‘ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു’: ക്ഷമ പറഞ്ഞ് രൺവീർ സിങ്
Mail This Article
‘കാന്താര’ സിനിമയിലെ ദൈവീക രൂപത്തെ അനുകരിച്ചതിൽ ക്ഷമ പറഞ്ഞ് ബോളിവുഡ് താരം രൺവീർ സിങ്. അനുകരണത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെയാണ് താരം ക്ഷമാപണം നടത്തിയത്.
‘സിനിമയിൽ ഋഷഭ് കാഴ്ചവച്ച അവിശ്വസനീയമാംവിധമുള്ള പ്രകടനം എടുത്തുകാണിക്കുക എന്നത് മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം. ആ പ്രത്യേക രംഗം അദ്ദേഹം ചെയ്ത രീതിയിൽ അവതരിപ്പിക്കാൻ എന്തുമാത്രം കഷ്ടപ്പാട് ഉണ്ടെന്ന് എനിക്ക് അറിയാം. അദ്ദേഹത്തോട് എനിക്ക് അങ്ങേയറ്റം ആരാധനയുണ്ട്.
നമ്മുടെ രാജ്യത്തെ എല്ലാ സംസ്കാരത്തെയും പാരമ്പര്യത്തെയും വിശ്വാസത്തെയും ഞാൻ ആഴത്തിൽ ബഹുമാനിക്കുന്നു. ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു’.- രൺവീർ പറഞ്ഞതിങ്ങനെ.
ഗോവയിൽ നടന്ന രാജ്യാന്തരചലച്ചിത്രോത്സവത്തിന്റെ സമാപന വേദിയിലാണ് രണ്‍വീര്‍ സിങ് ‘കാന്താര’ സിനിമയിലെ രംഗം അനുകരിച്ച് വിവാദത്തിലായത്. സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശവും വിവാദമായി.
‘കാന്താര’ സിനിമയിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനിടെ സിനിമയിലെ ദൈവീക രൂപത്തെ ‘പെൺ പ്രേതം’ എന്ന് വിശേഷിപ്പിച്ചതാണ് രൺവീറിനെതിരെ രൂക്ഷ വിമർശനമുയരാൻ കാരണം. ‘ഞാൻ കാന്താര തിയറ്ററിൽ പോയി കണ്ടു. ഋഷഭ്, നിങ്ങളുടെ പ്രകടനം മികച്ചതായിരുന്നു. പ്രത്യേകിച്ച് ആ പെൺ പ്രേതം നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്ന രംഗം അതിശയകരമായിരുന്നു’ എന്നാണ് രൺവീർ പറഞ്ഞത്.
ഋഷഭ് ഷെട്ടിയെ കണ്ട ആവേശത്തിൽ രൺവീർ രംഗം അനുകരിക്കാൻ ശ്രമിച്ചപ്പോൾ അങ്ങനെ ചെയ്യരുതെന്ന് ഋഷഭ് ഷെട്ടി വിനയത്തോടെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതവഗണിച്ച് രൺവീർ വേദിയിൽ തിരിച്ചെത്തുകയും ആ രംഗം പുനരാവിഷ്‌കരിക്കുകയുമായിരുന്നു. അനാദരവ് ഒഴിവാക്കാൻ ഋഷഭ് ഷെട്ടി ആവശ്യപ്പെട്ടിട്ടും രൺവീർ തയാറാകാഞ്ഞതാണ് കൂടുതൽ ആളുകളെ ചൊടിപ്പിച്ചത്. ദൈവിക രൂപത്തെ അനുകരിക്കുമ്പോൾ രൺവീർ ഷൂസ് ധരിച്ചതും വിമർശനത്തിനിടയാക്കി.