Friday 11 September 2020 06:20 PM IST

‘അന്ന് അവാർഡ് ഏറ്റുവാങ്ങുമ്പോൾ പൂർണഗർഭിണിയാണ്, ഏഴാം ദിവസം സായുവിനെ പ്രസവിച്ചു’; ഈ പാട്ട് എനിക്ക് സ്പെഷ്യൽ

Roopa Thayabji

Sub Editor

sithara

തിരുവാവണി രാവ്...

‘വീട്ടിലെ ഒറ്റക്കുട്ടിയാണ് ഞാൻ. അച്ഛന്റെ അനിയന്മാരുടെ മക്കളോടൊത്തായിരുന്നു ഓണവും വിഷു വുമൊക്കെ. പൂ പറിക്കുന്നതും പൂക്കളമിടുന്നതും ഊ ഞ്ഞാലാടുന്നതുമൊക്കെ കുഞ്ഞേച്ചിയായ എന്റെ നേതൃത്വത്തിലാണ്. അച്ചച്ചനാണ് ഓണക്കോടി തരുന്നത്. പാചകത്തിന്റെ മേൽനോട്ടം അച്ചമ്മയ്ക്കും. അച്ചമ്മയുണ്ടാക്കുന്ന സദ്യയുടെ രുചി ഇന്നും നാവിലുണ്ട്.

മോൾ വന്നതിനു ശേഷം ഓണം സ്പെഷലാക്കാൻ ശ്രമിക്കാറുണ്ട്. ഭർത്താവ് ഡോ. സജീഷിനും മോൾ സാവൻ ഋതുവിനുമൊപ്പം ആലുവയിലാണ് താമസമെങ്കിലും ഓണത്തിന് കോഴിക്കോട്ടേക്കു പോകും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ജോലി വിട്ട അച്ഛൻ കെ. എം. കൃഷ്‌ണകുമാർ ഇപ്പോൾ ഷാർജയിൽ വെസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ പ്രഫസറാണ്. അമ്മ സാലി കൃഷ്‌ണകുമാർ.

ഏനുണ്ടോടീ അമ്പിളിച്ചന്തം...

നാലാം വയസ്സു മുതൽ പാട്ടു പഠിക്കുന്നുണ്ട്. സ്‌കൂൾ- കോളജ് തലങ്ങളിൽ ഒട്ടേറെത്തവണ കലാതിലകപ്പട്ടവും കിട്ടി. കുറേ കസറ്റുകൾക്കു വേണ്ടിയും ആൽബത്തിലും അന്നേ പാടിയിട്ടുണ്ട്. റിയാലിറ്റി ഷോയിലും വിജയിച്ചു. അന്നൊക്കെ പാട്ടും ഡാൻസും ഒരുപോലെ ചിട്ടയായി പ്രാക്ടീസ് ചെയ്തിരുന്നെങ്കിലും ഇടയ്ക്കുവച്ച് ഡാൻസ് നിന്നുപോയി.

ഈയിടെ ഒരു ഡാൻസ് വിഡിയോയ്ക്കു വേണ്ടി വീണ്ടും ചിലങ്ക കെട്ടി. പത്തുവർഷം ഡാൻസ് ചെയ്യാതിരുന്നത് ഓർക്കുമ്പോൾ വലിയ വേദനയാണ്. മുൻപത്തെ പോലെ എന്നെങ്കിലുമൊരിക്കൽ വേദിയിൽ ഡാൻസ് ചെയ്ത് തിരിച്ചു വരണമെന്നും മോഹമുണ്ട്. ‘കഥ പറഞ്ഞ കഥ’, ‘ഉടലാഴം’ എന്നീ സിനിമകളിൽ സംഗീതസംവിധാനവും ചെയ്തു.

എന്നുയിരേ... പെൺകിളിയേ...

എം. ജയചന്ദ്രൻ സാറിന്റെ ‘ഏനുണ്ടോടീ അമ്പിളിച്ചന്തം...’ എന്ന പാട്ടിനാണ് ആദ്യം സംസ്ഥാന ചലച്ചിത്ര അവാർഡു കിട്ടിയത്. ‘ഏനുണ്ടോടീ...’ റിക്കോർഡിങ് കഴിഞ്ഞപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. ഏഴു മാസമായപ്പോഴേക്കും അവാർഡ് കിട്ടി. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങുമ്പോൾ പൂർണഗർഭിണിയാണ്. അതുകഴിഞ്ഞ് ഏഴാം ദിവസം സായുവിനെ പ്രസവിച്ചു. കുഞ്ഞിലേ ആ പാട്ടു കേൾക്കുമ്പോൾ അവൾ തിരിച്ചറിയുമായിരുന്നു.

അവൾക്കും പാടാനും പാട്ടു കേൾക്കാനും വലിയ ഇഷ്ടമാണ്. ഞങ്ങളുടെ ‘ഇടം’ ഡാൻസ് ആൻഡ് മ്യൂസിക് അക്കാദമിയിൽ കലാമണ്ഡലം ശ്രുതിയാണ് മോ ളെ ഡാൻസ് പഠിപ്പിക്കുന്നത്. എന്നെ ആദ്യമായി സിനിമയിൽ പാടിച്ച സംഗീതസംവിധായകൻ അൽഫോൺസ് ജോസഫ് തന്നെയാണ് പാട്ടിലെ അവളുടെ ഗുരു. എന്റെ സുഹൃത്തും സംഗീതജ്ഞനുമായ മിഥുൻ ജയരാജും പാട്ടു പഠിപ്പിക്കുന്നു.

മോഹമുന്തിരി വാറ്റിയ രാവ്...

കഴിഞ്ഞ വർഷം കിട്ടിയ പാട്ടുകളെല്ലാം സ്പെഷലായിരുന്നു. ഇനിയും അങ്ങനെ സംഭവിക്കട്ടെ എന്നു പ്രതീക്ഷിക്കുന്നു. സന്തോഷങ്ങളെ അധികം ഉള്ളിലെടുക്കാറില്ല. അങ്ങനെ ചെയ്താൽ വിഷമങ്ങളും ബാധിച്ചെങ്കിലോ. ഓണക്കാലം വന്നതോടെ ഇപ്പോൾ ഇൻഡസ്ട്രി ഉണർന്നിട്ടുണ്ട്. ഇരട്ടിമധുരമായി സായു പാടിയ ഓണപ്പാട്ടും റിലീസാകുന്നു.

അതിനൊരു ഫ്ലാഷ് ബാക്ക് ഉണ്ടേ. സംഗീതസംവിധായകൻ ഗോപി സുന്ദറും ഞങ്ങളും ഒരു കുടുംബം പോലെയാണ്. എൽകെജിയിൽ പഠിക്കുമ്പോൾ മോൾക്ക് പാടണമെന്നു മോഹം പറഞ്ഞപ്പോൾ ഗോപി ചേട്ടൻ ഒരു ട്യൂൺ പഠിപ്പിച്ചു കൊടുത്തു. എന്റെ ഭർത്താവ് സജീഷേട്ടൻ തന്നെ വരികളെഴുതിയ ആ പാട്ട് സ്കൂളിൽ പാടി സായു സമ്മാനവും വാങ്ങി. ഈ ഓണത്തിന് ഗോപി ചേട്ടൻ ആ പാട്ട് അവളെക്കൊണ്ട് സ്റ്റുഡിയോയിൽ പാടി റിക്കോർഡ് ചെയ്തു. അതു റിലീസാകുന്നതാണ് ഈ ഓണക്കാലത്തെ ഞങ്ങളുടെ വലിയ വിശേഷം.

നീ മുകിലോ... പുതുമഴ മണിയോ...

പാടാനും പാട്ടുണ്ടാക്കാനും പാട്ടുമായി വേൾഡ് ടൂർ ന ടത്താനുമൊക്കെ ഉള്ള എന്റെ സ്വപ്നങ്ങളൊക്കെ ചേരുന്ന ഇടമാണ് പ്രൊജക്റ്റ് മലബാറിക്കസ്. ശ്രീനാഥ് നായർ, മിഥുൻ പോൾ, ലിബോയ് പ്രെയ്സ്‌ലി, അജയ് കൃഷ്ണൻ, വിജോ, സുനിൽ കുമാർ... ഇത്രയും പേർ ചേർന്ന ബാൻഡ് ആണിത്.

അമേരിക്കൻ പ്രോഗ്രാമിനു വേണ്ടി വീസയൊക്കെ ക്ലിയർ ചെയ്ത സമയത്താണ് ലോക്‌ഡൗൺ. അതോടെ എല്ലാവരും വിഷമത്തിലായി. വീട്ടിലിരുന്ന് പാട്ടുണ്ടാക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്. സുഹൃത്തായ ഡോ. മനു മഞ്ജിത് എഴുതിയ വരികൾക്ക് ഞാൻ തന്നെ മ്യൂസിക് ചെയ്തു. ബാൻഡിലുള്ളവർ പലയിടത്തിരുന്ന് റിക്കോർഡ് ചെയ്തു. എഡിറ്റ് ചെയ്തു പുറത്തിറക്കിയ ഗാനം ഹിറ്റായതിനെക്കാൾ സന്തോഷം തോന്നിയത് ആരോഗ്യപ്രവർത്തകരൊക്കെ ആ പാട്ടിനു ഡാൻസ് ചെയ്യുന്ന വിഡിയോ കണ്ടപ്പോഴാണ്