ADVERTISEMENT

രജനികാന്തിനെ നായകനാക്കി കമൽഹാസൻ നിർമിക്കുന്ന സിനിമയുടെ സംവിധായകൻ സുന്ദർ സി പിൻമാറിയെന്ന് റിപ്പോർട്ട്. സുന്ദർ സിനിമയിൽ നിന്നു പിന്മാറുന്നതായി അറിയിച്ചുകൊണ്ടുള്ള പ്രസ്താവന അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ഖുഷ്ബു സോഷ്യൽ മീഡിയയിൽ പങ്കുവച്ചെങ്കിലും പിന്നീട് പിൻവലിച്ചു.

‘എന്റെ പ്രിയപ്പെട്ട ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും ഒരു ഹൃദയംഗമമായ കുറിപ്പ്. ഹൃദയ വേദനോടെയാണ് ചില പ്രധാനപ്പെട്ട വാർത്തകൾ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങൾ കാരണം, ഇതിഹാസ താരങ്ങളായ രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന ‘തലൈവർ173’ എന്ന പ്രൊജക്റ്റിൽ നിന്ന് പിന്മാറാൻ ഞാൻ തീരുമാനിച്ചു.

ADVERTISEMENT

ജീവിതത്തിൽ, നമ്മുടെ സ്വപ്നങ്ങളിൽ നിന്ന് വ്യതിചലിച്ചാലും, നമുക്ക് വേണ്ടി നിശ്ചയിച്ച പാത പിന്തുടരേണ്ടിവരുന്ന നിമിഷങ്ങളുണ്ട്. ഈ രണ്ട് താരങ്ങളുമായുള്ള എന്റെ ബന്ധം വളരെ പഴക്കമുള്ളതാണ്. ആ ബന്ധം എപ്പോഴും ഞാൻ നിലനിർത്തും. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഞങ്ങൾ പങ്കിട്ട നിമിഷങ്ങൾ ഞാൻ എന്നെന്നേക്കുമായി വിലമതിക്കും. അവർ എന്നെ വിലമതിക്കാനാവാത്ത പാഠങ്ങൾ പഠിപ്പിച്ചു, ഞാൻ മുന്നോട്ട് പോകുമ്പോൾ അവരുടെ പ്രചോദനവും അറിവും തേടുന്നത് തുടരും.

ഈ സിനിമയിൽ നിന്ന് ഞാൻ മാറിനിൽക്കുകയാണെങ്കിലും അവരുടെ മാർഗനിർദേശം ഞാൻ തുടർന്നും തേടും. ഈ മഹത്തായ പ്രോജക്ടിന് എന്നെ പരിഗണിച്ചതിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ ഇരുവർക്കും നന്ദി പറയുന്നു.

ADVERTISEMENT

ഈ സിനിമയെ ആകാംക്ഷയോടെ പ്രതീക്ഷിച്ചിരുന്നവരെ ഈ വാർത്ത നിരാശരാക്കിയിട്ടുണ്ടെങ്കിൽ ദയവായി എന്റെ ആത്മാർത്ഥമായ ക്ഷമാപണം സ്വീകരിക്കുക. നിങ്ങളുടെ ആവേശം നിലനിർത്തുന്ന വിനോദം തുടർന്നും നിങ്ങൾക്ക് നൽകുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്കും മനസ്സിലാക്കലിനും നന്ദി’.– സുന്ദറിന്റെ പ്രസ്താവന ഇങ്ങനെ.

‘തലൈവർ 173’ എന്നു താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം 2027 പൊങ്കലിനായിരിക്കും തിയറ്ററുകളിലെത്തുക. കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ADVERTISEMENT
ADVERTISEMENT