണ്ടേയിരിക്കുന്നു.

‘‘ഇന്നലെ മുംബൈയിൽ നിന്നു കൊച്ചിയിൽ വിമാനമിറങ്ങുമ്പോള്‍ മഴയായിരുന്നു. മഴ വീഴുമ്പോഴുള്ള മണ്ണിന്റെ മണം പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തരും. കുട്ടിക്കാലത്ത് ജൂൺ ജൂലൈ മാസങ്ങളിലായിരുന്നു വെക്കേഷൻ. നാട്ടിലെത്തുമ്പോൾ മഴയുണ്ടാകും. മഴയില്ലാത്ത കേരളം അന്നൊന്നും എനിക്കു പരിചയമുണ്ടായിരുന്നില്ല.’’

‘ബാംഗ്ലൂർ ഡെയ്സി’നു ശേഷം നാലു വർഷത്തെ ഇടവേള. ‘കൂടെ’ എന്ന പുതിയ സിനിമയുമായി പ്രേക്ഷകരിലേക്കെത്തിയതിന്റെ സന്തോഷം അഞ്ജലിയുടെ വാക്കുകളിലുണ്ട്. ‘‘ ഈ പേര് കണ്ടെത്തിയിട്ട് കുറേയായി. കവി റഫീഖ് അഹമ്മദ് നിർദേശിച്ചതാണ്. പല പേരുകളും ആലോചിച്ചിരുന്നു. ഇക്കയ്ക്ക് സിനിമയുടെ ആശയം കൃത്യമായി അറിയാമായിരുന്നു. ’’

‘കൂടെ’ എന്ന പേരിൽ തന്നെ ഒരു ഫീൽഗുഡ് മണമുണ്ട്. അത്രയും വൈകാരികമാണോ ചിന്തകൾ ?

‘യെസ് അയാം എ വെരി ഇമോഷനൽ പേഴ്സൺ’. എന്റെ ഇ ന്ധനം ഇമോഷനാണ്. സിനിമയിലായാലും ജീവിതത്തിലാ യാലും വൈകാരികമായല്ലാതെ ഒരു കാര്യം ചെയ്യാൻ പ്രയാസമാണ്. ക്രിയേറ്റീവായി ജോലി ചെയ്യുന്ന മിക്കവരും അങ്ങനെ തന്നെയായിരിക്കും. എല്ലാ കലാകാരൻമാരും ആഗ്രഹിക്കുന്നത് അവനവന്റെ വൈകാരികതകളെ സ്വന്തം സൃഷ്ടികളി ലൂടെ പകരാനാണ്. ആളുകൾ ഒരു സീറ്റിലിരുന്ന് പല ലോകങ്ങൾ കാണുന്നതിലല്ല, അതൊക്കെ നേരിട്ടനുഭവിക്കുന്ന തരത്തിലേക്കെത്തുന്നു എന്നതിലാണ് കാര്യം. അതിനു സാധിക്കുമ്പോഴാണ് സംതൃപ്തിയുണ്ടാകുന്നത്. ഏതു കാര്യത്തെയും വൈകാരികമായി സമീപിക്കുന്ന ഒരാൾക്കു മാത്രമേ പൂർണമായും അനുഭവിക്കാനാകൂ. അപ്പോൾ ഗുണദോഷങ്ങളൊന്നും പ്രശ്നമാകില്ല. വലിയ നേട്ടങ്ങളുണ്ടായിട്ടുള്ളതും കോട്ടങ്ങളുണ്ടായിട്ടുള്ളതും ഈ സ്വഭാവം കാരണമാണ്.

ഇതിന്റെ മറ്റൊരു വശം പ്രായോഗികമായ കാര്യങ്ങൾക്ക് വ ലിയ പ്രസക്തി കൊടുക്കില്ല എന്നതാണ്. അത്തരം ഒരു ബാല ൻസ് അത്യാവശ്യമാണു താനും. എന്റെ മകൻ തന്നെ വളരെ ഇമോഷനലായ ഒരു മറുപടി വേണമെങ്കിൽ എന്റെ അടുത്തേക്കു വരും. അതേ സമയം പ്രായോഗികമായ കാര്യമാണെങ്കി ൽ അവന്റെ അച്ഛന്റെ അടുത്തേക്കാകും പോകുക.

ഇടവേളയ്ക്കു ശേഷമുള്ള മടങ്ങിവരവിൽ നസ്റിയയിൽ കണ്ട മാറ്റങ്ങൾ ?

anjali2

ഈ സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോൾ ചില മുഖങ്ങൾ മനസ്സിൽ തെളിഞ്ഞു. ഈ ആൾ ക്കാർ നന്നായിരിക്കും എന്നു തോന്നി. അതിലൊന്ന് നസ്റിയയായിരുന്നു. മുഖ്യ കഥാപാത്രങ്ങളായി ആഗ്രഹിച്ച അഭിനേതാക്കളെ തന്നെ കിട്ടിയതോടെ അതിനനുസരിച്ച് തിരക്കഥ പരുവപ്പെടുത്തി. അഭിനയിക്കുമ്പോൾ നാലു വർഷത്തെ മാറ്റമൊന്നും നസ്റിയയിലുണ്ടായിരുന്നില്ല.

ചിത്രീകരണത്തിനു മുൻപ് ‘അയ്യോ...അഞ്ജു ചേച്ചീ, നാ ലു വർഷമായി. ഇനി എന്നെക്കൊണ്ടു പറ്റുമോ’ എന്നൊക്കെ ചോദിക്കുമായിരുന്നു. അപ്പോഴും എനിക്കും അവൾക്കുമറിയാം, ഇതൊന്നും ഒരു പ്രശ്നമേയല്ലെന്ന്. നടിയെന്ന നിലയി ൽ പഴയ ഊർജം ഇപ്പോഴുമുണ്ട്. വ്യക്തി എന്ന നിലയിൽ കൂടുതൽ പാകത വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും പഴയ ബബ്ളി ക്രേസി ഹ്യൂമറസ് കക്ഷി തന്നെ.

നാസു എനിക്കെപ്പോഴും കൊച്ചു കുട്ടിയെപ്പോലെയാണ്. കഴിഞ്ഞ നാലു വർഷത്തിനിടെ നാസു പല തിരക്കഥകളും കേട്ടു. പക്ഷേ, ഉദ്ദേശിക്കുന്ന തരം കഥാപാത്രം വന്നില്ല. ഇതിനിടയിലും ഞങ്ങൾ സിനിമയെക്കുറിച്ചു സംസാരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ ഒന്നുമായില്ലേയെന്ന് വിളിച്ചു ചോദിക്കും. ഈ കഥയും കഥാപാത്രവും കുറേക്കാലമായി മനസ്സിലുണ്ട്. എഴുതിത്തുടങ്ങിയപ്പോൾ നന്നാകും എന്നു തോന്നി. കഥ കേട്ടപ്പോൾ തന്നെ അവളും ഓകെ പറഞ്ഞു.

എന്തുകൊണ്ടായിരുന്നു ഈ മാറിനിൽപ് ?

മോനു വേണ്ടി. അവനു രണ്ടു വയസ്സുള്ളപ്പോഴാണ് ഞാന്‍ ‘ബാംഗ്ലൂർ ഡേയ്സ്’ ചെയ്തത്. ആ പ്രായത്തിൽ സിനിമയ്ക്കു വേണ്ടി ദീർഘകാലം അവനെ വിട്ടു നിൽക്കുന്നത് വലിയ പ്രയാസമായിരുന്നു. അതു പറഞ്ഞറിയിക്കാൻ പറ്റില്ല. അപ്പോഴൊക്കെ ഭർത്താവ് വിനോദ് മേനോന്റെയും കുടുംബത്തിന്റെയും പിന്തുണയായിരുന്നു എന്നെ മുന്നോട്ട് നയിച്ചിരുന്നത്. എങ്കിലും അവൻ ഒന്നു പാകപ്പെട്ടതിനു ശേഷം മതി അടുത്ത സിനിമയെന്ന് തീരുമാനിച്ചു. സിനിമയില്ലെങ്കിൽ ജീവിക്കാൻ പറ്റാത്ത ആളൊന്നുമല്ല ഞാൻ. കുടുംബവും മകനും സിനിമയുമൊക്കെ ഒരേപോലെ പ്രധാനമാണ്. ഒന്നും മറ്റൊന്നിലും വലുതല്ല.

അവൻ എനിക്കൊപ്പം സെറ്റിൽ വന്നു. ഇപ്പോൾ ഒരു ലൊക്കേഷനിൽ എന്തൊക്കെ നടക്കുന്നു, ഏതൊക്കെ വിഭാഗങ്ങളുണ്ടെന്നൊക്കെ അവനറിയാം. എഡിറ്റിങ്ങിൽ മുഴുവൻ സമയവും ഒപ്പമുണ്ടായിരുന്നു. ഒരു ഷോട്ട് മാറ്റിയാൽ അപ്പോൾ ചോദിക്കും; എന്തിനാ അതു മാറ്റിയേന്ന്. ഇപ്പോൾ അമ്മ എവിടെപ്പോകുന്നു എന്തു ചെയ്യുന്നു എന്നൊക്കെ മനസ്സിലാക്കിത്തുടങ്ങി. മാധവ് ഒരു അച്ഛൻ ഫാനും അമ്മക്കുട്ടിയുമാണ്.

ഏതെങ്കിലുമൊരു ഓർമയിൽ കുടുങ്ങിക്കിടക്കുന്നവ രാണ് അഞ്ജലിയുടെ കഥാപാത്രങ്ങൾ. അത്രയും നൊ സ്റ്റാൾജിക്കാണോ ജീവിതത്തിൽ ?

തീർച്ചയായും. ‘ഷെയിംലസ് നൊസ്റ്റാൾജിക്’ എന്നു പറയാം. ഞാനതിന്റെ ശരിതെറ്റുകളെ കാര്യമാക്കുന്നില്ല. നേരത്തേ പറഞ്ഞ ഇമോഷൻസ് തന്നെയാണ് കാരണം. ഓർമയെന്നാൽ എന്താണ്? പ്രത്യേക സന്ദർഭത്തിൽ ഒരു ഇമോഷൻ കൂടി ചേരുമ്പോഴാണ് അത് ഓർമയാകുന്നത്. നൊസ്റ്റാൾജിയ മറ്റൊരു തരത്തിൽ പ്രണയമാണ്. ഓർമകളോടുള്ള പ്രണയം. ഞാനെഴുതുന്ന സിനിമകളിലും കഥാപാത്രങ്ങളിലും അതുണ്ടാകും.

എഴുതിയുണ്ടാക്കുന്ന കഥാപാത്രങ്ങൾക്ക് എപ്പോഴും പരിമിതികളുണ്ടാകും. അതിലേക്ക് ഒരു അഭിനേതാവ് വരുമ്പോഴാണ് പൂർണമാകുക. അഭിനേതാക്കളെ തിരഞ്ഞെടുക്കുമ്പോൾ രൂപത്തേക്കാളും കഥാപാത്രവുമായി അവർക്കെങ്ങനെ മാനസ്സികമായി ചേർന്നു പോകാൻ കഴിയുമെന്നതാണ് പരിഗണിക്കുക. ‘ഉസ്താദ് ഹോട്ടലി’ലേക്കു കാസ്റ്റ് ചെയ്യുമ്പോൾ എനിക്കു ദുൽഖറിനെ പരിചയമുണ്ടായിരുന്നില്ല. തിരക്കിയപ്പോൾ അമ്മയുമായും സഹോദരിയുമായും വളരെ അടുപ്പത്തിലാണെന്നറിഞ്ഞു. അതാണ് സിനിമയിൽ ഇത്താത്തമാരുമായുള്ള ഫൈസിയുടെ ബന്ധത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

സ്ത്രീസംവിധായകരിൽ വിജയിച്ച ആൾ എന്ന നിലയിൽ എന്തു തോന്നുന്നു ?

സിനിമയിൽ എന്തിനാണ് സ്ത്രീയെന്നും പുരുഷനെന്നും ത രം തിരിവ്. അത് മാനസ്സികാവസ്ഥയുടെ കുഴപ്പമാണ്. കച്ചവട സിനിമ പ്രേക്ഷകരുടെ ഭാഗത്തു നിന്നു ചിന്തിക്കേണ്ടതാകുമ്പോൾ എന്തു തരം സിനിമയാണ് താനുണ്ടാക്കേണ്ടതെന്ന് ഒരു സംവിധായകൻ ആദ്യം തന്നെ തീരുമാനിക്കണം. ‘മഞ്ചാടിക്കുരു’വിന്റെ തിരക്കഥ ഞാൻ നാഷനൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ ‍‍ഡയറക്ടറായിരുന്ന പി.കെ നായർ സാറിന് കൊടുത്തിരുന്നു. വായിച്ചു കഴിഞ്ഞ് അദ്ദേഹം ചോദിച്ചത് അഞ്ജലി ഇതിൽ ഏതു തരം സിനിമയാണ് ഉദ്ദേശിക്കുന്നതെന്നാണ്. സംവിധായികയെന്ന നിലയിൽ ഈ തിരക്കഥ എങ്ങനെ അവതരിപ്പിക്കണമെന്നു തീരുമാനിക്കാൻ പറഞ്ഞു. അന്നു സാർ പറഞ്ഞതു കൃത്യമായും മനസ്സിലായില്ലെങ്കിലും ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. തിരക്കഥ പല രീതിയിൽ സിനിമയാക്കാം.

‘ഉസ്താദ് ഹോട്ടൽ’ 95 ശതമാനവും ഞാനെഴുതിയ തിരക്കഥ പിൻതുടർന്നൊരുക്കിയ സിനിമയാണ്. പക്ഷേ, അൻവർ അതിനു വേറിട്ട ഒരു മാനം നൽകി. അതാണ് സംവിധായകന്റെ മികവ്. അവിടെ സ്ത്രീയോ പുരുഷനോ അല്ല, നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണു പ്രധാനം. ഒരു സ്ത്രീ സിനിമയെടുത്താല്‍ അതൊരു സാമൂഹിക നാടകമായിരിക്കുമെന്ന ധാരണ ചിലർക്കെങ്കിലുമുണ്ട്. അതു നല്ലതല്ല. ഒരാളുടെ ജെൻഡർ വച്ച് അയാൾ ഏതു തരം സിനിമയാണെടുക്കുകയെന്ന് എങ്ങനെ തീരുമാനിക്കും? ഇത്തരം മുൻധാരണകൾ മാത്രമാണ് പ്രശ്നം. അല്ലാതെ സ്ത്രീകൾക്ക് കൊമേഴ്സ്യൽ സിനിമ വഴങ്ങില്ല എന്നു പറയുന്നത് വെറും നോൺസെൻസാണ്.

വലിയ പ്രതീക്ഷയോടെ പ്രഖ്യാപിക്കപ്പെട്ടതാണല്ലൊ ദു ൽഖറും പ്രതാപ് പോത്തനും അഞ്ജലി മേനോനും ഒന്നിക്കുന്ന സിനിമ. എന്താണ് പിന്നീട് സംഭവിച്ചത് ?

ആ സിനിമയിൽ നിന്നു ഞാനാണ് പിൻമാറിയത്. ബന്ധപ്പെട്ടവർക്കെല്ലാം സത്യമറിയാം. വിവാദങ്ങളുണ്ടാകുന്നതിനും ര ണ്ടു മാസം മുൻപേ ഞാൻ വിട്ടിരുന്നു. അന്നേ മറന്നു കളഞ്ഞ സംഭവമാണ്. അതുകൊണ്ടു തന്നെ പ്രതികരിക്കണമെന്നു തോന്നിയില്ല. എന്തിനാണു വെറുതേ തർക്കിക്കുന്നത്? വലിയ ആശയമായിരുന്നു. നിരാശയില്ല. നന്നായി എന്നാണു തോന്ന ൽ. ദുൽഖറിന് എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി അറിയാം. ഞങ്ങൾ തമ്മിൽ അതേക്കുറിച്ച് സംസാരിച്ചിരുന്നു.

വിമൻ കളക്ടീവ് ഇൻ സിനിമയുടെ സജീവ സാന്നിധ്യമാണല്ലോ. എന്നിട്ടും സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊന്നും പ്രതികരിച്ചു കണ്ടില്ല ?

സിനിമയുടെ തിരക്കുകളിലായതിനാൽ കഴിഞ്ഞ വർഷം ഞാ ൻ സംഘടനയിൽ സജീവമായിരുന്നില്ല. ലൊക്കേഷനിൽ ഇ ന്റർനെറ്റ് കണക്ഷൻ കൃത്യമായി ലഭ്യമായിരുന്നില്ല. പലതും വൈകിയാണ് അറിഞ്ഞത്. തിരക്കൊഴിഞ്ഞ് വീണ്ടും സജീവമാകാനാണ് തീരുമാനം. പല വിവാദങ്ങളും എന്നെ ബാധിക്കാറില്ല എന്നതാണ് മറ്റൊരു കാര്യം. ഞാൻ ടിവി കാണാറില്ല. മോനെയും കാണിക്കാറില്ല. ചാനലുകളിൽ നിന്നൊക്കെ ഇടയ്ക്ക് വിളിച്ച് ഇന്ന സംഭവത്തെക്കുറിച്ച് എന്താണ് അഭിപ്രായമെന്നുചോദിക്കും. ‘ങേ.. അങ്ങനെയുണ്ടായോ’ എന്ന തോന്നലോടെ

അപ്പോഴാകും ഞാൻ പലതും അറിയുന്നത് തന്നെ. സിനിമ യിൽ മുഴുകി അതിൽ ജീവിക്കുന്നതാണ് എനിക്കിഷ്ടം.