Friday 24 May 2024 12:51 PM IST

‘പോകാൻ നേരം നെറ്റിയിലൊരു മുത്തം നൽകി, കണ്ണീർ ധാരയായി ഒഴുകി’: ജിഷ്ണു മരിക്കുന്നതിന് മുമ്പുള്ള ആ കൂടിക്കാഴ്ച: റോസ്മേരി

Seena Cyriac

Chief Sub Editor

jishnu-rose-mary ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ

ലോലമായ ഒാർമകളെ ഒരു മനോജ്ഞ സാരിയുടെ ഞൊറിവുകൾ പോലെ അടുക്കിവയ്ക്കുകയാണ് എഴുത്തുകാരി റോസ്മേരി... ഒപ്പം പ്രിയപ്പെട്ടവരെ കുറിച്ചുള്ള ഹൃദ്യമായ ഓർമകളും  

നന്നേ ചെറുപ്പത്തിൽത്തന്നെ സാരികളുടെ വൈവിധ്യമാർന്ന വർണ പ്രപഞ്ചം  എന്നെ വിസ്മയിപ്പിച്ചിരുന്നു. അതിനു കാരണം രണ്ട് അമ്മായിമാരാണ്. അപ്പന്റെ സഹോദരിമാർ. അച്ചാമ്മയും പൂവമ്മയും.  ഒരാൾ മണ്ണാർക്കാട്ടും മറ്റേയാൾ ആലുവയിലും. വല്യവധി തുടങ്ങുമ്പോൾ അവർ രണ്ടു മാസത്തേക്കു തറവാട്ടിൽ ഒഴിവുകാലം ആഘോഷിക്കാൻ എത്തും. സ്നേഹവതികളായ ഇരുവരും ഞങ്ങൾക്കു പുത്തനുടുപ്പും കല്ലുമാലകളും പൂസ്ലൈഡുമെല്ലാം സമ്മാനിക്കും.

ഈ രണ്ടു മാസത്തിനിടയ്ക്ക് അവർക്ക് കാഞ്ഞിരപ്പള്ളിയിൽ നിരവധി ചടങ്ങുകളിൽ (മാമ്മോദീസ, മനസ്സമ്മതം, കല്യാണ ഉറപ്പ് ഇത്യാദികൾ) പങ്കെടുക്കേണ്ടതുണ്ട്. അതിനുവേണ്ടി ഭംഗിയേറിയ സാരികളും ചേരുന്ന ആഭരണങ്ങളുമൊക്കെയായാണ് എത്തുന്നത്.

തൃശൂരിലെ ഫാഷൻ ഫേബ്രിക്സും എറണാകുളത്തെ ചാക്കോളാസുമായിരുന്നു അവരുടെ ഇഷ്ട കേന്ദ്രങ്ങൾ. അവർ നിരത്തിക്കാട്ടുന്ന ആ സാരിത്തരങ്ങൾ ഞങ്ങൾ കുട്ടികൾ വിസ്മയത്തോടെ ആസ്വദിക്കും. ഗെദ്‌വാൾ, വെങ്കിടഗിരി, നാരായൺ പട്ട്, ധർമവാരം പട്ട്, പോച്ചംപള്ളി... എന്തെല്ലാം പേരുകൾ! അവ തുറക്കുമ്പോഴുള്ള സീൽക്കാര ധ്വനി. അവയിൽ നിന്നുതിരുന്ന നറുമണങ്ങൾ...

മഴവിൽ നിറങ്ങളിൽ ആദ്യ സാരി

ആദ്യമായി ഒരു സാരി സമ്മാനിക്കുന്നത് ഏറ്റവും ഇളയ ഉപ്പാപ്പന്റെ ഭാര്യയായ ഉണ്ണിയാന്റിയാണ്. പ്രീഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണ്. മഴവില്ലിന്റെ ഏഴു നിറങ്ങൾ സൗമ്യമായ് ചേർത്തുവച്ച ആ ഫുൾ വോയിൽ സാരിക്കു സവിശേഷമായ ചാരുതയുണ്ടായിരുന്നു. റെയിൻബോ സാരി എന്നറിയപ്പെടുന്ന ആ സാരി അണിയുമ്പോഴൊക്കെ ഞാനൊരു വനദേവതയായ് പരിണമിക്കുന്നു എന്നൊരു തോന്നൽ. അതിന്റെ പാളികൾ നിവർക്കുമ്പോൾ പ്രസരിക്കുന്ന ചന്ദനഗന്ധം ഇപ്പോഴും പ്രജ്ഞയിൽ തങ്ങിനിൽക്കുന്നു.

ചേട്ടനെ സെന്റ് റോക്സ് സ്കൂളിൽ ചേർക്കാനാണ് ആദ്യമായി സ്വന്തം നാടായ കാഞ്ഞിരപ്പള്ളിയിൽ നിന്ന് അപ്പന്റെ ഒപ്പം തിരുവനന്തപുരം എന്ന വിദൂര നഗരത്തിലെത്തിയത്. കണ്ടമാത്രയിൽ ഞാനീ പ്രിയനഗരവുമായി പ്രണയത്തിലായി. അവിടുത്തെ പഞ്ചാരമണൽ ശേഖരമുള്ള കടലോരം, കാഴ്ചബംഗ്ലാവ്, തണൽ വിരിച്ച വഴികൾ,  പുരാതന കെട്ടിടങ്ങൾ...  ആ പ്രണയമാണ് ബിഎ പഠനത്തിന് എന്നെ മാർ ഇവാനിയോസ് കോളജിലെത്തിച്ചത്.

കോഴികുന്ന് എന്ന മലയുടെ ഒത്ത നിറുകയിലാണ് അപ്പന്റെ തറവാട്. അതിന്റെ ചെരിവുകളിലാണു ചിറ്റപ്പൻമാരുെട വീടുകൾ. തിരുവനന്തപുരത്തേക്കു പുറപ്പെടും മുൻപ് ഞാൻ യാത്ര പറയാൻ ചെന്നതാണ്. പോരാൻനേരം ജോർജ് ചിറ്റപ്പന്റെ ഭാര്യ ഏലിക്കുട്ടി എളേമ്മ അലമാരി തുറന്നിട്ടു പറഞ്ഞു.  ‘കൊച്ചേ, നിനക്കിഷ്ടമുള്ള സാരികൾ എടുത്തോ.’  നോക്കുമ്പോൾ ആദ്യത്തേതിൽ നിറയെ ഒാർഗൻസയും സിൽക്കും. മൂന്നാമത്തെ തട്ടിന്റെ ഒാരത്തു കുറച്ചു ഷിഫോൺ സാരികൾ ഉണ്ട്. അതു ചൂണ്ടിക്കാട്ടിയപ്പോൾ എളേമ്മ പറഞ്ഞു, ‘അതെല്ലാം കള്ളിവയലിലെ വല്യ പേരമ്മ സമ്മാനിച്ചതാ. ചിലതൊന്നും ഉടുത്തിട്ടുകൂടിയില്ല. ഈ കാട്ടുമുക്കിൽ ഇതൊക്കെ അണിഞ്ഞു നടന്നിട്ട് ആരു കാണാനാ...’ താൻ അധിവസിക്കുന്ന പാലമ്പ്ര എന്ന മലമ്പ്രദേശത്തെക്കുറിച്ചുള്ള നിരാശകളും ആ നെടുവീർപ്പിൽ പ്രതിഫലിച്ചിരുന്നു.

കാലപ്പഴക്കത്താൽ ആ സാരികൾ എപ്പോൾ വേണമെങ്കിലും പിഞ്ഞിക്കീറിയേക്കാം എന്ന് എളേമ്മ മുന്നറിയിപ്പു നൽകി. പക്ഷേ, ഞാൻ പിന്മാറിയില്ല. ആ സാരിയുടെ മനോ‍ഞ്‍ജ പുഷ്പങ്ങൾ നെയ്തെടുത്ത കസവു ബോർഡറുകൾ കാണാൻ എന്തൊരു ശേല്. പക്ഷേ, മൂത്തവർ ചൊല്ലും മുതുനെല്ലിക്ക എന്നപോലായി കാര്യങ്ങൾ. ആ സാരികൾ  ഉടുക്കുമ്പോളെല്ലാം ഒാർക്കാപ്പുറത്തു പിന്നുന്നു, കീറുന്നു... എങ്കിലും അവ ഉപേക്ഷിക്കാൻ മനസ്സു വന്നില്ല. അക്കാലത്തു സുലഭമായിരുന്ന പ്ലെയിൻ ജോർജറ്റ് സാരി വാങ്ങി ഷിഫോണിന്റെ കസവ് തുന്നിച്ചേർത്തു.  കറുപ്പിനു ചുവപ്പു ബോർഡർ, നീലയ്ക്കു ബ്രൗൺ, മസ്റ്റഡിനു പച്ച... രസകരമായിരുന്നു പരിണിതഫലം.

അന്നൊക്കെ കോട്ടൻസാരികൾ പിടിച്ചുണക്കൽ വിശദമായ ഒരു ചടങ്ങായിരുന്നു. കഞ്ഞിമുക്കിയ സാരിയുടെ രണ്ടറ്റത്തും ഒാരോരുത്തർ ശ്രദ്ധാപൂർവം പിടിച്ച് അതിനെ കുടയുന്നു. കാറ്റിനഭിമുഖം പിടിക്കുന്നു. കുറച്ചുനേരം അതുമായി മുറ്റത്ത് ഉലാത്തുന്നു. പത്തു പതിനഞ്ചു മിനിറ്റ് കഴിയുമ്പോൾ അതു നന്നായി ഉണങ്ങിയിരിക്കും. ഒരു ചുളിവുപോലും അവശേഷിക്കാത്തതുകൊണ്ട് ഇസ്തിരിപോലും ഇടേണ്ട. പുരുഷന്മാരുടെ ഡബിൾ മുണ്ടുകളും ഇതേ രീതിയിൽ ഉണക്കിയിരുന്നു. പിടിച്ചുണക്കൽ എന്ന പാടുപിടിച്ച കലാരൂപം ഇന്നേതാണ്ടു പൂർണമായും അപ്രത്യക്ഷമായിക്കഴിഞ്ഞു.

സാരി ഉടുത്തു തുടങ്ങിയ കുറേ വർഷങ്ങൾ എനിക്ക് ഇളം നിറങ്ങളായിരുന്നു ഇഷ്ടം. വെള്ള, ക്രീം നിറങ്ങളിൽ ബോർഡർ ഉള്ളവ. അക്കാലത്തു മുകേഷും ഉദയഭാനുവുമായിരുന്നു ഇഷ്ട ഗായകർ. ‘‘അനുരാഗ നാടകത്തിൽ അന്ത്യമാം രാഗം തീർന്നു’’, ‘‘വെള്ളി നക്ഷത്രമേ നിന്നെ നോക്കി’’, ‘‘ചുടു കണ്ണീരാലെൻ ജീവിത കഥയിത്’’ തുടങ്ങിയ തീവ്ര ശോക ഗാനങ്ങളും മുകേഷിന്റെ വ്യസന രാഗങ്ങളും കേട്ടു കേട്ടു ഞാൻ വ്യഥാ കണ്ണീരൊഴുക്കി.

അന്ന് ദുഃഖഭാവത്തിൽ നടക്കുന്ന ചില പെൺകിടാങ്ങളുണ്ടായിരുന്നു. സർവപരിത്യാഗികളെപ്പോൽ കോട്ടൻ സാരി അലക്ഷ്യമായി വാരിപ്പുതച്ച്, പേരിനു മാത്രം ആഭരണങ്ങളിഞ്ഞ് കദനം വഴിയും മിഴികളുമായി ചില ശോകാകിനികൾ. സിനിമയിൽ സറീന വഹാബും ശോഭയും തുടങ്ങിവെച്ച ട്രെൻഡ്... പക്ഷേ, ദുഃഖപര്യവസായികളുടെ മട്ടും മാതിരിയും എനിക്കു ബോറടിച്ചു. അങ്ങനെയാണു നിറങ്ങളുടെ ചടുലാത്മകതയിലേക്കു കടന്നു ചെന്നത്. രസകരമായിരുന്നു ആ വേഷപ്പകർച്ച.

ഏകാന്ത നിറമുള്ള ഉടുപ്പുകൾ

മക്കളുടെ വേഷവിധാനത്തെക്കുറിച്ചു ഞങ്ങളുെട അപ്പനു ചില നിഷ്കർഷകളുണ്ടായിരുന്നു. ചേച്ചിമാർ പഠിച്ച സ്കൂളിലെ സഹപാഠികളിൽ നല്ല പങ്കും ബുദ്ധിമുട്ടുള്ള ഗാർഹിക പശ്ചാത്തലത്തിൽ നിന്നു വരുന്നവർ. അവർക്കു വിഷമം തോന്നരുത് എന്ന ചിന്തയാൽ വില കൂടിയ വസ്ത്രങ്ങളോ സ്വർണാഭരണങ്ങളോ ധരിക്കാൻ ഞങ്ങളെ അനുവദിച്ചിരുന്നില്ല.

ആണ്ടിലൊരിക്കൽ അപ്പൻ ‍ഞങ്ങളെയും കൂട്ടി കോരച്ചൻ ചേട്ടന്റെ തുണിക്കടയിൽ പോകും. ഫാൻസിഹോം. കാഞ്ഞിരപ്പള്ളിയിലെ ഏക ജൗളിക്കട. ഇന്നത്തെ കുട്ടികളുടെ ലുലുമോളായിരുന്നു ‍ഞങ്ങൾക്കു ഫാൻസിഹോം. എന്നി‍ട്ടു സൗമ്യമായ കൊച്ചുപ്രിന്റുകളുള്ള ഒരു കുത്തു തുണിയെടുക്കും. അതേ തുണികൊണ്ട് ഓരോരുത്തർക്കും രണ്ടും മൂന്നും ജോടി ഉടുപ്പുകൾ, പാവാടകൾ...

rosemaryy

പാറത്തോട്ടിലെ ആസ്ഥാന തുന്നൽക്കാരനായ ഗോവിന്ദനായിരുന്നു ഞങ്ങളുടെ മനീഷ് മൽഹോത്ര. റേന്തപ്പടിവച്ചും ഫാൻസി ബട്ടുണുകൾ ഫിറ്റ് ചെയ്തും ഫ്രില്ലുകൾ ചേർത്തുവച്ചും അങ്ങേർ ആ സൗമ്യ വർണങ്ങളുടെ  വിരസതയിൽ നിന്നും കുപ്പായങ്ങളെ വീണ്ടെടുത്തു.

അപ്പനോടുള്ള അപാര സ്നേഹത്താൽ പാതി മനസ്സോടെയെങ്കിലും ഞങ്ങളാ നിയന്ത്രണങ്ങൾ പാടേ അനുസരിച്ചു. എന്നിട്ട് ആരും കേൾക്കാപ്പാട് ഉള്ളിൽ പിറുപിറുത്തു. പിൽക്കാലത്ത് ‘സത്യാന്വേഷണ പരീക്ഷണങ്ങൾ’ വായിക്കവേ, ഗാന്ധിജിയുടെ കർക്കശമായ നിലപാടുകൾക്കു നേരെ പാവം കസ്തൂർബാ ആദ്യകാലത്തെങ്കിലും പിറുപിറുത്തിട്ടുണ്ടാകും എന്നു ഞാൻ ഊഹിച്ചു. എന്തായാലും ആ മൗന പ്രതിഷേധത്തിന്റെ ബാക്കി പാത്രമാകാം, കടും നിറങ്ങളോടുള്ള എന്റെ ആസക്തി. എക്കാലവും വിലക്കപ്പെട്ട കനിയോടു പ്രലോഭനം ഏറുമല്ലോ.

എന്നിരുന്നാലും ചെംചോര ചുമപ്പോ, തീനാളത്തിന്റെ കത്തുന്ന ഓറഞ്ചു നിറമോ, തീ മഞ്ഞയോ വാരിച്ചുറ്റി ആൾക്കൂട്ടത്തിന്റെ ശ്രദ്ധാ കേന്ദ്രമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മിതത്വമാണ് എന്റെ ശൈലി. അമിതമായി അണിഞ്ഞൊരുങ്ങുകയോ ഭാരിച്ച ആടകൾ വാരിയണിയുകയോ ചെയ്താൽ ഞാനൊരു പാവക്കുട്ടിയായ് പരിണമിച്ചേക്കും. ചമയങ്ങളുടെ അതിപ്രസരത്താൽ അധര ചലനങ്ങൾ അസാധ്യമായ വെറുമൊരു പാവ രൂപം.

സ്വർണാഭരണങ്ങൾ തീരെയും അണിയാറില്ല. വിലകൂടിയ പുടവകളും ഞാനിഷ്ടപ്പെടുന്നില്ല. നശ്വരമായ ഈ ശരീരത്തെ അലങ്കരിക്കാൻ അത്രയേറെ ദ്രവ്യം പാഴാക്കുന്നതെന്തിന്? എനിക്ക് മുത്ത്, പലതരം കല്ലുകൾ, ബ്ലാക് സിൽവർ ഇവയുടെ ആഭരണങ്ങളോടും പരുത്തി വസ്ത്രങ്ങളോടുമാണു താൽപര്യം. പ്രിയപ്പെട്ട നോവലിസ്റ്റ് പുനത്തിൽ കുഞ്ഞബ്ദുള്ള എന്റെ പാശിമാലകളും ദാരുവളകളും കണ്ട് നീരസപ്പെട്ടു: ‘‘എന്തേ നീയങ്ങനെ ഒട്ടത്തികളെപ്പോലെ (ജിപ്സി) നടക്കുന്നത്? റോസ് നമ്മുടെ ചേച്ചിയെ കണ്ടു പഠിക്കൂ. നല്ല കളർഫുൾ സിൽക്ക് സാരികളണിയൂ... കയ്യിലും കഴുത്തിലും പണ്ടങ്ങൾ ചാർത്തൂ. നിന്റെ സൗന്ദര്യം വർധിക്കും.’’ കുഞ്ഞിക്ക ആമിയെക്കുറിച്ചാണ് പറഞ്ഞത്. മാധവിക്കുട്ടി എന്ന ആമിയെ അദ്ദേഹം അതിരറ്റു സ്നേഹിച്ചിരുന്നു.

അധ്യാപികമാർക്കു ചുരിദാർ ധരിക്കാൻ അവസരം ലഭിച്ചപ്പോൾ എന്നിലെ സൗന്ദര്യാരാധിക നെടുവീർപ്പിട്ടു. പാറത്തോട്ടിലെ ഗ്രേസി സ്കൂളിൽ എന്നെ പഠിപ്പിച്ചവർ,  വെള്ളയിൽ ബോർഡർ ഉള്ള സാരികളുമായി സാറാമ്മ ടീച്ചർ, ചെറിയ പ്രിന്റുകളുള്ള സാരികളുമായി അമ്മിണി ടീച്ചർ,  സദാ ഹാൻഡ്‌ലൂം സാരികൾ അണിയുന്ന ലീലാമ്മ ടീച്ചർ,  തുമ്പുകെട്ടിയിട്ട  ഈറൻ മുടിയും ഖദർ സാരിയുമായി വരുന്ന മ്യൂസിക് ടീച്ചർ...

ഈയിടെ സ്നേഹിതനായ പി.ടി. കുഞ്ഞുമുഹമ്മദിനോടു സംസാരിക്കവേ ഞാൻ പരിതപിച്ചു. ‘‘മുസ്‌ലിം സ്ത്രീകളുടെ കരയുള്ള കാച്ചിത്തുണിയും കയ്യിറക്കമുള്ള ആ കുപ്പായവും എന്തൊരഴകുള്ള വേഷമായിരുന്നു.’’ പൊട്ടിച്ചിരിയോടെ അങ്ങേർ പറഞ്ഞു, ‘‘നിങ്ങളെന്താ പിന്നിൽ ഞൊറിവുള്ള മുണ്ടും ചട്ടയും കാതിൽ കുണുക്കുമിട്ടു നടക്കാത്തേ...’’ ശരിയാണ്, നമ്മൾ പ്രായോഗിക മതികളായേ പറ്റൂ, ജീവിതം അത്രമേൽ വേഗമേറിയതായി.

ജിഷ്ണുവിന്റെ സമ്മാനം

നടൻ രാഘവേട്ടനും ശോഭച്ചേച്ചിയുമായി ഏറെ നാളുകളായുള്ള അടുപ്പമാണ്. അവരുടെ ഏക മകൻ ജിഷ്ണുവിനോടു സ്വന്തം മകനോടെന്ന പോലെ ഗാഢമായ സ്നേഹ വാത്സല്യങ്ങളുണ്ടായിരുന്നു. കാൻസർ ബാധിച്ച നാളുകളിൽ മോന് ഇഷ്ടമുള്ള പഴങ്ങളും പുസ്തകങ്ങളുമായി ഞാൻ കാണാൻ ചെല്ലുമായിരുന്നു. മരിക്കുന്നതിനു മൂന്നു ദിവസം മുൻപു ഞാൻ കാണുമ്പോൾ ആൾ കിടക്കയിൽ ചാരി ഇരിക്കുകയാണ്. അതീവ ക്ഷീണിതനെങ്കിലും  മുഖത്ത് എന്തൊരു പ്രസാദാത്മകത. ഏതു പ്രതിസന്ധിയേയും പുഞ്ചിരിയോടെ നേരിടുകയാണ് ജിഷ്ണുവിന്റെ തത്വശാസ്ത്രം.

പോരാൻ നേരം പതിവുപോലെ ആ നെറ്റിമേൽ ഞാനൊരു വാത്സല്യ മുത്തം നൽകവേ ധാരധാരയായി കണ്ണീർ ഒഴുകുന്നു. മരണത്തെ മുന്നിൽ കാണുമ്പോഴും കത്തിച്ചു വച്ച വിളക്കുപോൽ പ്രകാശം വഴിയുന്ന നേത്രങ്ങൾ.

mayamma സഹോദരി മാഗി (ഫയല്‍ചിത്രം)

എന്നെ നേരാം വണ്ണം സാരിയുടുക്കാൻ പഠിപ്പിച്ചത്  മൂത്ത സഹോദരി മായമ്മ എന്ന മാഗിച്ചേച്ചിയാണ്.  ഏറെക്കാലം പാലക്കാട് മേഴ്സി കോളജിൽ ഹിസ്റ്ററി അധ്യാപികയായിരുന്നു. തികച്ചും അനാർഭാടമായും എന്നാൽ കലാസുഭഗതയോടെയും വസ്ത്രധാരണം ചെയ്യുന്ന ആളായിരുന്നു ചേച്ചി. ഒന്നാം തരമായി പാചകവും തുന്നലും ചെയ്യും. എന്റെ ആത്മമിത്രമായിരുന്ന ചേച്ചി 53ാം വയസ്സിൽ ലങ് കാൻസർ പിടിപെട്ട് ഈ ലോകം വിട്ടുപോയി.

മോൻ വിട പറഞ്ഞ ശേഷമുള്ള ഒാണത്തിനു ചേച്ചിയും ചേട്ടനും ഒരു സാരി എന്നെ ഏൽപിച്ചു . ജിഷ്ണു എനിക്കു തരാനായി പ്രത്യേകം പറഞ്ഞേൽപിച്ചിരുന്നതാണത്രേ. ഹൃദയഭേദകമായിരുന്നു ആ അനുഭവം. ജീവിതാന്ത്യം വരെയും ഈ അപൂർവ സമ്മാനം ഒപ്പമുണ്ടാകും.

മാറി മാറി വരുന്ന ഫാഷൻ തരംഗങ്ങൾ പിന്തുടരുന്ന ആളല്ല ഞാൻ. പക്ഷേ, നമ്മുടെ ദേശത്തിന്റെ പരമ്പരാഗത കരവേലകളെയും കൈത്തറി ഇനങ്ങളെ ഇഷ്ടപ്പെടുന്നു. അതിനു കാരണം പുപുൽ ജയ്കറിനോടുള്ള ഇഷ്ടം കൂടിയാണ്. ഇന്ത്യൻ കരവേലകളെയും കൈത്തറിയെയും വിദേശരാജ്യങ്ങളിൽ പോലും പ്രചരിപ്പിച്ച കൾചറൽ ആക്ടിവിസ്റ്റ് ആണ് അവർ. മധുബനി പെയ്ന്റിങ്ങുകളും പിപ്‌ലിയിലെ കരവേലകളും വർളി ചിത്രങ്ങളും ഞാൻ ആസ്വദിക്കുന്നു. വൈവിധ്യമാർന്ന കൈത്തറി പുടവകൾ അണിയുമ്പോൾ മച്‍‌ലി പട്ടണത്തിലെയും സോലാപൂരിലേയും തഞ്ചാവൂരിലേയും ഗ്രാമീണരായ നെയ്ത്തുകാരെ കൺമുന്നിൽ കാണുന്നു. മൺമറഞ്ഞുകൊണ്ടിരിക്കുന്ന ആ കരവേലകളെ പരിരക്ഷിക്കാനുള്ള യത്നത്തിൽ ഞാനും എളിയ പങ്കുവഹിക്കുന്നു എന്ന മഹനീയമായ തോന്നലിൽ ഹൃദയം ആഹ്ലാദഭരിതമാകുന്നു.

Tags:
  • Fashion