‘‘അവസരങ്ങൾ നഷ്ടപ്പെടുമെന്നോർത്തു സ്വാതന്ത്ര്യം അടിയറ വയ്ക്കില്ല’’ – ജോയ്മാത്യു
ഭാര്യയ്ക്കു ശമ്പളം കൊടുത്തിരുന്ന ആളാണെന്നു കേട്ടിട്ടുണ്ട്. വർഷങ്ങൾക്കു മുൻപേ അങ്ങനെ ഒരു ചിന്ത വരാൻ ഉള്ള കാരണം എന്താണ്?
വിൻസി, പാലക്കാട്
വർഷങ്ങൾക്ക് മുൻപേ ആൺ പെൺ സൗഹൃദങ്ങൾ/ പ്രണയങ്ങൾ/ തൊഴിലിടങ്ങൾ/ ദാമ്പത്യം എന്നിവിടെയെല്ലാമുള്ള ബന്ധങ്ങൾ ജനാധിപത്യപരമായിരിക്കണം എന്ന ചിന്തയിൽ നിന്നാകാം ആ തീരുമാനത്തിലേക്ക് എത്തിയത്. ഞാൻ സിനിമയിൽ തിരക്കായപ്പോൾ വീട്, കുട്ടികൾ എന്നീ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഭാര്യ നല്ല ജോലി ഉപേക്ഷിച്ചു. അവൾ കുടുംബത്തിനു വേണ്ടി സമ്പാദിച്ചിരുന്നത് എനിക്കു വേണ്ടി ഉപേക്ഷിച്ചപ്പോൾ, അവളുടെ കൂടി സാമ്പത്തിക ഉത്തരവാദിത്തം ഞാനേറ്റെടുത്തു. അത്രയേയുള്ളൂ.
ജോയ് മാത്യു എന്ന തിരക്കഥാകൃത്തിനെയുംസംവിധായകനെയും ജോയ് മാത്യു എന്ന നടൻ മടിയനാക്കുന്നുണ്ടോ?
ബിബിൻ ജോസ് പോൾ,
ഡിജിറ്റൽ റിസർച്ച് അസിസ്റ്റന്റ്, കോട്ടയം
തീർച്ചയായും. സിനിമാഭിനയം ത രുന്ന സ്വാതന്ത്ര്യം നമ്മെ മറ്റു ജോലികളിൽ മടിയനാക്കുന്നു എന്നതു സത്യം. എങ്കിലും തിരക്കഥയും സംവിധാനവും തുടരുക തന്നെ ചെയ്യും.
രാഷ്ട്രീയ വിമർശനങ്ങൾ നടത്തുമ്പോൾ നടൻ എന്നരീതിയിൽ ഭയക്കുന്നില്ലേ?
നീതു ടി., വിദ്യാർഥിനി, പാല, കോട്ടയം
തരിമ്പുമില്ല. സിനിമാ നടനാകാ ൻ വേണ്ടി അല്ലെങ്കിൽ അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി സ്വാതന്ത്ര്യവും സന്തോഷവും അടിയറവയ്ക്കാൻ തയാറല്ല. അത് അറിയുന്നതു കൊണ്ടു തന്നെയാണ് രാഷ്ട്രീയാഭിപ്രായ വ്യത്യാസമുള്ളവർ പോലും എന്നിലെ നടനെ തിരിച്ചറിയുന്നത് . ഉദാഹരണം: ‘നാൻ പെറ്റ മകനി’ലെ സൈമൺ ബ്രിട്ടോയും ‘പുഴ മുതൽ പുഴ വരെ’ യിലെ കൃഷ്ണൻ നമ്പൂതിരിയും. എന്നാൽ ചില ലോബികൾ എന്റെ അവസരങ്ങൾ ഇല്ലാതാക്കുന്നുണ്ടെന്നറിയാം. അതെനിക്കൊരു വിഷയമേയല്ല, പല തൊഴിലും അറിയാമെന്നതു കൊണ്ട് അശേഷം ഭയവുമില്ല.
ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെകടന്നു പോയിട്ടുണ്ട്. ഓർത്തിരിക്കുന്ന ഒരു മുഖം ആരുടേതാണ്?
സന്ധ്യ, ആമസോൺ, ബെംഗളൂരു
ഒരാളുടെ മുഖം മാത്രമായി ഓർക്കാൻ സാധിച്ചിട്ടില്ല. ഓരോ ഘട്ടങ്ങളിലും ഓരോ മുഖങ്ങൾ. അങ്ങനെയല്ലേ ഉണ്ടാകുക? ചിലപ്പോൾ അമ്മയുടെ അല്ലെങ്കിൽ അച്ഛന്റെ ഇനി മറ്റു ചിലപ്പോൾ മക്കൾ അല്ലെങ്കിൽ ചങ്ങാതിമാർ. ചിലപ്പോൾ യേശുവിന്റെയും ബുദ്ധന്റെയും മറ്റു ചിലപ്പോള് മാർക്സ്, ലെനിൻ, ഗാന്ധി, ചാർളി ചാപ്ലിൻ, ചെഗുവേര അങ്ങനെ നമുക്കു ധൈര്യം തരുന്ന ആരെങ്കിലുമൊരാൾ. അവരെല്ലാം ജീവിതത്തിലെ പ ല ഘട്ടങ്ങളിലും എന്നെ മുന്നോട്ടു നയിച്ചിട്ടുണ്ട്്.
ജോൺ എബ്രാഹവുമായി ഉള്ള ആത്മബന്ധവും ആ മരണം ജീവിതത്തിൽ വരുത്തിയ മാറ്റവും എങ്ങനെ എന്നു പറയാമോ?
നിരൂപ വിനോദ്, കസ്റ്റമർ സർവീസ്
സൂപ്പർവൈസർ, ദുബായ്
പടക്കം പൊട്ടുന്ന പോലെ തീരുമാനമെടുക്കുന്ന ആളാണ് ജോൺ. എങ്ങോട്ടു പോകണമെന്നു തോന്നിയാലും അപ്പോൾ എന്താണോ വേഷം അതുമായി ഇറങ്ങിത്തിരിക്കും. ആ വേഗം മരണത്തിലും ഉണ്ടായിരുന്നു.
ജോണിന്റെ മരണം പോലെ മറ്റൊരാളുടെ മരണവും എന്നിൽ ഇത്രമേൽ ആഘാതം ഉണ്ടാക്കിയിട്ടില്ല. എന്റെ ജീവിതത്തിൽ അദ്ദേഹത്തിന്റെ മരണം വലിയ മാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ല. കാരണം ജോൺ എനിക്കൊരു റോൾ മോഡലല്ലായിരുന്നു. പക്ഷേ, എന്റെ ചങ്ങാതിയും ഗുരുവും എല്ലാമായിരുന്നു. അതുകൊണ്ടാകാം ചില നട്ടുച്ച നേരത്തും സന്ധ്യാസമയത്തും എന്നോടു സംസാരിക്കാനും കലഹിക്കാനും ജോൺ ആടിയുലഞ്ഞു വരാറുണ്ട്.
വിജീഷ് ഗോപിനാഥ്
ഫോട്ടോ: അസീം കൊമാച്ചി