Thursday 27 August 2020 12:18 PM IST

‘കല്യാണം കഴിയുമ്പോൾ എന്നെ സിനിമയിലേക്ക് ഇനി വിടണ്ടാ എന്നെങ്ങാനും തോന്നുമോ അപ്പു?’

Seena Cyriac

Chief Sub Editor

miya

കൊറോണക്കാലത്ത് തന്നെ കല്യാണം ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. സമയമാകുമ്പോൾ വരാനുള്ളത് ഒാട്ടോറിക്ഷ പിടിച്ചാണേലും വരും എന്നല്ലേ.’ ഇതു കേട്ടാൽ തോന്നും വീട്ടിലാർക്കും ഈ കുട്ടിയുടെ കാര്യത്തിൽ യാതൊരു റെസ്പോൺസിബിലിറ്റിയും ഇല്ലെന്നും കല്യാണം സ്വയം ഒാട്ടോറിക്ഷ പിടിച്ചു വന്നതുകൊണ്ട് കൊച്ച് രക്ഷപെട്ടു എന്നും. എന്നാൽ...

മാസങ്ങൾക്കു മുൻപ് നടി ഭാമയുടെ കല്യാണത്തിന് ഏതാനും ദിവസങ്ങൾ മുൻപ്, പാലായിലെ വീട്ടിൽ മിനി അഥവാ മിയയുടെ അമ്മ:‘‘ഭാവനയുടെ കല്യാണം കഴിഞ്ഞപ്പോൾ മുതൽ ഞാൻ പറയുന്നതാണ് ഇപ്പോഴേ ആലോചന തുടങ്ങണമെന്ന്. ഇപ്പോ ദാ, ഭാമയുടെ കല്യാണവും വരുന്നു. ഇനിയെങ്കിലും നമ്മൾ കുറച്ചുകൂടി സീരിയസ്സാകണ്ടേ കല്യാണക്കാര്യത്തിൽ?.’’

ഇതു കേട്ട് മകൾ മിയ: ‘‘ഇതിപ്പോ ഞാൻ മാത്രം വിചാരിച്ചാൽ കല്യാണം നടക്കുമോ. അതിനു ചെറുക്കൻ വേണ്ടേ?’’

മിനി: ‘‘ഞാൻ ഈശോയോട് കാര്യമങ്ങ് പറയാൻ പോകുവാ.’’

അന്ന് പള്ളിയിൽ പോയി മുട്ടുകുത്തി, ‘കർത്താവേ കൊച്ചിനു എല്ലാംകൊണ്ടും ചേർന്ന ഒരു ചെറുക്കനെ എന്റെ മുന്നിൽ കൊണ്ടുവന്നു തരണം ’ എന്നങ്ങു പറഞ്ഞെന്നും ദൈവം ആ പ്രാർഥന കേട്ടെന്നും മിനി.

‘അതു പ്രാർഥനയൊന്നുമല്ല, ഭീഷണിയായിരുന്നു’ എന്ന് മിയ.

മിയ: ‘‘ഞങ്ങൾക്ക് കർത്താവിനോടും കന്യാമാതാവിനോടും ഒക്കെ ഒരു ഭായി ഭായ് ബന്ധമാ. പ്ലീസ്, പ്ലീസ്.. ഒന്നു ശരിയാക്കിത്താ എന്ന ലൈനിലാണ് പ്രശ്നങ്ങൾ അവതരിപ്പിക്കുന്നത്.

എന്തായാലും ഈ സംഭവത്തിനു ശേഷം ഒരു ദിവസം മിയയുടെ അമ്മ അവിചാരിതമായി നടൻ സിജോയ് വർഗീസിനെ കാണുന്നു. സിജോയ് ആണ് പറഞ്ഞത് മാട്രിമോണിയൽ സൈറ്റിൽ വിവാഹപരസ്യം ന ൽകാൻ.

മിയ: ‘‘പക്ഷേ, ഇതുവരെ ഏതെങ്കിലും സിനിമാ നടി മാട്രിമോണിയൽ സൈറ്റിൽ പരസ്യം നൽകി കല്യാണം കഴിച്ചിട്ടുണ്ടോ എന്നൊരു സംശയം. അമ്മയോട് ചോദിച്ചപ്പോ മറ്റുള്ളവരൊക്കെയേ സ്നേഹിച്ചാ വിവാഹം കഴിക്കുന്നത്, നിനക്ക് അതിനൊന്നും ഒരു പ്ലാനും ഇല്ലാത്ത സ്ഥിതിക്ക് ഇങ്ങനെ അങ്ങു കല്യാണം കഴിച്ചാൽ മതി എന്ന്. അല്ല, ഇതൊക്കെ എങ്ങനെയാ എന്റെ തെറ്റായി മാറിയതെന്നാ മനസ്സിലാകാത്തത്?’’

സൈറ്റിൽ പരസ്യം വന്നു കഴിഞ്ഞപ്പോഴാണ് വിചാരിച്ചതുപോലെ കാര്യങ്ങൾ അത്ര എളുപ്പമല്ല എന്ന് മിയയുടെ അമ്മയ്ക്ക് മനസ്സിലായത്.

മിയ: ‘‘ആയിരത്തോളം ഫോട്ടോളും വിവരങ്ങളുമല്ലേ. അതിൽ നിന്ന് പറ്റിയത് എങ്ങനെ കണ്ടെത്തും? രാത്രി ഉറങ്ങാതിരുന്ന് സൈറ്റിൽ തിരഞ്ഞ് തിരഞ്ഞ് തലവേദനയും പിടിച്ച് മമ്മിക്ക് എന്നെ കെട്ടിക്കാനുള്ള ആവേശംതന്നെ അങ്ങുപോയി. ‘എനിക്കു വയ്യ’, എന്ന് മമ്മി പറയുമ്പോൾ ഞാൻ ചോദിക്കും. ‘ഇത്ര പെട്ടെന്ന് മതിയായോ എന്നെ കെട്ടിക്കൽ?’

അവസാനം ദേ വരുന്നു, തേടിയ വള്ളി. ‘കൂടിവന്നാൽ തൃശ്ശൂർ വരെ. അതിനപ്പുറത്തേക്ക് എന്റെ കൊച്ചിനെ വിടത്തില്ല’ എന്നൊക്കെ പറഞ്ഞിരുന്ന മമ്മിക്ക് എറണാകുളത്തു നിന്നുള്ള ചെക്കനെ അങ്ങു പിടിച്ചു. ‘ദേ നോക്ക് നോക്ക്’ എന്നും പറഞ്ഞ് ഒരു ഫോട്ടോയുമായി എന്റെ പിറകേ നടക്കാൻ തുടങ്ങി.’’

തൽസമയം എറണാകുളത്തെ ഫ്ലാറ്റിൽ ആലുംപറമ്പിൽ ജോ സ് ഫിലിപ്പും മകൻ അശ്വിനും.. .

അശ്വിൻ: ‘‘തലേ ദിവസം അപ്പ എന്നോടു പറയുന്നു, ‘നാളെ ഒരു പെൺകുട്ടിെയ കാണാൻ പോകാം. മിയ എന്നാണ് പേര്. സിനിമയിലൊക്കെ ഉണ്ട്.’ ഒരു നടിയെ പെണ്ണു കാണാൻ പോകണം എന്നത് ഒരു ടെൻഷൻ ആയി അവിടെ ആർക്കും തോന്നിയില്ല. എനിക്ക് വലിയ എക്സൈറ്റ്മെന്റും ഉണ്ടായില്ല. പെൺകുട്ടി സിനിമാ നടിയാണ് എന്ന പോയിന്റ് അല്ല, കുടുംബങ്ങൾ തമ്മിൽ ഇണങ്ങുമോ എന്നതായിരുന്നു മുഖ്യം.

miya
ചിത്രങ്ങൾ; ശ്രീകാന്ത് കളരിക്കൽ

അല്ലെങ്കിലും ഞങ്ങളുടെ കുടുംബത്തിൽ വൈഡ് വെറൈറ്റി കല്യാണങ്ങൾ നടന്നിട്ടുണ്ട്. യുക്രെയ്ൻ, കൊറിയ, ഇന്തോനീഷ്യ... ഇങ്ങനെ പലയിടത്തുനിന്ന് വീട്ടിലേക്ക് മരുമക്കൾ വന്നിട്ടുണ്ട്. ഒരാളെ നമ്മൾ കണ്ടും സംസാരിച്ചും അടുത്തറിഞ്ഞാലല്ലേ ഇണങ്ങുന്ന ആളാണോ എന്ന് തിരിച്ചറിയാനാകൂ. അഭിനയം പ്രഫഷൻ മാത്രമല്ലേ?’’

അശ്വിൻ എന്നാണ് യഥാർഥ പേര് എങ്കിലും വീട്ടുകാരും നാട്ടുകാരും അപ്പു എന്നാണ് വിളിക്കുന്നത്. പഠിച്ചത് ബെംഗളൂരുവിലും ഉപരിപഠനം ഇംഗ്ലണ്ടിലും. ജോലിയും ബിസിനസ്സുമായി യുകെയിലും യുഎഇയിലും കുറച്ചുകാലം. പിന്നെ, ബിസിനസ്സിൽ അപ്പയെ സഹായിക്കാനായി തിരികെ നാട്ടിലേക്ക്.

എന്തായാലും പാലായിലെത്തി മിയയെ കണ്ട അശ്വിന് ആ പ്രസരിപ്പും തുറന്ന പെരുമാറ്റവും കലപില വർത്തമാനവും അങ്ങ് ഇഷ്ടപ്പെട്ടു.

miya

അശ്വിൻ: അവൾ നല്ല ക്യൂട്ട് ആണ്. ഡ്രൈവിങ്, സ്പോർട്സ്... ഇങ്ങനെ ഞങ്ങൾക്ക് ചില കോമൺ ഇഷ്ടങ്ങൾ ഉണ്ട്. പിന്നെ, ഞാൻ കുക്ക് ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ്. അവൾ വെറൈറ്റി ഫൂഡ് കഴിക്കാനും. ഞാൻ അധികം സംസാരിക്കുന്ന ആ ളല്ല. സംസാരം കേൾക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. അവൾക്ക് സന്തോഷം വന്നാൽ എഫ്എം റേഡിയോ ഒാൺ ചെയ്തു വച്ചതു പോലെയാണ്. പറഞ്ഞുകൊണ്ടേയിരിക്കും.

miya-new

മിയ: അൽപം ഒാർതഡോക്സ് ചിന്താഗതിയാണ് എനിക്കും ഞങ്ങളുടെ വീട്ടിലും. അപ്പു പക്ഷേ, വളരെ ഫോർവേർഡ് ആ ണ്. ഫ്രീ മൈൻഡ് ആണ്. മിണ്ടി മിണ്ടി അങ്ങിരിക്കുമ്പോൾ ഞാൻ ഇഷ്ടപ്പെടുന്ന ഒരുപാട് പ്രത്യേകതകൾ‌ ഈ ആൾക്ക് ഉണ്ടെന്ന് മനസ്സിലായി.

സത്യം പറഞ്ഞാൽ മേയ് 19ന് വിവാഹ നിശ്ചയത്തിന് അ ശ്വിന്റെ എറണാകുളത്തെ ഫ്ലാറ്റിലേക്ക് പോകുമ്പോൾ ഞാൻ തന്നെയാണ് ഡ്രൈവ് ചെയ്തത്. അതെന്തിനാണെന്നോ, കൂടെകൊണ്ടുപോകുന്ന ഡ്രൈവർ പറഞ്ഞെങ്ങാനും ഇനി മറ്റാരും അറിയേണ്ടെന്ന് കരുതി. അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു.

അവിടെ വീട്ടിലെല്ലാവരുടെയും ഹൃദയം കവർന്ന് മിയ ഒാടി നടന്നു. ഞാനും ഈ വീ‍ട്ടിലേക്ക് വരുവാണ് കേട്ടോ എന്നു പറഞ്ഞ് അശ്വിന്റെ പ്രിയപ്പെട്ട പട്ടിക്കുട്ടി ‘ടോയ്’യെ വരെ കയ്യിലെടുത്തു. മനസ്സിലെ അവസാന സംശയവും തുടച്ചുകളയാനായി മിയ ആ ചോദ്യം കൂടി അന്ന് ചോദിച്ചു.

miya-fb

മിയ: ‘‘കല്യാണം കഴിയുമ്പോൾ എന്നെ സിനിമയിലേക്ക് ഇനി വിടണ്ടാ എന്നെങ്ങാനും തോന്നുമോ അപ്പു? ’’

വിശദമായ വായന വനിത ഓഗസ്റ്റ് ആദ്യ ലക്കത്തിൽ