‘അദ്ദേഹത്തിന്റെ ഹൃദയം തകര്‍ന്നു, ഒരു മാസം മുഴുവന്‍ ആ വേദനയിലൂടെ കടന്നു പോയി’: തുറന്നു പറഞ്ഞ് ശ്യാം
Mail This Article
കരൂരില്‍ ടി വി കെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരണപ്പെട്ട സംഭവം സമീപകാലത്ത് തമിഴ്നാട് കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ്. നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയാണ് ടി വി കെ. വിജയ്‌യുടെ നേതൃത്വത്തിലായിരുന്നു റാലി.
ഇപ്പോഴിതാ, ഈ സംഭവത്തിന് പിന്നാലെ വിജയ് ഹൃദയം തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിജയ്‌യുടെ അടുത്ത സുഹൃത്ത് കൂടിയായ നടൻ ശ്യാം. ഒരു മാസം മുഴുവന്‍ ആ വേദനയിലൂടെയാണ് വിജയ് കടന്നുപോയതെന്നും ഓണ്‍ ദി ഡേറ്റ് വിത്ത് അഷര്‍ പോഡ്കാസ്റ്റില്‍ ശ്യാം പറഞ്ഞു.
‘കരൂര്‍ സംഭവത്തിന് ശേഷം അദ്ദേഹം വല്ലാതെ ഹൃദയം തകര്‍ന്നുപോയി. വല്ലാത്ത വിഷമത്തിലായിരുന്നു. തന്റെ പൊതുയോഗത്തിനിടെ ഇങ്ങനെ ഒരു സംഭവം ഉണ്ടായതില്‍ അദ്ദേഹത്തിന് ഒരുപാട് കുറ്റബോധമുണ്ടായിരുന്നു. ആ സംഭവത്തിന് ശേഷം ഒരാഴ്ചയെങ്കിലുമെടുത്തു വിജയ്‌യുമായി സംസാരിക്കാന്‍.
ആറാമത്തെ ദിവസമാണെന്ന് തോന്നുന്നു അദ്ദേഹവുമായി സംസാരിച്ചത്. താന്‍ ഒക്കെ ആണെന്നും സംസാരിക്കാമെന്നും പറഞ്ഞു’.– ശ്യാം പറയുന്നു.
വിജയ്‌യുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് താനെന്നും ദിവസേന അദ്ദേഹത്തിന് സന്ദേശം അയക്കാറുണ്ടെന്നും ആഴ്ചയില്‍ ഒരിക്കലെങ്കിലും സംസാരിക്കാറുണ്ടെന്നും ശ്യാം. 2025 സെപ്റ്റംബര്‍ 27 ന് കരൂരില്‍ വിജയ് യുടെ ടിവികെ റാലിക്കിടെയാണ് തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരണപ്പെട്ടത്. നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.