ആകസ്മികം എന്ന വാക്കിന് സ്വന്തം ജീവിതത്തിൽ വലിയ റോളുണ്ടെന്ന് സൈജു പറയുന്നത് വെറുതെയല്ല. മൊബൈൽ സിം കാർഡ് നൽകാൻ പോയി സിനിമയിൽ നായകനായ ഒരാളേ ഒരുപക്ഷേ ലോകത്തുണ്ടാവൂ. അത് സൈജു കുറുപ്പാണ്.
എൻജിനീയറിങ് കഴിഞ്ഞ് സെയിൽസിലേക്കിറങ്ങിയ കാലം. എംജി ശ്രീകുമാറിനെ കൊണ്ട് എയർടെൽ കണക്ഷൻ എടുപ്പിക്കാ ൻ ചെന്നതാണ് സൈജു. സിം എടുത്തില്ലെങ്കിലും അദ്ദേഹം മറ്റൊരു കണക്ഷൻ അങ്ങോട്ടു കൊടുത്തു.
‘ പുതിയ സിനിമയ്ക്കായി സംവിധായകൻ ഹരിഹരൻ സാർ ഇതുപോലൊരു മുഖം തിരയുന്നുണ്ട്. ഒന്നു പോയി നോക്ക്...’ എം. ജി ശ്രീകുമാർ പറഞ്ഞതു കേട്ടപ്പോൾ സൈജു ആലോചിച്ചു, ‘സിനിമയിൽ അഭിയിച്ചാൽ ഒരു ഗുണമുണ്ട്. ആളുകൾക്ക് മുഖം തിരിച്ചറിയാനാവും. അത് സെയിൽസിനെ സഹായിക്കും.
അങ്ങനെ നേരെ വച്ചു പിടിച്ചു ചെന്നൈയിലേക്ക്. പഠിച്ചതും വ ളർന്നതും നാഗ്പൂരിലായതു കൊണ്ട് ഹരിഹരന്‍ ആരാണെന്നോ എന്താണെന്നോ കൃത്യമായി സൈജുവിന് അറിയില്ല. സർഗ്ഗം സിനിമയുടെ സംവിധായകനാണെന്നു മാത്രം അറിയാം. സംഭവം നടക്കുന്നത് പതിനാറു വർഷം മുന്‍പായതു കൊണ്ടു തന്നെ ഹരിഹരനെ കുറിച്ച് കൂടുതൽ തിരഞ്ഞു നോക്കാൻ ഗൂഗിളും ഫെയ്സ്ബുക്കുമൊന്നും ഫോണിൽ എത്തിത്തുടങ്ങിയിട്ടുമില്ല.
ഹരിഹരന്റെ വീട്ടിലെത്തിയപ്പോൾ ഗെയിറ്റിൽ നല്ല ക്യു. എല്ലാം മലയാളികളാണ്. അവസരം ചോദിച്ചെത്തിയതാണ്. ആ വരിയി ൽ നിൽക്കാതെ ഗെയ്റ്റും തള്ളിത്തുറന്ന് സൈജു അകത്തു കയറാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്ന് കടിച്ചിൽ പൊട്ടാത്ത ചീത്തവിളി. ‘‘ എടാ **@#$** ഞങ്ങളൊക്കെ പിന്നെ എന്ത് **@#$** കാണാനാ ഇവിടെ നിൽക്കുന്നത്. പുറകിൽ പോയി നിൽക്കെടാ...’’
മലയാളം അത്ര നന്നായി അറിയാത്തതു കൊണ്ട് ചില പ്രത്യേക അക്ഷരങ്ങളിൽ തുടങ്ങുന്ന മുട്ടൻ ചീത്തവിളികളുടെ ‘ഗ്രാവിറ്റി’ സൈജുവിന് അന്നത്ര മനസ്സിലായില്ല. എങ്കിലും തിരിഞ്ഞു നിന്ന് കാച്ചുകാച്ചി
‘‘ യൂ നോ... ഞാൻ ഒരു വലിയ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. നിങ്ങളെ പോലെ ചുമ്മാ വന്നു നിൽക്കുന്നതല്ല. പിന്നെ മിസ്റ്റർ എംജി ശ്രീകുമാർ പറഞ്ഞിട്ടാണ് ഞാനി വിടെ വന്നത്.’’ ‘ചോര കണ്ട് അറപ്പു തീർന്നവനാണ് ഈ അറയ്ക്കൽ അബു’ എന്ന മട്ടിലുള്ള തട്ടുകേട്ട് അവിടെ നി ൽക്കുന്നവർ ഒന്നു ഞെട്ടി.
വാതിലിൽ മുട്ടി സൈജു അകത്തു കയറി. സോഫയിൽ ലുങ്കിമുണ്ടുടുത്ത് പത്രം വായിച്ചിരിക്കുന്ന ആളോട് പറഞ്ഞു, ‘‘പ്ലീസ് കോൾ മിസ്റ്റർ ഹരിഹരൻ. ഞാൻ കേരളത്തിൽ നിന്ന് അദ്ദേഹത്തെ കാണാൻ വന്നതാണ്.’’
പത്രത്തിൽ നിന്ന് കണ്ണുയർത്തി ആ മനുഷ്യൻ ചോദിച്ചു. ‘‘എന്താ കാര്യം.’’ ഗൗരവത്തിൽ മറുപടി കൊടുത്തു, ‘‘അത് ഞാൻ മിസ്റ്റർ ഹരിഹരനോടു പറഞ്ഞോളാം.’’
‘ഒാഫീസ് മുറിയിലേക്കിരുന്നോ ഇപ്പോൾ വിളിപ്പിക്കാമെന്നു പറഞ്ഞ്’ അദ്ദേഹം അകത്തേക്കു കയറി പോയി.
പിന്നെ കാണുന്ന സീന്‍ , ആറാം തമ്പുരാനിൽ ലാലേട്ടൻ കസവുമുണ്ടും ഷർടുമിട്ട് ‘ശരിക്കും തമ്പുരാനായി’ വരുന്നതു പോലെയായിരുന്നു. പത്രം വായിച്ചിരുന്ന ആൾ ലുങ്കി മാറ്റി വെള്ള പാന്റും വെള്ള ഷർടുമിട്ട് ഇറങ്ങി വന്നു. മുട്ടുവരെ മടക്കി വച്ച ഷർടിന്റെ കൈ ഒന്നു കൂടി തെറുത്തു മേലോട്ടു കയറ്റി. പിന്നെ പറഞ്ഞു, ‘‘ഞാൻ തന്നെയാണ് നിങ്ങൾ നേരത്തേ ചോദിച്ച ആ മിസ്റ്റർ ഹരിഹരൻ.’
പ്രണയവിവാഹം. കൈയിലുള്ള ജോലിയും പോയി, സി നിമയും ഇല്ല. വീട്ടുകാരെ എങ്ങനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി?
ഞാനും അനുപമയും എയർടെല്ലിൽ ഒരുമിച്ചു ജോലി ചെയ്തവരാണ്. ആ സൗഹൃദം ഒരുമിച്ചു നടക്കാം എന്നു തീരുമാനത്തിലേക്കെത്തിച്ചു. വിവാഹം, സിനിമ, മകളുടെ ജനനം എല്ലാം സിനിമയുടെ വേഗത്തിൽ തന്നെ നടന്നു. പക്ഷേ, പതുക്കെ സിനിമകൾ കുറഞ്ഞു. ഒന്നരവർഷത്തോളം മലയാളത്തിൽ സിനിമയേ ഇല്ലാതായി.
പനമ്പള്ളി നഗറിൽ അനുവിന് ഒരു വീടുണ്ട്. അത് ഞാൻ ഒാഫീസാക്കി. നെഗറ്റീവ് അടിച്ചു സമനില കൈവിടാതിരിക്കാൻ അവിടെ പോയിരിക്കും. ഉച്ചയ്ക്ക് വീട്ടിൽ നിന്നു കൊണ്ടു വന്ന ഭക്ഷണം കഴിക്കും. വൈകീട്ട് തിരിച്ചു പോരും. അവിടെയിരുന്ന് എത്രയോ ദിവസങ്ങളിൽ കരഞ്ഞിട്ടുണ്ട്. ഈ കാലത്ത് രണ്ടു തിരക്കഥകൾ എഴുതി. ഒന്ന് സിനിമയായി. രണ്ടാമത്തേത് പെട്ടിയിൽ ഇരിക്കുന്നുണ്ട്.
ആ കാലത്ത് അനുഭവിച്ച പ്രതിസന്ധികൾ എന്റെ അമ്മയോടും അച്ഛനോടും പറഞ്ഞിരുന്നില്ല. എന്നാൽ അനുവിന്റെ അച്ഛന് ഈ കാര്യങ്ങൾ അറിയാമായിരുന്നു. ഒരുദിവസം അദ്ദേഹം പറഞ്ഞു– ‘തൽക്കാലം നീ നിനക്ക് ജീവിക്കാനുള്ള പൈസ മാത്രം ഉണ്ടാക്കുക. നിന്റെ സ്വപ്നം യാഥാർഥ്യമാവും വരെ എന്റെ മകളെയും നിന്റെ മകളെയും ഞാൻ നോക്കിക്കോളാം... ഇങ്ങനെയൊരു പിന്തുണ അന്നു തന്ന ആത്മവിശ്വാസം വലുതാണ്.
മോൻ അഫ്താബ്. പേരിൽ വെറൈറ്റി ഉണ്ടല്ലോ?
അന്തരിച്ച നടൻ അനിൽ മുരളിയുടെ ഭാര്യ സുമയാണ് മകൾക്ക് മയൂഖ എന്ന പേരു നിർദേശിച്ചത്. മകൾ പതിനൊന്നാം ക്ലാസിൽ പഠിക്കുന്നു. മയൂഖ സൂര്യ കിരണം എന്നാണർഥം. മകനുണ്ടായപ്പോൾ സൂര്യനുമായി ബന്ധപ്പെട്ടൊരു പേരുവേണം എന്നു തോന്നി. അങ്ങനെയാണ് അഫ്താബിലേക്ക് എത്തിയത്. സൂര്യൻ എന്നാണ് ആ വാക്കിന്റെ അർഥം. അവൻ ഒന്നാം ക്ലാസിൽ പഠിക്കുന്നു. അടുത്ത പത്തുവർഷം എങ്ങനെയാവും?
അഭിമുഖത്തിന്റെ പൂർണരൂപം വനിത ഡിസംബർ ആദ്യ ലക്കത്തിൽ