Saturday 16 March 2024 05:02 PM IST

ഞങ്ങളുടെ അഞ്ജലിയെ ഇനി അഭിനയിപ്പിക്കില്ലേ എന്നാണു വീട്ടമ്മമാർ‌ ചോദിക്കുന്നത്...

Vijeesh Gopinath

Senior Sub Editor

gp-gopika-cover

നമുക്കൊക്കെ വേണ്ടി മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച ഒരു ജീവിതസഖി എവിടെയോ കാത്തിരിക്കുന്നുണ്ട്. ഒരു ദിവസം കണ്ടുമുട്ടുെമന്നു മേഘം സിനിമയുടെ ക്ലൈമാക്സിൽ മമ്മൂട്ടി പറയുന്നതു പോലെയാണ് ജി.പിയുടെയും ഗോപികയുടെയും കഥ.

അഞ്ജലിയായി കൂടുംബപ്രേക്ഷകരുടെ ഹൃദയത്തിലായിരുന്നു ഗോപിക. മൂന്നു വർഷമായി ജീവിക്കുന്നതു പോലും സാന്ത്വനം സീരിയലിലെ കഥാപാത്രമായിട്ടായിരുന്നു. കഥയിൽ അഞ്ജലിക്കു സന്തോഷമാകുമ്പോൾ ഗോപികയും ഹാപ്പി. അഞ്ജലി കരയുമ്പോൾ ഗോപികയും ഒാഫ് ആകും. അതിനിടയ്ക്കു വിവാഹമോ?

ജി.പി ആണെങ്കിൽ ബാച്‍ലർ ലൈഫിന്റെ ആകാശത്തു പാറി നടക്കുന്നു. അവതാരകനായി പേരെടുത്തു. പിന്നെ, മലയാളവും തമിഴും കഴിഞ്ഞു തെലുങ്കിലെ വലിയ നിർമാതാക്കളുടെ സിനിമകളിൽ. അതിനിടിയിൽ പേളി മാണിയെ മുതൽ പ്രിയാമണിയെ വരെ കല്യാണം കഴിക്കുമെന്നു ഗോസിപ്പും. അപ്പോഴും ജി.പി പ റഞ്ഞു, വെറുതെ വിട്, ജീവിച്ചു പൊക്കോട്ടെ.

അങ്ങനെ പാറി നടക്കുമ്പോഴാണ് ഇങ്ങനെ കയ്യും പിടിച്ചു ചേർന്നിരിക്കാനിടയായ ആ യാത്ര സംഭവിക്കുന്നത്. യാത്ര ചെയ്തത് ഇ വരല്ല കേട്ടോ. ജിപിയുടെ അച്ഛന്റെ അനുജത്തി പത്മജ വേണുഗോപാലും ഗോപികയുടെ അച്ഛന്റെ ചേച്ചി ചന്ദ്രികയും.

ഒരു യാത്രയുണ്ടാക്കിയ വിവാഹം. അതിനെക്കുറിച്ചു തന്നെ പറഞ്ഞു തുടങ്ങാമല്ലേ?

ജി.പി: മേമയും ഗോപികയുടെ വല്യമ്മയും സുഹൃത്തുക്കളായിരുന്നു. 15 വർഷം മുൻപ് ചാർധാമിലേക്കുള്ള യാത്രയിലാണ് അവർ പരിചയപ്പെടുന്നത്. ആ യാത്ര കഴിഞ്ഞിട്ടും സൗഹൃദം സൂക്ഷിച്ചു.

അവരുടെ സംഭാഷണത്തിനിടയിലാണ് ഇങ്ങനെ ഒരു വിവാഹാലോചന ഉണ്ടായത്. മേമ എന്നോടു പറഞ്ഞു,‘നീ ഒന്നുപോയി ഗോപികയെ കാണണം.’ ഷോകളിൽ ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ പരിചയപ്പെട്ടിട്ടില്ല.

മേമ പറഞ്ഞെങ്കിലും ഞാൻ കാണാൻ പോയില്ല. ഒന്നാമത്തെ കാര്യം തിരുവന്തപുരത്തെ കോഫി ഷോപ്പിൽ വച്ചുകണ്ടാൽ വെറുതെ ഗോസിപ്പ് ആകേണ്ടല്ലോ. പിന്നെ, മേമയുടെ മെസേജുകളിൽ സ്നേഹം കുറഞ്ഞു,‘ഒാഹോ, ഞാൻ പറഞ്ഞാൽ നീ അനുസരിക്കില്ലല്ലേ’ എന്നായി. അങ്ങനെ വലിയ താൽപര്യമില്ലാതെ കാണാൻ തയാറാകുന്നു.

ഗോപിക: ഏട്ടനോട് ഒന്നര മാസം മുൻപേ പറഞ്ഞെങ്കിലും എന്നോട് ഒന്നര ആഴ്ച മുന്നേയാണ് ‘ജി.പി. കാണാൻ വരുന്നു’വെന്ന കാര്യം വല്യമ്മ പറഞ്ഞത്. ചേട്ടൻ വിളിച്ചപ്പോൾ ഞാൻ ചെന്നൈയിൽ ആയിരുന്നു. അങ്ങോട്ടു വരട്ടേയെന്നു ചോദിക്കുന്നു. ഞാൻ സമ്മതവും നൽകി.

കപാലീശ്വര ക്ഷേത്രത്തിൽ വച്ചാണ് ആദ്യമായി കണ്ടുമുട്ടിയതെന്നു പറഞ്ഞല്ലോ, അങ്ങനൊരു സ്ഥലം തിരഞ്ഞെടുത്തത് എന്തുകൊണ്ടാകും?

ജി.പി: വൈകാരികമായി കപാലീശ്വര ക്ഷേത്രവുമായി വ ലിയ ബന്ധമുണ്ട്. സിനിമാ പ്രോജക്ടുകളുമായി ചെന്നൈയിൽ ഉണ്ടായിരുന്ന കാലത്തു സ്ഥിരമായി പോകാറുണ്ടായിരുന്നു. ആശങ്കകളുണ്ടായപ്പോൾ കൃത്യമായി തീരുമാനമെടുക്കാനുള്ള വഴി തുറന്നു കിട്ടിയത് അവിടെ നിന്നായിരുന്നു. ഞങ്ങൾ കാണുന്നതുവരെ മേമയെ ബോധിപ്പിക്കാനായി നടത്തിയ യാത്ര മാത്രമായിരുന്നു അത്.

ഗോപിക താമസിച്ചിരുന്ന സ്ഥലത്തു നിന്ന് അരമണിക്കൂർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. അടുത്തുള്ള വെജ് ഹോട്ടിലിൽ വച്ചു കണ്ടാലോയെന്നു ഞാൻ ചോദിച്ചു. വേണ്ട ക്ഷേത്രത്തിലേക്കു വരാമെന്ന മറുപടി ഇഷ്ടമായി.

ആദ്യ കാഴ്ചയിലെ പ്രണയം എന്നു കേട്ടിട്ടുണ്ട്. അതുപോലെയായിരുന്നോ?

ഗോപിക: പ്രണയം ഒന്നും തോന്നിയില്ല. സത്യം പറ‍ഞ്ഞാ ല്‍ വിവാഹിതരാകണോ എന്ന കാര്യത്തിൽ പോലും ഞ ങ്ങൾക്കു സംശയമുണ്ടായിരുന്നു. കുറച്ചു നാൾ സംസാരിക്കാം എന്നു തീരുമാനിച്ചു. പക്ഷേ, ഒരു ഘട്ടത്തിൽ വച്ചു തിരിച്ചറിഞ്ഞു, ഏട്ടനെ വിവാഹം കഴിക്കാം.

ജിപി: ശരിക്കും മൂന്ന് സ്റ്റേജ് എന്നു പറയാം. ആദ്യ ഘട്ടത്തിൽ ഞങ്ങൾ രണ്ടും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനമായിരുന്നു. സംസാരിച്ചതോടെ രണ്ടാം ഘട്ടം തുടങ്ങി. പക്ഷേ, അപ്പോൾ ഗോപികയ്ക്ക് ഈ വിവാഹം വേണോ വേണ്ടയോ എന്ന കാര്യത്തിൽ വലിയ സംശയമായിരുന്നു. ഒരുഘട്ടത്തിൽ വച്ച് ഞാൻ തീരുമാനിച്ചു, വിവാഹത്തിലേക്കെത്തിക്കാൻ വെറുതെ ഒരുപാടു സമയം ചെലവഴിക്കണ്ട. കരിയർ സ്വപ്നങ്ങളിലേക്കു തിരിച്ചു പോകാം.

gp-gopikkk678

അതായിരുന്നു മൂന്നാം ഘട്ടം. ഞാൻ ഈ തീരുമാനം പറഞ്ഞതോടെ അതുവരെ വിവാഹം വേണ്ടെന്നു പറഞ്ഞ ഗോപിക പെട്ടെന്നു പോസിറ്റീവായി. ഈ വിവാഹം നടക്കുമെന്നും വർക്കൗട്ട് ആകും എന്നും പറഞ്ഞു. പിന്നെ, നടന്നതു ഞങ്ങളുടെ ചാനലിലൂടെ അറിഞ്ഞല്ലോ.

നിശ്ചയം മുതൽ വിവാഹം വരെ ഇത്ര കൃത്യമായി പ്ലാൻ ചെയ്തു വിഡിയോ ആക്കാൻ എങ്ങനെ കഴിഞ്ഞു?

ജി.പി : യൂ‌ട്യൂബ് എന്റെ ഹോബിയാണ്. ഞാനൊരു സ്റ്റോറി ടെല്ലറാണ്. കുട്ടിക്കാലം മുതൽക്കേ മുന്നിലിരിക്കുന്നവരെ മുഷിപ്പിക്കാതെ സംസാരിക്കാനും അവരുടെ മുഖത്തു വിരിയുന്ന ചിരി ആസ്വദിക്കാനും ഇഷ്ടമാണ്. നടനായപ്പോഴും സിനിമാ അവാർഡ് ഷോകളുടെ അവതാരകനായപ്പോഴുമെല്ലാം ആ മൊമന്റ് ആണ് ഇഷ്ടപ്പെടുന്നത്. അവരുടെ കയ്യടിയാണ് എന്റെ അഡ്രിനാലിൻ.

ഞങ്ങൾ രണ്ടു പേർക്കും ഫാൻസ് ഉണ്ട്. എല്ലാവരെയും കല്യാണത്തിനു ക്ഷണിക്കുക പ്രായോഗികവുമല്ല. അതുകൊണ്ടാണു മൂന്നരമണിക്കൂർ ലൈവ് പോയത്. കല്യാണം സെറ്റ് ചെയ്യുന്നതു തന്നെ പ്രയാസമുള്ള കാര്യമാണ്. ആറുവ്യത്യസ്ത ചടങ്ങുകളുണ്ടായിരുന്നു. ഇതെല്ലാം ഷൂട്ട് ചെയ്ത് വിഡിയോ ആക്കാനായതു സന്തോഷം തരുന്നുണ്ട്.

‘ബാലേട്ടനിലെ കുട്ടി’. അത് ഗോപിക ആയിരുന്നോ എന്നുപലരും അദ്ഭുതത്തോടെ ചോദിച്ചില്ലേ?

ഗോപിക: സാന്ത്വനത്തിലെ അഞ്ജലിയെ മാത്രേ എല്ലാവരും അറിയൂ. അതിനും മുൻപേ ബാലേട്ടൻ എന്ന സിനിമയിൽ ഞാനും അനിയത്തിയും അഭിനയിച്ചിരുന്നു. ശിവം ആയിരുന്നു ആദ്യസിനിമ. അനുജത്തിക്കാണ് അവസരം കിട്ടിയത്. അന്നവൾക്കു മൂന്നു വയസ്സേയുള്ളൂ. ആദ്യ ഷോട്ടിൽ തന്നെ കരച്ചിൽ. അങ്ങനെ ഞാൻ അഭിനയിച്ചു. അതു കഴിഞ്ഞു ‘ബാലേട്ടൻ’. വിവാഹത്തിനു മുൻപ് ലാലേട്ടന്റെ അനുഗ്രഹം വാങ്ങാൻ പോയപ്പോൾ ഇതെല്ലാം ഒാർത്തു.

ജി.പി: തിയറ്ററിനകത്ത് ഇപ്പോഴും ഇമോഷനലാകാറുണ്ട്. ബാലേട്ടൻ കണ്ടപ്പോൾ ക്ലൈമാക്സിൽ ‘ബാലേട്ടാ’ എന്ന് കുട്ടികളുടെ വിളികേട്ടു ഞാൻ കരഞ്ഞു പോയിട്ടുണ്ട്. പൂരപ്പറമ്പിൽ അച്ഛന്റെ കൈ വിട്ട് പോയതുപോലെ തോന്നി.

ഒരേ സമയം രണ്ടു ആദ്യ സിനിമകളാണ് ആദ്യം ജി.പിയെ തേടി വന്നത്. സൈക്കിളും അടയാളങ്ങളും. തിരഞ്ഞെടുപ്പു കൃത്യമായിരുന്നെന്നു വിശ്വസിക്കുന്നുണ്ടോ?

ആദ്യമായി നായകനായ അടയാളങ്ങൾ എന്ന സിനിമയ്ക്ക് അഞ്ച് സ്റ്റേറ്റ് അവാർഡ് കിട്ടി അപ്പോള്‍ തീരുമാനം ശരിയാണെന്നു തന്നെയല്ലേ അർഥം.

അടയാളങ്ങളിൽ അഭിനയിക്കാം എന്ന് എംജി ശശിച്ചേട്ടനോടു പറഞ്ഞതിനു തൊട്ടടുത്ത ദിവസങ്ങളിലാണ് ജോണിച്ചേട്ടൻ (ജോണി ആന്റണി) വിളിക്കുന്നത്. ‘ക്ലാസ്മേറ്റ് സി’നു ശേഷം ജയിംസ് ആൽബർട്ട് എഴുതിയ സിനിമ, വിനീത് ശ്രീനിവാസനൊപ്പം തുടക്കം. ശശിച്ചേട്ടന്റെ സിനിമയ്ക്ക് വാക്കു കൊടുത്തു പോയെന്നു സൂചിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ‘ശശിയോടു പറഞ്ഞ് ഷൂട്ട് മാറ്റൂ.’

gp

പക്ഷേ, കൊടുത്ത വാക്ക് പാലിക്കണമെന്നു തീരുമാനിച്ചു. ഇതറിഞ്ഞ് ജോണിച്ചേട്ടൻ പറ‍ഞ്ഞു. മണ്ടത്തരമാണ് ചെയ്യുന്നത്. പക്ഷേ, സിനിമ ഇറങ്ങിക്കഴിഞ്ഞു പുരസ്കാരങ്ങൾ നേടിയപ്പോൾ ജോണിച്ചേട്ടൻ എന്നെയും അഭിനന്ദിച്ചു,‘‘സൈക്കിൾ പോലുള്ള സിനിമ ഇനിയും ചെയ്യാം. പ ക്ഷേ, ഇത്രയും പുരസ്കാരങ്ങൾ നേടിയ സംഘത്തിനൊപ്പം ആദ്യ സിനിമ ചെയ്യാനായതു നിന്റെ ഭാഗ്യമാണ്.’’

കരിയറിൽ ജി.പി. ഒന്നിൽ നിന്ന് മറ്റൊന്നിലേക്കു പാഞ്ഞു നടക്കുന്ന ആളാണോ?

കംഫർട്ട് സോണിൽ നിൽക്കാൻ ഇഷ്ടമില്ലാത്ത ആളാണ് ഞാൻ. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിലൂടെ അവതാരകൻ എന്ന സ്ഥാനം ഉറപ്പിച്ചു. താരനിശകൾ അവതരിപ്പിച്ചു. അത് കംഫർട്ട് സോൺ ആണെന്നു മനസ്സിലാക്കിയപ്പോൾ അവിടെ നിന്നിറങ്ങി. ഇനിയെന്ത് എന്നു പോ ലും അറിയില്ലായിരുന്നു. പിന്നെ, തമിഴിലേക്കും തെലുങ്കിലേക്കും. തെലുങ്കിെല സിനിമകൾ എല്ലാം വലിയ ബാനറുകളുടേതായിരുന്നു. അല്ലുഅർജുനും നാഗാർജുനും നിർമിച്ച സിനിമകൾ. രണ്ടും ഹിറ്റായി. നാനി നിർമിച്ച സിനിമയിൽ നായകനായി. അതോടെ അവിടം വിട്ടു നാട്ടിലേക്കെത്തി. യൂട്യൂബ് കണ്ടന്റ് ഉണ്ടാക്കി. വിവാഹ വിഡിയോ വൈറലായി. ഇനി അടുത്ത മേഖല തിരയണം. എന്റെ പേരിൽ സൂര്യനുണ്ട്. ഉദയവും അസ്തമനവും വീണ്ടും ഉദയവും പോലെയാണ് എന്റെ ജീവിതം.

തിരിച്ചറിഞ്ഞ പോസിറ്റീവ് വൈബ്സ് എന്തൊക്കെയാണ്?

ഗോപിക: രണ്ടുപേരും എക്സ്ട്രീം ഒാപ്പോസിറ്റ് ആണ്. പ ക്ഷേ ,എന്നെ കൃത്യമായി മനസ്സിലാക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞു. ജീവിതത്തിൽ സന്തോഷവും കരിയറിൽ സങ്കടവും. അങ്ങനെ ഒരു മാനസികാവസ്ഥയിലൂടെയാണ് വിവാഹത്തിലേക്കു ഞാനെത്തിയത്. മൂന്നരവർഷം അഞ്ജലിയായാണു ജീവിച്ചത്. ഷൂട്ടിങ് തീർന്നതോടെ ഭയങ്കര വിഷമമായി. ജീവിതത്തിലൂം ആ കഥാപാത്രമായി മാറിയിരുന്നു. പെട്ടെന്നത് ഇല്ലാതാകുന്നു എന്നോർത്തപ്പോൾ ത ക ർന്നു. അതിനിടയിൽ സാന്ത്വനത്തിന്റെ സംവിധായകൻ ആദിത്യൻ സാറിന്റെ മരണം.

‘കല്യാണം മാറ്റിവയ്ക്കണോ താൻ ഒാകെ ആയിട്ട് മതിയോ’ എന്നൊക്കെ പറഞ്ഞ് ചേട്ടൻ ഒപ്പം നിന്നു. പിന്നെ ഞാ ൻ ഇൻട്രോവേർട്ടിന്റെ അങ്ങേയറ്റമാണ്. അതുണ്ടാക്കുന്ന സമ്മർദവും കൃത്യമായി മനസ്സിലാക്കി. ഇപ്പോ ഇത്രയെ പറയാനുള്ളൂ. തുടങ്ങിയിട്ടല്ലേയുള്ളൂ.

ജിപി: മനസ്സിൽ ഉള്ളത് അതുപോലെ ഗോപികയുടെ മുഖത്തു കാണും. കൃത്യമായി തുറന്നും പറയും. ഇത്രയും ടെൻഷനിലൂടെ മുന്നോട്ടു പോകുമ്പോൾ ഏതോ സോഷ്യൽമീഡിയ റിപ്പോർട്ടറുടെ ചോദ്യം‘എന്താണ് കല്യാണ വിശേഷങ്ങൾ?’ കട്ടപ്പൊകയായെന്ന് എനിക്കു മനസ്സിലായി. ഗോപിക തിരിഞ്ഞു നിന്നൊരു ഡയലോഗ് ‘ഞങ്ങളുടെ കല്യാണക്കാര്യം ഞങ്ങളുടെ ചാനലിൽ പറഞ്ഞോളാം.’ ഭാഗ്യം അ തിൽ നിർത്തിയല്ലോ എന്നു കരുതിയപ്പോൾ അടുത്ത ഡയലോഗ്, ‘കുറച്ചു സമാധാനം തരുമോ?’ അവർ അതുപോലെ തന്നെ ആ വിഡിയോ പോസ്റ്റ് ചെയ്തു.

താഴെ കമന്റിന്റെ പൂരം. ഗോപിക അതു സത്യസന്ധമായി പറഞ്ഞതാണ്. കേൾക്കുന്നവർക്കു ജാഡയെന്നു തോന്നും.

ഞങ്ങളുടെ അഞ്ജലിയെ ഇനി അഭിനയിപ്പിക്കില്ലേ എന്നാണു വീട്ടമ്മമാർ‌ ചോദിക്കുന്നത്...

ജിപി: കല്യാണം കഴിച്ചതു കൊണ്ടു ജോലി ചെയ്യാൻ സമ്മതിക്കാതെ ഇരിക്കുന്നത് എന്തിനാണ്? ഞാൻ ജോലി നിർത്തുന്നില്ലല്ലോ. അതുപോലെ തന്നെയല്ലേ ഗോപിക.

നായകനാകുന്ന അടുത്ത മലയാള സിനിമ മനോരാജ്യമാണ്. ഗോപികയ്ക്കും സിനിമയിലേക്കും തമിഴ് സീരിയലിലേക്കും പരസ്യങ്ങളിലേക്കും ക്ഷണമുണ്ട്. ഞങ്ങൾ പഴയതു പോലെ മലയാളികള്‍ക്കു മുന്നിലുണ്ടാകും.

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ